നല്ലവരായതു കൊണ്ടുമാത്രം പോരാ, കുര്‍ബാനയില്‍ പങ്കെടുക്കണം

നല്ലവരായതു കൊണ്ടുമാത്രം പോരാ, കുര്‍ബാനയില്‍ പങ്കെടുക്കണം

ഡോ. കൊച്ചുറാണി ജോസഫ്

വിശുദ്ധ കുര്‍ബാനയെ അധിഷ്ഠിതമാക്കിയുള്ള മതബോധനപരമ്പര ഈ ക്രിസ്മസ് നാളിലും ഫ്രാന്‍സിസ് പാപ്പ തുടര്‍ന്നു. ക്രൈസ്തവജീവിത ആദ്ധ്യാത്മികതയില്‍ ഞായറാഴ്ചയുടെ പ്രാധാന്യമാണ് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്ന വിശ്വാസസമൂഹത്തോട് പാപ്പ ഉത്ബോധിപ്പിച്ചത്.

മിശിഹായുടെ മൗതികശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ ലോകമെമ്പാടും എല്ലാ ഞായറാഴ്ചകളിലും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ കര്‍ത്താവിനെ മുഖാമുഖം ദര്‍ശിക്കാനും കര്‍ത്താവിന്‍റെ മേശയില്‍നിന്ന് ഭക്ഷിക്കുവാനും ഈ ലോകജീവിതത്തിലെ നമ്മുടെ ദൈനംദിന ദൗത്യനിര്‍വഹണം പൂര്‍ത്തീകരിക്കാനാവശ്യമായ കൃപാവരങ്ങള്‍ ലഭിക്കുവാനുമാണ് നമ്മള്‍ അണയുന്നത്. ഉത്ഥാനദിവസം, പന്തക്കുസ്താദിനം എന്നിവപോലെ ഞായറാഴ്ച ക്രൈസ്തവന് അതിവിശിഷ്ടമായ വിശുദ്ധദിനമാണ്.

പല സമൂഹങ്ങളിലും ഞായറാഴ്ചയുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് കാണുന്നത് സങ്കടകരമാണ്. ദൈവത്തെ മുഖാമുഖം കണ്ടുമുട്ടാതെ ഈ ദിനം എങ്ങനെയാണ് കടന്നുപോവുന്നത്? കര്‍ത്താവിന്‍റെ ദിവസം മറ്റെല്ലാ ജോലിയില്‍നിന്നും മാറി വിശുദ്ധദിനമായി ആനന്ദത്തോടെ ആചരിക്കണമെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മളോട് ആവശ്യപ്പെടുന്നത് പ്രത്യേകിച്ച് ദൈവമക്കള്‍ എന്നുള്ള നമ്മുടെ സ്ഥാനത്തിനുള്ള മഹത്ത്വത്തിന്‍റെ അടയാളമായി ഓരോ ഞായറാഴ്ചയെയും കരുതണം. അത് നിത്യതയിലുള്ള സ്വര്‍ഗീയവിരുന്നാവുന്ന അനുഗ്രഹത്തിന്‍റെ മുന്നാസ്വാദനമാണ്. വിശുദ്ധ കുര്‍ബാനസ്വികരണത്തിലൂടെ നമ്മളെക്കുറിച്ചുള്ള ഈ ദൈവികവിളിയില്‍ ഇപ്പോള്‍തന്നെ നമ്മള്‍ പങ്കുകാരാകുന്നു.

നമ്മള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ദൈവത്തിന് എന്തെങ്കിലും നല്‍കാനല്ല, മറിച്ച് ദൈവകല്‍പനകളെ പിന്തുടര്‍ന്ന് ദൈവത്തിന്‍റെ വചനത്തോട് വിശ്വസ്തത പുലര്‍ത്താനുള്ള കൃപയും ശക്തിയും ദൈവത്തില്‍നിന്ന് സ്വീകരിക്കാനാണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ജീവിച്ച് ലോകത്തില്‍ നന്മയ്ക്കും സ്നേഹത്തിനും സാക്ഷികളാവാനാണ്. ഒരു ചെടിക്കു വളരാന്‍ സൂര്യപ്രകാശവും മറ്റു പോഷകഘടകങ്ങളും അനിവാര്യമായിരിക്കുന്നതുപോലെ ദിവ്യകാരുണ്യമാവുന്ന അനന്തസ്ത്രോതസ്സില്‍നിന്ന് ശക്തി സംഭരിക്കാതെ ഒരു ക്രിസ്താനിക്ക് ജീവിക്കാനാവില്ല. നല്ല മനുഷ്യനായി ജീവിച്ചതുകൊണ്ട് മാത്രമായില്ല, ദിവ്യകാരുണ്യത്തിന്‍റെ പ്രഭയില്‍ നിറഞ്ഞ് സ്നേഹത്തില്‍ ജീവിക്കണം. ധൈര്യത്തോടും പ്രത്യാശയോടുംകൂടി ജീവിതത്തെ അഭിമുഖീകരിക്കാനാവണം. അനുദിനജീവിതക്ലേശങ്ങളില്‍നിന്നുമാറി മക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടെ ഞായറാഴ്ചകളില്‍ ഒരാഴ്ചത്തെ തൊഴില്‍ ഭാരം ദൈവസന്നിധിയില്‍ ഇറക്കിവച്ച് വിശ്രമം കണ്ടെത്താന്‍ കഴിയണം. ലൗകികമായതെല്ലാം നശ്വരമാണെന്ന് തിരിച്ചറിഞ്ഞ് ദൈവത്തില്‍ അഭയവും പ്രത്യാശയും ഞായറാഴ്ച കുര്‍ബാനയില്‍ ഏറ്റുപറയുവാനാവണം.

കഴിഞ്ഞ ഡിസംബര്‍ 17-ാം തീയതി പാപ്പയ്ക്ക് 81 വയസ്സ് തികഞ്ഞു. അതിന്‍റെ ആരവവും ആഘോഷവും പ്രതിവാര കൂടിക്കാഴ്ചയില്‍ നിറഞ്ഞുനിന്നിരുന്നു. ക്രിസ്മസ് നാളുകളായതുകൊണ്ട് ക്രിസ്മസ് കാര്‍ഡുകളും ക്രിസ്മസ് ട്രിയും ചോക്ലേറ്റ് കേക്കും നിറഞ്ഞ സന്തോഷദിനമായിരുന്നു. അതിനാല്‍തന്നെ ഈ ആഘോഷദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന വിനോദസഞ്ചാരികളും ഏറെ സന്തോഷിച്ചു. ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, ഇന്‍ഡ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ വിവിധ ഗ്രൂപ്പുകള്‍ക്ക് പാപ്പ പ്രത്യേക അഭിവാദനവും പ്രാര്‍ത്ഥനാനുഗ്രഹങ്ങളും നല്‍കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org