Latest News
|^| Home -> Pangthi -> ചിന്താജാലകം -> സന്ദേശവാഹകന്‍

സന്ദേശവാഹകന്‍

ഫാ. പോള്‍ തേലക്കാട്ട്

ഫ്രാന്‍സ് കഫ്ക എഴുതിയ ഒരു കൊച്ചുകഥ: രാജാവാകണോ? രാജാവിന്റെ സന്ദേശവാഹകനാകണോ (courier) ? തിരഞ്ഞെടുപ്പ് ഒരോരുത്തരും നടത്തണം. കുട്ടികളെപ്പോലെ എല്ലാവരും തിരഞ്ഞെടുത്തു സന്ദേശവാഹകരാകാന്‍; ഫലമായി സന്ദേശവാഹകരുണ്ടായി. അവര്‍ നാടുനീളെ നടന്നു സന്ദേശങ്ങള്‍ കൈമാറി. രാജാവില്ലാത്തതുകൊണ്ട് അതൊക്കെ അര്‍ത്ഥരഹിതമായി. ദയനീയമായ ഈ പണിക്കു അവസാനം ഉണ്ടാക്കാന്‍ അവരാരും ധൈര്യപ്പെട്ടില്ല. കാരണം, അവര്‍ നടത്തിയ സത്യപ്രതിജ്ഞതന്നെ.

45-ല്‍പ്പരം വര്‍ഷങ്ങള്‍ ക്രൈസ്തവവൈദികനായ എന്റെ കഥയല്ലേ കഫ്ക പറഞ്ഞത്? ഞാന്‍ ആകുലചിത്തനായി. മാര്‍ക്‌സ് പണ്ടു തന്നെ ഇതു പറഞ്ഞതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. മിഥ്യയുടെ പിന്നാലെയുള്ള നടപ്പ്. നീഷേ എഴുതിയിട്ടുണ്ട്. ദൈവങ്ങള്‍ കവികളുടെ കണ്ടുപിടുത്തമാണ് എന്ന്. അവര്‍ മിഥ്യകള്‍ സങ്കല്പിച്ചു തരുന്നു. പ്ലേറ്റോ അതുകൊണ്ടു കവികളെ തന്റെ റിപ്പബ്ലിക്കില്‍നിന്നു പുറത്താക്കി. കലയും സാഹിത്യവും തട്ടിപ്പാണ്; അര്‍ത്ഥശൂന്യമായ അനുകരണങ്ങള്‍ അവര്‍ ഉണ്ടാക്കുന്നു. ധര്‍മപ്രചോദനത്തിന്റെ ഫിലോസോഫിയേക്കാള്‍ വളരെ താഴ്ന്നതരം വികാരങ്ങളാണു നാടക ങ്ങള്‍ ഉത്തേജിപ്പിക്കുന്നത്. മാത്രമല്ല അവ വഞ്ചനാപരവുമാണ് എന്ന് അഗസ്റ്റിന്‍ വിമര്‍ശിച്ചു. നാടകാവതരണം ഒരുതരം സ്വയംഭോഗത്തിലേക്കാണു നയിക്കുന്നത്, തന്നില്‍നിന്ന് അന്യവത്കരിക്കുന്ന നടപടി.

ഉള്‍ക്കിടിലത്തോടെയാണ് ഈ ചിന്തകളിലൂടെ കടന്നുപോയത്. കലയും സാഹിത്യവും ശ്രദ്ധയാണ് എന്നതു ശരിയാണ്. സാകൂതമായ ശ്രദ്ധ പുതിയ സാദ്ധ്യതകള്‍ തരുന്നില്ലേ? അങ്ങനെയുള്ള ശ്രദ്ധ വിമര്‍ശനമല്ലേ? കാര്യങ്ങള്‍ കണ്ടതുപോലെയാണോ? കാര്യങ്ങള്‍ മറിച്ചാകും. ഈ വികല്പം വേണ്ടതല്ലേ? കല കൂടുതല്‍ കാണുന്നില്ലേ? കാണുന്നതിന്റെ പിന്നിലെ കാണാത്തത്? വെള്ളച്ചാട്ടത്തിന്റെ ഓരത്തു വസിച്ച് അധികം കഴിയാതെ വെള്ളച്ചാട്ടം കേള്‍ക്കാതെയായി. അസ്തിത്വപ്രദര്‍ശനമാണു കാണുന്നത്. പ്രദര്‍ശനം കാണുമ്പോള്‍ കാഴ്ചയുടെ കൂടെ പിന്നിലെ കാണിക്കല്‍ കാണാതെ പോയോ? പ്രപഞ്ചം നിശ്ശബ്ദമാണ്. അതിന്റെ പിന്നില്‍ നിശ്ശബ്ദത കേള്‍ക്കാനുണ്ടോ? പക്ഷേ, എനിക്കു കേള്‍ക്കാന്‍ കഴിയുന്നുണ്ടോ? എന്നിലെ വാഗ്‌വാദങ്ങള്‍ എന്നിലെ താത്പര്യങ്ങളുടെ സംഘട്ടനങ്ങള്‍ എത്ര ഭീകരമായി മുഴങ്ങുന്നു. ഇതൊക്കെ കേട്ട് എനിക്കു മറ്റൊന്നും കേള്‍ക്കാനാകാതായോ? പ്രപഞ്ചത്തിന്റെ നടനത്തിനു പിന്നില്‍ നാം കാണുന്ന കര്‍ക്കശമായ വ്യാകരണം എന്നെ അത്ഭുതപ്പെടുത്തുന്നു. വ്യാകരണം എന്നോടു എന്തു പറയുന്നു? വ്യാകരണം മാത്രമല്ല, അതിമനോഹരമായ സൗന്ദര്യത്തിന്റെ കേളീവിലാസം വിലസിക്കുന്നത് എന്തുകൊണ്ട്? ഏതോ അസാന്നിദ്ധ്യം സാന്നിദ്ധ്യത്തിന്റെ കേളിയിലല്ലേ? അദൃശ്യവും ആസ്വദിക്കാനോ സ്പര്‍ശിക്കാനോ കിട്ടാത്തതും. പുറത്തെ കാഴ്ചയുടെ കാര്യമാണു പറഞ്ഞത്. അകത്തുതന്നെ ഈ വിങ്ങലില്ലേ? ഞാനല്ലാത്തതിന്റെ ഏതോ ശ്രദ്ധ എന്നില്‍ എങ്ങനെ കടന്നൂകൂടി? പുറത്തുള്ളതിനെക്കുറിച്ചു പറയുമ്പോള്‍ അതു അകത്തിന്റെ ഭാഷയായി മാറുന്നു. അകത്തുള്ള ആത്മാവിനെക്കുറിച്ചു പറയുമ്പോള്‍ അതു പുറത്തുള്ള ശരീരസ്തുതിയായി മാറുന്നു. അപരന്റെ മുഖം മൊഴിയുമ്പോള്‍ പ്രസാദിക്കുന്നത് അപരനല്ലെന്ന് അറിയുമ്പോള്‍ പിന്നെ ആരാണ്? കാലത്തിലും സ്ഥലത്തിലും ഏതോ അഭാവത്തിന്റെ മുറിവ് നിലകൊള്ളുന്നു.

മനുഷ്യന്റെ ശബ്ദത്തില്‍ ലോകത്തിലേക്കു ദൈവം തിരിച്ചുവരുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മനുഷ്യന്റെ ശബ്ദം മനുഷ്യനില്ലാത്തതു വരുന്നു. മനുഷ്യന്റെ ഉടമയിലുള്ള ഒന്നുമല്ല നല്കുന്നത്. മുറിവേറ്റ സന്തോഷത്തിന്റെയും ആഗ്രഹത്തിന്റെയും തലത്തില്‍നിന്നുള്ള വാക്കിന്റെ സത്യം മുറിവേറ്റതായി കാണുന്നു. ജേക്കബ് രാത്രിയില്‍ ദൈവത്തിന്റെ പ്രസാദത്തിനായി മല്പ്പിടുത്തം നടത്തിയപോലെ അവന്‍ ഞൊണ്ടി നടന്ന ചേട്ടനെ കണ്ടപ്പോള്‍ പറഞ്ഞു വാക്കുകളില്‍ അവനല്ലാത്തവന്‍ ഉണ്ടായിരുന്നു. ”ദൈവത്തിന്റെ മുഖം കണ്ടാല്‍ എന്നപോലെ നിന്റെ മുഖം കാണുന്നു.” അവന്റെ വാക്കുകളില്‍ ചത്തുപോയതു ജീവന്‍ പ്രാപിച്ചു. അപ്പോള്‍ അവന്‍ വെറും സംഭാഷണത്തിലായിരുന്നില്ല. അവന്റെ ഭാഷ ദാനത്തിന്റേതായിരുന്നു. അവന്‍ ദാനത്തിലായി. ഇത് ഏതോ മുറിവിന്റെ അസാന്നിദ്ധ്യത്തിന്റെ പ്രേതാവാസത്തില്‍ നിന്നാണ്. അതു ജീവിതം പഠിപ്പിക്കുന്ന മരണചിന്തയാണ്. അപ്പോള്‍ ഈ ലോകത്തിന്റെ മറുവശം കാണുന്നു. അസ്തിത്വദാനത്തിന്റെ അത്ഭുതബോധത്തില്‍ നില്ക്കുന്നവന്‍ കൈകൂപ്പുന്നു, താണുവണങ്ങുന്നു. ആരേ? മനുഷ്യന്‍ സ്‌നേഹിക്കുമ്പോഴാണ് ഏറ്റവും ഉദാത്തമായതു നല്കുന്നത്. അത് എവിടെ നിന്ന്? സ്‌നേഹം സംഭവമാകുന്നതും മാംസമാകുന്നതും വെളിവാക്കുന്നു. ഭാഷണസമൃദ്ധിയില്‍ ഞാന്‍ കാവ്യം കേള്‍ക്കുന്നു. അശരീരിയായ മാലാഖ ദൈവം മാംസമെടുക്കുന്ന വാര്‍ത്ത അറിയിച്ചു. ആത്മാവുകള്‍ പ്രേതങ്ങളെപ്പോലെ ശരീരങ്ങള്‍ തേടുന്നു.

”ഇതെന്റെ ശരീരമാകുന്നു” എന്നു ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവന്റെ ശരീരം തേടി മഗ്ദലേന മറിയത്തോട് അവന്‍ പറഞ്ഞു: ”എന്നെ തൊടല്ലേ.” ആര്‍ക്കും സ്വന്തമാക്കാനാവാത്ത ശരീരം. എഴുത്തുകാരന്‍ അകത്തുനിന്നു എഴുതുന്ന ഓരോ വചനത്തിലും ബലഹീനമായ സകല അക്ഷരങ്ങളിലും ഏതോ അശരീരി നിറഞ്ഞുനില്ക്കുന്നു. ഭാഷണത്തിന്റെ സമൃദ്ധിയില്‍ കാവ്യമുണ്ട്. ”ഇന്നലെയും ഇന്നും നാളെയും എല്ലാം ഞാനാണ്. ഒരു മര്‍ത്യനും എന്റെ മറ മാറ്റിയിട്ടില്ല.” അവള്‍ പിന്നെ പറഞ്ഞു: ”എന്നെ ഉണ്ടാക്കിയവനോടു ചോദിക്കൂ.” മറ മാറ്റി കാണാന്‍ ശ്രമിക്കുന്നവന്‍ ചെന്നുപെടുന്ന അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ രഹസ്യത്തിന്റെ മുമ്പില്‍ മുട്ടുകുത്തിപ്പോകുന്നു.

Leave a Comment

*
*