സൂര്യന്‍റെ നോട്ടവും ദൈവത്തിന്‍റെ വിളിയും

സൂര്യന്‍റെ നോട്ടവും ദൈവത്തിന്‍റെ വിളിയും

ഗ്രീക്ക് ചിന്തയും ജീവിതവും കണ്ണിനു പ്രാമുഖ്യം നല്കിയിരുന്നു. അവരുടെ ദൈവങ്ങള്‍ സാന്നിദ്ധ്യത്തിലൂടെ വെളിവാകുന്നു. പ്ലേറ്റോയെ സംബന്ധിച്ചിടത്തോളം ഗുഹയില്‍ വെളിച്ചത്തില്‍നിന്നു മാറ്റപ്പെട്ട സ്ഥിതിയാണ് മനുഷ്യന്‍റെ അടിമത്തം. കാഴ്ചയാണു മനുഷ്യനു ലഭിച്ച ഏറ്റവും വലിയ ദാനം. കണ്ണും സൂര്യനും ബന്ധപ്പെട്ടിരിക്കുന്നു. വെളിച്ചത്തിന്‍റെ ഉറവിടത്തിന്‍റെ സ്വഭാവമാണു കണ്ണിനുള്ളത് എന്നു പ്ലേറ്റോ എഴുതി. അറിവ് അങ്ങനെ ദര്‍ശനമായി. പ്ലേറ്റോയെ സംബന്ധിച്ചിടത്തോളം സത്യത്തിന്‍റെ അളവ് ദര്‍ശനമാണ്. ശുദ്ധമായ നോട്ടമാണു തിയറി.
കണ്ണിന്‍റെ ആധിപത്യം സൂര്യാധിപത്യമാണ്. വെളിച്ചത്തിന്‍റെ സര്‍വാധികാരിയായ സൂര്യനാണു നന്മയുടെയും അസ്തിത്വത്തിന്‍റെ ഉപരിമണ്ഡലത്തിന്‍റെയും രൂപകം. ആദര്‍ശത്തിന്‍റെ ആധിപത്യം സൂര്യഭരണമാണ്. റോമാസാമ്രാജ്യം സൂര്യദേവന്‍റെ ഭരണത്തിലായിരുന്നു. സൂര്യന്‍ ദൈവികതയുടെയും അറിവിന്‍റെയും അധികാരത്തിന്‍റെയും സത്യത്തിന്‍റെയും പൊതുനാമമായി. കണ്ണിന് എല്ലാ ഇന്ദ്രിയങ്ങളേക്കാളും പ്രാമുഖ്യം ലഭിച്ചു. നോട്ടത്തിനും പ്രാമുഖ്യമായി. സാവധാനം ആധിപത്യത്തിന്‍റെ ബിംബമായി സൂര്യനും നോട്ടവും.
വെളിച്ചത്തിന്‍റെ സര്‍വാധിപത്യം എല്ലാറ്റിനെയും ചരക്കാക്കുന്ന നോട്ടത്തിന്‍റെയായി മാറി. വെളിച്ചം അക്രമംതന്നെയുമായി. കണ്ണിന്‍റെ സൂര്യനോട്ടത്തില്‍ എല്ലാം കത്തുകയും കൊച്ചാക്കപ്പെടുകയും. അത് ആധിപത്യത്തിന്‍റെ നിരീക്ഷണക്യാമറകളായി. അവന്‍റെ കണ്ണിന്‍റെ സൂര്യന്‍ അസ്തമിക്കാതെ എനിക്കു ഞാനായി പ്രകാശിക്കാനാവാത്ത പ്രതിസന്ധി. അവന്‍റെ വിളക്കു കെടുത്തി എന്‍റെ വിളക്കു തെളിക്കുന്ന സാദ്ധ്യത സൂര്യന്മാര്‍ ഇല്ലാതാക്കി. യേശുക്രിസ്തുവിനെപ്പോലും സൂര്യനാക്കി ദൈവത്തിന്‍റെ പ്രത്യക്ഷത്തിന്‍റെ കഥകള്‍ പറഞ്ഞു. അതൊക്കെ പക്ഷേ വ്യാജങ്ങളായി മാറി.
പ്രകാശം സൃഷ്ടിച്ചവന്‍ പറഞ്ഞു: "നീ എന്നെ കാണുകയില്ല. എന്‍റെ കടന്നുപോകല്‍ മാത്രം കാണും" (പുറ. 33:23). ദൈവം കാഴ്ചയ്ക്കു വിഷയമല്ല. ദൈവം മറഞ്ഞ ലോകമാണിത്. ദൈവപുത്രന്‍ തന്‍റെ ദൈവികത കെടുത്തി നമ്മില്‍ ഒരുവനായി; നമുക്കു പ്രകാശിക്കാന്‍ വേണ്ടി. ദൈവികമായ ഇന്ദ്രിയം കണ്ണല്ല, കാതാണ്. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ദൈവം വിളിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org