മുണ്ടു മുറുക്കിയുടുക്കാന്‍ പോലും അരയില്‍ മുണ്ടില്ലാതെ ജനം; അവരുടെ നിലവിളി ആരു കേള്‍ക്കും?

മുണ്ടു മുറുക്കിയുടുക്കാന്‍ പോലും അരയില്‍ മുണ്ടില്ലാതെ ജനം; അവരുടെ നിലവിളി ആരു കേള്‍ക്കും?

ആന്റണി ചടയംമുറി

ആന്റണി ചടയംമുറി
ആന്റണി ചടയംമുറി

ഒമ്പതുജില്ലകളില്‍ അരങ്ങേറിയ 'മരം മുറിക്കല്‍ മാമാങ്കം' തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥരുടെ തലവെട്ടലില്‍ കലാശിച്ചതെങ്ങനെ? മുട്ടില്‍ മരംമുറിക്കു പിന്നിലെ സത്യം എന്താണ്? കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മരംമുറിച്ചും പാറപൊട്ടിച്ചുവിറ്റും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു ഫണ്ട് സമാഹരിച്ചുവോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളില്‍ നിറയുന്ന 'വൃക്ഷവധ'ങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടത്.

നിഷ്പക്ഷമായി ചിന്തിക്കുമ്പോള്‍, കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രധാനമായും രണ്ട് ചേരിയിലാണ്. പുതിയതായി ഒരു മൂന്നാം ചേരിയുമുണ്ട്. അത് ബി.ജെ.പി. ചായ്‌വുള്ളവരുടേതാണ്. മുസ്‌ലീം ലീഗിന്റെയും മറ്റ് പാര്‍ട്ടികളുടെയുമെല്ലാം പക്ഷത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ ചെറുനിരകള്‍ വേറെയുമുണ്ട്. പ്രധാനമായും ഇടതു-വലതു പക്ഷ ചേരികള്‍ക്കാണ് സര്‍വ്വീസ് സംഘടനകളില്‍ കൂടുതല്‍ പ്രാതിനിധ്യം.

സി.പി.എം. അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ ഫണമുയര്‍ത്തി ചീറ്റുന്ന പല ഉദ്യോഗസ്ഥ പ്രമുഖരും കോണ്‍ഗ്രസ്സ് അടക്കമുള്ള വലതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ ഉള്ളിലേക്ക് വലിയും. ഇരുചേരികളും സ്വന്തം പാര്‍ട്ടികളെ ഭരണത്തില്‍ ഇരുത്തി സുഖിപ്പിക്കുകയോ, അതല്ലെങ്കില്‍ അവരെ ഭരണത്തിലേറ്റാനുള്ള തന്ത്രങ്ങളില്‍ മുഴുകുകയോ ചെയ്യുമ്പോള്‍, ഫലത്തില്‍ ജനങ്ങള്‍ക്ക് എക്കാലവും ആത്മാര്‍ത്ഥമായ സേവനം ലഭിക്കുന്നത് ഏതെങ്കിലും ഒരു പറ്റം ഉദ്യോഗസ്ഥരില്‍ നിന്നാണെന്നതല്ലേ യാഥാര്‍ത്ഥ്യം?

2018-2019-ലെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്ത് 5,11,075 സര്‍ക്കാര്‍ ജോലിക്കാരാണുള്ളത്. സ്ഥിരം ജീവനക്കാര്‍ 4,98,603. താത്ക്കാലികലാവണങ്ങളിലുള്ളത് 12,472 പേര്‍. ഇവരുടെ ശമ്പളവും പെന്‍ഷനും നല്കാനാണ് സര്‍ക്കാര്‍ വരുമാനത്തിന്റെ 71% ഉം ചെലവഴിക്കുന്നത്. നികുതിപ്പണവും കടമെടുക്കുന്ന തുകയുമെല്ലാമായി സര്‍ക്കാര്‍ ജീവനക്കാരെ തീറ്റിപ്പോറ്റുന്നത് ജനസേവനത്തിനാണെന്നാണ് പറയാറുള്ളത്. പക്ഷെ ഈ സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും (ചില നല്ല ജോലിക്കാര്‍ ഉണ്ടെന്ന കാര്യം മറക്കുന്നില്ല) ജനങ്ങളെ, അവരുടെ ദൈനംദിന ആവശ്യങ്ങളില്‍ മാനുഷികമായി പരിഗണിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്.

അഴിമതി ഇന്ന് രാഷ്ട്രീയക്കാര്‍ക്ക് കുടില്‍വ്യവസായമല്ല; മാസ് പ്രൊഡക്ഷനാണ്. ഈ വൈറസ് ബാധയ്‌ക്കെതിരെ പുതിയൊരു വാക്‌സിന്‍ ജനം കണ്ടുപിടിച്ചേ തീരൂ.

പോലീസിലും ഭരണ-പ്രതിപക്ഷ ചേരികളില്‍പ്പെട്ട യൂണിയനുകളില്‍പ്പെട്ടവരുണ്ട്. ക്രൈംബ്രാഞ്ച്, അഗ്നിശമനസേന, പോലീസ് ഭവന നിര്‍മ്മാണ സഹകരണം, പോലീസ് പരിശീലന സ്ഥാപനങ്ങള്‍ എന്നിങ്ങനെ ദൈനംദിനക്രമ സമാധാന ചുമതലകളുമായി ബന്ധമില്ലാത്ത ലാവണങ്ങളിലേക്ക് അതാതു ഭരണകാലങ്ങൡ രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്ക് പഥ്യമല്ലാത്തവരെ എടുത്തെറിയു ന്നു.

രാഷ്ട്രീയക്കാരുടെ പക്ഷം പിടിക്കുന്ന ജീവനക്കാര്‍ രണ്ടു പക്ഷത്തുമുണ്ടെങ്കിലും, ഏതെങ്കിലും ഒരുപക്ഷത്തുള്ളവര്‍ എല്ലാക്കാലത്തും ഇങ്ങനെ പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോകുന്നു. പക്ഷെ ശമ്പളം 'കൃത്യമായി' ഇവര്‍ക്ക് ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍, ഒരു പറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് നല്‌കേണ്ട സേവനത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടുന്നു. ഇവിടെ നഷ്ടം പൊതുഖജനാവിനാണ്; ജനങ്ങള്‍ക്കാണ്.

ഇത്തരം ഉദ്യോഗസ്ഥ നിരകളില്‍ തന്നെ സത്യസന്ധരായ ജോലിക്കാരുണ്ട്. ഏതു കക്ഷി ഭരിച്ചാലും ഉഡായിപ്പിനു കൂട്ടു നില്‍ക്കാത്തവരാണവര്‍. അവരാകട്ടെ, ഏതു കക്ഷി ഭരിച്ചാലും വേട്ടയാടപ്പെടുന്നു. എപ്പോഴും എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ കുടുക്കാനുള്ള കെണിയൊരുക്കിവച്ചിട്ടുണ്ടാകും. ആ കെണികളില്‍ നിന്ന് ഒഴിഞ്ഞു നടക്കാന്‍ അസാമാന്യമായ 'സര്‍വീസ് വഴക്കം' വേണം.

മുട്ടില്‍ മരംമുറിയിലേക്ക് തന്നെ മടങ്ങാം. വിവാദ ഉത്തരവില്‍ ഒപ്പിട്ട ഉദ്യോഗസ്ഥ പ്രമുഖന്‍ ഇപ്പോഴും സര്‍വ്വീസിലുണ്ട്. പക്ഷെ, ഉത്തരവിനെതിരെ ഫയലില്‍ 'നോട്ട്' കുറിച്ച നാല് പേരെ റവന്യൂ വകുപ്പില്‍ നിന്ന് കുടിയിറക്കി. ഭരണ, പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍പ്പെട്ടവരാണിവര്‍. 'വിവരാവകാശ രേഖ' നല്കിയ ഒ.ജി. ശാലിനിക്ക് 2 മാസം നിര്‍ ബന്ധിത അവധി നല്കുക മാത്രമല്ല, നല്ല സേവനത്തിനായി അവര്‍ക്ക് നല്കിയ 'ഗുഡ് സര്‍വീസ് എന്‍ട്രി' തിരിച്ചെടുക്കുകയും ചെയ്തു. ശാലിനിയെ പിന്തുണച്ച ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളായ സന്തോഷ് കുമാര്‍, സിനി ജോസ് എന്നിവരെയും സ്ഥലം മാറ്റി. മരംമുറി ഉത്തരവ് നിയമവിരുദ്ധമാണെന്നു കൃത്യമായി ഫയലില്‍ എഴുതിയജി. ഗിരിജാകുമാരിയെ വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. ഇവര്‍ സി.പി.എംന്റെ സര്‍വ്വീസ് സംഘടനയുടെ നേതാവാണ്.

ഇനി ചെലവു ചുരുക്കലില്‍ കേരളാ സര്‍ക്കാര്‍ നടത്തുന്ന 'മാതൃകാപരമായ' ചില കണക്കുകള്‍ നോക്കാം. കേന്ദ്രം 10 വര്‍ഷത്തിനുള്ളിലാണ് ശമ്പളം പരിഷ്‌ക്കരിക്കുന്നത്. പത്താം ധന കാര്യകമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടു ശമ്പള പരിഷ്‌ക്കരണം പത്തുവര്‍ഷത്തിനുള്ളില്‍ മതിയെന്നു ശുപാര്‍ശ ചെയ്തിരുന്നു. പക്ഷെ, കേരളം കേട്ടില്ല. ഇപ്പോഴും 5 വര്‍ഷം കഴിയുമ്പോള്‍ തന്നെ ശമ്പളം പരിഷ്‌ക്കരിച്ചു കൊണ്ടേയിരിക്കുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് 25 മുതല്‍ 32 വരെയാണിവിടെ. കേന്ദ്ര മന്ത്രിമാര്‍ക്ക് 15 പേഴ്‌സണല്‍ സ്റ്റാഫേയുള്ളൂ. പിഎസ്.സി.യില്‍ 21 അംഗങ്ങളാണ് കേരളത്തിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ യു.പി.എസ്.സിയില്‍ 11 പേര്‍ മാത്രം. മധ്യപ്രദേശ്-3, മഹാരാഷ്ട്ര-5, ആസാം, ബീഹാര്‍, ഒറീസ്സ, പശ്ചിമ ബംഗാള്‍ 6 പേര്‍ വീതം.

പുതിയ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരിന് ഇഷ്ടപ്പെട്ടവരെ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ് ഉന്നത തസ്തികയില്‍ പ്രതിഷ്ഠിക്കുന്നു. ഇതിനായി ഉന്നത തസ്തികയിലുള്ളയാള്‍ അവധിയെടുക്കുന്നു. ഫലത്തില്‍ റിട്ടയര്‍ ചെയ്യുന്ന രണ്ടു പേര്‍ക്കും ഉയര്‍ന്ന പെന്‍ഷനും ആനുകൂല്യങ്ങളും. സര്‍ക്കാര്‍ നല്‌കേണ്ടി വരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരുടെ കാര്യം ഇതിലേറെ തമാശയാണ്. രണ്ടു വര്‍ഷം സര്‍വ്വീസുള്ളവര്‍ക്ക് ഫുള്‍ പെന്‍ഷന്‍ നല്കണമെന്നാണ് നിയമം.

അധിക ജീവനക്കാരെ പുനര്‍ വിന്യസിക്കുമെന്ന് എല്ലാ സര്‍ക്കാരുകളും പറയാറുള്ളതാണ്. സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന തസ്തികയില്‍ തന്നെ അധികപ്പറ്റായി 300 പേരുണ്ട്. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പില്‍ തന്നെയുണ്ട് 183 പേര്‍. എന്നിട്ടും പ്രതിമാസം അധികപ്പറ്റായി സര്‍വ്വീസിലുള്ളവര്‍ക്ക് 3 കോടി രൂപയോളം ശമ്പളം നല്‌കേണ്ടിവരികയാണിപ്പോള്‍.

കോവിഡാനന്തരകാലത്ത്, പൊതുജനം വയറ് മുറുക്കിയുടുക്കാന്‍ അരയില്‍തുണിയില്ലാത്ത അവസ്ഥയിലാണ്. രണ്ട് പ്രളയങ്ങളും, ഒന്നും രണ്ടും കോവിഡ് ആക്രമണവുമെല്ലാം കഴിഞ്ഞ് ജനം വെന്റിലേറ്ററിലാണ്. എന്തെങ്കിലും 'ധീരമായി നടപ്പാക്കാന്‍' ഈ ഭരണകൂടത്തിനു കഴിയുമോ? അല്ലെങ്കില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്.' എന്നു മുദ്രാവാക്യം വിളിച്ചവര്‍ 'അറപ്പാണ് എല്‍.ഡി.എഫ്.' എന്നു പറഞ്ഞെന്നു വരാം. അതിനിടയാക്കരുത്. ഇപ്പോള്‍ കേള്‍ക്കുന്നത് മരംമുറി വിവാദത്തില്‍ സത്യസന്ധരായ ജോലിക്കാര്‍ക്കെതിരെ എടുത്ത നടപടികള്‍ക്കെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമരത്തിനിറങ്ങുമെന്നാണ്. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യുമെന്നു പറയുന്നവര്‍ തിരിച്ച് ഡയലോഗ് പറയും: സ'മര'വും ഒരു മരമല്ലേ, സഖാവേ, അത് മുറിക്കാനും ഞങ്ങള്‍ക്കറിയാം എന്നായിരിക്കും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org