Latest News
|^| Home -> Pangthi -> ഡെല്‍ഹി ഡെസ്ക് -> പുരോഹിതര്‍ ജനങ്ങള്‍ക്കു വേണ്ടി

പുരോഹിതര്‍ ജനങ്ങള്‍ക്കു വേണ്ടി

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap.

അദൃശ്യനായ കൊറോണാ വൈറസ് അനേകം കാര്യങ്ങളെ ദൃശ്യമാക്കി; അതിലുപരി അനേകം കാര്യങ്ങളെ അതു തുറന്നു കാണിച്ചു. പുതിയ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു കണ്ണുകള്‍ തുറക്കാന്‍ അത് നമ്മെ സഹായിക്കുന്നു. ഹൃദയത്തോടു ചേര്‍ത്തു നിറുത്തിയിരുന്ന നിരവധി കാര്യങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത സാവധാനം നമുക്ക് ഉള്‍ക്കൊള്ളേണ്ടി വരികയാണ്. മനുഷ്യാവസ്ഥയുടെ പല അഭേദ്യഘടകങ്ങളെയുംക്കുറിച്ച് മങ്ങിയ കാഴ്ച മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ എന്ന വസ്തുതയും നാം പതുക്കെ തിരിച്ചറിയുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ തിരിച്ചറിവിന്റെ ഊഴത്തിലേയ്‌ക്കെത്തിയിരിക്കുകയാണ്.

പകര്‍ച്ചവ്യാധി പുരോഹിതരുടെ ജീവിതങ്ങളിലേല്‍പിച്ച ആഘാതത്തെ നാം വിശകലനം ചെയ്യേണ്ടതുണ്ട്. എസക്കിയേലിന്റെ പുസ്തകം 34-ാം അദ്ധ്യായം വായിച്ചുകൊണ്ട് അതു തുടങ്ങാവുന്നതാണ്: ”ദൈവമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു: തങ്ങളെ തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം. ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിനു നിങ്ങള്‍ ശക്തി കൊടുത്തില്ല; മുറിവേറ്റതിനെ വച്ചു കെട്ടിയില്ല; വഴി തെറ്റിയതിനെ തിരികെ കൊണ്ടു വരികയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ചു കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി.”

ഇപ്പോള്‍ മിക്കവാറും പള്ളികള്‍ അടഞ്ഞു കിടക്കുകയാണ്. കൂദാശകളുടെ പരികര്‍മ്മം സാധാരണ പോലെ നടക്കുന്നില്ല. പുരോഹിതരുടെ മുന്‍ഗണനകള്‍ക്കു കോവിഡ് മാറ്റം വരുത്തി. ‘പള്ളി’ക്കുപുറത്തും ഒരു ജീവിതമുണ്ടെന്ന് അതവരെ ബോദ്ധ്യപ്പെടുത്തി. അതിനു നേരെ കണ്ണടയ്ക്കാന്‍ അവര്‍ക്കു കഴിയില്ല. ആരാധനാലയങ്ങളില്‍ എന്നതിനേക്കാള്‍ ആളുകള്‍ ക്കിടയില്‍ കൂടുതല്‍ സമയം ചിലവഴിച്ച യേശുവിന്റെ ജീവിതത്തിലേയ്ക്കു മടങ്ങാനുള്ളതാണ് കാലം നല്‍കുന്ന വിളി. സഹനമനുഭവിക്കുന്ന അജഗണങ്ങളോടുള്ള അനുകമ്പകൊണ്ടു നിറയുന്ന ഹൃദയമുണ്ടാകുക എന്നതാണ് കാലത്തിന്റെ ആവശ്യം.

പക്ഷേ പുരോഹിത ജീവിതങ്ങളില്‍ എല്ലാം നന്നായല്ല നടക്കുന്നത് എന്നു വിവിധ പ്രദേശങ്ങളില്‍ നിന്നു വരുന്ന ഉതപ്പിന്റെ വാര്‍ത്തകള്‍ നമ്മോടു സൂചിപ്പിക്കുന്നു. ചില കാര്യങ്ങള്‍ സഭാധികാരികളുടെ ശക്തമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട് – സെമിനാരികളിലും പരിശീലന ഭവനങ്ങളിലും നല്‍കുന്ന ദീര്‍ഘമായ പരിശീലനത്തെ ഒരു പുനരവലോകനത്തിനു വിധേയമാക്കണം. ജോലിസ്ഥലങ്ങളില്‍ പുരോഹിതരുടെ ജീവിതം പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കണം. പ്രവര്‍ത്തനമേഖലകളില്‍ നിന്നുള്ള വിലയിരുത്തലുകള്‍ക്കു ചെവി കൊടുക്കുകയും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

മരണമടഞ്ഞ മനുഷ്യന്റെ മരിച്ചടക്കില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചവരെകുറിച്ചുപോലും വാര്‍ത്തകള്‍ വന്നിരുന്നു. മരിച്ച സഹജീവികളുടെ മൃതദേഹങ്ങള്‍ക്കു മൃഗങ്ങള്‍ പോലും ആദരവു നല്‍കുമെന്നു നമുക്കറിയാം. അതു ചിത്രീകരിക്കുന്ന ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ നമുക്കു കാണാം. അപ്പോള്‍ നാം എത്രയധികമായി ഇത്തരം കാര്യങ്ങളില്‍ കരുതലുള്ളവരായിരിക്കേണ്ടതാണ്.

സ്വസഹോദരങ്ങളെ വിനീതമായി സ്വീകരിക്കാനും സഹായിക്കാനും പുരോഹിതര്‍ സന്നദ്ധരാകുന്നില്ലെങ്കില്‍, വാര്‍ഷികധ്യാനങ്ങളും അനുദിനധ്യാനങ്ങളുമെല്ലാം വെള്ളത്തില്‍ വരച്ച വരകളാകും. പുരോഹിതരുടെ ദൗത്യത്തെ കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. സ്ഥാപനങ്ങള്‍ നടത്തുക, ആരാധനാനുഷ്ഠാനങ്ങളും പെരുന്നാളുകളും നടത്തുക, വന്‍പള്ളികള്‍ നിര്‍മ്മിക്കുക എന്നിങ്ങനെയെല്ലാം അതു കരുതപ്പെടുന്നുണ്ട്. അതിനു പുറമെ, ചെയ്യുന്ന കാര്യങ്ങളിലൊന്നും സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഇല്ലാതാകുക കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ പിന്നെയും വഷളാകുന്നു.

മുന്‍ഗണനകള്‍ പുനഃക്രമീകരിക്കാനുള്ള ഒരവസരമാണ് കോവിഡ് പുരോഹിതര്‍ക്കു നല്‍കുന്നത്. മെത്രാന്മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ സഭയിലെ അനേകമാളുകള്‍ ഈ പ്രശ്‌നകാലത്ത് മുന്നിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കു സഹായങ്ങളെത്തിക്കുകയും ചെയ്തു. ലോകത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുമ്പോള്‍ തന്നെ ധ്യാനാത്മകജീവിതത്തിനുള്ള പരിഗണനയും ഉപേക്ഷിക്കപ്പെടരുത്. നിശബ്ദതയിലായിരിക്കാനുള്ള സമയം കണ്ടെത്തണം. ആത്മപരിശോധനയ്ക്കും പ്രാര്‍ത്ഥനാജീവിതത്തിനും പ്രാധാന്യം നല്‍കണം. അവിടെയാണ് പൗരോഹിത്യജീവിതത്തിന്റെ യഥാര്‍ത്ഥ പ്രചോദനം കുടിയിരിക്കുന്നത്.

Leave a Comment

*
*