ദൈവവിളിക്കുത്തരമേകാന്‍ ധീരത ആവശ്യം

ദൈവവിളിക്കുത്തരമേകാന്‍ ധീരത ആവശ്യം
Published on

കൈകളില്‍ വലയുമായി നാം തീരത്തു നില്‍ക്കാനല്ല ദൈവമാഗ്രഹിക്കുന്നത്. മറിച്ച്, നമുക്കോരോരുത്തര്‍ക്കും വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ യേശുവിനെ അനുഗമിക്കാനാണ്. അതു നമ്മുടെ സന്തോഷത്തിനുവേണ്ടിയും ചുറ്റുമുള്ളവരുടെ നന്മയ്ക്കുവേണ്ടിയും ഉള്ള പാതയാണ്. ദൈവത്തിന്‍റെ വിളിക്കുത്തരം നല്‍കാന്‍ സാഹസങ്ങളേറ്റെടുക്കാനുള്ള ധീരത ആവശ്യമാണ്. തന്‍റെ പ്രഥമശിഷ്യരെ മീന്‍പിടിക്കുന്നതില്‍ നിന്നു മനുഷ്യരെ പിടിക്കുന്നതിലേയ്ക്കു ക്ഷണിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഈ ധീരത പ്രകടമാക്കുന്നത് നമുക്കു കാണാം.

സഭയ്ക്കു വേണ്ടി ജീവിതം പൂര്‍ണമായി സമര്‍പ്പിക്കുക ഇന്നത്തെ അന്തരീക്ഷത്തില്‍ ദുഷ്കരമായി തോന്നാം. പക്ഷേ സഭ നമ്മുടെ അമ്മയാണ്. അവള്‍ നമുക്കു നവജീവന്‍ നല്‍കുകയും ക്രിസ്തുവിലേയ്ക്കു നമ്മെ നയിക്കുകയും ചെയ്യുന്നു. അതിനാല്‍ നാം അവളെ സ്നേഹിക്കണം. മാനുഷികദൗര്‍ബല്യങ്ങളും പാപങ്ങളും അവളുടെ മുഖത്തെ കളങ്കിതമാക്കിയിരിക്കുകയാണെങ്കിലും അവളെ സൗന്ദര്യവും ശോഭയുമുള്ളവളാക്കുന്നതിനു നമുക്കു സാധിക്കണം. അപ്രകാരം ലോകത്തില്‍ ദൈവസ്നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ അവള്‍ക്കു സാധിക്കട്ടെ.

ദൈവത്തിന്‍റെ വിളി നമ്മുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ദൈവത്തിന്‍റെ കടന്നുകയറ്റം അല്ല. അതൊരു ബന്ധനമോ ഭാരമോ അല്ല. മറിച്ചു മഹത്തായ ഒരു സംരംഭത്തിന്‍റെ ഭാഗമാകാനുള്ള ക്ഷണമാണ്. വലിയൊരു സമുദ്രത്തിന്‍റെയും സമൃദ്ധമായ മത്സ്യസമ്പത്തിന്‍റെയും ചക്രവാളം നമുക്കു മുമ്പില്‍ തുറന്നു തരികയാണ്.

(ലോക ദൈവവിളി പ്രാര്‍ത്ഥനാദിന സന്ദേശത്തില്‍ നിന്ന്. മെയ് 12 നാണ് ഈ ദിനാചരണം.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org