അനുസരണത്തിന്റെ സഭാത്മക മാനം

അനുസരണത്തിന്റെ സഭാത്മക മാനം

മുണ്ടാടന്‍

വൈദികരുടെയും ദൈവജനത്തിന്റെയും അഭിപ്രായങ്ങള്‍ക്ക് യാെതാരു വിലയും കല്പിക്കാതെ സീറോ മലബാര്‍ സഭാ സിനഡ് കുര്‍ബാനരീതിയില്‍ ഐകരൂപ്യം വേണമെന്ന് തീരുമാനിച്ചതിനെ വിമര്‍ശിച്ചപ്പോള്‍ പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ ചോദ്യത്തിന് ഉത്തരം കൊടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

മാര്‍പാപ്പയല്ലേ പറയുന്നത് അതനുസരിച്ചാല്‍ പോരേ? പട്ടം കിട്ടിയപ്പോള്‍ മെത്രാന് അനുസരണം വാഗ്ദാനം ചെയ്തതല്ലേ അതുകൊണ്ട് അനുസരണക്കേട് പൗരോഹിത്യ ധര്‍മത്തിന് വിരുദ്ധമല്ലേ? സാധാരണക്കാര്‍ക്കു പോലും സംശയം തോന്നിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരുത്തരം കാലത്തിന്റെ അനിവാര്യതയാണ്.

അനുസരണത്തെ വിശുദ്ധ ഗ്രന്ഥത്തില്‍ ഒരിടത്തും അടിമത്തമായി കാണുന്നില്ല. സഭാ പിതാക്കന്മാരുടെ ഭാഷ്യത്തില്‍ അനുസരണം നല്ലതാകുന്നത് ദൈവഹിതത്തിനുവേണ്ടി മാത്രം അത് അനുഷ്ഠിക്കുമ്പോഴാണ്. സ്വാതന്ത്രവും യുക്തിസഹവുമായ തീരുമാനമെടുക്കാനുമുള്ള ഇച്ഛാശക്തി ദൈവം മനുഷ്യന് നല്കിയ ഏറ്റവും വലിയ ദാനമാണ്. സഭാ പിതാക്കന്മാര്‍ പറയുന്നു, 'ശരിയെ തെരഞ്ഞടുക്കാനുള്ള മനസ്സില്ലാത്തത് പിശാചിനു മാത്രമാണ്.' അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദൈവവിരുദ്ധമാണ്. മനുഷ്യരക്ഷയ്ക്ക് അവശ്യം വേണ്ടത് ഓരോരുത്തരുടെയും മനസ്സാണ്. നന്മയും തിന്മയും നിറഞ്ഞ ജീവിതപരിസരത്തില്‍ തിന്മയെ ഒഴിവാക്കി നന്മയെ തിരഞ്ഞെടുക്കാനുള്ള ഇച്ഛാശക്തി ഉപയോഗിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നത്. അതിനാല്‍ അനുസരണം എന്ന പുണ്യത്തിന് ഇച്ഛാശക്തിയോ ബുദ്ധിയോ സ്വതന്ത്ര്യ ചിന്തയോ വേണ്ട എന്നു പറയുന്നത് ദൈവദൂഷണമാണ്. മനസ്സിന്റെ സ്വാതന്ത്ര്യത്തിലാണ് അനുസരണമെന്ന പുണ്യം വിടരുന്നത്.

സഭാ പിതാക്കന്മാരായ ബേസിലും അത്തനേഷ്യസും പറയുന്നത് അനുസരണം തന്നെതന്നെ മറ്റൊരാള്‍ക്ക് കീഴ്‌പ്പെടുത്തുന്നതിനേക്കാളും അപ്പുറത്താണ്. അനുസരണം സ്‌നേഹത്തോടെയുള്ള വിശ്വാസ്യതയില്‍ നിന്നും രണ്ടു വ്യക്തികള്‍ തമ്മില്‍ ക്രിസ്തുവിലുള്ള പരസ്പര ബന്ധത്തില്‍ നിന്നുമാണ് ഉരുത്തിരിയുന്നത്. ക്രിസ്തുകേന്ദ്രീകൃതമായ ബന്ധമില്ലെങ്കില്‍ അധികാരത്തില്‍ നിന്ന് അഹംഭാവവും അനുസരണത്തില്‍ നിന്ന് കുറ്റബോധവും മാത്രമേ ഉണ്ടാകുകയുള്ളു. സഭയില്‍ എല്ലാ പുണ്യങ്ങളും പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിന്റെ വെളിച്ചത്തിലാണ് സജീവമാകുന്നത്. പൗലോസ് ശ്ലീഹാ പറയുന്നു, "ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചു നോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്മയില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യുവിന്‍" (1 തെസ. 5:20-22). പരിശോധന കൂടാതെയുള്ള അന്ധമായ അനുസരണം വചനവിരുദ്ധമാണ്.

അധികാരത്തെ സഭയില്‍ ആത്മാവിന്റെ സജീവമായ ശ്വാസമായിട്ടാണ് കാണുന്നത്. അതു സാധ്യമാകുന്നത് ഏകാധിപത്യത്തിലല്ല, കൂട്ടായ്മയിലാണ്. ഈ അര്‍ത്ഥത്തിലാണ് പുരോഹിതന്റെ അനുസരണത്തെ വ്യാഖ്യാനിക്കേണ്ടത്. തിരുപ്പട്ട ശുശ്രൂഷയുടെ ആദ്യഭാഗത്ത് പുരോഹിതാര്‍ത്ഥി മെത്രാന്റെ മുമ്പില്‍ മുട്ടുകുത്തി സര്‍വശക്തനായ ദൈവത്തിലും രക്ഷകനായ ക്രിസ്തുവിലും പരിശുദ്ധാത്മാവിന്റെ നവീകരണത്തിലും കത്തോലിക്കാ സഭയിലുമുള്ള വിശ്വാസ പ്രഖ്യാപനം നടത്തുന്നു. അതിന്റെ അവസാന ഭാഗത്ത് മെത്രാനോടുള്ള അനുസരണവും. അതേക്കുറിച്ച് കത്തോലിക്കാ സഭയുടെ സാര്‍വത്രിക മതബോധനം പറയുന്നു, "പട്ടം സ്വീകരിക്കുന്ന വേളയില്‍ പുരോഹിതര്‍ മെത്രാനോടു നടത്തുന്ന അനുസരണ വാഗ്ദാനവും തിരുപ്പട്ട ശുശ്രൂഷയുടെ അവസാനഭാഗത്ത് അര്‍പ്പിക്കുന്ന സ്‌നേഹചുംബനവും മെത്രാന്‍ അവരെ തന്റെ സഹപ്രവര്‍ത്തകരും പുത്രരും സഹോദരരും സുഹൃത്തുക്കളുമായി പരിഗണിക്കുന്നുവെന്നും, പകരം അവര്‍ അദ്ദേഹത്തെ സ്‌നേഹിക്കുവാനും അനുസരിക്കുവാനും ബാധ്യസ്ഥരാണെന്നുമാണ് അര്‍ത്ഥമാക്കുന്നത് (1567). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 'മെത്രാന്മാര്‍' എന്ന ഡിക്രിയില്‍ പറയുന്നു, മെത്രാന്മാര്‍ "മക്കളും സുഹൃത്തുക്കളുമെന്ന ഭാവേന വൈദികരോട് വര്‍ത്തിക്കണം. തന്മൂലം അവരെ ശ്രവിക്കാന്‍ മെത്രാന്മാര്‍ സന്നദ്ധത പ്രദര്‍ശിപ്പിക്കുകയും ആത്മവിശ്വാസത്തോടു കൂടിയ സുഹൃദ്ബന്ധം അവരോടു പ്രദര്‍ശിപ്പിച്ചുകൊണ്ടു രൂപതയുടെ മുഴുവന്‍ അജപാലനാത്മകമായ സമസ്ത പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തുകയും വേണം" (മെത്രാന്മാര്‍ 46). ഇവിടെ ഉദ്ധരിച്ചിട്ടുള്ള യോഗ്യതകള്‍ ഇന്നത്തെ അധികാരികളില്‍ പലരിലും കാണുന്നില്ല എന്നതാണ് അനുസരണത്തിന്റെ മേഖലയിലെ ഇന്നത്തെ പ്രതിസന്ധി.

ഫുള്‍സ്റ്റോപ്പ്: വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച് മാര്‍പാപ്പ എടുക്കുന്ന തീരുമാനത്തിന് അനുസരണം പ്രഖ്യാപിക്കേണ്ടതാണ്. അല്ലാതെ കുര്‍ബാനയര്‍പ്പിക്കുന്ന രീതിയെന്ന (ജനാഭിമുഖമോ/അള്‍ത്താരാഭിമുഖമോ) ഒട്ടും പ്രാ ധാന്യമല്ലാത്തതും പ്രദേശത്തിനനുസരിച്ച് മാറുന്നതുമായ കാര്യത്തില്‍ ജനങ്ങളോടും വൈദികരോടും ആലോചിക്കാതെയും മാര്‍പാപ്പയുടെ കത്തിനെ കല്പനയാക്കി വക്രീകരിച്ച് എടുത്ത സിനഡ് തീരുമാനത്തെ അനുസരണത്തിന്റെ വാളില്‍ തൂക്കേണ്ട കാര്യമില്ല. സഭാത്മകമായ തീരുമാനം ദൈവഹിതമാകുന്നത് ഏകാധിപത്യത്തിലല്ല, കൂട്ടായ്മയിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org