നമ്മുടെ വിശ്വാസത്തിന്റെ ഹൃദയം സ്‌നേഹമാണ്

നമ്മുടെ വിശ്വാസത്തിന്റെ ഹൃദയം സ്‌നേഹമാണ്
Published on

കല്‍പ്പനകളില്‍ ഒന്നാമത്തേത് ഏത് എന്ന യേശുക്രിസ്തുവിനോടുള്ള നിയമജ്ഞരുടെ ചോദ്യം നമ്മെ സംബന്ധിച്ചും വളരെ പ്രസക്തമാണ്. അനവധി കാര്യങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന നമ്മള്‍ ഒടുവില്‍ ചോദിക്കുന്നു:

എല്ലാത്തിനെക്കാളും സുപ്രധാനമായത് എന്ത്? എവിടെയാണ് ജീവിതത്തിന്റെ, എന്റെ വിശ്വാസത്തിന്റെ കേന്ദ്രം കണ്ടെത്താനാവുക? രണ്ട് പ്രാഥമിക കല്‍പ്പനകളെ ചേര്‍ത്തുവച്ചുകൊണ്ട് യേശു നമുക്കതിന് ഉത്തരം നല്‍കുന്നുണ്ട്: ദൈവസ്‌നേഹവും പരസ്‌നേഹവും. ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ ഹൃദയം.

കര്‍ത്താവ് വീണ്ടും വരുമ്പോള്‍ നമ്മോട് പ്രഥമമായും പ്രധാനമായും ചോദിക്കുക നാം എപ്രകാരം സ്‌നേഹിച്ചു എന്നായിരിക്കും. അതുകൊണ്ട് ഏറ്റവും പ്രധാനമായ ഈ കല്‍പ്പനയില്‍ നമ്മുടെ ഹൃദയങ്ങളെ പ്രതിഷ്ഠിക്കുക അത്യാവശ്യമാണ്. ദൈവത്തെ സ്‌നേഹിക്കുക, നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.

ഓരോ ദിവസവും ആത്മപരിശോധന നടത്തുക. ദൈവസ്‌നേഹവും പരസനേഹവും ആണോ എന്റെ ജീവിതത്തിന്റെ കേന്ദ്രം? പുറത്തേക്ക് ഇറങ്ങാനും സഹോദരങ്ങളെ സ്‌നേഹിക്കാനും ദൈവത്തോടുള്ള പ്രാര്‍ത്ഥന, എന്നെ പ്രേരിപ്പിക്കുന്നുണ്ടോ? മറ്റുള്ളവരുടെ മുഖങ്ങളില്‍ കര്‍ത്താവിന്റെ സാന്നിധ്യം ഞാന്‍ തിരിച്ചറിയുന്നുണ്ടോ?

എല്ലാത്തിന്റെയും സ്രോതസ്സ് സ്‌നേഹമാണ്. ദൈവത്തെ മനുഷ്യനില്‍ നിന്ന് നാമൊരിക്കലും വേര്‍പ്പെടുത്തരുത്. നേര്‍ച്ച കാഴ്ചകള്‍ പോലെയുള്ള ബാഹ്യ അനുഷ്ഠാനങ്ങള്‍ അല്ല നമ്മുടെ ഈ യാത്രയില്‍ പരിഗണിക്കപ്പെടാന്‍ പോകുന്നത്. മറിച്ച് ദൈവത്തോടും സഹോദരങ്ങളോടും നിങ്ങള്‍ എത്ര തുറവിയുള്ളവരായിരുന്നു എന്നതാണ്.

  • (നവംബര്‍ 3 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org