അനിശ്ചിത കാലങ്ങളിലെ ആത്യന്തിക ലക്ഷ്യം ദൈവത്തോടുള്ള വിശ്വസ്തതയായിരിക്കണം

അനിശ്ചിത കാലങ്ങളിലെ ആത്യന്തിക ലക്ഷ്യം ദൈവത്തോടുള്ള വിശ്വസ്തതയായിരിക്കണം

അനിശ്ചിതത്വത്തിന്‍റെ കാലങ്ങളില്‍ നാം ആത്യന്തിക ലക്ഷ്യമാക്കേണ്ടത് സ്വന്തം സുരക്ഷയേക്കാള്‍ ദൈവത്തോടു വിശ്വസ്തരായി തുടരുക എന്നതാണ്. സുരക്ഷിതരാണെന്നു സ്വയം തോന്നുമ്പോള്‍ നാം നമ്മുടെ പദ്ധതികള്‍ നടപ്പാക്കാനും പതിയെ കര്‍ത്താവില്‍ നിന്നകലാനും തുടങ്ങുന്നു. നാം വിശ്വസ്തത പാലിക്കുന്നില്ല. എന്‍റെ സുരക്ഷ കര്‍ത്താവിലല്ലെന്നും ഏതെങ്കിലും വിഗ്രഹത്തിലാണെന്നും ഉള്ള സ്ഥിതി വരുന്നു. ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകര്‍ അല്ലെന്നു നിങ്ങള്‍ പറഞ്ഞേക്കാം. ഒരുപക്ഷേ വിഗ്രഹങ്ങള്‍ക്കൊന്നും മുമ്പില്‍ നിങ്ങള്‍ വണങ്ങുന്നില്ലായിരിക്കാം. പക്ഷേ ഹൃദയത്തില്‍ നിങ്ങള്‍ പലപ്പോഴും വിഗ്രഹങ്ങളെ തേടുകയും ആരാധിക്കുകയും ചെയ്യുന്നു. സ്വന്തം സുരക്ഷയാണ് വിഗ്രഹങ്ങളിലേയ്ക്കുള്ള വാതില്‍ തുറക്കുന്നത്.

സ്വന്തം സുരക്ഷ മോശമാണോ? അല്ല, അതൊരു കൃപയാണ്. സുരക്ഷിതരായിരിക്കുക. അതേസമയം കര്‍ത്താവ് ഒപ്പമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. പക്ഷേ സുരക്ഷയുടെ കേന്ദ്രബിന്ദു ഞാനാണെങ്കില്‍ ഞാന്‍ ദൈവത്തില്‍ നിന്നകലുകയാണു ചെയ്യുക, അവിശ്വസ്തനാകുകയാണു ചെയ്യുക.

വിശ്വസ്തരായി തുടരുക ദുഷ്കരമായ കാര്യമാണ്. ഇസ്രായേലിന്‍റെയും തുടര്‍ന്ന് സഭയുടെയും ചരിത്രം അവിശ്വസ്തതയുടെ ചരിത്രമാണ്. പൂര്‍ണമായ സ്വാര്‍ത്ഥത ദൈവജനത്തെ ദൈവത്തില്‍ നിന്നകലാന്‍ ഇടയാക്കി.അവര്‍ക്കു വിശ്വസ്തത നഷ്ടമായി, വിശ്വസ്തതയുടെ കൃപ നഷ്ടമായി. ഈശോയുടെ കല്ലറയുടെ ചാരത്ത് ഉണര്‍ന്നിരുന്നു കരയുന്ന മഗ്ദലേനാ മറിയം വിശ്വസ്തതയുടെ പ്രതീകമാണ്. മഗ്ദലേനാ മറിയത്താല്‍ പ്രചോദിതരായി വിശ്വസ്തതയുടെ ദാനത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. കല്ലറകള്‍ക്കു മുമ്പില്‍ പോലും വിശ്വസ്തരായിരിക്കാനും ഭ്രമകല്‍പനകളില്‍ വീണു പോകാതിരിക്കാനുമുളള കൃപ നമുക്കുണ്ടാകട്ടെ.

(താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ പ്രഭാത ദിവ്യബലിയര്‍പ്പണത്തിനിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org