ആത്മാക്കളും അന്ധവിശ്വാസങ്ങളും

ആത്മാക്കളും അന്ധവിശ്വാസങ്ങളും
Published on

എം.പി. തൃപ്പൂണിത്തുറ

ആത്മാക്കളെ പ്രത്യേകമായി സ്മരിക്കുന്ന ഒരു കാലത്തിലൂടെ നാം കടന്നു പോവുകയാണല്ലോ. പതിവ് ആചാരാനുഷ്ഠാനങ്ങള്‍ സാധ്യമല്ലാതാക്കിത്തീര്‍ക്കുന്ന പരിമിതികള്‍ ഈ കാലഘട്ടത്തില്‍ നമ്മുടെ മുമ്പിലുണ്ട്. അങ്ങനെയാണെങ്കിലും പിതൃസ്മരണ എന്നത് പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. ആത്മാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന അവരുടെ മോക്ഷപ്രാപ്തിക്കും നിത്യതയിലുള്ള നമ്മുടെ വിശ്വാസത്തിനും ആവശ്യവുമാണ്. പ്രത്യേകിച്ചും മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു കാലയളവ് നിത്യതയെ കൂടുതല്‍ തെളിച്ചമുള്ള ഒന്നാക്കി നമ്മുടെ മുന്നിലെത്തിക്കുന്നു.
തിരുസഭ ഭൗതികലോകത്ത് ഇന്ന് ജീവിക്കുന്നവരെ മാത്രമല്ല സഭാംഗങ്ങളായി കരുതുന്നത്. ശുദ്ധീകരണ ആത്മാക്കളെ സഹനസഭയായും, പറുദീസയിലെ വിശുദ്ധാത്മാക്കളെ വിജയസഭയായും കണക്കാക്കിക്കൊണ്ടാണ് വര്‍ത്തമാനകാല സഭയുടെ സമരവഴിയെ കുറിച്ച് സഭ ചിന്തിക്കുന്നത്. നിത്യത യുമായി ബന്ധപ്പെട്ട ഒരു ധാരണയോടെ ജീവിതത്തെ നോക്കി കണ്ടില്ലെങ്കില്‍ ഭൂത ഭാവി കാലങ്ങള്‍ ഇല്ലാത്ത ഒന്നായി മനുഷ്യജീവിതം മാറിപ്പോകും എന്നതിനേക്കാള്‍ എന്തിന്? എങ്ങോട്ട്? എന്ന ചോദ്യങ്ങള്‍ ശേഷിപ്പിക്കുന്ന സന്ദേഹത്തില്‍ കുടുങ്ങി ജീവിതം അര്‍ത്ഥരഹിതമായി അനുഭവപ്പെടും.
യഥാര്‍ത്ഥത്തില്‍ നമ്മില്‍ നിന്നു വേര്‍പിരിഞ്ഞ ആത്മാക്കളെ കുറിച്ച് വ്യക്തവും യുക്തിഭദ്രവുമായ അറിവാണ് തിരുസഭ നമുക്കു പകര്‍ന്നു തന്നിട്ടുള്ളത്. പക്ഷെ, മനുഷ്യാത്മാവ് ദൈവത്തിന്റെ തല്‍ സ്വരൂപത്തിലും സമാനതയിലും സൃഷ്ടിക്കപ്പെട്ടുവെന്നും ദൈവ ത്തില്‍ നിന്ന് ഭൂമിയിലെത്തിയ ആ ത്മാവ് നിത്യതയിലേക്ക് തിരികെ പോകുന്നതാണ് മരണമെന്നും എത്രവട്ടം കാണാതെ പഠിച്ചാലും ആ അറിവ് ജീവിതത്തിന്റെ ഏഴ് അയലത്തു പോലും എത്തുന്നില്ല എന്ന താണ് വാസ്തവം.
യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ മിത്തുകളെയും കഥകളെയും പി ഞ്ചെല്ലാനാണ് നമുക്ക് എളുപ്പവും പ്രിയവും. അല്ലെങ്കില്‍ അവയുടെ പിന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും പഠിക്കുന്നതിനും പകരം അവയെ യുക്തിഹീനമെന്ന പേരിട്ട് തള്ളിക്കളയുകയുമാകാം.
യുക്തി എപ്പോഴും ചിന്താശേഷി, അറിവ്, അനുഭവങ്ങള്‍ എന്നി വയുടെ ഉല്പന്നമായോ അവയുമായി ചേര്‍ന്നോ ആണ് പ്രവൃത്തിക്കുന്നതും കാണപ്പെടുന്നതും. ആത്മാവ് ഒരു മിത്തോ സങ്കല്പമോ അല്ല. തികച്ചും യാഥാര്‍ത്ഥ്യവും എന്നാല്‍ നമ്മുടെ ചിന്താശേഷിക്കും വ്യാഖ്യാനപാടവത്തിനും സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രകാശിപ്പിക്കാന്‍ കഴിയാത്ത ഒരു സത്യവുമാണ് ആത്മാവ്.
ദൃശ്ശാദൃശ്യ ലോകങ്ങളുടെ സമ്മേളനമായും സമസ്ത പ്രപഞ്ചത്തിന്റേയും ദൈവാനുഭവത്തിന്റെ സാധ്യതയുമായി സ്വയം തിരിച്ചറിഞ്ഞും ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. ദൃശ്യലോകത്തിന്റെ സാമാന്യതയില്‍ നിന്ന് അദൃശ്യ ലോകത്തിന്റെ സമ്പൂര്‍ണ്ണതയിലേക്ക് നാം കടന്നു പോകുന്നതാണ് മരണം. ദൈവത്തിലേക്ക് എത്തിച്ചേരുന്ന മനുഷ്യാത്മാവ് പിന്നെ ഭൂമിയില്‍ അലയുന്നില്ല. പിന്നെ ഭൗമികതയില്‍ നമുക്ക് നിലനില്‍ പ്പില്ല. ശരീരം കൈവിടുന്ന ആത്മാവ് പിതാവിന്റെ സന്നിധിയിലാണ്. തനത് വിധിയിലൂടെ സ്വര്‍ഗ്ഗ നരക ശുദ്ധീകരണ സ്ഥലങ്ങള്‍ ആത്മാവിന് ഇടം ഒരുക്കുമെന്നാണ് സത്യ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത്. ഭൗതികതയെ വെടിയുമ്പോള്‍ നമ്മുടെ ആത്മാവ് സ്വര്‍ഗ്ഗീയ ശരീരങ്ങളുടെ സാദൃശ്യത്തില്‍ ആണ് എന്ന് കൊറിന്ത്യര്‍ ലേഖനം നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് കാണാപ്പാഠം പഠിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന നാം പലപ്പോഴും അത് വിശ്വസിക്കുന്നില്ല. വിശ്വാസത്തില്‍ പുരോഗമിച്ചവര്‍ എന്നു കരുതുന്നവര്‍ പോലും അറിയാതെ പറഞ്ഞു പോകുന്നുണ്ട് അവിടെ വച്ച് കാണാമെന്ന്. നാം എപ്പോഴും സ്വര്‍ഗ്ഗത്തെ നമ്മുടെ അറിവിന്റെ പരിമിതിയില്‍ വരച്ചു വെക്കാനാണ് താല്‍പര്യപ്പെടുന്നത്. ആകാശ വിതാനങ്ങള്‍ക്കപ്പുറത്ത് മാലാഖമാരുടെ ചിറകൊച്ചയുള്ള ഒരു സങ്കല്പ സ്ഥലമായി സ്വര്‍ഗ്ഗത്തെ നമ്മില്‍ ഭൂരിപക്ഷവും ഇപ്പോഴും കരുതുന്നുണ്ട്. ഉത്ഥാനമെങ്ങനെയെന്ന് ഒന്ന് കൊറിന്ത്യര്‍ ലേഖനം പതിനഞ്ചാമദ്ധ്യായം കൃത്യമായി പഠിപ്പിക്കുമ്പോഴും എസക്കിയേല്‍ പ്രവചനത്തില്‍ ഇസ്രായേലിന്റെ പുനഃരുദ്ധാരണത്തെക്കുറിച്ച് പ്രവാ ചകനുണ്ടായ ദര്‍ശനത്തില്‍ കടിച്ചു തൂങ്ങുകയാണ് നാം. മരിച്ചു പോയ വരെ ഭൂമിയില്‍ അലയുന്നവരായി നാം പലപ്പോഴും ചിന്തിക്കുന്നു. വിശ്വാസം പറയുന്നത് ഒരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും.

തനത് വിധിയിലൂടെ സ്വര്‍ഗ്ഗ നരക ശുദ്ധീകരണ സ്ഥലങ്ങള്‍
ആത്മാവിന് ഇടം ഒരുക്കുമെന്നാണ് 
സത്യ വിശ്വാസം
നമ്മെ പഠിപ്പിക്കുന്നത്. ഭൗതികതയെ വെടിയുമ്പോള്‍
നമ്മുടെ ആത്മാവ് സ്വര്‍ഗ്ഗീയ ശരീര ങ്ങളുടെ സാദൃശ്യത്തില്‍
ആണ് എന്ന് കൊറിന്ത്യര്‍ ലേഖനം നമ്മെ പഠിപ്പിക്കുന്നുണ്ട്.
അത് കാണാപ്പാഠം പഠിക്കുകയും പ്രഘോഷിക്കുകയും
ചെയ്യുന്ന നാം പലപ്പോഴും അത് വിശ്വസിക്കുന്നില്ല.

വിശ്വാസത്തില്‍ പുരോഗമിച്ചവര്‍ എന്നു കരുതുന്നവര്‍
പോലും അറിയാതെ പറഞ്ഞു പോകുന്നുണ്ട്അ
വിടെ വച്ച് കാണാമെന്ന്.


മരിച്ചയാളുടെ ചിത്രം വച്ച് അതിന്റെ മുന്നില്‍ ഭക്ഷണം വിളമ്പു ന്നവര്‍, അതിനു ശേഷം അതു ഭക്ഷിക്കുന്നവര്‍, ആത്മാക്കളുടെ ദിവസം മുറ്റത്ത് കുടത്തില്‍ വെള്ളം വയ്ക്കുന്നവര്‍, മരിച്ചവരെ സ്വപ്നം കണ്ടാല്‍ ഭയന്ന് കുര്‍ബാന ചൊല്ലിക്കുന്നവര്‍, മൂന്നാം മാസവും ആറാം മാസവും ആണ്ടുമൊക്കെ കൊണ്ടാടി കല്ലറയും സ്വന്ത മാക്കി മരണത്തിന്റെ അര്‍ത്ഥത്തിനെതിരെ പുറംതിരിഞ്ഞ് നില്ക്കുന്നവര്‍. മരിച്ചുപോയവരുടെ ആ ത്മാവ് പിശാചായി ജീവിച്ചിരിക്കു ന്നവരെ ഉപദ്രവിക്കുമെന്നും ബാധയായി കൂടുമെന്നും, ശുദ്ധീകരണാത്മാക്കളുടെ സഹനങ്ങള്‍ ഭൗമീകരുടെ ജീവിതസഹനങ്ങള്‍ക്കും തകര്‍ച്ചയ്ക്കും കാരണമാകുമെന്നും പഠിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും നമ്മുടെ വിശ്വാസത്തിന്റെ പുറങ്കുപ്പായത്തിനകത്ത് ഒളിഞ്ഞിരിപ്പുണ്ട്.
നാം സത്യം തിരിച്ചറിയണം. ഈ ഭൂമിയില്‍ നിന്ന് കടന്നുപോകു ന്ന ഒരാള്‍ ദൈവസന്നിധിയിലാ ണെന്ന്. യേശുക്രിസ്തുവില്‍ മരിക്കുന്ന ക്രിസ്ത്യാനി ശരീരത്തില്‍ നിന്ന് പുറപ്പെട്ട് കര്‍ത്താവിന്റെ സന്നിധിയിലെത്തുന്നു (രരര.1681). അപ്പോള്‍ മരിച്ചവരുടെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയര്‍പ്പണത്തിനും അര്‍ത്ഥമോ പ്രസക്തിയോ ഉണ്ടോ?
വിശ്വാസപരമായും ഭൗമികമായും അര്‍ത്ഥമുണ്ട്. മരിച്ചവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ വിശ്വാസികളുടെ സമൂഹം പ്രത്യേകിച്ചും പരേതന്റെ കുടുംബം കര്‍ത്താവില്‍ നിദ്രപ്രാപിച്ചവനുമായി ഐക്യത്തില്‍ ജീവിക്കാന്‍ പഠിക്കുന്നു (CCC.1689). മരിച്ചവര്‍ക്ക് ഇനിയും തങ്ങളുടെ കുറവുകള്‍ക്ക് പരിഹാരമായി നന്മചെയ്യാനോ സഹിക്കാനോ ശരീരമനസ്സുകളില്ല. ഭൗമിക ജീവിതകാലത്ത് നമ്മുടെ ഭാഗമായിരുന്ന അവരിപ്പോള്‍ ദൈവസന്നിധിയിലാണ് അവരുടെ ജീവിതത്തിലെ കുറവുകള്‍ക്ക് ഭൗമിക സാധ്യതകളില്‍ പരിഹാരം അനുഷ്ഠിക്കാന്‍ നമുക്ക് കഴിയും. ശരീര മനസ്സുകള്‍ കൊണ്ട് നാം ചെയ്യുന്ന പരിഹാര പ്രവര്‍ത്തികളും പ്രാര്‍ത്ഥനകളും ദൈവം അവര്‍ക്കായി സ്വീകരിക്കും. നാം പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവരാണ് ആയതിനാല്‍ നാമത് നിറവേറ്റുമെന്ന് എന്ന ഉറപ്പില്‍ ദൈവം അവര്‍ക്ക് മോചനം നല്‍കും. നാം ദൈവസന്നിധിയില്‍ കടക്കാരായി ശേഷിക്കാതിരിക്കാന്‍ നാം മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് വേണ്ടി നിരന്തരമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org