വിഷം തീണ്ടുന്ന വായനകള്‍

വിഷം തീണ്ടുന്ന വായനകള്‍

പോള്‍ തേലക്കാട്ട്

വായന പണ്ട് മാനസ്സിക വികാസത്തിന്റെയും പാരസ്പര്യത്തിന്റെയും വൈകാരിക വൈചാരിക പങ്കാളിത്തത്തിന്റെയും മാര്‍ഗ്ഗമായിരുന്നു. വായന മനുഷ്യന്റെ പൂര്‍ണ്ണതയിലേയ്ക്കുള്ള വാതായനമായി കാണപ്പെട്ടു, പ്രത്യേകമായി സാഹിത്യ രൂപങ്ങളുടെ വായനയും പഠനവും. ഈ സാംസ്‌കാരിക നടപടി നിന്നു പോയിട്ടില്ല. വാക്കിലാണ് മനുഷ്യന്‍ തന്റെ ആയിത്തീരലിന്റെ മാര്‍ഗ്ഗത്തില്‍ വ്യാപരിക്കുന്നത്. പക്ഷെ, വായനയ്ക്ക് എന്തു പറ്റുന്നു എന്ന് ആകുലപ്പെടേണ്ട കാലമാണ്. നാം എന്തു വായിക്കുന്നു എന്നതാണ് ഏറെ പ്രധാനമായ വിഷയം. ഒരു പുസ്തകം വായിച്ച് ഒന്നും പഠിക്കാതെയും ഒന്നും നേടാതെയും പോകാം. വായിച്ച് തീവ്രവാദിയും ആത്മഹത്യയുടെ ചാവേറുമായി മാറുകയും ചെയ്യാം. മതഭ്രാന്തും മൗലികവാദങ്ങളും വായനയുടെയും ഫലമാണ്. പ്രേമത്തേ യും ലൈംഗികതയേയും കുറിച്ച് വികലമായ ധാരണകള്‍ വായിച്ചുണ്ടാക്കി അഹത്തിന്റെ ഇരപിടുത്തക്കാരനാവുകയും ചെയ്യാം. മലവെള്ള ത്തില്‍ പൊങ്ങുതടി പോലെ സംസ്‌കാരത്തിന്റെ മുകള്‍പ്പരപ്പില്‍ വായിച്ച് ഒന്നു മാകാതെയും സുഖമായി ഒഴുകാം. വീഡിയോ കളികളില്‍ അടച്ചുപൂട്ടി ഏകാകിയും വിഷാദരോഗിയുമായി മാറാം.
ടി.വി. ചാനലുകളേയും ദിനപത്രങ്ങളേയും കുറ്റം പറയുമ്പോഴും അവ മനുഷ്യന്റെ ദുഃഖങ്ങളില്‍ സഹാനുഭൂതിയും കാരുണ്യവുമുള്ളവരാകാന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കൊള്ളരുതായ്മകളും കുറ്റകൃത്യങ്ങളും നിരന്തരം വിളമ്പുമ്പോഴും ഒരു മാനവികത ഈ മാധ്യമങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളേയും പരസ്യദാതാക്കളേയും പ്രീതിപ്പെടുത്തുമ്പോഴും മനുഷ്യന്റെ ദുരന്തമുഖങ്ങള്‍ ഓടിനടന്നു ഒപ്പിയെടുത്തു കാണിക്കുകയും ഈ പ്രതിസന്ധികളില്‍ മനുഷ്യത്വത്തിന്റെ മുഖമായി അവര്‍ മാറുകയും ചെയ്യുന്നു.
പക്ഷെ, നമ്മുടെ സാമൂഹ്യമാധ്യമങ്ങളില്‍ എന്തു സംഭവിക്കുന്നു? ഈ മാധ്യമങ്ങള്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ പുതിയ നേട്ടങ്ങളാണ്. ഇവ സാധ്യതകള്‍ നല്കുന്നു. പക്ഷെ, ഈ സാധ്യത നമ്മെ കൂടുതല്‍ നല്ല മനുഷ്യരാക്കാന്‍ ഉപയുക്തമാക്കുന്നുണ്ടോ? അതോ നമ്മളില്‍ത്തന്നെയുള്ള അഴുക്കിനെ ചാലുകീറി ഒഴുക്കാനായി ഉപയോഗിക്കുന്നുവോ? കമ്പോള സംസ്‌കാരത്തില്‍ സൃഷ്ടിക്ക പ്പെടുന്ന സാധാരണ വികാരമാണ് സ്പര്‍ദ്ദ. അതുണ്ടാക്കുന്ന അനുകരണാജനകമായ വൈ രം നമ്മുടെ നവമാധ്യമങ്ങളിലൂടെ അണപൊട്ടി ഒഴുകുകയാണോ? നമ്മുടെ സമൂഹം ഇത്രമാത്രം വെറുപ്പും വൈരവും പടരുന്നതു ഈ നവ മാധ്യമങ്ങളിലൂടെയാണ്. മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദയുടെ വൈരം, ഏഷണികള്‍, പരസ്പരം കൊച്ചാക്കുന്ന മത്സരയുദ്ധങ്ങള്‍ നിരന്തരമായി നടക്കുകയാണ്. മൗലിക വാദത്തിന്റെ വലിയ പ്രചരണ ഉപാധിയായി ഈ നവമാധ്യമങ്ങള്‍ മാറുന്നു. സാമുദായികവും വംശപരവും ജാതീയവുമായ ഭാഷണവും അതിന്റെ സ്പര്‍ദ്ദയുടെ വിഷവും നിരന്തരം ഈ മാധ്യമങ്ങളിലൂടെ ഒഴുകുകയാണ്. പറയുന്ന കാര്യങ്ങളിലെ സത്യനിഷ്ഠ പാടേ അപ്രത്യക്ഷമായി നാം സത്യാനന്തര യുഗത്തിലായിക്കഴിഞ്ഞു. ഏതു നുണയും ആവര്‍ത്തിച്ചു നേരാക്കുന്ന വിദ്യയില്‍ നാമാരും പിന്നിലല്ല. നാമഹത്യയില്‍ മുഴുകുന്നതില്‍ ആര്‍ക്കും മനസ്സാക്ഷിക്കുത്ത് ഇല്ലാതെയുമായി.
ഈ.എം. ഫോസ്റ്റര്‍ "നോവലിസ്റ്റിന്റെ മാനങ്ങള്‍" എന്ന പ്രഭാഷണ പരമ്പരയില്‍ പറഞ്ഞു, "നോവല്‍ എഴുതുന്നവന്റെ നടപടി ഒളിഞ്ഞിരിക്കുന്ന ജീവിതത്തെ അതിന്റെ ഉറവിടത്തില്‍ വെളിവാക്കുകയാണ്." ജീവിതവും അതിന്റെ രഹസ്യങ്ങളും ഉറവിടത്തില്‍ നിന്നു പ്രകാശിപ്പിക്കുന്ന നോവലുകള്‍ മനുഷ്യ സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ്. മാനവികസംസ്‌കാരത്തിന്റെ മഹത്തരമായ സാഹിത്യത്തിന്റെ കഥകളും കവിതകളും നോവലുകളും നാടകങ്ങളും വായനക്കാരന്റെ മനസ്സില്‍ സ്ഫുടപാകം ചെയ്തു ശുദ്ധീകരിക്കുന്നുണ്ട്. സാഹിത്യവായനക്കാരന്‍ വായിക്കുന്നതു മനുഷ്യജീവിതത്തിന്റെ ഔന്നത്യവും അതിന്റെ മൂല്യമുക്തികളായവരുടെ ജീവിതത്തിന്റെ സൗന്ദര്യവുമാണ്. ഉറൂബിന്റെ "സുന്ദരന്മാരും സുന്ദരികളും" നമ്മളാണ് എന്ന് നിരീക്ഷിച്ചറിയാത്ത വായനക്കാരുണ്ടാവില്ല. ബഷീറിന്റെ പാത്തുമ്മയുടെ ആട് കുടുംബത്തിനുള്ളിലെ സൗന്ദര്യപ്പിണക്കങ്ങളിലും കുടുംബത്തില്‍ എല്ലാവരും അനുഭവിക്കുകയും ഗൗരവമായി ഉണ്ടാക്കുകയും ചെയ്യുന്ന സ്‌നേഹത്തിന്റെ പാല്‍പ്പായസ്സത്തിന്റെ ഒരിടത്തും കിട്ടാത്ത രുചിയാണ്. ജീവിതത്തില്‍ വിലപ്പെട്ടതെല്ലാം ആന്തരികതയുടെ ദാനങ്ങളാണ് എന്ന് കഫ്ക പറയുമ്പോള്‍ അതു സമ്മതിക്കാന്‍ മടിക്കുന്ന മനുഷ്യന്‍ ആരാണ്? കാശി കണ്ടു നടന്നിട്ട് കാശിയില്‍ കഴിയില്ല എന്ന് പറയുന്ന പത്മനാഭന്റെ കാശിയില്‍ നാം അറിയാതെ പങ്കാളികളാകുന്നു. ഗ്രീക്കു ക്ഷേത്രത്തിന്റെ "നിന്നെത്തന്നെ അറിയുക" എന്നതു വായനയിലൂടെ നേടാവുന്നതാണ് എന്നാണ് വായിക്കുന്നവര്‍ പഠിക്കുന്നത്.
"ഒരുവന് എഴുതി തന്നെത്തന്നെ രക്ഷിക്കാനാവുമോ" എന്ന് കാമ്യൂ ചോദിച്ചു. "അതുകൊണ്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. എഴുത്തിലൂടെ എങ്ങനെയാണ് അതു സംഭവിക്കുക എന്നറിയില്ല. പക്ഷെ, ഞാന്‍ എഴുതുന്നു." എഴുത്തും വായനയും സ്വയം അറിയാനും അതു അപരനിലേക്കുള്ള അറവിന്റെ യാത്രയാണ് എന്ന് തിരിച്ചറിയാനുമാണ് ജീവിതം എന്നെ പഠിപ്പിക്കുന്നത്. വായനയിലൂടെ നാം നിരന്തരം നടത്തുന്നത് എനിക്കു പുറത്തു കടക്കുന്ന നടപടിയാണ്. ഇതാണ് വലിയ ജീവിതദര്‍ശനം. അഹത്തിനു ആണിവച്ച് അകത്ത് അടച്ചുപൂട്ടപ്പെടുന്നവര്‍ അഹത്തിന്റെ ആരാധനയുടെ അപകടത്തില്‍നിന്നു രക്ഷപ്രാപിക്കാന്‍ വായിക്കുക, അപരനിലേക്കു ഇറങ്ങിച്ചെല്ലുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org