കാല്‍വരിയിലെ കുരിശാണ് ആദ്യത്തെ അള്‍ത്താര

കാല്‍വരിയിലെ കുരിശാണ്  ആദ്യത്തെ അള്‍ത്താര

വത്തിക്കാനില്‍ എല്ലാ ബുധനാഴ്ചയും സമ്മേളിക്കുന്ന വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള പഠനപരമ്പരയില്‍ കുര്‍ബാനയുടെ മര്‍മ്മപ്രധാനമായ പ്രാര്‍ത്ഥനാ ഭാഗങ്ങളിലേക്കാണ് കഴിഞ്ഞ ആഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പ എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചത്. 'ഇത് നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍' എന്ന് അവസാന അത്താഴവേളയില്‍ ചെയ്ത കര്‍ത്താവിന്‍റെ ആഹ്വാനം ഓരോ കുര്‍ബാനയിലും നമ്മള്‍ ആവര്‍ത്തിക്കുമ്പോള്‍ യേശുവിന്‍റെ കൗദാശികമായ സാന്നിദ്ധ്യത്തിലേക്കാണ് പ്രവേശിക്കുന്നത്. ദൈവത്തില്‍നിന്ന് കൃപാവരങ്ങള്‍ ഏറ്റുവാങ്ങി വിശുദ്ധിയില്‍ വളര്‍ന്ന് ദൈവരാജ്യത്തിന്‍റെ വരവിനായി ശുശ്രൂഷ ചെയ്യുവാന്‍ പ്രാപ്തരാക്കുവാനായി തങ്ങളുടെ ജീവിതങ്ങളെ തന്നെ ഓരോ വിശുദ്ധ കുര്‍ബാനയിലും ദൈവത്തിന് സമര്‍പ്പിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തു.

ഓരോ വിശുദ്ധ കുര്‍ബാനയും കുരിശില്‍ മുദ്ര ചെയ്യപ്പെട്ട പുതിയ ഉടമ്പടിയിലെ ആദ്യ ത്യാഗത്തെക്കുറിച്ചുള്ള അനുസ്മരണമാണ്. വിശുദ്ധ കുര്‍ബാനയുടെ ആരാധനക്രമപ്രാര്‍ത്ഥനകളില്‍ തിരുസഭ കൃത്യമായും വ്യക്തമായും ക്രിസ്തുവിന്‍റെ പീഡാനുഭവരഹസ്യങ്ങളെ അനുസ്മരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നു. വിശുദ്ധ കുര്‍ബാനയില്‍ നമ്മള്‍ അള്‍ത്താരയെ സമീപിക്കുമ്പോള്‍ കുരിശാകുന്ന അള്‍ത്താരയിലേക്ക് നമ്മുടെ ഓര്‍മ്മകള്‍ എത്തണം. കാരണം കാല്‍വരിയിലെ കുരിശിലാണ് നമ്മള്‍ ആദ്യത്തെ അള്‍ത്താര ദര്‍ശിക്കേണ്ടത്.

അപ്പവും വീഞ്ഞും വാഴ്ത്തി ഉയര്‍ത്തി പ്രാര്‍ത്ഥിച്ച് വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയായി നല്‍കുന്നു. അള്‍ത്താരയിലേക്ക് നമ്മള്‍ കൊണ്ടുവരുന്ന സമ്മാനങ്ങള്‍ക്കും വസ്തുക്കള്‍ക്കുമൊപ്പം നമ്മുടെ ജീവിതങ്ങളെ തന്നെ ആത്മീയകാഴ്ചവസ്തുവായി സമര്‍പ്പിക്കണം. അപ്പോള്‍ പിതാവായ ദൈവം കുരിശില്‍ പുത്രനെ ഉയര്‍ത്തിയതുപോലെ നമ്മുടെ ജീവിതങ്ങളും പരിശുദ്ധാത്മാവില്‍ നവീകരിക്കപ്പെടുകയും രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യുന്നു. വിശുദ്ധ കുര്‍ബാന സഭാമക്കളെ അള്‍ത്താരയ്ക്കു ചുറ്റും ഒന്നിച്ച് കൂട്ടുന്ന സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പോഷകമാണ്.

വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ഉയര്‍ത്തിയതിനുശേഷം എല്ലാവരും ചേര്‍ന്ന് 'ഈ കാഴ്ചവസ്തുക്കള്‍ സ്വീകരിക്കണമേ' എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മഹത്തരമായ ഒരു വിനിമയം സംഭവിക്കുന്നു. ദൈവത്തിന്‍റെ മഹത്ത്വവും മനുഷ്യന്‍റെ നിസാരതയും തമ്മിലുള്ള കൈമാറ്റമാണ് സംഭവിക്കുന്നത്. പിതാവായ ദൈവത്തിന് ഹിതകരമായ വിധത്തില്‍ ക്രിസ്തുവില്‍ നമ്മുടെ ജീവിതങ്ങളും അവിടെ രൂപാന്തരപ്പെടുകയാണ്. നമ്മുടെ അനുദിനജീവിതവും ബന്ധങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും അവിടെ അര്‍പ്പിക്കപ്പെടുകയാണ്. ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ അവയെല്ലാം മനോഹരമായി പടുത്തുയര്‍ത്തപ്പെടുന്നു. ഇവിടെ ധൂപാര്‍ച്ചന ഒരു പ്രതീകമായി നിലകൊള്ളുന്നു.

കുര്‍ബാനയ്ക്ക് പോയതാ, കുര്‍ബാന കണ്ടതാ, കുര്‍ബാന ചൊല്ലിയതാ, കുര്‍ബാനയില്‍ പങ്കെടുത്തതാ തുടങ്ങി കുര്‍ബാനയുമായി ബന്ധപ്പെടുത്തി നമ്മള്‍ ഉപയോഗിക്കുന്ന ചില വാക്കുകളുടെ പ്രയോഗങ്ങള്‍ പരിശോധിച്ചാല്‍ വ്യത്യസ്ത നിലപാടുകള്‍ മനസ്സിലാക്കാവുന്നതേയുള്ളു. കാരണം ഇവയോരോന്നും വ്യത്യസ്ത അര്‍ത്ഥങ്ങളും തലങ്ങളും പേറുന്നവയാണ്. കുര്‍ബാന ഒരു ആഘോഷവും വിരുന്നുമായി എന്‍റെ ഹൃദയത്തിലും ഇടപെടലുകളിലും മാറണം. അതിന് ഞാന്‍ കുര്‍ബാന അര്‍പ്പിക്കണം. അപ്പോള്‍ അത് പരിപൂര്‍ണസമര്‍പ്പണവും ദൈവാരാധനയുടെ മകുടവു മാവുന്നു.

വത്തിക്കാനിലെ തണുത്തുറഞ്ഞ കാലാവസ്ഥയിലും ധാരാളം വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. പോള്‍ ആറാമന്‍ ഹാളിലും സെന്‍റ് പീറ്റേഴ്സ് ബസിലിക്കായിലും ആയിട്ടാണ് കൂടിക്കാഴ്ച നടന്നത്. സലേഷ്യന്‍ സഭാംഗങ്ങളുടെ പൊതു ചാപ്റ്ററിന് എത്തിച്ചേര്‍ന്ന മിഷനറിമാരെയും ഫോക്കുലാരെ പ്രസ്ഥാനത്തിലെ അംഗങ്ങളെയും പാപ്പ പ്രത്യേകം അഭിവാദനം ചെയ്തു. സാധാരണ സമ്മേളിക്കാറുള്ള ബസിലിക്കായ്ക്ക് പുറത്തുള്ള ചത്വരത്തിലെ കസേരകളില്‍ മഞ്ഞുവീണ് കിടക്കുന്ന കാഴ്ചയും ഹൃദ്യമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org