സഭാ ജീവിതത്തിന്‍റെ ഹൃദയവും ഉറവിടവും വിശുദ്ധ കുര്‍ബാനയാണ്

സഭാ ജീവിതത്തിന്‍റെ ഹൃദയവും ഉറവിടവും വിശുദ്ധ കുര്‍ബാനയാണ്

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് അങ്കണത്തില്‍ സമ്മേളിക്കുന്ന പ്രതിവാരപൊതുപ്രേക്ഷകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന മതബോധനപരമ്പര ഈ ആഴ്ച മറ്റൊരു വിഷയത്തിലേക്ക് പ്രവേശിച്ചു. ഇന്നു വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പുതിയ പഠനപരമ്പര ആരംഭിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് സഭയുടെ ആരാധനക്രമത്തിലും നമ്മുടെ ദൈനംദിനജീവിതത്തിലും ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പാപ്പാ പങ്കുവച്ചു.

സഭയുടെ ഹൃദയവും ജീവന്‍റെ ഉറവിടവും വിശുദ്ധകുര്‍ബാനയാണ്. ദിവ്യകാരുണ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി എത്ര രക്തസാക്ഷികളാണ് നമുക്ക് ഉണ്ടായിരിക്കുന്നത്? യേശുവിന്‍റെ ശരീരത്തിലും രക്തത്തിലും പങ്കുചേരുന്നതിലൂടെ മരണത്തില്‍നിന്നും അവനോടൊപ്പം ജീവനിലേക്ക് പ്രവേശിക്കുമെന്ന ദൈവത്തിന്‍റെ വാഗ്ദാനം അവരുടെ സാക്ഷ്യജീവിതം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു (യോഹ. 6:54). വിശുദ്ധ കുര്‍ബാനയുടെ ഓരോ അര്‍പ്പണനിമിഷത്തിലും കിസ്തുവിന്‍റെ കുരിശിലുള്ള ത്യാഗത്തോട് ചേര്‍ന്നുകൊണ്ട് ലോകത്തിന്‍റെ രക്ഷയ്ക്കുവേണ്ടി പിതാവായ ദൈവത്തിന് പ്രസാദകരവും സ്വീകാര്യവുമായ കൃതജ്ഞതാബലിയും സ്തുതിയുമാണ് നമ്മള്‍ അര്‍പ്പിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഒരു പ്രധാന ഊന്നല്‍ വിശ്വാസികള്‍ക്ക് നല്‍കേണ്ട ആരാധനക്രമമനുസരിച്ചുള്ള രൂപീകരണം സംബന്ധിച്ചായിരുന്നു. ആരാധനക്രമനവീകരണത്തിലൂടെ വിശ്വാസികള്‍ക്ക് വി.കുര്‍ബാനയില്‍ കൂടുതല്‍ സജീവവും ഫലദായകവുമായ പങ്കാളിത്തത്തിന് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഇന്ന് അതിനനുസൃതമായ ഒരു പഠനപരമ്പരയ്ക്ക് നമ്മള്‍ തുടക്കമിടുകയാണ്. കുരിശു വരയ്ക്കുന്നതുള്‍പ്പെടെ അടുത്ത തലമുറയ്ക്ക് പരിശീലനം നല്‍കണം. കുര്‍ബാന തുടങ്ങുന്നത് കുരിശു വരച്ചുകൊണ്ടാണ്. അതുപോലെതന്നെയാവണം ഓരോ ദിനവും ജീവിതവും തുടങ്ങേണ്ടത്.

വി. കുര്‍ബാനയുടെ മൂല്യവും അര്‍ത്ഥവും മനസ്സിലാക്കി ദൈവവുമായുള്ള ബന്ധത്തിന്‍റെ പൂര്‍ണതയില്‍ ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്‍റെ സജീവസാന്നിദ്ധ്യമുണ്ട്. വി. കുര്‍ബാനയില്‍ നമ്മളെത്തന്നെ കണ്ടെത്തണം. വി. തോമാശ്ലീഹായെപോലെ അവിടുത്തെ കണ്ട,് സ്പര്‍ശിച്ച്, തിരിച്ചറിഞ്ഞ് ജീവിക്കുക എന്നതാണ് അടിസ്ഥാനം. എല്ലാ കൂദാശകളും ദൈവത്തെ കണ്ടുമുട്ടുവാനുള്ള മനുഷ്യന്‍റെ ആവശ്യവുമായി ചേര്‍ന്നുപോകുന്നവയാണ്. ഇവയില്‍ വി. കുര്‍ബാന പ്രത്യേകമായ വിധം സഹായിക്കുന്നു. വരുന്ന ആഴ്ചകളില്‍ ഈ മഹത്തായ ദാനത്തെ മനസ്സിലാക്കുവാനും ആസ്വദിക്കാനും ആ ആത്മീയസമൃദ്ധിയുടെ സൗന്ദര്യം പങ്കുവയ്ക്കുവാനും അങ്ങനെ നമ്മുടെ ജീവിതത്തിന് ആത്യന്തികമായ അര്‍ത്ഥവും ലക്ഷ്യവും കൈവരുത്തുവാനും നമുക്ക് പരിശ്രമിക്കാം. കാരണം വി. കുര്‍ബാനയില്‍ എല്ലാവരുടേയും ജീവിതത്തിന് ആവശ്യമുള്ളത് പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.

നിങ്ങളുടെ ഹൃദയങ്ങളെ ഉയര്‍ത്തു എന്നാണ് വിശുദ്ധ കുര്‍ബാനമദ്ധ്യേ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്. അല്ലാതെ സെല്‍ഫോണുകളെ ഉയര്‍ത്തൂ എന്നല്ല. ഈ ബസിലിക്കയില്‍ ഞാന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ഉയര്‍ത്തിപിടിച്ച സെല്‍ഫോണുകള്‍ കാണുന്നത് എന്നെ ദുഃഖിതനാക്കുന്നു. കാരണം മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ വി. കുര്‍ബാന ഒരു കലാപരിപാടിയല്ല.

സമ്മേളനത്തില്‍ സന്നിഹിതരായിരുന്ന എല്ലാ വിശ്വാസികളെയും തീര്‍ത്ഥാടകരെയും പ്രത്യേകിച്ച് ന്യൂസിലാന്‍റ്, ഫിലിപ്പൈന്‍സ്, കൊറിയ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന വിവിധ ഗ്രൂപ്പ് അംഗങ്ങളെയും പാപ്പാ ആശിര്‍വദിച്ചു. വീല്‍ചെയറിയില്‍ ഇരുന്നവരെയും കുഞ്ഞുകുട്ടികളെയും പതിവുപോലെ പ്രത്യേക പരിഗണന നല്‍കി അവര്‍ക്കായി പ്രാര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org