ചരിത്രരചനയിലെ പ്രാഥമിക ഉറവിടം: നാളാഗമം

ചരിത്രരചനയിലെ പ്രാഥമിക ഉറവിടം: നാളാഗമം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കേരളത്തിലെ നസ്രാണികള്‍ക്കു നാളാഗമം (Chronicle) എഴുതുക എന്ന സമ്പ്രദായം പത്തൊമ്പതാം നൂറ്റാണ്ടു വരെയും അന്യമായിരുന്നു. പള്ളികളിലും സ്ഥാപനങ്ങളിലും ഇന്ന് അനുവര്‍ത്തിച്ചു വരുന്ന നാളാഗമം എഴുതുക എന്ന സമ്പ്രദായം യൂറോപ്യന്‍ മിഷനറിമാരുടെ സഹവാസം മൂലം സിദ്ധിച്ച ഒരു പാരമ്പര്യമാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ക്രൈസ്തവരുടെ പള്ളികളിലും സന്യാസിനീ സന്യാസികളുടെ ആശ്രമങ്ങളിലും അവരുടെ സ്ഥാപനങ്ങളിലും നാളാഗമം അഥവാ ക്രോണിക്കിള്‍ എഴുതിത്തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്. നസ്രാണികള്‍ക്കിടയിലെ പ്രഥമ സന്യാസസഭയെന്നു വിശേഷിപ്പിക്കപ്പെടുന്ന മാന്നാനത്തു സ്ഥാപിതമായ കര്‍മ്മലീത്താ ആശ്രമത്തിലെ സന്യാസികള്‍ (TOCD = CMI) ആണ് നാളാഗമം ആദ്യം എഴുതിത്തുടങ്ങിയത്. മാന്നാനം കൊവേന്തയിലെ പ്രഥമ നാളാഗമം വിശുദ്ധ ചാവറ എഴുതിയതാണ് എന്നു വിശ്വസിക്കുന്നു. നാളാഗാമങ്ങളില്‍ ആദ്യത്തെ രണ്ടു വാല്യങ്ങളും റോക്കോസ് കലാപചരിത്രവും വിശുദ്ധ ചാവറയച്ചന്റെ കൈപ്പടയിലും അദ്ദേഹം തന്നെ അതിന്റെ കര്‍ത്താവ് എന്ന നിലയിലുമാണ് എഴുതിയിരിക്കുന്നത്. തികച്ചും വ്യത്യസ്തങ്ങളായ ആറു പുസ്തകങ്ങള്‍ കൂട്ടിത്തുന്നിയതാണ് ഒന്നാം വാല്യം. ഈ ആറു പുസ്തകങ്ങളില്‍ ഒന്നും ആറും പുസ്തകങ്ങള്‍ വിശുദ്ധ ചാവറയച്ചന്റേതല്ല. രണ്ടു മുതല്‍ അഞ്ചു വരെയുള്ളതാണ് വിശുദ്ധന്റേത്. അതുകൊണ്ട് വ്യത്യസ്ത കരങ്ങളാണ് പ്രഥമ വാല്യം എഴുതിയിരിക്കുന്നത്. എന്നിരുന്നാലും വിശുദ്ധ ചാവറ കുര്യാക്കോസച്ചനാണ് നസ്രാണികള്‍ക്കിടയില്‍ നാളാഗമം എഴുതുന്നതിന് ആരംഭംകുറിച്ചതെന്നു പറയാം (ഒന്നാം വാല്യത്തിലെ ഒന്നാം പുസ്തകം മാന്നാനം ആശ്രമത്തിന്റെ സ്ഥാപനചരിത്രമാണ്. അത് പിന്നീട് മറ്റാരോ എഴുതിയത് ഒന്നിച്ച് ബൈന്റ് ചെയ്തപ്പോള്‍ (1905-ല്‍) ആദ്യ പുസ്തകമായി ചേര്‍ത്ത് ബൈന്റ് ചെയ്തതാകാം). കൂനമ്മാവില്‍ സ്ഥാപിതമായ കര്‍മ്മലീത്താ സന്യാസിനീ സഭയുടെ (CMC) നാളാഗമത്തിന്റെ ആരംഭ ഭാഗവും വിശുദ്ധ ചാവറയച്ചന്റേതാണ്. 1841 മുതല്‍ 1865 ഫെബ്രുവരി വരെ മാന്നാനത്തും കൂനമ്മാവിലുമായി സംഭവിച്ച കാര്യങ്ങള്‍ തീയതി വച്ചു നാളാഗമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ചാവറയച്ചന്റെ സമ്പൂര്‍ണകൃതികള്‍, നാളാഗമങ്ങള്‍, വാല്യം ഒന്ന്).

ഇപ്രകാരം ഒരു നിര്‍ദ്ദേശം
ആദ്യമായി നല്കിയതായി കാണുന്നത്
മാര്‍ ആഗസ്തീനോസ് കണ്ടത്തില്‍
മെത്രാപ്പോലീത്തയാണ്.
എന്തെന്നാല്‍ 1921 നവംബര്‍ മാസത്തിലെ
എറണാകുളം മിസ്സത്തിലാണ്
പള്ളികളില്‍ നാളാഗമം
എഴുതി സൂക്ഷിക്കണം എന്ന
കല്പന അദ്ദേഹം നല്കിയത്.

കര്‍മ്മലീത്താ സന്യാസിനീ സന്യാസ സഭകളുടെ ആശ്രമങ്ങളിലെ നാളാഗമങ്ങളില്‍ കേവലം കൊവേന്തയിലും മഠത്തിലും സംഭവിച്ച കാര്യങ്ങള്‍ മാത്രമല്ല, നാട്ടിലും ഇടവകയിലും എന്തിനേറെ, സഭയില്‍ പൊതുവില്‍ സംഭവിച്ച കാര്യങ്ങളും പ്രകൃതിയിലെ ഭാവവ്യത്യാസങ്ങളും രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളുമെല്ലാം പരാമര്‍ശിക്കുകയും ചിലപ്പോഴെല്ലാം വിശദമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ചരിത്ര പഠനത്തിനും ചരിത്രമെഴുത്തിനും നാളാഗമങ്ങള്‍ എന്തു മാത്രം വിലപ്പെട്ട പ്രഥമ ഉറവിടം (primary source) ആണെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.
സന്യാസിനീ സന്യാസസഭകളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നാളാഗമം എഴുതാനാരംഭിച്ചെങ്കിലും പള്ളികളില്‍ ഈ സമ്പ്രദായം ആരംഭിച്ചിരുന്നില്ല. വരാപ്പുഴ വികാരി അപ്പസ്‌തോലിക്കമാരുടെ കല്പനകളിലോ സുറിയാനി വികാരിയാത്തുകള്‍ സ്ഥാപിതമായ ശേഷം വികാരി അപ്പസ്‌തോലിക്കമാര്‍ നല്കിയിട്ടുള്ള കല്പനകളിലോ നാളാഗമം എഴുതി സൂക്ഷിക്കണം എന്നൊരു നിയമം നല്കിയതായി ലേഖകന്‍ ഇതുവരെയും കണ്ടിട്ടില്ല. ഇപ്രകാരം ഒരു നിര്‍ദ്ദേശം ആദ്യമായി നല്കിയതായി കാണുന്നത് മാര്‍ ആഗസ്തീനോസ് കണ്ടത്തില്‍ മെത്രാപ്പോലീത്തയാണ്. എന്തെന്നാല്‍ 1921 നവംബര്‍ മാസത്തിലെ എറണാകുളം മിസ്സത്തിലാണ് പള്ളികളില്‍ നാളാഗമം എഴുതി സൂക്ഷിക്കണം എന്ന കല്പന അദ്ദേഹം നല്കിയത്.
കല്പനയില്‍ പറയുന്നു: "പഴയകാലത്തെ നമ്മുടെ ചരിത്രത്തെപ്പറ്റി വളരെ തുച്ഛമായ അറിവെ നമുക്കുള്ളൂ. ഇതിനു കാരണം അതാതു കാലത്തുണ്ടായിരുന്നവര്‍ ഓരോ സംഭവങ്ങളെ ക്രമമായി എഴുതിയിടാഞ്ഞതും, വല്ലവരും കുറെവല്ലതും എഴുതീട്ടുണ്ടായിരുന്നാല്‍ തന്നെയും പിന്നീടുള്ളവര്‍ അവരെ ശരിയായി സൂക്ഷിക്കാതെയിരുന്നതുമാണ്. നമ്മുടെ പള്ളികളില്‍ പഴയ ഓല റിക്കാര്‍ട്ടുകള്‍ ഉള്ളവയെ സൂക്ഷിച്ചുവയ്ക്കാനുള്ള പ്രയാസം കൊണ്ടു ചിലെടത്ത് അവയെ ചുട്ടുകളക കൂടി ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഓരോ പഴയ കുടുംബങ്ങളിലും പള്ളികളിലും മറ്റും എത്ര വിലപിടിച്ച പഴയ ചരിത്രരേഖകള്‍ മുതലായവയാണ്, നോട്ടമില്ലായ്ക മുഖാന്തരം ചിതലും മറ്റും നശിപ്പിച്ചും നമ്മുടെ ആളുകള്‍ ഇവയെ നിസ്സാരമായി കരുതി വല്ലെടത്തും ഇട്ടുകളഞ്ഞും പോയിട്ടുള്ളതെന്നു വിവരിക്കാന്‍ പ്രയാസമാണ്. ഇനിയെങ്കിലും പള്ളികളില്‍ ചരിത്രങ്ങള്‍ സംബന്ധിച്ചും മറ്റുമുള്ള പഴയ ഓല ലക്ഷ്യങ്ങളൊ, നാള്‍വഴികളൊ, പ്രമാണങ്ങളൊ, കയ്യെഴുത്തു പുസ്തകങ്ങളൊ, അക്ഷരങ്ങള്‍ കൊത്തീട്ടുള്ള കരിങ്കല്ലുകളൊ, ഇവയുടെ ശഖലങ്ങളൊ മറ്റൊ എന്തു തന്നെയുണ്ടായിരുന്നാലും അവയെ വളരെ ഭദ്രമായി സൂക്ഷിച്ചു വച്ചേക്കണമെന്ന് നാം കല്പിക്കുന്നു. ഇതുപോലെ തന്നെ ഓരോ വീടു കളിലുള്ളവയെപ്പറ്റിയും നിങ്ങള്‍ എല്ലാവരും നല്ലവണ്ണം ശ്രദ്ധ വയ്ക്കണമെന്നു നാം ബലമായി ഉപദേശിക്കുന്നു. ഓരോ കുടുംബത്തിലും പൊതുവായ നമ്മുടെ ചരിത്രം മുതലായവയെപ്പറ്റിയുള്ള പഴയ ഗ്രന്ഥങ്ങളോ, കയ്യെഴുത്തു പുസ്തകങ്ങളോ സൂക്ഷിച്ചും ശേഖരിച്ചും വയ്ക്കുന്നത് ഒരു പൊതു സ്ഥലത്തായാല്‍ കുറെക്കൂടി നല്ലതായിരിക്കും. നമ്മുടെ അരമനയിലും സൂക്ഷിക്കാന്‍ സൗകര്യമുള്ളവ കൊടുത്തയച്ചാല്‍ ഇവയെ പ്രത്യേകം സംഗ്രഹിച്ചു വച്ചേക്കുന്നതാണ്.
കൂടാതെ മേലില്‍ അതാതു സ്ഥലങ്ങളില്‍ സംഭവിക്കുന്ന പ്രധാന കാര്യങ്ങളെങ്കിലും എഴുതിയിടുന്നതു വളരെ ഉപകാരപ്രദമാകയാല്‍ ബഹുമാനപ്പെട്ട വികാരി മാര്‍ എല്ല പള്ളികളിലും നല്ല കടലാസായിട്ടു ശരിയായി കുത്തീട്ടുള്ള ഒരു പുസ്തകം വാങ്ങി അവിടെ ഉണ്ടാകുന്ന വിശേഷ സംഭവങ്ങള്‍ എഴുതിയിടണമെന്നു നാം പ്രത്യേകമായി ഗുണദോഷിക്കുന്നു. ഇങ്ങനെയുള്ള ഡയറി അല്ലെങ്കില്‍ നാളാഗമം വളരെ ഗുണം ചെയ്യുന്നതും പില്‍കാലങ്ങളില്‍ വളരെ വിലയേറിയ ഒരു ലക്ഷ്യമായിരിക്കുന്നതുമാണെന്നും നാം പ്രത്യേകം പറയണമെന്നില്ലല്ലോ" (എറണാ കുളം മിസ്സം, നമ്പര്‍ 2, 1921 നവംബര്‍, PP. 3738).
1940-ല്‍ പ്രസിദ്ധീകരിച്ച നിയമസംഗ്രഹത്തിലും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. പില്ക്കാലങ്ങളില്‍ പരിഷ്‌ക്കരിച്ചു പുന പ്രസിദ്ധീകരിച്ച നിയമസംഗ്രഹങ്ങളിലെല്ലാം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. വികാരിമാരോ അസിസ്‌തേന്തിമാരോ ആണ് നാളാഗമം എഴുതേണ്ടത്. വികാരിയായി ചുമതലയേല്ക്കുമ്പോള്‍ അക്കാര്യം നാളാഗമത്തില്‍ എഴുതി ഒപ്പിട്ടു നാളാഗമം കൈപ്പറ്റുകയും സ്ഥലംമാറിപ്പോകുമ്പോള്‍ തന്റെ അജപാലന ശുശ്രൂഷാ കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം രേഖപ്പെടുത്തിയ നാളാഗമത്തിന്റെ അവസാനത്തില്‍ മാറിപ്പോകുന്ന കാര്യം എഴുതി ഒപ്പിട്ടു പിന്‍ഗാമിക്കു കൈ മാറുകയും ചെയ്യുക എന്നതായിരുന്നു അതിരൂപതയിലെ കീഴ്‌വഴക്കം. വികാരിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്നായിട്ടാണ് അഭിവന്ദ്യ കണ്ടത്തില്‍ മെത്രാപ്പോലീത്തായും പിന്‍ഗാമികളും നാളാഗമം എഴുതുന്നതിനെ കണ്ടിരുന്നത്.

അനുചിന്തനം: നിര്‍ഭാഗ്യമെന്നു പറയട്ടെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ നല്ല സമ്പ്രദായം പലയിടത്തും മുടങ്ങിയിരിക്കുന്നു. പള്ളികളുടെ ചരിത്രമെഴുതുമ്പോള്‍ പ്രധാനപ്പെട്ട പല സംഗതികളും വിട്ടുപോകുന്നതിനും മറ്റുള്ളവര്‍ നല്കുന്ന തെറ്റായ വിവരണങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിനും ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നതിനും നാളാഗമത്തിന്റെ അഭാവം കാരണമാകുന്നു എന്നതും വിസ്മരിക്കാന്‍ പാടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org