Latest News
|^| Home -> Pangthi -> പാപ്പാ പറയുന്നു... -> വിശുദ്ധ കുര്‍ബാന നിത്യമായ ആനന്ദത്തിലേക്കുള്ള വിരുന്നാണ്

വിശുദ്ധ കുര്‍ബാന നിത്യമായ ആനന്ദത്തിലേക്കുള്ള വിരുന്നാണ്

ഡോ. കൊച്ചുറാണി ജോസഫ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് നല്‍കി വരുന്ന തുടര്‍ മതബോധനത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് നമ്മുടെ ജീവിതത്തില്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാപ്പ വിശദീകരിച്ചു. തിരുവത്താഴവേളയില്‍ യേശു നല്‍കിയ ഈ ആത്മദാനം ഓരോ വിശുദ്ധ കുര്‍ബാനയിലും പുനരാവിഷ്കരിക്കുന്നു. അങ്ങനെ യേശുവിന്‍റെ രക്ഷാകരകര്‍മം ഇന്നും കൂദാശയിലൂടെ തുടരുന്നു.

വിശുദ്ധ കുര്‍ബാനസ്വീകരണത്തിനായി നമ്മള്‍ ഒരുങ്ങുന്ന നിമിഷങ്ങള്‍ വിശുദ്ധിയുടെയും ആനന്ദത്തിന്‍റെയും ഉറവിടമായ ദിവ്യകുഞ്ഞാടിനോട് ചേര്‍ന്ന് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ മനസ്സാക്ഷിയെ പരിശോധിക്കാനുള്ള ക്ഷണമാണ്. വെളിപാടിന്‍റെ പുസ്തകത്തില്‍ വായിക്കുന്നതുപോലെ ഈ സ്വര്‍ഗീയവിരുന്നിലേക്ക് വിളിക്കപ്പെട്ടവര്‍ അനുഗ്രഹീതരാണ്. ആനന്ദത്തിന്‍റെയും വിശുദ്ധിയുടേയും വിളനിലമായ ക്രിസ്തുവിലേക്ക് ഒന്നാകുവാനുള്ള അനുഭവത്തിന്‍റെ ക്ഷണമാണത്. ഒരു വശത്ത് ക്രിസ്തുവിന്‍റെ വിശുദ്ധിയും നമ്മുടെ വ്യക്തിജീവിതത്തിന്‍റെ അവസ്ഥയും തമ്മിലുള്ള അകലം നമ്മള്‍ മനസ്സിലാക്കുന്നു. എന്നാല്‍ മറുവശത്ത് വിശ്വാസത്തില്‍ ആത്മശോധന ചെയ്തു മനസ്സാക്ഷിയെ പരിശോധിച്ച് ക്രിസ്തുവിന്‍റെ ആനന്ദത്തിലേക്ക് ഒന്നാകുവാനും സാധിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുന്നതില്‍ ഉദാരനാണ്. നമ്മളാണ് ദൈവത്തെ അതിനായി സമീപിക്കുന്നതില്‍ വിമുഖതയുള്ളവരാവുന്നത്.

വിശുദ്ധ കുര്‍ബാന കേവലം ആത്മീയമായ വിരുന്ന് മാത്രമല്ല. ക്രിസ്തു നമ്മുടെ അടുത്തേക്ക് വരുന്നു, നമ്മളിലേക്ക് ഒന്നാവുന്നു. അത് കൗദാശികമായ കൂടിചേരലാണ്. വിശുദ്ധ കുര്‍ബാന സ്വീകരണം ഒരു ആത്മീയകൂട്ടായ്മ മാത്രമല്ല, ക്രിസ്തുവിനോടും ക്രിസ്തുവിന്‍റെ സഭയോടുമുള്ള കൗദാശിക ഐക്യവും കൂടിയാണ്. വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം നമ്മള്‍ മൗനമായി നിശബ്ദതയില്‍ ചിലവഴിക്കുന്ന സമയം നമ്മള്‍ സ്വീകരിച്ച ദിവ്യകാരുണ്യത്തോട് ഒന്നിച്ചുചേരുന്ന നിമിഷങ്ങളാണ്. തുടര്‍ന്ന് ഈ സ്വര്‍ഗീയവിരുന്നില്‍ നമ്മളെ പങ്കുകാരാക്കിയതിന് കാര്‍മികനോടൊപ്പം ദൈവത്തിന് നമ്മള്‍ നന്ദി പറയുന്നു.

നമ്മള്‍ എന്തു സ്വീകരിക്കുന്നുവോ അതായിത്തീരുന്നു. കുര്‍ബാന സ്വീകരിക്കുന്നതിലൂടെ നമ്മളും കുര്‍ബാനയായി മാറുകയാണ് അഥവാ അതിനായി നമ്മളെതന്നെ അനുവദിക്കലാണ് സംഭവിക്കേണ്ടത്. സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവരോടും ക്രിസ്തുവില്‍ ഒന്നാവണം. സെന്‍റ് അഗസ്റ്റിന്‍ പറയുന്നതുപോലെ ഓരോ തവണയും വിശുദ്ധ കുര്‍ബാനയെ സമീപിക്കുന്നതുവഴി നമ്മള്‍ കുടുതലായി ക്രിസ്തുവിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. അപ്പോള്‍ ജീവിക്കുന്ന ദിവ്യകാരുണ്യമായി നമ്മള്‍ മാറുന്നു.

ഭക്ഷണകൂട്ടായ്മകള്‍ യേശുവിന്‍റെ പരസ്യജീവിതകാലത്തെ നിരന്തര സംഭവമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ബൈബിളില്‍ വിശദീകരിക്കുന്നു. ശിഷ്യന്മാര്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ ചാരുതയാര്‍ന്ന ചിത്രവും യോഹന്നാന്‍ ശ്ലീഹാ പ്രതിപാദിക്കുന്നു. അതിന്‍റെയൊക്കെ തുടര്‍ച്ചയെന്നോണം എന്നെന്നും കൂടെയായിരിക്കുവാന്‍ അനശ്വരജീവിതത്തിന് ഉതകുന്ന ഭക്ഷണവും യേശു നല്‍കി.

നിങ്ങള്‍ എന്തു ഭക്ഷിക്കുന്നുവോ അതായിത്തീരുന്നു എന്ന് ആരോഗ്യരംഗത്ത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഒരു ചൊല്ലുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെ നമ്മുടെ ആരോഗ്യം നിര്‍ണയിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. ദിവ്യകാരുണ്യസ്വീകരണം ദൈവകാരുണ്യത്തിന്‍റെ വാഹകരാവാന്‍ നമ്മളെ സഹായിക്കട്ടെ. പാപവിമോചനത്തിനുതകുന്നതും സ്വര്‍ഗീയരക്ഷയിലേക്കുള്ള വാതിലും നിത്യമായ ആനന്ദത്തിന്‍റെ ഉറവിടവുമായ വിശുദ്ധ കുര്‍ബാന സ്വീകരണത്തെ വിശുദ്ധിയോടെ സമീപിക്കുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

Leave a Comment

*
*