പ്രസംഗം കൂടുമ്പോള്‍ വ്യക്തിബന്ധം കുറയുന്നു

പ്രസംഗം കൂടുമ്പോള്‍ വ്യക്തിബന്ധം കുറയുന്നു

പ്രസംഗം ഒരു കലയാണ്. ആ കലയുടെ സ്ഥാനം ഔപചാരിക ബന്ധങ്ങളിലാണ്. ശ്രോതാക്കളെ ആകര്‍ഷിക്കുക, സ്വാധീനിക്കുക, ഉപയോഗിക്കുക എന്നിവ ഫലപ്രദമായി നടത്താന്‍ പ്രസംഗകല ഇന്നുപയോഗിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ക്ക് ഔപചാരികത ഇല്ല. വ്യക്തിബന്ധങ്ങള്‍ കൂടുതല്‍ തീക്ഷ്ണമാകുമ്പോള്‍ ബന്ധപ്പെടുന്ന വ്യക്തിയെ മാത്രം കാണുന്നു. മറ്റുള്ളതെല്ലാം മറക്കുന്നു. ആ വ്യക്തിയുടെ വിശേഷങ്ങള്‍ പോലും മറക്കുന്നു. വിദ്യാഭ്യാസം, ജോലി, സ്ഥാനം എല്ലാ മറക്കുന്നു.

വ്യക്തിബന്ധമുള്ളിടത്ത് പ്രസംഗം ആപ്രസക്തമാണ്. കുടുംബത്തില്‍ വല്ലവരും പ്രസംഗിക്കുമോ? വളരെ അടുപ്പമുള്ള കൂട്ടുകാര്‍ (ക്ലിക്കുകള്‍) ഒരുമിച്ചു കൂടുന്നിടത്ത് ഒരാള്‍ പ്രസംഗിക്കാന്‍ ശ്രമിച്ചാല്‍ "ഇരിക്കടാ അവിടെ" എന്നു പറഞ്ഞ് കൂട്ടുകാര്‍ അവനെ ഇരുത്തും. കുടുംബത്തില്‍ പ്രസംഗം തുടങ്ങിയാല്‍ അത് കുടുംബം അല്ലാതാകും. അപ്പോള്‍ കുടുംബം വെറും കൂട്ടമായിത്തീരുന്നു.

ആത്മാര്‍ത്ഥത തകര്‍ന്ന ഇടങ്ങളിലാണ് പ്രസംഗത്തിന് പ്രസക്തി. വ്യക്തികളുമായി ഇടപഴകാന്‍ ഇഷ്ടമില്ലാത്തവന്‍ മൈക്രോഫോണിനെ സ്നേഹിക്കുന്നു. അതുവഴിയുള്ള ബന്ധം മാത്രം നിലനിറുത്തി അയാള്‍ രക്ഷപ്പെടുന്നു. ശ്രോതാക്കള്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് പ്രസംഗകന്‍ സ്ഥലം വിടുന്നു.
ബ്യൂറോക്രസിയുടെ ആയുധമാണ് പ്രസംഗം. ബ്യൂറോക്രസിയില്‍ വ്യക്തികളല്ല; സ്ഥാനങ്ങളാണ് പ്രധാനപ്പെട്ടവ. പദവികള്‍ തമ്മിലാണ് ബ്യൂറോക്രസിയിലെ കെട്ടുറപ്പ്. അങ്ങനെ ഓരോ നിലയും ഉറപ്പിച്ച് പടിപടിയായി ബ്യൂറോക്രസിയെന്ന മാളിക നാം പണിയുന്നു. ഇതിന്‍റെ സുസ്ഥിതിക്കു പ്രസംഗം ധാരാളം മതിയാകും.

യേശുക്രിസ്തുവിന്‍റെ സഭ ഒരു കൂട്ടായ്മയാണ്. വ്യക്തിബന്ധങ്ങള്‍ കൊണ്ടാണ് കൂട്ടായ്മ ഉണ്ടാകുന്നത്. വളര്‍ന്ന് ശക്തമായ ബ്യൂറോക്രസി കണ്ട് യോഹന്നാന്‍ 23-ാമന്‍ വിലപിച്ചു. യേശുവിന്‍റെ കൂട്ടായ്മയുടെ സഭ എവിടെപോയി എന്നന്വേഷിച്ചു. ഇതേ പാതയില്‍ മുന്നോട്ടുപോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ വ്യക്തിബന്ധങ്ങള്‍ വളര്‍ത്താന്‍ തീവ്രമായി പരിശ്രമിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org