Latest News
|^| Home -> Pangthi -> ഉള്ളിലുള്ളത് -> പ്രളയകാലത്ത് വി. എവുപ്രാസ്യ പറയുന്നത്…

പ്രളയകാലത്ത് വി. എവുപ്രാസ്യ പറയുന്നത്…

Sathyadeepam

സിമി വര്‍ഗീസ്, പുതുക്കാട്
അസി. പ്രൊഫസര്‍, ജേര്‍ണലിസം വകുപ്പ്
പ്രജ്യോതി നികേതന്‍ കോളേജ്, തൃശൂര്‍

പ്രളയക്കെടുതികള്‍ക്കൊടുവില്‍ ആഗസ്റ്റ് 29-ന് വി. എവുപ്രാസ്യയുടെ തിരുനാളായതു വെറും ആകസ്മികതയാകാം. തീച്ചൂളയില്‍ ഉരുകി സഹജീവികളോടുള്ള സ്നേഹവാത്സല്യങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത ജീവിതം പ്രശസ്തമായ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ തറവാട്ടിലെ റോസയില്‍നിന്ന് ‘ഈശോയുടെ തിരുഹൃദയത്തിന്‍റെ വി. എവുപ്രാസ്യ’യിലേക്കുള്ള ദൂരം വളരെ വലുതാണ്. തറവാട്ടിലെ മൂത്ത പെണ്‍കൊച്ചിന്‍റെ കല്യാണം കാണാന്‍ കച്ചകെട്ടിയിരിക്കുന്ന കാരണവന്മാര്‍ തലമുറകളായി കൈമാറിപ്പോന്ന ആഭരണപ്പെട്ടി കുഞ്ഞു റോസയ്ക്കുള്ള സ്വര്‍ണാഭരണങ്ങളാല്‍ സമ്പന്നമാണ്. ഇടയ്ക്കിടയ്ക്കു റോസയെ ഇതെല്ലാം അണിയിച്ചു റിഹേഴ്സല്‍ നടത്തലാണു കാരണവന്മാരുടെ ഇഷ്ടവിനോദം. എന്നാല്‍ ഒമ്പതു വയസ്സുള്ളപ്പോള്‍ തന്നെ തന്‍റെ കന്യകാത്വം യേശുവിനു സമര്‍പ്പിച്ചു കാത്തിരിക്കുകയാണു താനെന്ന സത്യം എങ്ങനെ വീട്ടുകാരെ അറിയിക്കും? റോസയുടെ ഹൃദയവിലാപം ആരറിയാന്‍? ഒടുവില്‍ അവള്‍ക്കതു പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നു – “എനിക്കൊരു കന്യാസ്ത്രീയാകണം.” സ്വതവേ ദേഷ്യക്കാരനും ജന്മിയും ധനാഢ്യനുമായ ചേര്‍പ്പുകാരന്‍ അന്തോണിക്കു മകളുടെ ധിക്കാരം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. മൂത്ത സന്താനത്തിന്‍റെ കല്യാണം നടത്തിയേ പറ്റൂ. ഒത്തുതീര്‍പ്പ് ഉടമ്പടി ഇപ്രകാരമായിരുന്നു: “റോസയുടെ അനുജത്തി സുന്ദരിയും മിടുക്കിയുമായ കൊച്ചുത്രേസ്യ മഠത്തില്‍ ചേരട്ടെ.” റോസ തന്‍റെ സമരമുഖം ദൈവത്തിന്‍റെ നേര്‍ക്ക് തിരിച്ചുവിട്ടു… പ്രാര്‍ത്ഥനായജ്ഞം! ദൈവത്തിന്‍റെ നിഗൂഢമായ പദ്ധതികള്‍ അഗ്രാഹ്യമാണ്. നാട്ടിലുണ്ടായ പകര്‍ച്ചവ്യാധി പിടിപെട്ട് അനുജത്തിയുടെ ആകസ്മികനിര്യാണം, എലുവത്തിങ്കല്‍ കുടുംബത്തിനേറ്റ കനത്ത പ്രഹരമായിരുന്നു.

മകളുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ അന്തോണിക്കു വഴിമാറുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. “കുടുംബത്തിലൊരു കന്യാസ്ത്രീ ഉണ്ടാവുക തറവാടിനൊരു മഹിമ തന്നെയല്ലേ?” എന്ന രീതിയിലായി പിന്നെ കാര്യങ്ങള്‍. കുഞ്ഞു റോസയുടെ ജീവിതത്തിന്‍റെ രണ്ടാംഘട്ടം അവിടെ തുടങ്ങുകയായിരുന്നു. ദൈവഭയവും ക്രിസ്തീയ നന്മകളും കൈമുതലായുള്ള അമ്മ കുഞ്ഞേത്തിയുടെ ജീവിതമാണു റോസയിലെ വിശുദ്ധയ്ക്കു വിത്തുപാകിയത്. മക്കളെ സ്നേഹിക്കാതെ മൊബൈല്‍ തൊട്ടു തലോടിയുറങ്ങുന്ന അഭിനവ അമ്മമാര്‍ക്കുള്ള മറുപടിയാണു വിശുദ്ധയുടെ അമ്മ കുഞ്ഞേത്തി. റോസയുടെ കുഞ്ഞുവിരലുകള്‍ കോര്‍ത്തുപിടിച്ച് ആ അമ്മയും മകളും വി. ബലിക്കു പോകുന്ന കാഴ്ച തന്നെ ഭക്തിനിര്‍ഭരമായിരുന്നു. സ്വര്‍ഗരാജ്യത്തെക്കുറിച്ചുള്ള കഥകള്‍ പറയാനും കുഞ്ഞിക്കൈകള്‍ കൂട്ടിപ്പിടിക്കാനും നെറ്റിയില്‍ കുരിശു വരയ്ക്കാനും കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു പഠിപ്പിക്കാനും ആ അമ്മയ്ക്കു വലിയ ഉത്സാഹമായിരുന്നു. അങ്ങനെ വിശുദ്ധിയുടെ ബാലപാഠങ്ങള്‍ വീട്ടില്‍ തന്നെ അഭ്യസിച്ചു പ്രാര്‍ത്ഥനാപ്രകരണങ്ങളിലൂടെ ആത്മീയ അടിത്തറ ശക്തമാക്കിക്കൊടുത്തു അമ്മ കുഞ്ഞേത്തി.

തന്‍റെ നാമഹേതുവായ ലിമായിലെ വി. റോസിന്‍റെ ജീവചരിത്രം റോസയെ ഏറെ സ്വാധീനിച്ചിരുന്നു. മഠത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ജീവിച്ച എവുപ്രാസ്യ ഒരു വിശുദ്ധനാടും സന്ദര്‍ശിച്ചിട്ടില്ല. നന്മയുടെ പരിമളം പ്രസരിപ്പിക്കാന്‍ ലോകം മുഴുവന്‍ സഞ്ചരിക്കേണ്ട ആവശ്യമില്ലെന്ന ശക്തമായ സന്ദേശമാണു വി. എവുപ്രാസ്യയുടെ ജീവിതം. എവുപ്രാസ്യയുടെ ഉന്നതമായ ദൈവാഭിമുഖ്യം കണ്ടറിഞ്ഞ മേനാച്ചേരി പിതാവ് തിരുക്കുടുംബ സഭാസ്ഥാപകയായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ അവരുടെ സന്ന്യാസ ദൈവവിളി വിവേചിച്ചറിയാന്‍ ഏല്പിച്ചതു സി. എവുപ്രാസ്യയെയാണ്. ഏതു നിസ്സാരപ്രവൃത്തിയും പ്രാര്‍ത്ഥനകൊണ്ടു വിശുദ്ധീകരിക്കുന്ന പതിവ് എവുപ്രാസ്യയ്ക്കുണ്ടായിരുന്നു. കാലഘട്ടത്തിന് അനുയോജ്യയായ വിശുദ്ധയാണു എവുപ്രാസ്യാമ്മ. സി. എവുപ്രാസ്യ ലോകം കീഴടക്കിയില്ല. മഠങ്ങള്‍ വിട്ടൊരു പ്രവര്‍ത്തനമുണ്ടായതായും ചരിത്രം രേഖപ്പെടുത്തുന്നില്ല. എന്നാല്‍ തന്‍റെ ജീവിതസാഹചര്യങ്ങളില്‍ യേശുവിനോട് അനുരൂപപ്പെട്ടു ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കായി വ്യയം ചെയ്ത ഒരു സാധു കന്യാസ്ത്രീ. 1952 ആഗസ്റ്റ് 29-ന് രാത്രി 8.40-ന് ആ പുണ്യാത്മാവ് നിത്യവിശ്രമത്തിനായി യാത്രയായി. എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥത്തില്‍ കാന്‍സര്‍ രോഗം മാറിയവര്‍ നിരവധി പേരുണ്ട്. 2002 ജൂ ലൈ 5-ന് സി. എവുപ്രാസ്യ ധന്യയായി. തോമസ് തരകന്‍ എന്ന വ്യക്തിയുടെ കാന്‍സര്‍ രോഗ സുഖപ്രാപ്തി എവുപ്രാസ്യാമ്മയുടെ നാമകരണനടപടികളിലെ പ്രധാന നാഴികക്കല്ലായി. അങ്ങനെ സിഎംസി സഭയുടെ സ്വന്തം എവുപ്രാസ്യ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്…

ഇരിങ്ങാലക്കുട പുലിപ്പാറക്കുന്നിലെ എട്ടു വയസ്സുകാരന് ജുവല്‍ ജെന്‍സണ്‍ തൈറോ ഗ്ലോബല്‍ സിസ്റ്റ് മൂലം സംസാരതടസ്സം നേരിട്ടിരുന്നു. എവുപ്രാസ്യാമ്മയോടു പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ജുവലിന്‍റെ അസുഖം പൂര്‍ണമായി സുഖപ്പെട്ടു. 2014 ഏപ്രില്‍ 3-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അത്ഭുതത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്കി. 2014 നവംബര്‍ 23-ന് വാഴ്ത്തപ്പെട്ട എവുപ്രാസ്യായെ വി ശുദ്ധയായി പ്രഖ്യാപിച്ചു.

സാംസ്കാരികതലസ്ഥാനമായ തൃശൂരിനു സുകൃതംകൊണ്ടൊരു തിലകക്കുറിയാണ് ഒല്ലൂര്‍ എവുപ്രാസ്യയുടെ മഠവും കപ്പേളയും. അനേകായിരങ്ങള്‍ വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം തേടി ദിനംപ്രതി എത്തുന്നു. പ്രളയക്കെടുതികളില്‍ നീറുമ്പോഴും എവുപ്രാസ്യാമ്മയുടെ നാമധേയം തൃശൂര്‍കാര്‍ക്ക് ആത്മീയ ഊര്‍ജ്ജമാണ്.
ഒല്ലൂരിന്‍റെ മണ്ണില്‍നിന്നും കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്കു പ്രാര്‍ത്ഥനാജീവിതം കൊണ്ടു നടന്നുകയറിയ വി. എവുപ്രാസ്യ മന്ത്രിക്കുന്നു: “മരിച്ചാലും മറക്കില്ലാട്ടോ…”

Leave a Comment

*
*