പറിച്ചുകീറുന്ന സമര്‍പ്പണ പ്രൊഫൈലുകള്‍

പറിച്ചുകീറുന്ന സമര്‍പ്പണ പ്രൊഫൈലുകള്‍

യേശുക്രിസ്തുവെന്ന വലിയ സത്യം കണ്ടെത്തി എന്ന് മട്ടിലും ഭാവത്തിലും വസ്ത്രധാരണത്തിലും, കഴുത്തിലണിഞ്ഞ ജപമാലയിലും എല്ലാം തോന്നിച്ചിട്ടും അവനെ ആശ്ലേഷിക്കുകയോ പ്രഥമ പരിഗണന നല്കുകയോ ചെയ്യാതെ ഉച്ചിഷ്ടങ്ങള്‍ (ഫിലിപ്പി 3:8) വാരിത്തിന്നുന്നതിന്റെ ആര്‍ത്തിയും ആക്രാന്തവുമായി നടക്കുന്നവന് നട്ടെല്ലുയര്‍ത്തിനിന്ന് ഞാന്‍ യേശുവിന്റേത് എന്ന് പറയാവുന്നതെങ്ങനെ?

ഫാ. ജിമ്മി പൂച്ചക്കാട്ട്

കൊറോണക്കാലത്ത് ഓണ്‍ലൈനായി നടത്തുന്ന പരിശീലന പരിപാടിയിലെ ഒരു സെഷന്‍ നയിക്കുന്നത് പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനും നല്ല ക്രൈസ്തവജീവിതം നയിക്കുന്ന ആളുമായ ശ്രീ. ജോണി ലൂക്കോസ്. വിഷയം മേല്‍വിലാസത്തെപ്പറ്റിയാണ്. മേല്‍വിലാസമെന്നാല്‍ അഡ്രസ്സ് അല്ലെങ്കില്‍ പ്രൊഫൈല്‍. അറിയപ്പെടേണ്ട മേല്‍വിലാസത്തിനു വിരുദ്ധമായി ഇന്നത്തെ ലോകമോ, മാധ്യമങ്ങളോ ചാര്‍ത്തിക്കൊടുക്കുന്ന പ്രൊഫൈലുകളുമായി നടക്കാന്‍ വിധിക്കപ്പെടുന്ന ഹതഭാഗ്യരായ ക്രൈസ്തവരുടെ വിശിഷ്യ സമര്‍പ്പിതരുടെ അവസ്ഥ ചര്‍ച്ചാ വിഷയമായി.
ഈ ചര്‍ച്ചകളിലൂടെ കടന്നുപോയപ്പോഴും പിന്നീട് നടന്ന ആത്മവിചിന്തനങ്ങളിലും രൂപപ്പെട്ട ചില ആത്മവിമര്‍ശനങ്ങള്‍ കാലവും കണ്ണാടിയുമായി മാറ്റുന്നു. ക്രൈസ്തവജീവിതത്തിന്റെയും സമര്‍പ്പണജീവിതത്തിന്റെയും ആത്മാംശങ്ങളില്‍ ഈ ലോകമായകളുടെ ഇത്തിള്‍ക്കണ്ണികള്‍ ചുറ്റിപ്പിണഞ്ഞ് അതിന്റെ പിന്നാലെ പരക്കം പാഞ്ഞ് ഭൗതികതയുടെ ഫലങ്ങള്‍ മാത്രം തേടുന്ന ആര്‍ക്കും ഈയുള്ളവന്റെ ആത്മവിമര്‍ശനത്തിന്റെ കണ്ണാടിയിലൂടെ നോക്കാവുന്നതാണ്.
ഒരു നല്ല അച്ചന്‍, ഒരു നല്ല സിസ്റ്റര്‍, ഒരു നല്ല ക്രിസ്ത്യാനി ആര് എന്നതിന് ലോകം നല്കുന്ന ഉത്തരത്തിനു പുറകേ പോകുമ്പോള്‍ അകക്കാമ്പില്ലാത്തതിന്റെ പൊള്ളത്തരം, ജനം നോക്കി നില്‍ക്കുന്നു. യേശുക്രിസ്തുവെന്ന വലിയ സത്യം കണ്ടെത്തി എന്ന് മട്ടിലും ഭാവത്തിലും വസ്ത്രധാരണത്തിലും, കഴുത്തിലണിഞ്ഞ ജപമാലയിലും എല്ലാം തോന്നിച്ചിട്ടും അവനെ ആശ്ലേഷിക്കുകയോ പ്രഥമ പരിഗണന നല്കുകയോ ചെ യ്യാതെ ഉച്ചിഷ്ടങ്ങള്‍ (ഫിലിപ്പി 3:8) വാരിത്തിന്നുന്നതിന്റെ ആര്‍ത്തിയും ആക്രാന്തവുമായി നടക്കുന്നവന് നട്ടെല്ലുയര്‍ത്തിനിന്ന് ഞാന്‍ യേശുവിന്റേത് എന്ന് പറയാവുന്നതെങ്ങനെ? ക്രൈസ്തവന്റെ പ്രൊഫൈല്‍ ആരംഭിക്കേണ്ടത് ഞാന്‍ ക്രിസ്തുവിന്റേത് എന്നു പറഞ്ഞുകൊണ്ടു തന്നെയാവണം. കത്തോലിക്കാ പുരോഹിതന്റെ പ്രൊഫൈല്‍ ആരംഭിക്കേണ്ടത് ഞാന്‍ യേശുവിന്റെ പുരോഹിതനാണ് എന്നു പറഞ്ഞാവണം. സന്യാസസമര്‍പ്പണത്തിലുള്ളവര്‍ ആ മേല്‍വിലാസത്തില്‍ പ്രൊഫൈല്‍ എഴുതേണ്ടത് വെസ്റ്റിഷനും ഫൈനല്‍ പ്രൊഫഷനും നടക്കുമ്പോള്‍ മാത്രമാണോ? അതല്ലേ അവസരവാദം. എവിടെ എന്തുവേണമെന്നു കണ്ട് ഓരോ സ്ഥലത്തിനും പറ്റിയ തരത്തില്‍ അഡ്രസ്സ് മാറിയാല്‍ – അതു മറച്ചുപിടിച്ചാല്‍ നമ്മളും തന്ത്രശാലികളായ ഈ യുഗത്തിന്റെ മക്കളാവില്ലേ (ലൂക്കാ 16:8).
ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ലാതെ (യോഹ. 17) നിലനില്‍ക്കാന്‍ പരിശീലിക്കേണ്ടവര്‍ ചെയ്യുന്ന സാമൂഹ്യസേവനത്തിന്റെ, പണിയപ്പെടുന്ന കെട്ടിടങ്ങളുടെ, ചെയ്യുന്ന കാര്യങ്ങളുടെ, നേടിയ അറിവിന്റെ, കൈക്കലാക്കിയ ഡിഗ്രികളുടെ മേനി പറയുമ്പോള്‍ നിറം മങ്ങിപ്പോകുന്നത് "നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്' (മത്തായി 6:3-4). എന്നു നമ്മെ പഠിപ്പിച്ചവനും ലോകത്തിന്റെ മുന്നിലെ മേന്മകളെല്ലാം ദൈവസമക്ഷം ഒന്നുമല്ല എന്ന് സുവിശേഷഭാഗ്യങ്ങളിലൂടെ (ലൂക്കാ 6:20-26). നമ്മെ ഉദ്‌ബോധിപ്പിച്ചവനുമാണ്.
വിശുദ്ധ പൗലോസ് എന്ന ക്രിസ്തുശിഷ്യന്‍… ഗമാലിയേല്‍ സ്‌കൂളില്‍ 'ഡോക്ടറേറ്റു' നേടിയയാള്‍ (അപ്പ. പ്രവ. 22:3). നാട്ടുനടപ്പനുസരിച്ചുള്ള എല്ലാ പ്രൊഫൈലും പറയാനുള്ളവന്‍ (2 കൊറിന്തോസ് 11:22). എന്നാല്‍ അവന്‍ അവതരിപ്പിക്കുന്ന യഥാര്‍ത്ഥ പ്രൊഫൈല്‍ ക്രിസ്തുവിനൊപ്പമുള്ള ജീവിതത്തിന്റെതും സഹനത്തിന്റേതുമാണ് (2 കൊറി. 11:23-27). ഇതേ പൗലോസാണ് നമ്മുടെ മേല്‍വിലാസത്തെ രണ്ടായി തിരിച്ചത്. ശരീരത്തിന്റെ പ്രൊഫൈലും (ഫിലിപ്പി 3:4), ആത്മാവിന്റെ പ്രൊഫൈലും (ഫിലിപ്പി 3:7). ആത്മാവിന്റെ പ്രൊഫൈലില്‍ നിന്ന് ശരീരത്തിന്റെ പ്രൊഫൈലിലേക്ക് ഞാന്‍ ശ്രദ്ധ തിരിച്ചപ്പോള്‍ യേശുവിലും അവന്റെ സഭയിലും ഉച്ചിഷ്ടം വാരിത്തിന്നുന്നവനായി ഞാന്‍ അധഃപതിച്ചതിന്റെ കഥയാണിത്!
ഇന്നത്തെ കാലത്ത് ജീവിക്കാന്‍ അല്പം പരസ്യവും അല്പം ശരീരത്തിന്റെ പ്രൊഫൈലും അല്പം ലോകത്തിന്റെ വഴികളും വേണ്ടേ എന്ന ചിന്ത എന്നെ അലട്ടാതിരിക്കുന്നില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ ഒരുപക്ഷേ, അതിനു ശേഷമോ പ്രാധാന്യം നല്‌കേണ്ട കാര്യങ്ങള്‍ ഒന്നാം സ്ഥാനം പിടിക്കുകയും ഒന്നാം സ്ഥാനത്തു നില്‍ക്കേണ്ടത് മറന്നു കളയുക യും ചെയ്യുന്നതിന്റെ ഒരു 'ലോജിക്ക്' ഇതല്ലേ. ഇവിടെയാണ് ഒന്നാമത്തേ തിനുവേണ്ടി രണ്ടും മൂന്നും എന്തിന് ഉടുതുണിപോലും പറിച്ചുപേക്ഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് എന്നെ നോക്കി ചിരിക്കുന്നത്. ഇന്നത്തെ ക്രൈസ്തവ സമര്‍പ്പണ ജീവിത പ്രൊ ഫൈലുകളെ പറിച്ചെറിയാന്‍ നിശബ്ദമായും അര്‍ത്ഥഗര്‍ഭമായും അവന്‍ എന്നെ നിര്‍ബന്ധിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org