വചനസന്ദേശം ജീവിതബന്ധിതവും ഹൃസ്വവുമായിരിക്കണം

വചനസന്ദേശം ജീവിതബന്ധിതവും ഹൃസ്വവുമായിരിക്കണം

വിശുദ്ധ കുര്‍ബാനമദ്ധ്യേ യുള്ള വചനവായനയ്ക്കു ശേഷം നല്‍കുന്ന വചനസന്ദേശത്തിന്‍റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പ്രതിവാര മതബോധനം ഈ ആഴ്ചയില്‍ തുടര്‍ന്നത്. മിശിഹാരഹസ്യത്തിന്‍റെ വെളിച്ചം സുവിശേഷത്തിലൂടെ നമുക്ക് ലഭിക്കുന്നു. ആരാധനക്രമ പ്രാര്‍ത്ഥനകളുടേയും സുവിശേഷത്തിന്‍റേയും പൂര്‍ണതയും കേന്ദ്രവും ക്രിസ്തുവാണ്. അതുകൊണ്ട് ദൈവജനത്തിന് ദൈവവുമായുള്ള സംഭാഷണത്തിലേക്ക് തുറവുള്ളവരാകാന്‍ വചനവായനയും തുടര്‍ന്നുള്ള സന്ദേശവും ഉപകരിക്കുന്നു.

വിശുദ്ധ കുര്‍ബാനയില്‍ വചനവായനയുടെ മകുടമായിട്ടാണ് വചനവ്യാഖ്യാനം നല്‍കുന്നത്. അതുകൊണ്ട് അത് നല്‍കുന്നവര്‍ വ്യക്തിപരമായി പ്രാര്‍ത്ഥിച്ച് തീക്ഷ്ണമായ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി ഹ്രസ്വവും പക്വവുമായ രീതിയില്‍ വേണം സന്ദേശം നല്‍കേണ്ടത്. തിരുവചനം ജീവദായകവും രക്ഷാകരവുമാണ്. സുവിശേഷവായനയിലെ ക്രിസ്തുസാന്നിദ്ധ്യം നമ്മളെ രൂപാന്തരപ്പെടുത്തുന്നതാണ്. അതിനാല്‍ വചനം നമ്മുടെ ഓരോരുത്തരുടേയും പ്രതികരണം കാത്തിരിക്കുന്നു.

വിശുദ്ധ കുര്‍ബാനയില്‍ വചനവായനയുടെ സമയത്ത് ദൈവം നമ്മോട് സംസാരിക്കുന്നു. തുടര്‍ന്നുള്ള വചനസന്ദശം ഈ സംഭാഷണത്തിന്‍റെ തുടര്‍ച്ചയാണ്. അതിലൂടെ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും വചനം മാംസം ധരിക്കണം. അതിനാല്‍ വചനസന്ദേശം എല്ലാവരെയും ക്രിസ്തുവിലുള്ള കൂട്ടായ്മയുടെ രഹസ്യങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് ഉതകുന്നതാകണം.

വചനസന്ദേശം നല്‍കുന്നവരും കേള്‍ക്കുന്ന ജനവും ഒരേപോലെ വളരെ ജാഗരൂകരായിരിക്കണം. ദൈവവചനത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി രണ്ടുകൂട്ടരും തങ്ങളുടേതായ സ്വകാര്യനിമിഷങ്ങളില്‍ വ്യക്തിപരമായ വചനവായനയും വിചിന്തനവും പരിചിതമാക്കിയാല്‍ ഞായറാഴ്ച കുര്‍ബാനമദ്ധ്യേയുള്ള വായനകളുടെ ധന്യതയും സൗന്ദര്യവും മനസ്സിലാക്കാനും ഉള്‍ക്കൊള്ളുവാനും സാധിക്കും. മാനസാന്തരജീവിതം വെല്ലുവിളികളും വേദനകളും നിറഞ്ഞതാണെങ്കിലും വചനം അനുദിനജീവിതത്തില്‍ അതിന് നമ്മളെ പ്രാപ്തരാക്കുന്നു. അപ്പോള്‍ വചനം നമ്മുടെ ജീവിതത്തില്‍ മാംസം ധരിക്കുന്നതിലേക്ക് വളരുന്നു. അത് ജീവിതയാത്രയില്‍ നമ്മെ അനുധാവനം ചെയ്യുന്നു.

വചനസന്ദേശം 10 മിനിട്ടില്‍ കൂടുതലാവരുത്. ചിലര്‍ നല്‍കുന്ന സന്ദേശം ദൈര്‍ഘ്യമേറിയതും അപ്രായോഗികവും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും സമഗ്രമല്ലാത്തതുമാണ്. വചനത്തിന്‍റെ കൃത്യമായ വ്യഖ്യാനം മുന്‍വിധികളില്ലാതെ നല്‍കാനാവണം. വചനം ശ്രവിക്കുന്നവര്‍ അത് ഹൃദയത്തിലൂടെ കടന്ന് നമ്മുടെ കരങ്ങളിലൂടെ സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാനുതകുന്ന തരത്തില്‍ വചനത്തെ ഉള്‍ക്കൊള്ളണം. വചനസന്ദേശത്തിന്‍റെ സമയത്ത് പുറത്തോട്ട് നോക്കിയിരിക്കുന്നതും വര്‍ത്തമാനം പറയുന്നതും ഉറങ്ങുന്നതും ശരിയായ സമീപനമല്ല.

വചനസന്ദേശം വിശ്വാസിക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ ആത്മീയഭക്ഷണം ലഭിക്കുവാനുതകുന്നതാവണം. ആവശ്യമായ പുല്ല് ഉചിതമായ രീതിയില്‍ നല്‍കേണ്ടവരിലൂടെ ലഭിച്ചാല്‍ ഒരു ആടും അരുതാത്ത പുല്ലുകള്‍ ഭക്ഷിക്കാന്‍ പോകില്ല എന്ന സത്യം നമുക്ക് ഓര്‍ക്കാം. അറിവ് വിരല്‍തുമ്പില്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ ലൗകികജ്ഞാനത്തിന്‍റെ അളവല്ല, ആത്മിയസമ്പത്തിന്‍റെ ഉറവയാണ് അള്‍ത്താരയില്‍നിന്ന് വചനസന്ദേശസമയത്ത് ജനം ആഗ്രഹിക്കുന്നത്. അത് ലഭിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്നിടത്താണ് ഞായറാഴ്ച കുര്‍ബാനകള്‍ ധന്യമായ അനുഭവമാവുന്നത്.

പോപ്പ് പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പ്രതിവാരകൂടികാഴ്ചയില്‍ അമേരിക്ക, ഇംഗ്ളണ്ട്, ഫിലിപ്പിന്‍സ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരും പങ്കെടുത്തു. ക്രിസ്തുവിന്‍റെ സന്തോഷവും സമാധാനവും പാപ്പ ഏവര്‍ക്കും നല്‍കി അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org