തിരുശേഷിപ്പുകള്‍ അവശേഷിപ്പിക്കുന്നത്…

തിരുശേഷിപ്പുകള്‍ അവശേഷിപ്പിക്കുന്നത്…

ഫാ. സിജോ കണ്ണമ്പുഴ ഒ.എം.

ക്രിസ്തു തന്റെ മണവാട്ടിയായ തിരുസഭയ്ക്ക് പകര്‍ന്നു നല്‍കിയ അനേകം ആധ്യാത്മീക നിധികളില്‍ ഒന്നാണ് വിശുദ്ധരു ടെ തിരുശേഷിപ്പുകളും അവയോടുള്ള ബഹുമാനവും. ത്യാഗോജ്വലമായ ജീവിതം നയിച്ച് വിശുദ്ധരുടെ പട്ടികയിലിടം പിടിച്ച നമ്മുടെ സഹോദരരെ ആദരിക്കാന്‍ മാത്രമല്ല, നിത്യജീവിതത്തിന്റെ മനോഹാരിതയിലേക്ക് അവരെ വിളിച്ച സര്‍വ്വശക്തന്റെ കരുണയും സ്‌നേഹവും ഏറ്റു പറയാനും തിരുശേഷിപ്പുകള്‍ നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.
ഭൂമിയില്‍ ക്രിസ്തുവിനും അവന്റെ സുവിശേഷത്തിനും അനുസരണയോടെ സാക്ഷ്യം വഹിച്ചവര്‍ക്ക് നിത്യജീവന്‍ ലഭിക്കുമെന്ന വിശ്വാസവും, അവസാന വിധി ദിവസത്തില്‍ എല്ലാവരും ശരീരങ്ങളോടെ ഉയിര്‍പ്പിക്കപ്പെടുമെന്നുള്ള സത്യവും, ശരീരത്തിന്റെ മഹത്വവും മരിച്ചവരുടെയും ജീവിക്കുന്നവരുടെയും ശരീരത്തിന് കൊടുക്കേണ്ട ബഹുമാനവും കുറിക്കുന്ന പ്രബോധനങ്ങളും, വിശുദ്ധര്‍ ക്ക് ക്രിസ്തുവുമായുള്ള ഏറ്റവും അടുത്ത ബന്ധംമൂലം സ്വര്‍ഗ്ഗത്തില്‍ അനുഭവിക്കുന്ന പ്രത്യേകമായ മാധ്യസ്ഥശക്തിയിലുള്ള വിശ്വാസവും, ഭൂമിയിലെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന സമരസഭാമക്കളും സ്വര്‍ഗ്ഗത്തിലെ വിജയസഭയായി മഹത്വം ചൂടുന്ന വിശുദ്ധരായ സഭാംഗങ്ങളും തമ്മില്‍ സാധ്യമായ പുണ്യ വാന്മാരുടെ ഐക്യത്തിന്റെയും അടിസ്ഥാനത്തില്‍ കത്തോലിക്കാ വിശ്വാസ സംഹിതയില്‍ കാലാ കാലങ്ങളായി ഇടംനേടിയ ഒന്നാണ് വിശുദ്ധരുടെ തിരുശേഷിപ്പുകളോടുള്ള ബഹുമാനം.
തിരുശേഷിപ്പുകളും അഴുകാത്ത ശരീരവുമൊക്കെ ക്രിസ്ത്യാനിയുടെ ജിജ്ഞാസയെ ഉണര്‍ത്തിയതിന് സഭയോളം തന്നെ പഴക്കമുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉപോത്ബലകമായ ഉദ്ധരണികളും സംഭവങ്ങളും കണ്ടുപിടിക്കാനും അധികം ബുദ്ധിമുട്ടേണ്ടതില്ല. ഏലീശാ പ്രവാചകന്റെ അസ്ഥികള്‍ ഒരു ശവ ശരീരത്തെ സ്പര്‍ശിച്ചപ്പോള്‍ അത് ജീവനിലേക്കു തിരിച്ചു വന്നത് (2 രാജാ. 13:20-21) മുതല്‍, രക്തസ്രാവക്കാരിയായ സ്ത്രീ യേശുവിന്റെ അങ്കിയുടെ വിളുമ്പില്‍ തൊട്ട് സൗഖ്യം പ്രാപിച്ചതുമെല്ലാം (ലൂക്കാ 8:44) നമുക്ക് പരിചിതമായ സുവിശേഷഭാഗങ്ങളാണ്.
ആദിമക്രൈസ്തവര്‍ തങ്ങളുടെ കൂടെ ജീവിച്ച രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നതും ശ്ലീഹന്മാരുടെ കല്ലറയുടെ മുകളില്‍ പള്ളി പണിതിരുന്നതും നമ്മെ അത്ഭുതപ്പെടുത്താനിടയില്ല. എന്നാല്‍ പിന്നീടിങ്ങോട്ടുള്ള സഭാ ചരിത്രത്തില്‍ തിരുശേഷിപ്പുകള്‍ അവശേഷിപ്പിച്ച കഥകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയല്ല. കുരിശുയുദ്ധകാലത്തെ പടയാളികള്‍ വിശുദ്ധസ്ഥലത്തുനിന്ന് മടങ്ങിയപ്പോള്‍ കൊണ്ടുവന്നിരുന്ന തിരുശേഷിപ്പുകള്‍ പലപ്പോഴും യഥാര്‍ത്ഥത്തില്‍ തിരുശേഷിപ്പുകളായിരുന്നില്ല. അവര്‍ കൊണ്ടുവന്ന തിരുശേഷിപ്പുകളുടെ കൂട്ടത്തില്‍ സ്‌നാപകന്റെ ഛേദിക്കപ്പെട്ട രണ്ടു തലകളും, ഒരു കപ്പല്‍ നിറയാന്‍ പോന്നവിധത്തില്‍ യേശുവിന്റെ കുരിശിന്റെ തിരുശേഷിപ്പുകളും ഉണ്ടായിരുന്നുവെന്നുമൊക്കെ മധ്യകാലത്തെക്കുറിച്ചുള്ള ചരിത്ര പുസ്തകങ്ങള്‍ കളിയാക്കുന്നുണ്ട്. തിരുശേഷിപ്പുകള്‍ക്ക് വിശ്വാസികള്‍ക്കിടയിലുള്ള പ്രത്യേകമായ താല്പര്യവും ആകര്‍ഷണവും പലപ്പോഴും തിരുശേഷിപ്പുകള്‍ പ ള്ളികളില്‍നിന്ന് മോഷ്ടിക്കാനും കൊള്ളയടിക്കാനും, പകര്‍പ്പുണ്ടാക്കാനുമൊക്കെ ഇടയാക്കിയെന്നതും യാഥാര്‍ഥ്യങ്ങളാണ്. ഇത്തരത്തിലുള്ള ശ്രമങ്ങളെ ചെറുക്കുവാനായി സഭാധികാരികള്‍ കൈകൊള്ളേണ്ടിവന്ന നടപടികളും ചരിത്ര പുസ്തകങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. വി. അഗസ്റ്റിന്‍ തന്റെ പുസ്തകത്തില്‍ തിരുശേഷിപ്പുകളുടെ തെറ്റായ ക്രയവിക്രയത്തെ അപലപിക്കുന്നത് സഭയില്‍ വളരെ നേരത്തെ തന്നെ ഇത്തരത്തിലുള്ള അ പചയങ്ങള്‍ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ നിലവിലിരിക്കുന്ന കാനന്‍ നിയമമനുസരിച്ചും തിരുശേഷിപ്പുകളുടെ ക്രയവിക്രയങ്ങള്‍ നിരോധിച്ചിട്ടുണ്ട്. (CCEO Can. 888 §1)
വിശ്വാസികളുടെ അപക്വമായ വിലയിരുത്തലുകളും ഗഹനമല്ലാത്ത അറിവുകളും വൈകാരികമായ സമീപനങ്ങളും തിരുശേഷിപ്പുകള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാനും, തെറ്റായ ചില ആധ്യാത്മീക സങ്കല്പങ്ങളിലേക്ക് കടന്നുചെല്ലാനും ഇടവരുത്തുന്നുണ്ട്. യേശു മരിച്ച കുരിശിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഓ ണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വില്‍ ക്കാന്‍ വച്ചിരിക്കുന്നത് അത് വാ ങ്ങാന്‍ ഇപ്പോഴും ആളുകളുള്ളതു കൊണ്ടാണല്ലോ. വിശ്വാസത്തെ ദൃഢീകരിക്കുവാന്‍ നമ്മെ സഹായിക്കേണ്ടതിനുപകരം തിരുശേഷിപ്പുകള്‍ അവശേഷിപ്പിക്കുന്നത് വൈകാരിക സംതൃപ്തിയും ആള്‍ക്കൂട്ട ആധ്യാത്മീകതയുടെ ബഹളങ്ങളുമാണെങ്കില്‍ ക്രിസ്തു ഫരിസേയരോട് പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇനിയും ധ്യാനിക്കേണ്ടത്. അന്ധരും മൂഢരുമായവരേ, ഏതാണു വലുത്? സ്വര്‍ണമോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ദേവാലയമോ? (മത്തായി23:17).
തിരുന്നാള്‍ ദിവസം ദേവാലയത്തില്‍ പോകുന്നവര്‍ പള്ളിയങ്കണത്തില്‍ അലങ്കാരങ്ങളിലും വര്‍ണ്ണാഭമായ കാഴ്ചകളിലും കൊടി തോരണങ്ങളിലും ദീപാലങ്കാരങ്ങളിലും കണ്ണുടക്കി ദേവാലയത്തിനകത്തുകയറാന്‍ മറന്നുപോകുന്നതുപോലെ ക്രിസ്തുവിലേക്കും രക്ഷയിലേക്കും എത്തിച്ചേരേണ്ട നമ്മളിന്നും കണ്‍വെന്‍ഷന്‍ ഗ്രൗണ്ടുകളിലും തിരുശേഷിപ്പുകളിലും അഴുകാത്ത മൃതശരീരങ്ങളുടെ പിന്നാലെയും അലയുകയാണ്. പക്ഷികള്‍ക്ക് തീറ്റയാകാനും മുള്‍ച്ചെടികള്‍ക്ക് ഞെരിച്ചുകളയാ നും പാറപ്പുറത്ത് ഉണങ്ങിപ്പോകാനും നാം നമ്മെ അനുവദിക്കരുത്.
തിരുശേഷിപ്പുകള്‍ക്ക് ഗൗരവമായ ധര്‍മ്മമുണ്ട്. ദൈവത്തിലേക്കും, നാമോരുരുത്തരും സ്വന്തമാ ക്കാനിരിക്കുന്ന രക്ഷയിലേക്കും നമ്മെ ഇവ നയിക്കണം. ഭൂമിയില്‍ ജീവിച്ചുമരിച്ച ഈ സഹോദരങ്ങളുടേതുപോലെ നമ്മളും ഗൗരവമായ ഒരു വിളിയും ദൗത്യവും ഉള്ളവരാണ് എന്ന് നമ്മെ തിരു ശേഷിപ്പുകളും വിശുദ്ധരുടെ സ്മരണകളും ഓര്‍മ്മപ്പെടുത്തണം. തിരുശേഷിപ്പുകള്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും പ്രാര്‍ത്ഥനാജീവിതത്തില്‍ വളരുവാനും സഹായിക്കണം, എന്നാല്‍ അത് ആരാധനയുടെയും വിശ്വാസത്തിന്റെയും കേന്ദ്രമാകാന്‍ പാടില്ല.
ജോണ്‍പോള്‍ രണ്ടാമന്റെ പതിനാലു ചാക്രികലേഖനങ്ങളില്‍ എന്തുകൊണ്ടും ശ്രേഷ്ഠ സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണ് വിശ്വാസവും യുക്തിയും (fides et ratio). യുക്തികൂടാതെയുള്ള വിശ്വാസം അന്ധവിശ്വാസങ്ങളിലേക്കും വിശ്വാസമില്ലാതെയുള്ള യുക്തി ശൂന്യതാവാദത്തിലേക്കും ആപേക്ഷികവാദത്തിലേക്കും നയിക്കുമെന്നും പാപ്പാ അതില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തിരുശേഷിപ്പുകളുടെ പിന്നാലെയുള്ള പ്രയാണങ്ങളും വിശുദ്ധരുടെ അഴുക്കാത്ത ശരീരങ്ങള്‍ നമ്മില്‍ ഉയര്‍ത്തുന്ന വികാരങ്ങളും നിരീക്ഷിക്കപ്പെടണം. അവയെ കേവല അത്ഭുതങ്ങളായി മാത്രം കാണുകയും കാര്യസാധ്യ ത്തിനായും പ്രത്യേക നിയോഗങ്ങളുടെ പൂര്‍ത്തീകരണത്തിനായും അവയുടെ പിന്നാലെ പോകുന്നതും വിശ്വാസത്തെയല്ല വിശ്വാസ രാഹിത്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അത്ഭുതങ്ങള്‍ക്ക് കാരണക്കാരനായ ദൈവത്തിലേക്കും, സ്വര്‍ഗ്ഗം നമുക്കും പ്രാപ്യമായ ഒരു ഇടമാണെന്ന ബോധ്യത്തിലേക്കും, അത് മാമോദീസ സ്വീകരിച്ച ഓരോരുത്തരുടെയും കടമയാണെന്നും നമ്മെ ബോധ്യപ്പെടുത്തുമ്പോഴാണ് തിരുശേഷിപ്പുകള്‍ നമുക്ക് നന്മയാകുന്നത്.
ഓരോ ഇടവകയിലും വിശ്വാസസമൂഹത്തെ സാക്ഷിയാക്കി രൂപതാധികാരി ഭരമേല്പിച്ച പുരോഹിതന്‍, എത്ര ബലഹീനനുമായിക്കൊള്ളട്ടെ, തന്റെ പുരോഹിതശുശ്രൂഷ നിര്‍വഹിക്കുന്നുണ്ട്. ഓരോ പ്രഭാതത്തിലും അദ്ദേഹം പരികര്‍മ്മം ചെയ്യുന്ന വി. ബലിയില്‍ അപ്പവും വീഞ്ഞും കര്‍ത്താവിന്റെ തിരുരക്തവും തിരുശരീരവുമായി മാറ്റപ്പെടുന്നുണ്ട്. അതാണ് ഏറ്റവും വലിയ അത്ഭുതം. അതിലും വലിയ അത്ഭുതമൊന്നും സംഭവിക്കാനില്ല. ഓരോ വിശ്വാസിയുടെയും ആത്മീയതയും ജീവിതവുമെല്ലാം ഇടവകയിലെ അള്‍ത്താരമേശയോടാണ് ബന്ധപ്പെട്ടിരിക്കേണ്ടത്. അവിടെ എനിക്കുവേണ്ടി മുറിയപ്പെടുന്ന ദിവ്യശരീരവും ചിന്തപ്പെടുന്ന തിരുരക്തവും ഉണ്ടെന്നറിയുന്ന വിശ്വാസിക്ക് വേറെ അത്ഭുതങ്ങളുടെയോ അടയാളങ്ങളുടെയോ പിന്നാലെ പോകേണ്ടതായി വരില്ല.
സുവിശേഷത്താളുകളില്‍ ക്രിസ്തുവിനെ തേടിയിറങ്ങിയ മനുഷ്യരുടെ പേരുകളുണ്ട്. അവര്‍ക്ക് പല വിധത്തിലുള്ള ഉദ്ദേശങ്ങളുണ്ടായിരുന്നു. അപ്പത്തിനും അത്ഭുതത്തിനും സൗഖ്യത്തിനും വന്നവരുണ്ട്. കാണാനും സ്പര്‍ശിക്കാനും പിന്തുടരാനും വന്നവരുമുണ്ട്. പക്ഷേ രക്ഷ സ്വീകരിച്ചവര്‍ വളരെ കുറവാണ്. കൂടുതല്‍ പേരും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മായികപ്രപഞ്ചത്തില്‍ നിന്ന് ക്രിസ്തു നല്‍കാനായി വന്ന രക്ഷയുടെ അനുഭവത്തിലേക്ക് എത്തിയില്ല എന്നുവേണം അനുമാനിക്കാന്‍. നമ്മുടെ ജീവിതം തിരുശേഷിപ്പുകള്‍ക്ക് പിന്നാലെ ഓടിത്തീരാനുള്ളതല്ല, രക്ഷയിലേക്ക് പ്രവേശിക്കാനുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org