അന്ധവിശ്വാസമാകുന്ന പ്രാര്‍ത്ഥന

അന്ധവിശ്വാസമാകുന്ന പ്രാര്‍ത്ഥന

എം.പി. തൃപ്പൂണിത്തുറ

വിശ്വാസജീവിതത്തിന്റെ പ്രാണവായുവാണ് പ്രാര്‍ത്ഥന. ദൈവത്തിലേക്കുള്ള ആത്മാവിന്റെ ഉയര്‍ച്ചയും ദൈവത്തോടുള്ള സംഭാഷണവുമായി വിശുദ്ധാത്മാക്കള്‍ പ്രാര്‍ത്ഥനയെ വ്യാഖ്യാനിച്ചു. കാണപ്പെടാത്ത ദൈവവുമായി ആത്മാവു നടത്തുന്ന അതി സ്വാഭാവികമായ ബന്ധമാണത്. എന്നാല്‍ യാചനയെന്ന നിലയ്ക്കാണ് ആനുകാലിക വിശ്വാസ സമൂഹത്തിലെ ബഹുഭൂരിപക്ഷവും പ്രാര്‍ത്ഥനയെ മനസ്സിലാക്കുന്നതും പ്രയോഗിക്കുന്നതും. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥന ഒരു ബന്ധാനുഭവമാണ്. ദൈവവുമായും ദൈവത്തെപ്രതി അപരനുമായും പുലര്‍ത്തുന്ന ബന്ധമാണത്.

അത് കേവലം ആശയവ്യാപാരമോ മാനസ്സികപ്രവര്‍ത്തിയോ അല്ല. ജീവിതത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ പ്രക്രിയയാണ് പ്രാര്‍ത്ഥന. മാനുഷികതയുടെ പരിമിതികളെ മറികടന്ന് ദൈവികതയുടെ പൂര്‍ണ്ണതയിലേക്കും അനുഭവതലത്തിലേക്കും പ്രവേശിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. അദൃശ്യ ലോകവുമായി ദൃശ്യലോകം അനുഭൂതിതലം വഴി ബന്ധം സ്ഥാപിക്കുകയാണ് പ്രാര്‍ത്ഥനയില്‍.

ഇങ്ങനെ ഒരു തിരിച്ചറിവില്ലാതെ കാര്യസാധ്യത്തിനുള്ള ഉപാധിയും സൂത്രവുമായി പ്രാര്‍ത്ഥനയെ മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്യുമ്പോള്‍ അത് അന്ധവിശ്വാസമായി മാറും. വി. പൗലോസ് പഠിപ്പിക്കുന്നു: ഈ ലോകത്തിലെ കാര്യങ്ങള്‍ക്കു വേണ്ടിയാണ് കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതെങ്കില്‍ നാം മറ്റെല്ലാവരെയുംകാള്‍ നിര്‍ഭാഗ്യരാണെന്ന് (1 കൊറി. 15:19). എന്തിനാണ് ദൈവത്തെ തേടുന്നത്? അതു കാര്യ സാധ്യത്തിനെന്നാണെങ്കില്‍, സ്വന്തമിഷ്ടങ്ങളും ആവശ്യങ്ങളുമാണ് നമ്മുടെ ദൈവം എന്നു തിരിച്ചറിയണം.

യാചനയാണ് പ്രാര്‍ത്ഥനയെന്നത് തെറ്റിദ്ധാരണയും അന്ധവിശ്വാസവും മാത്രമാണ്. പ്രാര്‍ത്ഥനയില്‍ യാചനയുടെ നിലയുണ്ട്. പ്രാര്‍ത്ഥനയിലെ ഏറ്റവും താഴ്ന്ന പടിയാണത്. പക്ഷെ അതിന്റെ ലക്ഷ്യം പോലും ആത്യന്തികമായി കാര്യസാധ്യമല്ല. ദൈവമേ ഞങ്ങള്‍ക്ക് ആവശ്യമായവ തരണമേ എന്ന അര്‍ത്ഥന, എല്ലാം നല്‍കുന്നത് അവിടുന്നാണ് എന്ന വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. പരമാശ്രയമായ കര്‍ത്താവിനെ ആശ്രയിക്കുന്നു എന്ന വിധേയപ്രകടനമാണ്.

നാം ചോദിക്കുന്നതുകൊണ്ടല്ല അവിടുന്ന് എല്ലാം നമുക്കു നല്‍കുന്നത്. ചോദിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന്റെ ഉടയവനും പരിപാലകനുമായി അവിടുത്തെ നാം തിരിച്ചറിയുന്നു. ജീവിതത്തില്‍ നമുക്കു ലഭിച്ചതെല്ലാം അവിടുത്തെ ദാനമെന്ന് നാം നമ്മോടുതന്നെ പ്രഖ്യാപിക്കുന്നു.

ലോകത്ത് തന്നെ തിരിച്ചറിയാത്തവരുടേയും നിഷേധിക്കുന്നവരുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതും അവിടുന്നു തന്നെയാണ്. അറിഞ്ഞു സ്വീകരിക്കുമ്പോള്‍ അതു രക്ഷാനുഭവത്തിനു കാരണമാകുന്നു. നാം ചോദിക്കുന്നതുകൊണ്ടല്ല, അവിടുന്നു നമ്മുടെ പിതാവായതുകൊണ്ടും തന്റെ പുത്രനെത്തന്നെ നമുക്കുവേണ്ടി യാഗമായും ഭക്ഷണമായും നല്‍കാന്‍ തിരുമനസ്സായ അവിടുത്തെ സ്‌നേഹവും കരുതലുമാണ് അവിടുന്ന് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ പിന്നില്‍. അതുകൊണ്ട് നാം ചോദിക്കുന്നതിനു മുമ്പു തന്നെ അവിടുന്നു നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നുവെന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതിയരെപ്പോലെ (ക്രിസ്തുവിനെ അറിയാത്തവരെ പോലെ) അതിഭാഷണം ചെയ്യരുതെന്നും ക്രിസ്തു പഠിപ്പിക്കുന്നു (മത്തായി 6:6 മുതല്‍ 8 വരെ). ചോദിക്കുന്നവയല്ല, എത്രയോ അധികം നന്മകള്‍, എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുമെന്ന് മത്തായി 7:11 ഉം ലൂക്കാ 11:13 ഉം പഠിപ്പിക്കുന്നു.

ജ്ഞാനത്തിന്റെയും അറിവിന്റെയും സമ്പൂര്‍ണ്ണതയായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് മനസ്സിലാക്കി ജീവിതം കൊണ്ട് അനുഭവിച്ച് അവന്‍ നമ്മിലും നാം അവ നിലുമെന്ന് സാക്ഷാത്കരിച്ച് ജീവിക്കാനുള്ള ഉപാധിയാണ് പ്രാര്‍ത്ഥന.

എന്നാല്‍ കാര്യം നേടാനുള്ള യാചനയാണ് പ്രാര്‍ത്ഥനയെന്ന് ധരിച്ച് ഇഷ്ടമില്ലാത്തതൊക്കെ മാറ്റിത്തരണമെയെന്നും കഷ്ട മായതൊക്കെ നീക്കിത്തരണമെയെന്നും ഇല്ലാത്തതൊക്കെ കൂട്ടിത്തരണമെയെന്നും ദൈവത്തിന്റെ കരളലിയിക്കാന്‍ കരഞ്ഞും നേര്‍ച്ച കാഴ്ചകളാല്‍ പ്രസാദിപ്പിക്കാമെന്നു കരുതിയും നടത്തുന്ന ശ്രമങ്ങള്‍ വഴി ദൈവാനുഭവത്തില്‍ നിന്നും അകന്നു പോവുകയാണ് നാം.

അതിനായി ശക്തിയുള്ള പ്രാര്‍ത്ഥനകളും ശക്തിയുള്ള പ്രാര്‍ത്ഥനക്കാരെയും ശക്തിയുള്ള ഇടങ്ങ ളെയും തേടുന്ന വ്യര്‍ത്ഥതയില്‍ നാം മുഴുകുന്നു. ഈ പ്രാര്‍ത്ഥന ശക്തിയുള്ളതാണ്, ഇത് ഇപ്രകരം പ്രാര്‍ത്ഥിച്ചാല്‍ കാര്യം നടക്കുമെന്നും ഇന്നയാളുടെ അടുത്തുപോയി പ്രാര്‍ത്ഥിച്ചാല്‍ കാര്യം നടക്കുമെന്നും ഈ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ഫലം സിദ്ധിക്കുമെന്നുമുള്ള അന്ധ വിശ്വാസങ്ങള്‍ നമ്മുടെ ജീവിതപ്പരിസരങ്ങളില്‍ പ്രബലമാകുന്നു. ജീവിതം ക്രിസ്തുയാഗത്തോട് ചേര്‍ത്ത് ആരാധനയായി അര്‍പ്പിക്കാനുള്ള ബലിവേദികള്‍ പോലും കാര്യസാധ്യത്തിനുള്ള അന്ധവിശ്വാസത്തിന്റെ വേദികളായി തരം താഴുന്നു. കാര്യം കാണാനല്ലെങ്കില്‍ പിന്നെന്തിനു ദൈവമെന്ന അബദ്ധത്തിന്റെ പിടിയിലേക്ക് വിശ്വാസം കൂപ്പുകുത്തുന്നത് ഇതിന്റെ ഫലമായി വിശ്വാസസമൂഹത്തില്‍ നമുക്കു കാണാം.

പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നമ്മുടെ ജീവിതത്ത അതികഠിനമായി ഞെരുക്കുന്ന ഒരു കാലയളവാണിത്. സമ്പത്തും ശാസ്ത്രീയ പുരോഗതിയും നമ്മുടെ കഴിവുകളും നിഷ്പ്രഭമാകുന്ന ഇക്കാലത്ത് നിരാശ്രയത്വവും നിരാശയും നമ്മെ വിഴുങ്ങുമ്പോള്‍ പ്രാര്‍ത്ഥനയെ കുറുക്കുവഴിയാക്കാനുള്ള പ്രലോഭനങ്ങള്‍ തീവ്ര ഭാവം കൈവരിക്കുക അതിനാല്‍ സാധാരണമാകുന്നു.

ഇത്തരം ഒരു സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പക്ഷെ, പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് ഇടപെടുന്നതെന്നും വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ പ്രക്രിയാപരമായ പങ്ക് എന്തെന്നും നാം തിരിച്ചറിയണം. ഈ തിരിച്ചറിവ് എന്ത് എന്നു ചിന്തിക്കുന്നതിനു മുമ്പ് തിരിച്ചറിവില്ലായ്മ മൂലം നാം പതിക്കുന്ന അന്ധവിശ്വാസത്തിന്റെ കെണികളെക്കുറിച്ചും വിശ്വാസാപചയത്തെക്കുറിച്ചും ഒന്നു പരിശോധിക്കേണ്ടതുണ്ട്.

കാര്യം നടക്കാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലൂ, വചനം ഇത്രപ്രാശവ്യം എഴുതൂ, ഇങ്ങനെ ഉരുവിടൂ, ഇത്ര നന്മനിറഞ്ഞ മറിയം ചൊല്ലൂ, ഈ പ്രാര്‍ത്ഥന ഇത്ര പേരിലേക്ക് എത്തിക്കൂ തുടങ്ങിയ രീതികളെല്ലാം മന്ത്രവാദപരമായ പ്രയോഗങ്ങളാണ്. ഇവ ദൈവത്തെ നമ്മുടെ ഇഷ്ടങ്ങള്‍ക്കായി സമ്മര്‍ദ്ദപ്പെടുത്തി കാര്യം നേടാമെന്ന മൂര്‍ത്തീ ആരാധനാ സങ്കല്‍പ്പത്തിന്റെ പുത്തന്‍ രൂപങ്ങളാണ്.

മഹാമാരി ആരംഭിച്ച നാളുകളില്‍ ലോകത്ത് പലയിടങ്ങളിലുമെന്ന പോലെ നമ്മുടെ നാട്ടിലും കൊറോണയെ ഓടിക്കാന്‍ നിവധിയായ പ്രാര്‍ത്ഥനാ തന്ത്രങ്ങള്‍ പ്ര യോഗിക്കപ്പെട്ടു. വാഹനങ്ങളില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുള്ള പ്രദിക്ഷണങ്ങള്‍ വഴി കൊറോണയെ ഓടിക്കാനുള്ള ശ്രമമായിരുന്നു അതിലൊന്ന്. കൊറോണയുടെ നാളുകളില്‍ ദിവ്യകാരുണ്യം നമ്മോടു പറയുന്നതെന്ത് എന്നു കേള്‍ക്കാന്‍ ഹൃദയമുയര്‍ത്തേണ്ടതിനു പകരം ശക്തി പ്രകടിപ്പിക്കാന്‍ ദൈവത്തെ നിര്‍ബന്ധിക്കുന്ന പ്രവര്‍ത്തിയായിരുന്നു അത്.

ദിവ്യകാരുണ്യം രക്ഷകനും നാഥനുമായ മിശിഹാ തന്നെയാണ്. ദേവാലയ സക്രാരികളില്‍ അടയ്ക്കപ്പെട്ടതിനാല്‍ കൊറോണയെ നേരിടാന്‍ അവിടുത്തേക്ക് കഴിയാതെ പോകുമെന്നോ, കൊറോണയുള്ളിടങ്ങളിലേക്ക് എത്താത്തവിധം അവിടുത്തെ കരങ്ങള്‍ കുറുകിപ്പോയെന്നോ തോന്നും വിധമായിരുന്നു ഈ പ്രവൃത്തികള്‍. സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ദൈവത്തെ വിലകുറച്ചു കണ്ട പ്രവൃത്തിയായിരുന്നു അത്. എന്നിട്ട് കൊറോണ വീണ്ടും ശക്തമായി വ്യാപിച്ചപ്പോള്‍ നമ്മുടെ പ്രവൃത്തികളാല്‍ അപമാനിക്കപ്പെട്ടത് യേശുക്രിസ്തുവാണെന്നത് ഓര്‍ക്കുക.

ന്യായമായി ചോദിക്കുന്നത് പണ്ട് അത്തരം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്നിട്ടില്ലേ എന്നാണ്. നിശ്ചയമായും ഉണ്ട്. പഴയ നിയമത്തില്‍ വെള്ളം കിട്ടാതെ വലഞ്ഞ ഇസ്രായേലിനു വേണ്ടി മോശയുടെ കൈകളിലെ വടികൊണ്ട് പാറമേല്‍ അടിപ്പിച്ച് വെള്ളം നല്‍കിയ ദൈവത്തെ നമുക്കു കാണാം. വീണ്ടുമൊരിക്കല്‍ വെള്ള ക്ഷാമം നേരിട്ടപ്പോള്‍ പാറയോട് കല്‍പ്പിക്കാന്‍ മോശയോട് ദൈവം പറഞ്ഞു. വടികൊണ്ടടിച്ച പഴയ ഓര്‍മ്മയില്‍ മോശ പാറമേല്‍ അടിച്ചു. കാനാന്‍ ദേശത്തേക്ക് ഇസ്രായേലിനെ നയിച്ച മോശയ്ക്ക് ഈ പ്രവൃത്തി മൂലം കാനാനില്‍ പ്രവേശിക്കാനാകില്ലെന്ന് ദൈവം പറഞ്ഞതോര്‍ക്കുക.

പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒന്ന് ലക്ഷക്കണക്കിന് നന്മനിറഞ്ഞ മറിയം ചൊല്ലി കൊറോണയെ ഓടിക്കാമെന്നുള്ള പ്രചരണമാണ്. പാത്രം കൊട്ടിയും മണികിലുക്കിയും പലരും ചെയ്തതുപോലെ കൊറോണ വ്യാപിച്ചതല്ലാതെ കുറഞ്ഞില്ല. മറിയവും ഇങ്ങനെ അപഹസിക്കപ്പെടാന്‍ നമ്മുടെ പ്രവൃത്തികള്‍ കാരണ മായി.

മാത്രമല്ല സ്വയംകൃതമായ നിരവധി പ്രാര്‍ത്ഥനകള്‍ കൊറോണയെ ഓടിക്കാന്‍ പലരാല്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ഈ പ്രാര്‍ത്ഥന ഇങ്ങനെ ചൊല്ലിയാല്‍ കൊറോണ വിട്ടുപോകും എന്ന വാദങ്ങള്‍ പലയിടങ്ങളില്‍ നിന്നുയര്‍ന്നു. ഇവിടെയെല്ലാം ഈ പ്രാര്‍ത്ഥന ശക്തമാണ്, ഇതു ചൊല്ലിയാല്‍ കാര്യം നടക്കുമെന്നു പറഞ്ഞ് പ്രാര്‍ത്ഥനയെ അന്ധവിശ്വാസമാക്കുകയാണ് ചെയ്തത്.

ഭയം രോഗം പടരാനുള്ള ഒരു വാതിലാണ്. ജാഗ്രത വേണം. പക്ഷെ, ഭയമരുത്. എത്ര പറഞ്ഞാലും ജാഗ്രത നമുക്കില്ല. എന്നാല്‍ ഭയം നമ്മെ ഭരിക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനകള്‍ ശക്തിയുള്ളവയല്ല, നമ്മെ ശക്തരാക്കുകയാണ് ചെയ്യുന്നത് എന്നറിയണം. പ്രാര്‍ത്ഥന വഴി ദൈവിക സാന്നിധ്യം ആശ്രയ ബോധം, ആത്മവിശ്വാസം, നേരിടുന്ന പ്രതിസന്ധിയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കല്‍, സമര്‍പ്പണബോധം, എന്നിവ നമ്മില്‍ സാധ്യമാകും. തത് ഫലമായി ദൈവമനുഷ്യ ബന്ധത്തിലുള്ള വളര്‍ച്ചയും രക്ഷാനുഭവവും സാധ്യമാകുകയും ചെയ്യും.

വിശദമായി പറഞ്ഞാല്‍, ജീവിതത്തിലെ ഏതൊരു കഷ്ടാനുഭവവും രോഗാവസ്ഥയും നമ്മെ എത്തിക്കുന്നത് ഒറ്റപ്പെടലിലേക്കും നമ്മുടെ കഴിവുകളുടെ പരിമിതികളെക്കുറിച്ചുള്ള ബോധ്യത്തിലേക്കുമാണ്. അങ്ങനെ ഒരു ജീവിത സന്ദര്‍ഭത്തില്‍ മാത്രമേ എല്ലാ ആശ്രയവും വിട്ട് ദൈവത്തില്‍ ആശ്രയിക്കാന്‍ നമുക്കു കഴിയൂ. പ്രാര്‍ത്ഥന ഇവിടെ ദൈവിക ബന്ധത്തിലേക്ക് നമ്മെ ഉയര്‍ത്തും.

നാമിന്ന് അനുഭവിക്കുന്നവ ക്രിസ്തുവിലാണ് അനുഭവിക്കുന്നതെന്ന ബോധം പരിശുദ്ധാത്മ ഫലമായ സഹനശക്തി നമുക്കു പ്രദാനം ചെയ്യുകയും ആത്മധൈര്യത്തോടെ സഹനാവസ്ഥയെ നേരിടാന്‍, രക്ഷകനായ മിശിഹാ തന്റെ കുരിശില്‍ നമ്മുടെ പാപങ്ങളും രോഗങ്ങളും വഹിച്ചു എന്ന തിരിച്ചറിവിലേക്ക് പ്രാര്‍ത്ഥന നമ്മെ ഉയര്‍ത്തും.

അവിടുന്ന് നമ്മുടെ അപരാധങ്ങള്‍ ക്ഷമിക്കുകയും ബലഹീനതകളില്‍ നമ്മെ തന്റെ ശക്തിയാല്‍ നിറയ്ക്കുമെന്നും നമ്മെ ശക്തനാക്കുന്നവനിലൂടെ ഈ പ്രതിസന്ധിയെ ജയിക്കാന്‍ നമുക്കാകുമെന്നും ആത്മവിശ്വാസം പകരുന്നതായി മാറും പ്രാര്‍ത്ഥന.

അവിടുന്ന് നമുക്കുവേണ്ടി സഹിച്ചതു പോലെ നമ്മുടെ സഹനങ്ങളും ജീവിതവും മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിക്കാന്‍ പ്രാര്‍ത്ഥനയില്‍ ദൈവസ്വരം ശ്രവിക്കുക വഴി നമുക്കു സാധിക്കും. അങ്ങനെ സമ്പൂര്‍ണ്ണ സൗഖ്യത്തിലേക്കും ദൈവൈക്യത്തിലേക്കും ദൈവത്തെപ്രതി സാഹോദര്യത്തിന്റെ സമഗ്രതയിലേക്കും പ്രാര്‍ത്ഥന നമ്മെ ഉയര്‍ത്തുകയും നാം ഒരു പ്രാര്‍ത്ഥനയായിത്തീരുകയും ചെയ്യും. അങ്ങനെ പ്രാര്‍ത്ഥന സമ്പൂര്‍ണ്ണ സൗഖ്യം പ്രദാനം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org