സുഖമേഖലകള്‍ വിട്ടിറങ്ങണം

സുഖമേഖലകള്‍ വിട്ടിറങ്ങണം

Published on

ആത്മാവിനുള്ള കൃത്രിമ വേദനാസംഹാരികളും ആഹ്ലാദത്തിന്റെ ശൂന്യവാഗ്ദാനങ്ങളും നിറഞ്ഞിരിക്കുന്നതാണ് ഇന്നത്തെ ലോകം.അന്തമില്ലാത്ത ഉപഭോഗശീലവും അനന്തമായ മാധ്യമവിവാദങ്ങളും എല്ലാം ഇന്നു നമ്മോടു പറയുകയാണ്: ''ഒരുപാടൊന്നും ചിന്തിച്ചു കൂട്ടണ്ട. പോയി, ജീവിതം ആസ്വദിക്കുക!'' ചിലപ്പോള്‍ നാം നമ്മുടെ ഹൃദയങ്ങളെ ഇപ്രകാരം സൗഖ്യമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മൂന്നു വിജ്ഞാനികള്‍ ഇതു ചെയ്തിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ദൈവത്തെ കാണുകയില്ലായിരുന്നു.

അസ്വസ്ഥമായ ചോദ്യം ചെയ്യലുകളിലും ജീവിതത്തെ സംബന്ധിച്ച വലിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴുമാണ് ദൈവത്തെ നാം കണ്ടുമുട്ടുക. ദൈവത്തെ നാം കണ്ടെത്തുക. ''മൂന്നു വിജ്ഞാനികളുടെ പുറത്തേക്കുള്ള തീര്‍ത്ഥയാത്ര, അവരുടെ ആന്തരികമായ തീര്‍ത്ഥയാത്രയുടെ പ്രകാശനമായിരുന്നു'' എന്നു ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുണ്ട്. മൂന്നു വിജ്ഞാനികളുടെ അസ്വസ്ഥമായ ചോദ്യം ചെയ്യലും കര്‍ത്താവിനോടൊത്തുള്ള നിരന്തരമായ സംഭാഷണ യാത്രകളും അതിന്റെ ലക്ഷ്യം കാണുന്നത് ദൈവാരാധനയിലാണ്. എല്ലാത്തിന്റെയും ലക്ഷ്യം വ്യക്തിപരമായ ഒരു നേട്ടമോ നമ്മുടെ മഹത്വമോ അല്ല, മറിച്ച് ദൈവത്തെ കണ്ടുമുട്ടുക എന്നതാണ്. ദൈവസ്‌നേഹത്താല്‍ ആശ്ലേഷിതരാകുക. അതാണു നമ്മുടെ പ്രത്യാശുടെ അടിസ്ഥാനം. അതാണു നമ്മെ തിന്മയില്‍ നിന്നു സ്വതന്ത്രരാക്കുന്നത്, അപരസ്‌നേഹത്തിലേക്കു നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നത്, കൂടുതല്‍ സാഹോദര്യവും നീതിയും നിറഞ്ഞ ഒരു ലോകത്തെ പടുത്തുയര്‍ത്താന്‍ നമ്മെ പ്രാപ്തരാക്കുന്നത്.

യേശുവിനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുകയും അവനു മുമ്പിലുള്ള ആരാധനയില്‍ സമ്പൂര്‍ണമായി സ്വയം വിട്ടുകൊടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ എല്ലാ അജപാലനപ്രവര്‍ത്തനങ്ങളും ഫലശൂന്യമാകും. വിജ്ഞാനികളെ പോലെ നമുക്കും ദൈവത്തിനു മുമ്പില്‍ നമ്മെ തന്നെ സമര്‍പ്പിക്കാം. നമ്മെയല്ല മറിച്ചു ദൈവത്തെ ആരാധിക്കാം, അധികാരപദവികളുടെ പ്രഭയാല്‍ പ്രലോഭിപ്പിക്കുന്ന വ്യാജവിഗ്രഹങ്ങള്‍ക്കു പകരം ദൈവത്തെ തന്നെ ആരാധിക്കാം.

(ദനഹാ തിരുനാളില്‍ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

logo
Sathyadeepam Online
www.sathyadeepam.org