പ്രണയത്തിന്റെ ഒളിവുജീവിതം

പ്രണയത്തിന്റെ ഒളിവുജീവിതം

മാത്യു ഇല്ലത്തുപറമ്പില്‍

പാലക്കാട് ജില്ലയിലെ അയിലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് അടുത്തയിടെ ഒരു പ്രണയകഥ ഇരുട്ടുമുറിവിട്ട് പുറത്തിറങ്ങി. അവിശ്വസനീയമാം വിധം അസാധാരണം എന്നേ പറയേണ്ടൂ. റഹ്മാന്‍ എന്ന യുവാവ് തന്റെ അയല്‍പക്കത്തെ സജിത എന്ന കൗമാരക്കാരിയുമായി പ്രണയത്തിലാകുന്നു. അവള്‍ക്ക് പതിനെട്ട് വയസ്സു തികഞ്ഞപ്പോള്‍ ഒരു കാവിലെത്തി പൂജിച്ച താലികെട്ടുന്നു. 2010 മുതല്‍ സജിത റഹ്മാന്റെ വീട്ടില്‍ താമസമാക്കി. ഭൂലോകത്തില്‍ ആരുമറിയാതെ റഹ്മാന്റെ മുറിയില്‍ അവള്‍ കഴിഞ്ഞത് പത്തു വര്‍ഷത്തിലധികമാണ്. കാണാതെപോയ മകളെ ഓര്‍ത്ത് നെഞ്ചുരുകി അവളുടെ മാതാപിതാക്കള്‍ കയ്യെത്തും ദൂരത്ത് ഒന്നുമറിയാതെ കഴിഞ്ഞു. റഹ്മാന്റെ കുടുംബവും ഇക്കാര്യത്തില്‍ ഒന്നുമറിയാതെ ഇരുട്ടത്തുനിന്നു. എല്ലാം വെളിച്ചത്തുവന്നപ്പോള്‍ ആര്‍ക്കും പരാതിയില്ല എന്നതുകൊണ്ട് പോലീസ് കേസെടുത്തില്ല. പകരം, പുതുകുടുംബത്തിനു അടുക്കളസാധനങ്ങള്‍ വാങ്ങിക്കൊടുത്ത് മാതൃക കാണിക്കുന്നു. നവകാലത്തെ മൊയ്തീനും കാഞ്ചനയുമെന്ന് റഹ്മാനെയും സജിതയെയും സമൂഹമാധ്യമങ്ങളില്‍ കുറേപ്പേര്‍ വാഴ്ത്തിപ്പാടുന്നു. ഇവരുടെ പ്രണയത്തിന്റെ മാന്ത്രികത തേടി മുഖ്യധാരാ മാധ്യമങ്ങള്‍ ഇവരെ പൊതിയുന്നു.

മാധ്യമങ്ങള്‍ അവതരിപ്പിച്ചതുപോലെ പത്തുകൊല്ലം സജിത റഹ്മാന്റെ വീട്ടില്‍ ഒളിച്ചു ജീവിച്ചു എന്നു സമ്മതിക്കാന്‍ സാമാന്യയുക്തി സമ്മതിക്കുകയില്ല. റഹ്മാന്റെ മാതാപിതാക്കളും ഈ കഥ തള്ളിക്കളയുന്നുണ്ട്. ഈ കഥയിലെ വാസ്തവം ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കട്ടെ. എന്നാല്‍ താലികെട്ടി ഭാര്യയാക്കിയവളെ പത്തുകൊല്ലം ഒളിപ്പിച്ചു പാര്‍പ്പിക്കുന്ന കഥയില്‍ പ്രണയമാഹാത്മ്യം ആഘോഷിക്കുന്ന നിലപാട് നിശിതമായ വിലയിരുത്തലുകള്‍ക്ക് വിധേയമാകേണ്ടതുണ്ട്. പ്രണയത്തിന്റെ യുക്തി രഹിതമായ മഹത്ത്വവത്ക്കരണം അപകടകരമാണ്. അപക്വമായ മനസ്സുകളെ അത് സ്വാധീനിക്കാം. ഈ പാലക്കാടന്‍ കഥകേട്ട് അനേകം ചെറുപ്പക്കാര്‍ കമിതാക്കളുടെ മുറിപ്പൊത്തുകളില്‍ ഒളിച്ചുജീവിക്കാന്‍ തയ്യാറാകും എന്നൊന്നും കരുതുന്നില്ല. എന്നാല്‍ എന്തു ചെയ്താലും ന്യായീകരിക്കാവുന്ന മഹാമൂല്യമാണ് പ്രണയം എന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പരക്കാന്‍ പാടില്ല.

പ്രണയത്തിന്റെ യുക്തിരഹിതമായ മഹത്ത്വവത്ക്കരണം അപകടകരമാണ്. അപക്വമായ മനസ്സുകളെ അത് സ്വാധീനിക്കാം. ഈ പാലക്കാടന്‍ കഥകേട്ട് അനേകം ചെറുപ്പക്കാര്‍ കമിതാക്കളുടെ മുറിപ്പൊത്തുകളില്‍ ഒളിച്ചുജീവിക്കാന്‍ തയ്യാറാകും എന്നൊന്നും കരുതുന്നില്ല. എന്നാല്‍ എന്തു ചെയ്താലും ന്യായീകരിക്കാവുന്ന മഹാമൂല്യമാണ് പ്രണയം എന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പരക്കാന്‍ പാടില്ല.

വിചിത്രമായ രീതിയില്‍, അസാധാരണമായ അളവില്‍ മനുഷ്യര്‍ പെരുമാറാം. അതില്‍ സാഹസികതയും ധീരതയും രക്തസാക്ഷിത്വമനസ്സും ഉന്നതമായ മാനവിക നിലപാടുകളും ഉണ്ടാകാം. എന്നാല്‍ ചിലപ്പോള്‍ അസാധാരണമായ പെരുമാറ്റങ്ങള്‍ക്ക് പിന്നില്‍ രോഗാതുരമായ മനസ്സും ഉണ്ടാകാം. ഈ സംഭവത്തില്‍ അവര്‍ രോഗികളാണെന്ന് കാണികളായ ആര്‍ക്കും വിധിക്കാനാവില്ല; അതിനുള്ള അവകാശവുമില്ല. പക്ഷേ, അസാധാരണമായതെല്ലാം ഉദാത്തമാണെന്ന വ്യാഖ്യാനം ശരിയാവുകയില്ല.

സ്‌നേഹത്തിന്റെ ഒരു രൂപത്തിനും മറ്റൊരാളുടെ മനുഷ്യാ വകാശങ്ങളെയോ അന്തസ്സിനെയോ ഹനിക്കാന്‍ അവകാശമില്ല. ഞാന്‍ നിന്നെ കൊല്ലും എന്നു പറയുന്നതും നിന്നെ എന്റെ വീട്ടില്‍ പൂട്ടിയിടും എന്ന് പറയുന്നതും എത്ര മുഴുത്ത സ്‌നേഹത്തിന്റെ പേരിലാണെങ്കിലും മനുഷ്യാവകാശ ലംഘനങ്ങളാണ്. മനുഷ്യാവകാശം എന്ന് പറയുന്നത് ഒട്ടും അമൂര്‍ത്തമായ കാര്യമല്ല. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്, വാ തുറന്ന് വര്‍ത്തമാനം പറയുന്നത്, പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത് എല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്‌നേഹത്തിന്റെ പേരില്‍ എല്ലാ സ്വാതന്ത്ര്യങ്ങളും സ്വമേധയാ വേണ്ടെന്നുവച്ച് അടച്ചിട്ട ഒറ്റമുറിയില്‍ ജീവിക്കാന്‍ ഒരാള്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അത് വാഴ്ത്തപ്പെടേണ്ട വിഷയമല്ല; പഠിക്കേണ്ട കേസാണ്.

എല്ലാ ചേര്‍ച്ചക്കേടുകളും നിഷ്പ്രഭമാക്കി പ്രണയത്തിന്റെ പേരില്‍ ഒന്നിച്ചു ചേരുന്നവരുണ്ട്. അത് ചിലപ്പോള്‍ വാര്‍ത്തയാകാറുമുണ്ട്. ഉദാഹരണത്തിന്, എണ്‍പത്തൊന്നു വയസ്സുള്ള സ്ത്രീ മുപ്പത്തിയാറുകാരനെ വിവാഹം കഴിക്കുന്നു. ഒരു കൗതുകവാര്‍ത്തയുടെ സുഖം ഇതിലുണ്ട്. എന്നാല്‍ ഇത്തരം അസാധാരണ ബന്ധങ്ങള്‍ എങ്ങനെ അവസാനിക്കുന്നു എന്നത് ചര്‍ച്ചാവിഷയമായി ഒരിക്കലും കണ്ടിട്ടില്ല. അതിന്റെ അര്‍ത്ഥം എടുത്തുപറയാന്‍ കൊള്ളാവുന്ന അന്ത്യം അവയ്ക്ക് മിക്കപ്പോഴും ലഭിക്കാറില്ല എന്നതുതന്നെയാണ്.

പ്രണയത്തിന്റെ ഹര്‍ഷോന്മാദങ്ങള്‍ ജീവിതത്തേക്കാള്‍ വലുതാകുമ്പോള്‍ എല്ലാ ബന്ധങ്ങളും തീരെ ചെറുതായിപ്പോകും. സ്വന്തം അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ തുടങ്ങിയവരൊക്കെ അടുത്ത അപരിചതരായി മാറും. പാലക്കാട്ടെ അപൂര്‍വ പ്രണയഗാഥയെ വാഴ്ത്തുന്നവരില്‍ ആരെങ്കിലും സ്വന്തം മകള്‍ അവള്‍ക്ക് ഇഷ്ടമുള്ളയാളിന്റെ വീട്ടിലെ മച്ചിന്‍പുറത്തോ തേങ്ങാപ്പുരയിലോ വര്‍ഷങ്ങള്‍ ഒളിച്ചുജീവിക്കട്ടെ എന്ന് സമ്മതിച്ചുകൊടുക്കുമോ? തോന്നുന്നില്ല. ഭയത്തിന്റെ വാള്‍ത്തലപ്പിലൂടെയുള്ള ട്രപ്പീസുകളിക്കു സുബോധമുള്ള മാതാപിതാക്കള്‍ അവളെ വിട്ടു കൊടുക്കും എന്ന് വിചാരിക്കാനാവില്ല.

രണ്ടുപേര്‍ തമ്മിലുള്ള തീവ്ര സ്‌നേഹം ഏതുതരത്തിലാകണം എന്ന് നിശ്ചയിക്കാന്‍ നാട്ടുകാര്‍ക്ക് എന്ത് അവകാശം എന്നു ചോദിക്കാം. പ്രണയത്തിനുവേണ്ടി പലപ്രാവശ്യം മരിച്ചുയര്‍ക്കാന്‍ തയ്യാറാകുന്നവരെ പിടികിട്ടാത്തത് നിങ്ങളുടെ മനസ്സ് മരുഭൂമിയായി മാറിയതു കൊണ്ടാണെന്നും വാദിക്കാം. എന്നാല്‍ എന്തിന്റെ പേരിലാണെങ്കിലും മനുഷ്യാന്തസ്സ് ബലി കൊടുക്കുന്നത് പ്രണയമല്ല, അടിമത്തമാണ്; അത് സ്വയം വരിക്കുന്നതാണെങ്കിലും കെട്ടിയേല്പ്പിക്കുന്നതാണെങ്കിലും. അടിമത്തത്തെ വാഴ്ത്തരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org