ധര്‍മ്മിഷ്ഠന്റെ നര്‍മഭാഷണത്തില്‍ വിരിഞ്ഞ ആത്മീയപ്രാഭവം

ധര്‍മ്മിഷ്ഠന്റെ നര്‍മഭാഷണത്തില്‍ വിരിഞ്ഞ ആത്മീയപ്രാഭവം

മുണ്ടാടന്‍

ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കളികളൊന്നും കേരളത്തില്‍ വിലപ്പോകില്ല എന്നു അടിവരയിട്ട തെരഞ്ഞെടുപ്പു ഫലമാണ് വന്നതെങ്കിലും മത ജാതിയുടെ വിള്ളലുകളുള്ള അടിയൊഴുക്കു രാഷ്ട്രീയം തന്നെയാണ് കേരളത്തില്‍ വിജയപ്പതാക ഉയര്‍ത്തിയതെന്നു മുള്ള വിരോധാഭാസത്തെക്കുറിച്ച് എഴുതാമെന്നാണ് വിചാരിച്ചത്. അപ്പോഴാണ് കേരളത്തിന്റെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി കാലം ചെയ്ത വാര്‍ത്ത വന്നത്. കേരളത്തിലെ പല ആത്മീയനേതാക്കന്മാരെയും മെത്രാന്മാരെയും അടുത്തറിയാന്‍ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രകണ്ട് മനസ്സിനെയും മനോഭാവത്തെയും ആഴത്തില്‍ സ്പര്‍ശിച്ച ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ച് രണ്ട് വാക്ക് എഴുതിയില്ലെങ്കില്‍ ശരിയാകുകയില്ല.
സത്യദീപത്തിന്റെ എഡിറ്ററായിരുന്നപ്പോള്‍ കുട്ടികള്‍ക്കുവേണ്ടി യുള്ള പേജില്‍ അവര്‍ക്കു പ്രിയം നിറഞ്ഞതും അതേസമയം വിജ്ഞാനപ്രദവുമായ എന്തെങ്കിലും പംക്തി തുടങ്ങണമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിര്‍ദ്ദേശമുയര്‍ന്നു. അങ്ങനെയാണ് മര്‍ത്തോമ്മാസഭയുടെ ആസ്ഥാനമായ പുലാത്തിനിലെ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ചെന്നു കണ്ട് ദീര്‍ഘമായ ഇന്റര്‍വ്യൂ നടത്തി അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ രസകരമായി എഴുതാം എന്നു ചിന്തിച്ചത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സത്യദീപമെന്നു കേട്ടപാടെ തിരുമേനി ഒത്തിരി താല്പര്യം കാണിച്ചു. പകല്‍ സമയത്ത് തിരക്കായതിനാല്‍ അവിടെ ചെന്ന് താമസിക്കാനും അത്താഴം കഴിഞ്ഞ് സംസാരിക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടുമെന്നും പറഞ്ഞു. അങ്ങനെയാണ് രണ്ടു രാത്രികള്‍ അദ്ദേഹത്തൊടൊപ്പം ചെലവഴിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചത്. പകലിന്റെ തിരക്കുകളൊക്കെ കഴിഞ്ഞ് പിതാവ് പ്രാര്‍ത്ഥനയ്ക്കു ശേഷം അത്താഴത്തിനു വരും. പിതാവിന്റെ കൂടെ അത്താഴത്തിനു ഇരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ വളരെ ലളിതമായ ജീവിതശൈലി എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു സാധാരണക്കാരന്റെ വീട്ടിലെ അത്താഴത്തിന്റെ പകിട്ട് മാത്രമേ പിതാവിന്റെ ഊട്ടുമുറിയിലുണ്ടായിരുന്നുള്ളൂ. വളരെ സൗമ്യതയോടെയാണ് സംസാരിച്ചിരുന്നത്. ഇന്റര്‍വ്യൂവിലുടനീളം നര്‍മത്തിന്റെ മേമ്പൊടിയുമുണ്ടായിരുന്നു. വളരെ ആസ്വദിച്ചാണ് പിതാവ് സംസാരിച്ചിരുന്നത്.

എല്ലാ മനുഷ്യരെയും മതജാതിവര്‍ണദേശ വ്യത്യാസങ്ങളില്ലാതെ കണ്ടിരുന്ന അനിതരസാധാരണമായ വ്യക്തിത്വത്തെയാണ് ക്രിസോസ്റ്റം തിരുമേനിയില്‍ കണ്ടെത്താനായത്. ഒരു മെത്രാപ്പോലീത്തായുടെ പകിട്ടോ താരപ്പകര്‍ച്ചയോ ഒന്നുമില്ലാതെ വളരെ തന്മയത്വത്തോടെയും ആദരവോടെയും മനുഷ്യരോട് ഇടപെടുന്ന വലിയ ഇടയന്‍ കേരളക്കരയ്ക്കു തന്നെ വലിയ അനുഗ്രഹമായിരുന്നു. മെത്രാന്റെ ഉടുപ്പും തൊപ്പിയും ധരിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ പാവങ്ങളോട് പക്ഷം ചേരുന്ന പ്രകൃതം. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമനെ പോലെ വിശുദ്ധിയെന്നത് സാധാരണക്കാരനായിരിക്കുന്നതിലാണ് ക്രിസോസ്റ്റം തിരുമേനി കണ്ടെത്തിയത്. അതിനാലാണ് തുളസിത്തറ നനയ്ക്കുക ആടുമാടുകള്‍ക്കും പക്ഷികള്‍ക്കും തീറ്റകൊടുക്കുക തുടങ്ങിയ സാധാരണ ജോലികള്‍ പോലും ആസ്വാദ്യതയോടെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകനോട് ക്രി സോസ്റ്റം തിരുമേനി പറഞ്ഞു, "ഞാന്‍ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയുന്നയാളാണ് യേശു. പക്ഷേ യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേര്‍ക്കും സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ല."

നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ മനസ്സുമാറാനല്ല മറിച്ച് ദൈവത്തിന്റെ തിരുമനസ്സോട് നമ്മുടെ മനസ്സ് ചേര്‍ക്കാനാണ് എന്നു പറയുമായിരുന്ന ക്രിസോസ്റ്റം തിരുമേനി ആത്മീയതയുടെ പേരിലുള്ള കാട്ടിക്കൂട്ടലുകളെയും കപടതയേയും തന്റെ നര്‍മംനിറഞ്ഞ പ്രഭാഷണങ്ങളില്‍ പരിഹസിച്ചിരുന്നു. അപരന്റെ നന്മയ്ക്കായി കാരുണ്യത്തിന്റെ കൈ നീട്ടാതെ ദൈവത്തിന്റെ മുമ്പില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചതു കൊണ്ടു യാതൊരു ഗുണവുമില്ല എന്നതായിരുന്നു തിരുമേനിയുടെ അഭിമതം. കേരളസഭയില്‍ കുരിശിന്റെ പേരില്‍ വര്‍ഗീയത ഉയര്‍ന്നപ്പോള്‍ ക്രിസോസ്റ്റം തിരുമേനിയുടെ നര്‍മം കുറിക്കുകൊള്ളുന്നതായിരുന്നു. "യേശുവിനു സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് അറിയാവുന്ന ആരോ ആണ് മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശു സ്ഥാപിച്ചത്. നമ്മുടെ നാട്ടില്‍ സ്ഥലമില്ലാത്തവര്‍ അഭയം പ്രാപിക്കുന്നതെവിടെയാ? സര്‍ക്കാര്‍ ഭൂമിയിലല്ലയോ? അതുകൊണ്ടാകാം കൈയേറ്റക്കാര്‍ സ്വന്തം ഭൂമിയില്‍ വയ്ക്കാതെ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുകൊണ്ടു സ്ഥാപിച്ചത്?" ക്ഷേത്രത്തില്‍ പോയി പ്രസാദം ചോദിച്ചു വാങ്ങി ക്കഴിച്ചിട്ടുള്ള ക്രിസോസ്റ്റം തിരുമേനിയുടെ പല പ്രവൃത്തികളെയും ക്രൈസ്തവ സഭകളിലെ യാഥാസ്ഥിതികര്‍ എതിര്‍ത്തിട്ടുണ്ട്. പക്ഷേ കേരളസഭകളിലെ ആത്മീയതയുടെ പ്രസാദാത്മക മുഖമായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടേതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാ നിടയില്ല.

ഫുള്‍സ്റ്റോപ്പ്: മതാദ്ധ്യക്ഷന്റെ വേഷാഭൂഷാദികള്‍ ധരിക്കുമ്പോഴും മതേതരത്വത്തിന്റെ ആര്‍ജ്ജവത്താല്‍ എല്ലാവരെയും ക്രിസ്തുവിലേക്ക് അടുപ്പിക്കാനാകുമെന്നതിന് മാര്‍ ക്രിസോസ്റ്റം സാക്ഷി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org