Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> മാറ്റത്തിന്റെ തിരയിളക്കി ഫ്രാന്‍സിസ് മാര്‍പാപ്പ

മാറ്റത്തിന്റെ തിരയിളക്കി ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

മുണ്ടാടന്‍

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ല. പക്ഷേ ആത്മാവിന്റെ അഭിഷേകമുള്ളവര്‍ കാലഘട്ടത്തിനും ദൈവിക ചൈതന്യത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും കൂടുതല്‍ പ്രസരിപ്പ് നല്കുന്ന മാറ്റങ്ങള്‍ വരുത്താനും അതനുസരിച്ച് തന്റെയും മറ്റുള്ളവരുടെയും ലോകവീക്ഷണത്തെ കൂറേക്കൂടി ധനാത്മകമാക്കുകയും ചെയ്യുന്നു. ഏകദേശം 130 കോടിയോളം വരുന്ന കത്തോലിക്കരുടെ ആത്മീയനേതാവും സാര്‍വ്വത്രിക സഭയുടെ തലവനുമായ പോപ്പ് ഫ്രാന്‍സിസ് മാറ്റങ്ങള്‍ ഇഷ്ടപ്പെടുകയും സത്യത്തിനും നീതിക്കും വേണ്ടി ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും വിളിച്ചോതുന്ന തരത്തില്‍ മാറ്റങ്ങള്‍ക്കു വേണ്ടി നിലപാടെടുക്കുകയും ചെയ്യുന്നു. പലപ്പോഴും ആ നിലപാടുകള്‍ യാഥാ സ്ഥിതികരെ അനല്പമായ രീതിയില്‍ അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്.

ഈയിടെയായി മാര്‍പാപ്പ കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥനകളിലും പ്രബോധനങ്ങളിലും നിയമങ്ങളിലും കൊണ്ടു വന്ന ചില തിരുത്തലുകളും മാറ്റങ്ങളും എല്ലാവരും ഒരുപോലെ സ്വീകരിച്ചിട്ടില്ല. സഭയിലെ ഉന്നതര്‍ക്കുപോലും അതിനെ പുര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ മാര്‍പാപ്പ ”സ്വര്‍ഗസ്ഥനായ പിതാവേ” എന്ന പരമ്പരാഗതമായ പ്രാര്‍ത്ഥനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ കത്തോലിക്ക സഭയില്‍ ചൊല്ലുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ”ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ” എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവമാണ് നമ്മെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് എന്നാണ് സാരം. അതു ശരിയല്ല. കരുണ്യവാനായ ദൈവം ആരെയും നരകശിക്ഷയ്ക്കു വിധിക്കുന്ന പാപത്തിലേയ്ക്കു നയിക്കുകയില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു, ‘പ്രലോഭനങ്ങളില്‍ വീഴുന്നതു മനുഷ്യരായ നമ്മളാണ്. അതിന് ദൈവത്തെ പഴി പറയേണ്ട കാര്യമില്ല’. അതിനാല്‍ ഇനി മുതല്‍ ”സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന ജപത്തില്‍ ഔദ്യോഗികമായി ”ഞങ്ങളെ പ്രലോഭനങ്ങളില്‍ വീഴാന്‍ ഇടവരുത്തരുതേ” എന്നാകും. ഈ തിരുത്തലും എല്ലാവരും ഒരേപോലെയല്ല സ്വീകരിച്ചിരിക്കുന്നത്. കാരണം യാഥാസ്ഥിതികര്‍ പറയുന്നു, യോര്‍ദാനില്‍ വച്ച് മാമ്മോദീസ സ്വീകരിച്ച കര്‍ത്താവിനെ പ്രലോഭനങ്ങളുടെ മരൂഭൂമിയിലേക്ക് നയിച്ചത് ദൈവാത്മാവാണ്. അതുപോലെ ജോബിനെ പരീക്ഷിക്കാന്‍ പിശാചിന് അനുവാദം കൊടുത്തതും ദൈവമാണ്. അതിനാല്‍ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ എന്നു പ്രാര്‍ത്ഥിക്കുന്നതാണ് ഉചിതമെന്ന് അവര്‍ വാദിക്കുന്നു. പക്ഷേ, സസൂക്ഷ്മം പരിശോധിച്ചാല്‍ ദൈവം പരീക്ഷിച്ചത് യേശുവിനെയോ ജോബിനെയോ അല്ല. മറിച്ച് പിശാചിനെയാണ്. ദൈവത്തിനറിയാം പിശാച് തന്റെ ആവനാഴിയിലെ ഏത് അസ്ത്രം എടുത്താലും മനുഷ്യ പുത്രനായ ക്രിസ്തുവും നീതിമാനായ ജോബും പ്രലോഭനങ്ങളില്‍ വീഴുകയില്ല എന്ന്.

ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റത്തിന്റെ മറ്റൊരു തിരയിളക്കം നല്കിയത് സഭയുടെ ഔദ്യോഗികമായ കാനോന്‍ നിയമത്തിലാണ്. കാനോന്‍ നിയമ പുസ്തകത്തിലെ 6-ാം ഭാഗത്താണ് ശിക്ഷാനടപടികളെക്കുറിച്ചുള്ള നിയമങ്ങള്‍ എഴുതിയിരിക്കുന്നത്. അവിടെയാണ് ”പാഷിത്തേ ഗ്രേജം ദേയി” എന്ന മോത്തുപ്രോപ്രിയോ വഴി സഭയില്‍ കുറച്ചുകാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗികമായ ഉതപ്പുകളുടെ പശ്ചാത്തലത്തില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശിക്ഷാനടപടികളെക്കുറിച്ചുള്ള നിയമങ്ങളില്‍ കുറേക്കൂടി വ്യക്തതയും കൃത്യതയും കൊണ്ടുവന്നിരിക്കുകയാണ്. കര്‍ശനമായ ശിക്ഷാനടപടികള്‍ കൈകൊള്ളേണ്ട കേസുകള്‍ കൃത്യമായി തന്നെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രൂപതാദ്ധ്യക്ഷന്‍ കൈകൊള്ളേണ്ട നടപടികളില്‍ കുറച്ചുകൂടി വ്യക്തത വരുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഒരു ഉതപ്പ് കാലതാമസം കൂടാതെ പരസ്യപ്പെടുത്തേണ്ടതിന്റെയും അത്തരം ഉതപ്പ് വഴി വന്ന ക്ഷതത്തിന് തക്കതായ പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടും നിയമത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അതു വളര്‍ന്നു വലുതാ കാതിരിക്കാന്‍ സമയോചിതമാ യി കൈകൊള്ളേണ്ട നടപടിക ളും വിശദീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നതും അത് പുരോഹിതനാണെങ്കിലും, സന്യസ്തരാണെങ്കിലും സഭയുടെ ഔദ്യോഗിക പദവി അലങ്കരിക്കുന്ന അല്മായരായാലും ശിക്ഷാര്‍ഹമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, വത്തിക്കാന്റെ ഔദ്യോഗിക തലത്തില്‍ കര്‍ദിനാളുമാരും മെത്രാന്മാരും പുരോഹിതരും അല്മായരും പാലിക്കേണ്ട സാമ്പത്തിക സുതാര്യതയ്ക്കുള്ള ”മോത്തു പ്രോപ്രിയ”യും പുറത്തിറക്കി. അഴിമതിയും പണതട്ടിപ്പും നികുതിവെട്ടിപ്പും ഒഴിവാക്കി കത്തോലിക്ക സഭയുടെ ഭരണ സിരാകേന്ദ്രത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് മാര്‍പാപ്പയുടെ ലക്ഷ്യം. ഇതു പ്രകാരം കര്‍ദിനാളുമാരും മറ്റും അവരുടെ സാമ്പത്തിക സ്ഥിതിയും ഉറവിടവും മറ്റും വ്യക്തമാക്കുന്ന സുതാര്യത സത്യവാങ്മൂലം നല്കണം. 40 യൂറോയില്‍ കൂടിയ സമ്മാനം വാങ്ങിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മര്‍പാപ്പ 2020 ഡിസംബറില്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ നിന്നും പണമിടപാടുകള്‍ ഇക്കോണോമിക് സെക്രട്ടറിയേറ്റിലേക്ക് മാറ്റണമെന്ന് പ്രാഖ്യാപിച്ചെങ്കിലും അങ്ങനെയൊരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ലായെന്നാണ് വത്തിക്കാന്റെ അകത്തളങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.

Leave a Comment

*
*