ജ്ഞാനസ്നാനം വിശ്വാസജീവിത യാത്രയുടെ തുടക്കമാണ്

ജ്ഞാനസ്നാനം വിശ്വാസജീവിത യാത്രയുടെ തുടക്കമാണ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എല്ലാ ബുധനാഴ്ചയും ഒത്തുചേരുന്ന വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മതബോധന പരമ്പരയ്ക്കുശേഷം തുടര്‍ന്ന് ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് പ്രവേശിച്ചു. കൂദാശകളില്‍ ആദ്യസ്ഥാനത്ത് നില്‍ക്കുന്ന മാമ്മോദീസ അഥവാ ജ്ഞാനസ്നാനം ക്രൈസ്തവജീവിതത്തിന്‍റെ അടിസ്ഥാനമാണ്. മാമ്മോദീസ ക്രിസ്തുവിനായി ജീവിതം തുറന്ന്കൊടുത്ത് നമ്മളില്‍ ക്രിസ്തു വസിക്കാന്‍ തയ്യാറാക്കുന്ന വാതില്‍ ആണ്.

മാമ്മോദീസ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം ആഴ്ന്നിറങ്ങുക എന്നാണ്. ഇവിടെ ശരീരമല്ല ആത്മാവാണ് ആഴ്ന്നിറങ്ങുന്നത്. ക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പും അടിസ്ഥാനമാക്കിയുള്ള ക്രൈസ്തവരഹസ്യങ്ങളിലേക്കാണ് മാമ്മോദീസ ആഴ്ന്നിറങ്ങുന്നത്. പാപംമൂലം കലുഷിതമായ പഴയ മനുഷ്യനെ നമ്മളില്‍നിന്ന് എടുത്ത് മാറ്റി ക്രിസ്തുവിന്‍റെ പുതുജീവന്‍ പരിശുദ്ധാത്മാവില്‍ സ്വീകരിച്ച് നവജീവിതത്തിലേക്കുള്ള പ്രവേശനത്തിന്‍റെ ശക്തമായ അടയാളമാണ് മാമ്മോദീസ.

നിങ്ങള്‍ മാമ്മോദീസ സ്വീകരിച്ച ദിവസവും തീയതിയും ഓര്‍ത്തിരിക്കുന്നുണ്ടോ? എന്ന് പാപ്പ സദസ്സിലുള്ള എല്ലാവരോടും ചോദിച്ചു. ചിലര്‍ ഉണ്ട് എന്നും മറ്റ് ചിലര്‍ ഇല്ലാ എന്നും ഉത്തരം പറഞ്ഞു. ഇല്ലായെങ്കില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ ബന്ധുമിത്രാദികളോട് ചോദിച്ച് മനസ്സിലാക്കണമെന്ന് പാപ്പ പറഞ്ഞു. നമ്മള്‍ ജന്മദിനം ഓര്‍ത്തിരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ജ്ഞാനസ്നാനദിവസം പോലും പലരും ഓര്‍ക്കുന്നതേയില്ല. അതുകൊണ്ട് ആ തീയതി മനസ്സിലാക്കിയതിനുശേഷം വീണ്ടും മറക്കാതിരിക്കുകയെന്നും പാപ്പ കൂട്ടിചേര്‍ത്തു.

മാമ്മോദീസ. നമ്മളെ സഭയുടെ അംഗമാക്കി സഭാപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അവര്‍ ജനിച്ചാലുടന്‍തന്നെ എത്രയും പെട്ടെന്ന് മാമ്മോദീസ നല്‍കണം. അവര്‍ വളര്‍ന്ന് സ്വയം തീരുമാനിക്കട്ടെ എന്ന് ചിന്തിക്കരുത്. പരിശുദ്ധാത്മാവില്‍ ആശ്രയ ബോധമില്ലായ്മ മൂലമാണ് അങ്ങനെ ചിന്തിക്കുന്നത്. ക്രിസ്തുവിനോട് ഒന്നുചേര്‍ന്ന് ക്രിസ്തുവിലൂടെ സഭയുമായുള്ള പങ്കാളിത്തത്തിലൂടെ ലോകത്തെ നവീകരിക്കുവാന്‍ സാധിക്കണം. സ്വര്‍ഗീയജറുസലേമിലേക്കുള്ള നമ്മുടെ യാത്രയെ ജ്ഞാനസ്നാന ശുദ്ധീകരണം സുഗമമാക്കുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ തീവ്രമായ സ്വാധീനം മാമ്മോദീസയ്ക്ക് ഉണ്ടാവണം. മാമ്മോദീസ സ്വീകരണത്തിന് മുമ്പും പിമ്പും എന്നിങ്ങനെയുള്ള രണ്ട് അവസ്ഥകളുടെ ശക്തമായ വ്യത്യാസം ഈ കൂദാശ സ്വീകരണത്തിന് ഉണ്ട്. കാരണം മാമ്മോദീസ സ്വീകരിച്ച നിമിഷം മുതല്‍ വിശ്വാസത്തിന്‍റെ യാത്ര ഒരുവന്‍ തുടങ്ങുകയാണ്. മാതാപിതാക്കളുടെ വിശ്വാസത്തിലേക്ക് മക്കള്‍ പ്രവേശിക്കുന്നു. മാമ്മോദീസ വാഗ്ദാനങ്ങള്‍ എല്ലാ വര്‍ഷവും ഈസ്റ്റര്‍ നാളുകളില്‍ നമ്മള്‍ നവീകരിക്കണം.

കത്തോലിക്കാ സഭയുടെ മതബോധനത്തില്‍ ഖണ്ഡിക 1213, 1214 എന്നിവയിലൂടെ ഒരു ക്രൈസ്തവവിശ്വാസിയുടെ ജീവിതത്തില്‍ മാമ്മോദീസയ്ക്കുള്ള സ്ഥാനം നമ്മള്‍ പഠിക്കുന്നു. ഓരോ കൂദാശയും ഒരുവന്‍റെ വ്യക്തിജീവിതത്തില്‍ ആവശ്യമായ വരപ്രസാദം അതതുസമയത്ത് ലഭിക്കാന്‍ തക്കവിധമാണ് സഭ ക്രമീകരിച്ചിരിക്കുന്നത്. പാപ്പയുടെ പഠനങ്ങള്‍ സഭാഗാത്രത്തിന്‍റെ ഈ പണിതുയര്‍ത്തലിനെ സഹായിക്കുന്നതാകയാല്‍ എല്ലാ ബുധനാഴ്ചയും ജനം ആവേശപൂര്‍വം ഇത് സ്വീകരിക്കുന്ന കാഴ്ച അതീവഹൃദ്യവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org