ആരാധനയുടെ നിശ്ശബ്ദതയില്‍ നാം ദൈവകൃപ സ്വീകരിക്കുന്നു

ആരാധനയുടെ നിശ്ശബ്ദതയില്‍ നാം ദൈവകൃപ സ്വീകരിക്കുന്നു
Published on

ജോലിത്തിരക്കുകളുടെ ഉല്‍ക്കണ്ഠകളില്‍ മുങ്ങി പോകാതെ വിശ്രമത്തിലും മൗന പ്രാര്‍ത്ഥനയിലും സമയം ചെലവഴിക്കുക. അപ്പോള്‍ നമുക്ക് ദൈവകൃപ സ്വീകരിക്കാന്‍ കഴിയും. നാം പലപ്പോഴും നമ്മുടെ തിടുക്കങ്ങളുടെ തടവറയില്‍ ആയിപ്പോകുന്നു. സഭയിലെ ജോലിത്തിരക്കുകളില്‍ മുഴുകിയിരിക്കുന്നവര്‍ക്കുള്ള ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പാണിത്. ഒരു നിമിഷം എല്ലാ ജോലികളും നിര്‍ത്തിവയ്ക്കാന്‍ നമുക്ക് കഴിയുമോ? കര്‍ത്താവിനോടൊത്ത് ആയിരിക്കാന്‍ ഒരു നിമിഷം മാറ്റിവയ്ക്കാന്‍ നമുക്ക് കഴിയുമോ? അതോ നാം എപ്പോഴും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള വ്യഗ്രതയില്‍ ആയിരിക്കുമോ?

ഭ്രാന്തമായ വേഗതയില്‍ ജീവിക്കാന്‍ ചിലപ്പോള്‍ കുടുംബങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ആഹാരം സമ്പാദിക്കുന്നതിന് മാതാപിതാക്കള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ഇതൊരു സാമൂഹ്യ അനീതിയാണ്. ഇത്തരം സാഹചര്യങ്ങളിലുള്ള കുടുംബങ്ങളെ നാം സഹായിക്കണം. വിശ്രമവും മറ്റുള്ളവരോടുള്ള അനുകമ്പയും സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ യേശുക്രിസ്തുവിന് സാധിച്ചിരുന്നു. വിശ്രമിക്കാന്‍ തന്റെ ശിഷ്യരോടും ക്രിസ്തു ആവശ്യപ്പെടുന്നുണ്ട്. വിശ്രമവും അനുകമ്പയും പരസ്പരം പൊരുത്തപ്പെടാത്ത രണ്ടു കാര്യങ്ങളായി തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അവ ഒന്നിച്ചു പോകുന്നതാണ്.

യേശുക്രിസ്തു നിര്‍ദേശിക്കുന്ന വിശ്രമം ലോകത്തില്‍ നിന്നുള്ള ഒളിച്ചോടല്‍ അല്ല. വ്യക്തിപരമായ വെറും സ്വസ്ഥതയിലേക്കുള്ള മടങ്ങിപ്പോക്കും അല്ല. മറിച്ച് മറ്റുള്ളവരോട് കൂടുതല്‍ അനുകമ്പ ഉള്ളവര്‍ ആയിരിക്കാന്‍ നമ്മെ സഹായിക്കുന്നതാണ് വിശ്രമം. വിശ്രമിക്കുന്നത് എങ്ങനെ എന്ന് പഠിച്ചാല്‍ മാത്രമേ നമുക്ക് അനുകമ്പയുള്ളവരാകാന്‍ സാധിക്കൂ.

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ജൂലൈ 21 ന് ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org