കുരിശ് അലങ്കാരവസ്തുവല്ല

കുരിശ് അലങ്കാരവസ്തുവല്ല

കുരിശ് ദൈവസ്‌നേഹത്തിന്റെ പവിത്രമായ അടയാളമാണ്. യേശുവിന്റെ പരമത്യാഗത്തിന്റെ പ്രതീകമാണത്. നമുക്കെന്നും അതു പ്രചോദനമാകണം. കപടഭക്തിയുടെ അടയാളമോ പ്രകടനമോ അലങ്കാരമോ ആഭരണമോ മാത്രമായി കുരിശിനെ തരംതാഴ്ത്തരുത്. ദൈവപുത്രനായ ക്രിസ്തു തന്റെ ദൗത്യം ഭൂമിയില്‍ നിര്‍വഹിച്ച വിധമാണ് കുരിശിനെ ഓരോ പ്രാവശ്യവും നോക്കുമ്പോള്‍ നാം ധ്യാനിക്കേണ്ടത്. മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി അവിടുന്ന് രക്തം ചിന്തി ജീവന്‍ സമര്‍പ്പിച്ചുവെന്ന വസ്തുത കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തിലെ കുരിശുകളെ നിരാകരിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാന്‍ ഈ ഓര്‍മ്മ നമ്മെ സഹായിക്കണം. അതു തിന്മയുടെ പ്രലോഭനമാണ്.
പത്രോസിനും മറ്റു ശിഷ്യന്മാര്‍ക്കും ആദ്യം കുരിശു സ്വീകാര്യമായിരുന്നില്ല. ശിഷ്യന്മാര്‍ക്ക് കുരിശുമരണം ഒരു ഉതപ്പായി തോന്നി. ഇതുകൊണ്ടാണ് ക്രിസ്തു പത്രോസിനെ ശകാരിച്ചതും സാത്താനേ എന്നു വിളിച്ചതും. ഇന്നത്തെ സമൂഹവും ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. കാരണം ഇത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. ഭക്തിയും സ്‌നേഹവുമൊക്കെയുള്ളപ്പോള്‍ നാം യേശുവിനെ നോക്കി മുന്നോട്ടു നീങ്ങും. എന്നാല്‍, ജീവിതത്തില്‍ കുരിശുകള്‍ ഉണ്ടാകുമ്പോള്‍ നാം ഒളിച്ചോടുന്നു. യേശു പത്രോസിനോടു പറഞ്ഞതു പോലെ സാത്താന്‍ നമ്മെ പരീക്ഷിക്കുന്നതായിരിക്കുമത്. ക്രിസ്തുവിന്റെ കുരിശില്‍ നിന്നും ജീവിതത്തിലെ കുരിശുകളില്‍ നിന്നും ഒളിച്ചോടാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നതു സാത്താനാണ് എന്നതു മറക്കാതിരിക്കുക.

(ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org