ക്രിസ്തുവിലുള്ള രക്ഷയുടെ സദ്വാര്‍ത്ത ക്രൈസ്തവരെല്ലാം അറിയിക്കണം

എല്ലാ ക്രൈസ്തവരും മിഷണറിമാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിലുള്ള രക്ഷയുടെ സദ്വാര്‍ത്ത മറ്റുള്ളവരോടു പങ്കുവയ്ക്കുന്നവരാകണം എല്ലാ ക്രൈസ്തവരും. അപ്രകാരം ക്രിസ്തുവിനു ശിഷ്യരെ ഉണ്ടാക്കണം. പക്ഷേ അവിടെ ഒരു കാര്യം ശ്രദ്ധിക്കണം. നമുക്കല്ല ശിഷ്യരെ ഉണ്ടാക്കേണ്ടത്. നമ്മുടെ ഏതെങ്കിലും സംഘങ്ങള്‍ക്കല്ല അനുയായികളെ ഉണ്ടാക്കേണ്ടത്. ക്രിസ്തുവിനാണ്.

മിഷനെക്കുറിച്ചുള്ള ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പായുടെ അപ്പസ്തോലിക ലേഖനത്തിന്‍റെ നൂറാം വാര്‍ഷികമാണിത്. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സാമ്രാജ്യവ്യാപന നയങ്ങളിലും സ്വാധീനങ്ങളിലും നിന്നു സഭയുടെ മിഷന്‍ സ്വതന്ത്രവും ശുദ്ധവുമാകേണ്ടതുണ്ടെന്ന ബോദ്ധ്യം ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പായ്ക്കുണ്ടായിരുന്നു. അജപാലനപരമായ നിരാശയെ മറികടന്ന് സുവിശേഷത്തിന്‍റെ സന്തോഷപ്രദമായ പുതുമയോടു നാം തുറവിയുള്ളവരാകണം.

സംഘര്‍ഷങ്ങള്‍ ജനിപ്പിക്കുകയും ഭൂമിയെ നശിപ്പിക്കുകയും ചെയ്യുന്ന ആഗോളവത്കരണത്തിന്‍റെ ഏകരൂപവത്കരണത്തിന്‍റെയും അധികാരപോരാട്ടങ്ങളുടെയും കാലത്ത്, സുവിശേഷം എളിമയോടെയും ആദരവോടെയും പങ്കുവയ്ക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകണം. കരുണ പാപത്തെയും പ്രത്യാശ ഭയത്തെയും സാഹോദര്യം ശത്രുതയേയും കീഴടക്കുമെന്ന യേശുവിന്‍റെ സദ്വാര്‍ത്ത പ്രഘോഷിക്കാനുള്ള നവസംരംഭങ്ങളിലേയ്ക്ക് കത്തോലിക്കര്‍ സ്വയം സമര്‍പ്പിക്കണം. ക്രിസ്തുവാണു നമ്മുടെ സമാധാനം. അവനില്‍ എല്ലാ വിഭാഗീയതകളും മറികടക്കപ്പെടുന്നു. എല്ലാ വ്യക്തികളുടെയും എല്ലാ ജനതകളുടേയും രക്ഷ അവനില്‍ മാത്രമാണ്.

(ലോക മിഷന്‍ ഞായര്‍ ആചരണത്തിന്‍റെ ഭാഗമായി സെ. പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org