ഭരണം പരാജയപ്പെടുമ്പോള്‍ കോടതികള്‍ ഇടപെടുന്നു

ഭരണം പരാജയപ്പെടുമ്പോള്‍ കോടതികള്‍ ഇടപെടുന്നു

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്
സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും കീഴ് കോടതികളുടെയും പക്കല്‍ ആവശ്യത്തിലധികം ജോലിയുണ്ട്. 4.4 കോടിയിലധികം കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. കേസുകളുടെ കുടിശ്ശിക തീര്‍ക്കണമെങ്കില്‍ 324 വര്‍ഷത്തിലധികം എടുക്കുമെന്നാണ് നീതി ആയോഗ് ഒരു പ്രബന്ധത്തില്‍ പ്രവചിച്ചിരിക്കുന്നത്! ഇതൊക്കെയാണെങ്കിലും, വിവിധ വിഷയങ്ങളിലും തെറ്റായ നടപടികളിലും സര്‍ക്കാരിനെ ചോദ്യം ചെയ്ത് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഈയിടെയായി കോടതികള്‍ തയ്യാറായിട്ടുണ്ട്. സമീപകാലത്ത് ഇത്തരം നടപടികള്‍ പതിവായിട്ടുണ്ട്.

ജുഡീഷ്യറി അതിരു കടക്കുന്നുവെന്നും സ്വന്തം അധികാര പരിധിക്കപ്പുറത്തേക്ക് പോകാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്. പകര്‍ച്ച വ്യാധി ഇന്ത്യയെ ഏറ്റവും ബാധിക്കുകയും അതിനെ നേരിടാന്‍ ചെയ്യേണ്ടതൊന്നും ചെയ്യാന്‍ ഭരണസംവിധാനങ്ങള്‍ക്കു കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചെയ്യേണ്ടതു തന്നെയാണു കോടതികള്‍ കൃത്യമായും ചെയ്തത്. ഭരണകൂടത്തിന് ആരോടും ഉത്തരം പറയാന്‍ താത്പര്യമില്ല എന്നത് മറ്റൊരു വിഷയമാണ്. ജൂഡീഷ്യറിയോടുമില്ല, തങ്ങള്‍ക്കു വോട്ടു ചെയ്തവരോടുമില്ല ഭരണകൂടത്തിന് ഉത്തരവാദിത്വം.

ഇക്കഴിഞ്ഞ ആഴ്ചകളില്‍, ധീരവും നേരുള്ളതുമായ വിധിന്യായങ്ങളുടെയും ജുഡീഷ്യല്‍ നിരീക്ഷണങ്ങളുടെയും ഒരു തള്ളിക്കയറ്റം തന്നെ നമ്മള്‍ കണ്ടു. മരുന്നുകളുടെയും ആശുപത്രി കിടക്കകളുടെയും ഓക്‌സിജന്റെയും ആരോഗ്യ പരിരക്ഷയുടെയും അ ഭാവം മൂലം അസ്വസ്ഥരായിരുന്ന പൊതുജനങ്ങള്‍ക്ക് കോടതികള്‍ മാത്രമായിരുന്നു പ്രതീക്ഷ.

പകര്‍ച്ചവ്യാധിയുടെ സമയത്ത് ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

കോവിഡ് 19 നെ നേരിടുമ്പോള്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് രാജസ്ഥാന്‍ ഹൈക്കോടതി സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിച്ചു.

പകര്‍ച്ചവ്യാധി പരിഹരിക്കാനുള്ള ബീഹാര്‍ സര്‍ക്കാരിന്റെ കര്‍മപദ്ധതി തെറ്റാണെന്ന് പട്‌ന ഹൈക്കോടതി പറഞ്ഞു. ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ആളുകള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ഒരു ഇമെയില്‍ ഐഡി പോലും കോടതി നല്‍കി.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആവശ്യത്തിനു കിടക്കകള്‍ ബംഗളുരുവിലെ ആശുപത്രികളില്‍ ഇല്ലെന്നു ഗവണ്‍മെന്റിനെ ചൂണ്ടിക്കാട്ടിയ കര്‍ണാടക ഹൈക്കോടതി ഇതു ഭയജനകമായ സാഹചര്യമാണെന്നു വിശേഷിപ്പിച്ചു.

അടിസ്ഥാന യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായിരിക്കെ സര്‍ക്കാര്‍ എന്തിനാണ് വളരെ ശോഭനമായ ഒരു ചിത്രം നല്‍കുന്നതെന്ന് അറിയേണ്ടതുണ്ടെന്നു ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.

മാരകമായ വൈറസ് ബാധ തടയാന്‍ അധികൃതര്‍ ഒന്നും ചെയ്യാത്തതിനാല്‍ നൂറുകണക്കിന് അധ്യാപകര്‍ വോട്ടെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചുവെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. പകര്‍ച്ച വ്യാധി കൈകാര്യം ചെയ്യുന്നതിനുപകരം പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്കു പോകുകയാണു സര്‍ക്കാര്‍ ചെയ്തതെന്നു കോടതി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാതിരുന്നതിന് മദ്രാസ് ഹൈക്കോടതി, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രത്യേകമായി വിമര്‍ശിച്ചു. രണ്ടാം തരംഗത്തിന് കമ്മീഷന്‍ വിശേഷിച്ചും ഉത്തരവാദിയാണെന്നും അതിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കാവുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ദേശീയ തലസ്ഥാനം കടുത്ത ഓക്‌സിജന്‍ ക്ഷാമം മൂലം അക്ഷരാര്‍ത്ഥത്തില്‍ ശ്വാസത്തിനായി പിടഞ്ഞപ്പോള്‍, വിതരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ആരെയും തൂക്കിലേറ്റുമെന്ന് മുന്നറിയിപ്പ് നല്‍കിയ ദില്ലി ഹൈക്കോടതി സംസ്ഥാന ഗവണ്‍മെന്റിനോടു പ്രവര്‍ത്തനനിരതമാകാന്‍ നിര്‍ദേശിച്ചു.

പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്ന രീതി മാത്രമല്ല കോടതികളെ ആശങ്കപ്പെടുത്തിയത്. പ്രതിഷേധം അറിയിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടു. കര്‍ക്കശമായ ചോദ്യങ്ങള്‍ ചോദിക്കുകയെന്ന തങ്ങളുടെ ജോലി ചെയ്തതിന് മാധ്യമപ്ര വര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

കോവിഡിനെ കൈകാര്യം ചെയ്തതിനെ സംബന്ധിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസിലെ ഏറ്റവും പുതിയ ഉത്തരവില്‍, അത്തരം കുറ്റാരോപണങ്ങളില്‍ മുക്തരായിരിക്കാന്‍ ഓരോ മാധ്യമപ്രവര്‍ത്തകനും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി റദ്ദാക്കി. ആയുസ്സൊടുങ്ങിയ ഒരു മോശം നിയമത്തിന്റെ ശവപ്പെട്ടിയില്‍ ഒരു ആണി കൂടി അടിക്കുന്നതായിരുന്നു ഈ ഉത്തരവ്.

മിക്ക സ്ഥാപനങ്ങളും രാജ്യത്തെ 'തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ'ത്തിനു മുമ്പില്‍ മുട്ടിലിഴയുമ്പോള്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും സമീപകാല നിരീക്ഷണങ്ങളും ഉത്തരവുകളും ഒരു രജതരേഖയാണ്. വിയോജിപ്പിന്റെ മര്‍മരങ്ങള്‍ പോലും സര്‍ക്കാരിനു ശാപമാകുമ്പോള്‍, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് നിശബ്ദരായ കാഴ്ചക്കാരായി തുടരാനാവില്ലെന്ന് വിവിധ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമപാലന സംവിധാനങ്ങളെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരായ അവസാന ആശ്രയമാണ് കോടതികള്‍. സമീപ വര്‍ഷങ്ങളില്‍, പ്രത്യേകിച്ചും ഇപ്പോഴത്തെ ശക്തികള്‍ അധികാരത്തില്‍ വന്നതിനു ശേഷം, കോടതികളുടെ ഇടനാഴികളില്‍നിന്ന് ഉയര്‍ന്നുവരുന്ന സൂചനകള്‍ അത്ര ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതായിരുന്നില്ല. ജഡ്ജിമാരുടെ വിരമിക്കലിനു ശേഷമുള്ള നിയമനങ്ങള്‍ അവര്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുന്നുവെന്ന ധാരണയ്ക്ക് വിശ്വാസ്യത നല്‍കി. പ്രധാനമന്ത്രി മോദിയെ ബഹുമുഖ പ്രതിഭയെന്നു വിശേഷിപ്പിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണായി നിയമിച്ചത് അനേകരുടെ നെറ്റി ചുളിപ്പിച്ചു. എന്നിരുന്നാലും, എല്ലാം നഷ്ടമായിട്ടില്ല എന്ന പ്രതീതി സമ്മാനിക്കുന്നവയാണ് വിവിധ കോടതികളില്‍ നിന്നുള്ള ഏറ്റവും പുതിയ വിധിന്യായങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org