മതേതരത്വത്തിന്റെ മരണം

മതേതരത്വത്തിന്റെ മരണം

ഫാ. സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍

മതത്തെയും രാജ്യത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന സൂക്ഷ്മരേഖ തകര്‍ക്കപ്പെട്ടു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഭൂമി പൂജ ഇരുണ്ട കാലത്തേക്കുള്ള ഇന്ത്യയുടെ മടക്കയാത്രക്കു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പാതയിലേക്കാണ് അദ്ദേഹത്തിന്റെ പ്രവൃത്തി ഈ മതേതരരാജ്യത്തെ എടുത്തിട്ടിരിക്കുന്നത്. അധികാരത്തിലുള്ള പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടു ചേര്‍ന്നു പോകുന്ന നടപടി തന്നെയാണിത്. 'മതേതരത്വം' എന്ന പദം അവരുടെ നിഘണ്ടുവില്‍ നിന്നു നീക്കം ചെയ്യപ്പെട്ടിരിക്കുന്നതാണല്ലോ. നാലു നൂറ്റാണ്ടിലേറെ കാലം ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയ വിധിയില്‍ സുപ്രീം കോടതി പ്രസ്താവിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍ നാം ഈ വിഷയത്തെ നോക്കിക്കാണുക സുപ്രധാനമാണ്. മസ്ജിദ് തകര്‍ത്തത് ഒരു കുറ്റകൃത്യമാണെന്നു പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രനിര്‍മ്മാണമാണ് സുപ്രീം കോടതിവിധിയുടെ ഫലമെങ്കിലും, തികച്ചും നിഷ്ഠൂരമായ ആ പ്രവൃത്തി ജനലക്ഷങ്ങളിലുണ്ടാക്കിയ ദുഃഖകരമായ ഓര്‍മ്മകളെ ആര്‍ക്കും അവഗണിക്കാനാകില്ല.

അയോദ്ധ്യ സമരത്തെ സ്വാതന്ത്ര്യസമരവുമായി പ്രധാനമന്ത്രി താരതമ്യപ്പെടുത്തിയത്, അണിയറയില്‍ എന്തൊക്കെയാണ് ഈ രാജ്യത്തിനായി ഒരുങ്ങുന്നത് എന്നതിന്റെ വ്യ ക്തമായ സൂചനയാണ്. സാമ്രാജ്യത്വനുകത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി നടത്തി യ പോരാട്ടം സകലരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു. അതിനെ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള സമരവുമായി ചേര്‍ത്തു വയ്ക്കാനാവില്ല.

മതേതര ഇന്ത്യയില്‍ മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം. ആധുനിക കാലത്ത് മതങ്ങളുടെ സ്വാധീനം കുറയുമെന്നാണ് 18 ഉം 19 ഉം നൂറ്റാണ്ടുകളിലെ ചിന്തകരായ വോള്‍ട്ടയറിനെയും നീത്‌ഷെയെയും പോലെയുള്ളവര്‍ പ്രവചിച്ചത്. പക്ഷേ ഇന്ത്യയില്‍ അതു സംഭവിക്കുന്നതായി കാണുന്നില്ല. മതമൗലികവാദികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും മേല്‍ മതങ്ങള്‍ക്കുള്ള സ്വാധീനത്തിന്റെ വളര്‍ച്ച അതാണു കാണിക്കുന്നത്. രണ്ടും തമ്മില്‍ നിരുപാധികം വേര്‍തിരിക്കണമെന്ന മുറവിളി ഒരു ഭാഗത്തുയരുമ്പോള്‍, എളുപ്പത്തില്‍ വിജയിക്കുന്നതിനുള്ള ഒരു കര്‍മ്മപദ്ധതിയായി രാഷ്ട്രീയക്കാര്‍ മതത്തെ കാണുന്നു, വിശേഷിച്ചും തിരഞ്ഞെടുപ്പുകളില്‍. ശ്രീരാമന്‍ ജനിച്ചത് അയോദ്ധ്യയിലാണെന്ന ഹിന്ദുക്കളുടെ ശക്തമായ മതവിശ്വാസം ഉന്നയിച്ചുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ വക്താക്കള്‍ അവരുടെ വാദത്തെ ന്യായീകരിച്ചിരുന്നത്. അങ്ങനെയെങ്കില്‍ പതിറ്റാണ്ടുകള്‍ നീണ്ട കൊടിയ ശത്രുതയ്ക്കും പൊലിഞ്ഞു വീണ ആയിരകണക്കിനു മനുഷ്യജീവനുകള്‍ക്കും ശേഷം യാഥാര്‍ത്ഥ്യമാകുന്ന ആ തറക്കല്ലിടല്‍ ചടങ്ങ് തീര്‍ത്തും ഒരു മതചടങ്ങായി നടത്താന്‍ കഴിയുമായിരുന്നു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ തലവന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് അതിനൊരു രാഷ്ട്രീയ സ്പര്‍ശം നല്‍കിയത് രാജ്യം "ഹിന്ദുത്വ രാഷ്ട്രത്തോട്" അടുത്തുകൊണ്ടിരിക്കുന്നുവെന്ന സൂചനയാണു പുറപ്പെടുവിക്കുന്നത്. മതേതര ഇന്ത്യയില്‍ നിന്നു വളരെ വിദൂരസ്ഥമായിരിക്കുകയാണ് 'പുതിയ ഇന്ത്യയെന്ന ആശയം' എന്ന വ്യക്തമായ സൂചനയാണ് ഭൂമി പൂജയുടെ ആഘോഷം നല്‍കുന്നത്. ബി ജെ പി യുടെ മൂന്നു പ്രധാന ആവശ്യങ്ങളിലൊന്നു നിറവേറപ്പെടുന്നു എന്നതിനാല്‍ ബിജെപിയ്ക്കും ഇതൊരു നാഴികക്കല്ലാണ്. കാവിപ്പാര്‍ട്ടിയുടെ മറ്റൊരു പ്രിയങ്കര ആവശ്യമായിരുന്ന ഭരണഘടനയുടെ 370 -ാം വകുപ്പിന്റെ റദ്ദാക്കല്‍ നടത്തിയതിന്റെ വാര്‍ഷികദിനത്തിലാണ് ഇതു സംഭവിച്ചത്.
ഭരണഘടന മാറ്റി മറിക്കാനുള്ള ശക്തിമോദി സര്‍ക്കാരിനുണ്ടായേക്കില്ല. പക്ഷേ, നിരവധി പ്രച്ഛന്ന മാര്‍ഗങ്ങളിലൂടെ പരോക്ഷമായി അതു തന്നെയാണു ചെയ്യുന്നത്. പ്രതീകാത്മക നടപടികളിലൂടെയും വാഗ്‌വിലാസങ്ങളിലൂടെയും ചെയ്യുകയാണിത്. അയോദ്ധ്യ സമരത്തെ സ്വാതന്ത്ര്യസമരവുമായി പ്രധാനമന്ത്രി താരതമ്യപ്പെടുത്തിയത്, അണിയറയില്‍ എന്തൊക്കെയാണ് ഈ രാജ്യത്തിനായി ഒരുങ്ങുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. സാമ്രാജ്യത്വനുകത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടം സകലരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു. അതിനെ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള സമരവുമായി ചേര്‍ത്തു വയ്ക്കാനാവില്ല. അതേസമയം തന്നെ, അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന മോസ്‌കിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുകയില്ല എന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പിച്ചു പറഞ്ഞത് ഈ രാജ്യം എങ്ങോട്ടു പോകുന്നുവെന്നു വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org