മരണം ഒരു രഹസ്യവും പ്രത്യാശയുടെ വാതിലും ആണ്

മരണം ഒരു രഹസ്യവും പ്രത്യാശയുടെ വാതിലും ആണ്

ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ തുടര്‍മതബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഈ ആഴ്ചയില്‍ മരണമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വിചിന്തനമാണ് നല്‍കിയത്. യേശു വന്നത് നമ്മളെ സൗഖ്യപ്പെടുത്താനും മരണത്തില്‍നിന്ന് രക്ഷിക്കുവാനുമാണെന്നത് വത്തിക്കാനില്‍ കൂടിയ വിശ്വാസസമൂഹത്തെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ തന്‍റെ പ്രബോധനം ആരംഭിച്ചത്. ഞാനാണ് പുനരുദ്ധാനവും ജീവനും എന്നരുള്‍ചെയ്തുകൊണ്ട് യേശു മരണത്തിന്മേലുള്ള വിജയം നമുക്ക് പ്രദാനം ചെയ്തു. (യോഹ. 11.25).

മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ആധുനികസംസ്കാരം ഇതില്‍നിന്ന് മാറിനില്‍ക്കുവാനും മാറ്റിനിര്‍ത്തപ്പെടുവാനും ആഗ്രഹിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് മരണം ഒരു വാതില്‍ ആണ്. അത് കൂടുതല്‍ ഉന്നതമായവയ്ക്കു വേണ്ടി ജീവിക്കുവാനുള്ള വിളിയാണ്. ലൗകികമായി മാത്രം ജീവിതത്തെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നവര്‍ക്കും സംശയിക്കുന്നവര്‍ക്കും മരണത്തെ അഭിമുഖീകരിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ ഇവിടെയാണ് ക്രൈസ്തവപ്രത്യാശയുടെ ധന്യത അടങ്ങിയിരിക്കുന്നത്. വചനം പറയുന്നതുപോലെ, അവനില്‍ വിശ്വസിക്കുകയാണെങ്കില്‍ മരിച്ചാലും നമ്മള്‍ ജീവിക്കും. ദുഃഖത്തിന്‍റെ നിമിഷങ്ങളില്‍ അവിടുന്നില്‍ പ്രത്യാശയര്‍പ്പിക്കുവാന്‍ യേശു നമ്മളെ ക്ഷണിക്കുന്നു. നമ്മള്‍ വിലപിക്കുമ്പോള്‍ ക്രിസ്തു നമ്മുടെ സമീപത്തുണ്ട്. യേശു മരണത്തിലേക്ക് ഒരുങ്ങാന്‍ നമ്മളെ സഹായിക്കുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാട് വേദനാജനകമാണ്. മരണത്തിന് മുന്നില്‍ നമ്മള്‍ ചെറുതും ആയുധമില്ലാത്തവരെ പോലെയും ആയി നിസ്സഹായരായി മാറുന്നു. ലാസറിന്‍റെ മരണത്തില്‍ യേശു കരഞ്ഞതായി നമ്മള്‍ വചനത്തില്‍ വായിക്കുന്നു. എന്നാല്‍ വിലപിക്കുക മാത്രമല്ല ചെയ്തത്. പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അതിനാല്‍ വിശ്വാസത്തിന്‍റെ ദീപം അണയാതെ സൂക്ഷിക്കുക. ജായിറൂസിന്‍റെ പുത്രിയെയും ഉയര്‍പ്പിച്ച സംഭവവും നമ്മള്‍ അനുസ്മരിക്കണം. അവിടെ ഭയപ്പടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക എന്ന യേശുവിന്‍റെ വാക്കുകള്‍ ഓര്‍ക്കുക. ഞാന്‍ നിന്നോട് പറയുന്നു എഴുന്നേല്ക്കുക (മര്‍ക്കോ. 5:41) ഇത് നമ്മളോരോരുത്തര്‍ക്കുമുള്ള സ്വരവും കൂടിയാണ്. ലാസറെ പുറത്തുവരിക എന്ന് പറഞ്ഞ് പ്രത്യാശയെന്തെന്ന് അവിടുന്ന് പഠിപ്പിച്ചു. നമ്മുടെ മരണദിവസം യേശു നമ്മുടെ കരം പിടിച്ച് എഴുന്നേറ്റ് എന്‍റെ കൂടെ വരൂ എന്ന സ്വരം കേള്‍ക്കുന്നത് ഭാവന ചെയ്ത് മരണത്തിനായി ഒരുങ്ങി കാത്തിരിക്കുക. പൊതുവെ നമ്മള്‍ മരണത്തിനായി ഒരുങ്ങാറില്ല. എന്നാല്‍ നൂറ്റാണ്ടുകളായി എല്ലാ തലമുറകളും അതിനെ ധൈര്യപൂര്‍വം അഭിമുഖീകരിക്കുന്നു. ആര്‍ക്കും ഒഴിവുകഴിവ് പറയാനാവാത്ത ആ വിളിയെക്കുറിച്ചും പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം.

ഈ ലോകജീവിതകാലം ഒരു ശ്വാസം പോലെ കടന്നുപോ കും. അഹങ്കാരവും വൈരാഗ്യ വും വെറുപ്പും കലര്‍ന്ന നമ്മുടെ പ്രവൃത്തികളെല്ലാം വെറുതെയായിരുന്നെന്നും മരണമെന്ന സ ത്യം മനസ്സിലാക്കിതരും. നേരെ മറിച്ച് നമ്മള്‍ ചെയ്ത സല്‍പ്രവൃത്തികള്‍ നമ്മളോടൊപ്പം കരംപിടിച്ച് നമ്മളെ നയിക്കും. കൂടുതല്‍ ഉന്നതമായ അവസ്ഥയില്‍ ജീവിക്കുവാനുള്ള വിളിയാണത്. മരണത്തിന്‍റെ രഹസ്യത്മകത ഒരു കൃപാവരവും നമ്മില്‍ എല്ലാവരിലേക്കും ചൊരിയപ്പെടുന്ന പ്രകാശവുമാണ്. മരണം പ്രത്യാശയിലേക്കുള്ള ഒരു വാതിലും പൂര്‍ത്തീകരണവുമാണ്. വാതില്‍പടി അല്‍പം മാത്രം തുറന്നാല്‍ ലഭിക്കുന്ന പ്രകാശം പോലെ പൂര്‍ണമായും മനസ്സിലാക്കാനാവാത്ത അവസ്ഥയാണത്.

ജീവിതത്തില്‍ സുനിശ്ചിതവും അനിശ്ചിതവുമായ തലങ്ങളുണ്ട്. സുനിശ്ചിതമായുള്ളതില്‍ ഒന്ന് മരണമാണ്. അതില്‍തന്നെ അനിശ്ചിതത്വവുമുണ്ട്. അത് എപ്പോള്‍ എവിടെ എങ്ങനെ എന്നുള്ളത് അറിയാത്തതാണ്. അതിനുള്ള മുന്നൊരുക്കം പ്രത്യാശയില്‍ തുടങ്ങുക എന്നതാണ് പാപ്പയുടെ പ്രബോധനത്തിന്‍റെ കാതല്‍. ഇംഗ്ളണ്ട്, ശ്രീലങ്ക, ഫിലിപ്പിന്‍സ്, സ്വീഡന്‍, റഷ്യ, ഇന്‍ഡോനേഷ്യ, ചൈന, ഘാനാ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പാപ്പയുടെ പ്രബോധനം ശ്രവിക്കാന്‍ എത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org