പിതാവേ, ഞങ്ങളോടു ക്ഷമിക്കണമേ

പിതാവേ, ഞങ്ങളോടു ക്ഷമിക്കണമേ

'മലനാടിന്‍റെ മിഷനറി'യെന്ന അപരനാമത്താല്‍ അറിയപ്പെട്ടിരുന്ന ഫാ. സേവ്യര്‍ പുല്‍പ്പറമ്പില്‍ സിഎംഐ അന്തരിച്ചിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതി അമ്പതു വര്‍ഷമായി. ഉയര്‍ന്ന കാനനമേഖലകളിലെ ക്രൂരമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടസാദ്ധ്യതകള്‍ പരിഗണിക്കാതെ കുടിയേറ്റ കര്‍ഷകരുടെ ആത്മരക്ഷയ്ക്കായി പ്രവര്‍ത്തിച്ച തീക്ഷ്ണത നിറഞ്ഞ സന്ന്യാസവൈദികനായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരെ പിന്തുടര്‍ന്നു മലമടക്കുകള്‍ താണ്ടിയ അദ്ദേഹം അവര്‍ തങ്ങിയിരുന്ന ഏറുമാടങ്ങളിലാണു താമസിച്ചിരുന്നത്. അദ്ദേഹം അവരെ കുമ്പസാരിപ്പിച്ചു, ദിവ്യകാരുണ്യം നല്കി, വേദപാഠങ്ങള്‍ പഠിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആത്മീയശുശ്രൂഷകള്‍ ഹൈറേഞ്ചില്‍ 11 ഇടവകകള്‍ക്ക് അടിത്തറയായി എന്നാണു ചരിത്രം വെളിപ്പെടുത്തുന്നത്.
പുല്‍പ്പറമ്പിലച്ചനെപ്പോലുള്ള വിശുദ്ധരായ വൈദികരാണു കത്തോലിക്കാസഭയെ മനുഷ്യവിമോചനത്തിന്‍റെ മഹാശക്തിയാക്കിയത്. എന്നിട്ടും അദ്ദേഹത്തെ കേരളത്തിലെ കത്തോലിക്കാസഭയോ സന്ന്യാസസമൂഹമോ അര്‍ഹമായ രീതിയില്‍ അനുസ്മരിച്ചതായി ക ണ്ടില്ല. അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്ക് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കു പരസ്യം കൊടുക്കേണ്ടി വന്നു. പുല്‍പ്പറമ്പിലച്ചന്‍ അര്‍ഹമായ രീതിയില്‍ ഓര്‍മിക്കപ്പെടാതിരുന്നപ്പോള്‍ മാധ്യമങ്ങള്‍ കൊണ്ടാടിയതു മറ്റൊരു വൈദികനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. അതിനു മാധ്യമങ്ങളെ കുറ്റവിചാരണ ചെയ്യുന്നതിനു പകരം വൈദികരും ഒപ്പം അല്മായരും ആത്മവിചാരണയാണു നടത്തേണ്ടത്. വൈദികര്‍ സ്വയംഭൂക്കളല്ല, അല്മായ സമൂഹത്തില്‍ നിന്നാണ് അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ രൂപപ്പെടുന്നത്. ആത്മീയതയുടെയോ ഏതെങ്കിലും ഇസത്തിന്‍റെയോ ഒറ്റപ്പെട്ട തുരുത്തില്‍ കഴിയുവാന്‍ ആഗ്രഹിച്ചാലും മനുഷ്യനിന്നു കഴിയില്ല. ബഹുജനമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇന്‍റര്‍നെറ്റുമെല്ലാം മനുഷ്യനെ വരിഞ്ഞുമു റുക്കുകയാണ്. ആ പ്രലോഭനങ്ങളെ മറികടക്കുവാന്‍ ആത്മീയമൂല്യങ്ങളില്ല. താന്‍ ഏര്‍പ്പെടുന്ന ജീവിതശുശ്രൂഷയുടെ (തൊഴില്‍) മൂല്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നേ പറ്റൂ. അതിനു സാധിക്കുന്നവര്‍ ഇന്നു വളരെ വളരെ കുറഞ്ഞിരിക്കുന്നു. പണ്ടത്തെ അദ്ധ്യാപകനെപ്പോലെയല്ല ഇന്നത്തെ അദ്ധ്യാപകന്‍, പഴയകാലത്തെ ഡോക്ടറെപ്പോലെയല്ല ഇന്നത്തെ ഡോക്ടര്‍, മുന്‍കാലത്തെ ന്യായാധിപനെപ്പോലെയല്ല ഇപ്പോഴത്തെ ന്യായാധിപന്‍ എന്നൊക്കെ വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്. ഉന്നതമായ മൂല്യങ്ങള്‍ ഇന്ന് ഇവരില്‍ ദൃശ്യമാകുന്നില്ല എന്നാണ് ഈ വിലയിരുത്തലിന്‍റെ അര്‍ത്ഥം.
പല കുറ്റകൃത്യങ്ങളെക്കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ചിലര്‍ പറയാറുണ്ട്: "പണ്ടും ഇതൊക്കെ നടന്നിരുന്നു, അന്നു വാര്‍ത്താമാധ്യമങ്ങള്‍ ഇത്രമാത്രം ശക്തമായിരുന്നില്ല എന്നതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ലെന്നേയുള്ളൂ." ആ നിലപാടിലും വിരല്‍ചൂണ്ടപ്പെടുന്നതു വാര്‍ത്താമാധ്യമങ്ങളുടെ നേര്‍ക്കാണ്. ഡോക്ടര്‍, അദ്ധ്യാപകന്‍, വൈദികന്‍, പൊലീസ് ഓഫീസര്‍ എന്നിങ്ങനെ സമൂഹത്തില്‍ പ്രത്യേക സ്ഥാനമുള്ള വ്യക്തികള്‍ കുറ്റവിചാരണ ചെയ്യപ്പെടുമ്പോള്‍ ചിലര്‍ പറയാറുണ്ട്, കുറ്റവാളികള്‍ വളരെ ചെറിയ ശതമാനമേയുള്ളുവെന്ന്. ആ ചെറിയ ശതമാനത്തെ ആ സമൂഹത്തിന്‍റെ രോഗലക്ഷണമായി അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മനുഷ്യശരീരത്തിലെ ലക്ഷക്കണക്കിനു സെല്ലുകളില്‍ കാന്‍സര്‍ ബാധിതങ്ങളാകുന്ന സെല്ലുകള്‍ എത്രയോ കുറവാണ്. പക്ഷേ, ആ സെല്ലുകളെ അവഗണിച്ചുതള്ളിയാല്‍ മരണമായിരിക്കും ആത്യന്തികഫലം. അതിനാല്‍ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ ചെയ്തു കാന്‍സര്‍ സെല്ലുകളെ നശിപ്പിച്ചേ പറ്റൂ. ചെറിയ ശതമാനം ആളുകളുടെ കുറ്റത്തിന് ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നത് അനീതിയാണെന്നു സമ്മതിക്കുമ്പോള്‍ത്തന്നെ, ആ സമൂഹത്തിലെ ബാക്കി അംഗങ്ങള്‍ക്കു രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ എടുക്കണമെന്ന കാര്യം അംഗീകരിക്കാതെ വയ്യ. കുറ്റകൃത്യത്തിനു രാജ്യത്തെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കുറ്റവാളികള്‍ക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണു രോഗം പടരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍. യേശു പഠിപ്പിച്ച പ്രധാന കാര്യങ്ങളിലൊന്നു വിനീതരാവാനാണ്. ഇന്ന് ഒരാള്‍ വൈദികനാകുമ്പോള്‍ത്തന്നെ ഇതിനെതിരായ പ്രലോഭനങ്ങളാണു മുന്നില്‍ നിരക്കുന്നത്. നവവൈദികന്‍റെ ഫ്ളെക്സുകള്‍ നാട്ടില്‍ നിറയുന്നു. പ്രഥമ ദിവ്യബലി സമൂഹസദ്യയോടുകൂടിയ ആഘോഷമായി മാറുന്നു. പിന്നാലെ പലവിധ സ്വീകരണസമ്മേളനങ്ങള്‍. ഇതൊക്കെ ഏറ്റുവാങ്ങുന്ന നവവൈദികന്‍ വൈദികശുശ്രൂഷയെപ്പറ്റി രൂപപ്പെടുത്തുന്ന സങ്കല്പം പ്രത്യേക അവകാശങ്ങളിലും അധികാരങ്ങളിലും ഊന്നിയുള്ളതായിരിക്കും. "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും" (മത്താ. 20:28) വന്ന മനുഷ്യപുത്രന്‍ കാലക്രമത്തില്‍ ആ വൈദികന് അപരിചിതനായാല്‍ അതിശയിക്കേണ്ടതില്ല.
തങ്ങള്‍ പ്രത്യേക വരേണ്യവര്‍ഗമാണെന്ന വിശ്വാസം എല്ലാം മതങ്ങളിലെയും പുരോഹിതന്മാര്‍ക്കു പണ്ടുകാലം മുതലേയുണ്ട്. കാലം മാറിയിട്ടും ആ കഥയ്ക്കു മാറ്റമില്ല. ഡി. ബാബുപോള്‍ ഐഎഎസ് പണ്ട് എഴുതിയ കാര്യമാണ് ഓര്‍മയില്‍ വരുന്നത്. അദ്ദേഹത്തോട് ഒരു സുഹൃത്തു പറഞ്ഞ അഭിപ്രായമാണ്. വൈദികനാവാന്‍ പഠിക്കുന്ന ഒരു യുവാവിനു ജോലിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല, പഠനം കഴിഞ്ഞാല്‍ ജോലി ഉറപ്പ്. അതിനുശേഷം ജോലിസ്ഥിരതയെപ്പറ്റിയും ആശങ്കപ്പെടേണ്ടതില്ല. എല്ലാ ഞായറാഴ്ചയും അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന അച്ചടക്കമുള്ള ഒരു സമൂഹത്തെയും കിട്ടും. ആത്മാവിഷ്കാരത്തിന് അനായാസം അവസരം ലഭിക്കുന്ന ഇത്രയും സൗകര്യമുള്ള മറ്റൊരു മേഖലയുണ്ടോ? കണ്ണാടിയുടെ ഒരു വശം കണ്ടുള്ള അഭിപ്രായം മാത്രമാണ് ഇതെങ്കിലും വലിയ സത്യം ഉള്ളടങ്ങിയിട്ടുണ്ടെന്നതു നിഷേധിക്കാനാവില്ല.
തങ്ങള്‍ ഒരു കാരണവശാലും മത്സരിക്കേണ്ടതില്ലാത്ത വ്യക്തികളോടാണ് ഇന്നു സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളും മത്സരിക്കുന്നത്. ഒരു ഡോക്ടര്‍ മൂല്യാധിഷ്ഠിതമായി മത്സരിക്കേണ്ടതു സമൂഹത്തില്‍ സല്‍പ്പേരുള്ള ഒരു ഡോക്ടറേക്കാള്‍ സല്‍പ്പേര് ആര്‍ജ്ജിക്കാനാണ്. എന്നാല്‍ തൊട്ടയല്‍പക്കത്തെ റേഷന്‍കട കരിഞ്ചന്തക്കാരന്‍റെ ആഡംബര കാറിനെയും കൊട്ടാരഭവനത്തെയും വെല്ലാന്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്കു പിന്നാലെ പോവുകയാണു വര്‍ത്തമാനകാലത്തു പൊതുവേ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ഉപഭോക്തൃതൃഷ്ണ പുരോഹിത സമൂഹത്തെയും പിടികൂടിയിരിക്കുന്നുവെന്ന് ആരെങ്കി ലും ആക്ഷേപിച്ചാല്‍ അടിസ്ഥാനരഹിതമെന്നു തള്ളിക്കളയാനാവുമോ? തള്ളിക്കളയനാവട്ടെ എന്നാണ് ഈ എളിയവന്‍റെ പ്രാര്‍ത്ഥന. ദൈവമേ, ലോകത്തില്‍ ആയിരിക്കുമ്പോഴും ലേകത്തിന്‍റേത് ആവാതിരിക്കുവാന്‍ പുരോഹിതന്മാരെ അങ്ങ് അനുഗ്രഹിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org