തലമുണ്ഡനം ചെയ്ത് സ്ത്രീകള്‍ അടയാളപ്പെടുത്തുന്ന തെരഞ്ഞെടുപ്പ്

തലമുണ്ഡനം ചെയ്ത് സ്ത്രീകള്‍ അടയാളപ്പെടുത്തുന്ന തെരഞ്ഞെടുപ്പ്

മുണ്ടാടന്‍

2021 ലെ കേരള അസംബ്‌ളി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെതായി പാര്‍ട്ടി ചിഹ്നങ്ങളും ഇതര ചിഹ്നങ്ങളും ഉണ്ടെങ്കിലും ചരിത്രം ഈ തെര ഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത് തലമുണ്ഡനം ചെയ്ത രണ്ടു സ്ത്രീകളുടെ ചിത്രങ്ങള്‍ കൊണ്ടായിരിക്കും. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകളുടെ സൗന്ദര്യത്തിന്റെയും അന്ത സ്സിന്റെയും അടയാളമാണ് അവരുടെ തലമുടി. ലോകത്തെ സാക്ഷി നിര്‍ത്തി 'വാളയാര്‍ അമ്മ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഭാഗ്യവതിയും മഹിളാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയായ ലതിക സുഭാഷും അവരുടെ മുടി മുറിച്ച് വെല്ലുവിളിച്ചത് ഇവിടുത്തെ രാഷ്ട്രീയ പുരുഷ കേസരികളെയും ദളിതരെയും സ്ത്രീകളെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച് ആവശ്യം കഴിയുമ്പോള്‍ അവരെ പുറത്തേക്കെറിയുന്ന അളിഞ്ഞ സംസ്‌കാരത്തെയുമാണ്.

പ്രായപൂര്‍ത്തിയാകാത്ത തന്റെ രണ്ടു പെണ്‍മക്കളെ കാമാര്‍ത്തി പൂണ്ട നരാധമന്മാര്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസ് അട്ടി മറിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം നല്കിയ പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് ഭാഗ്യവതി ധര്‍മ്മടത്ത് പോരാട്ടത്തിനായി ഇറങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവരുയര്‍ത്തുന്ന ചോദ്യം പാവങ്ങളുടെ പാര്‍ട്ടിയെന്ന് ഒരു കാലത്ത് അഭിമാനം കൊണ്ടി രുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് പാവപ്പെട്ട ദളിതര്‍ക്കും സമൂഹ ത്തില്‍ തഴയപ്പെടുന്ന സ്ത്രീകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താനോ അവരെ ശ്രവിക്കാനോ ഉള്ള ആര്‍ജ്ജവം നഷ്ടമായിരിക്കുന്നു.
ഞാന്‍ ലതിക സുഭാഷിനോട് സംസാരിച്ചിട്ടുണ്ട്. അവര്‍ മഹിള കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷ എന്ന നിലയേക്കാളും ഒരു മനുഷ്യാവകാശപ്രവര്‍ത്തക കൂടിയാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്ത്രീയാണവര്‍. പക്ഷേ അവര്‍ക്ക് ഏറ്റുമാനൂരില്‍ ഒരു സീറ്റുകൊടുത്ത് സ്ത്രീകളെ മാനിക്കാനുള്ള കരുത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കില്ലാതെ പോയി. അവരെ തഴയാന്‍ കാരണം എന്താണെന്ന് കോണ്‍ഗ്രസ്സു നേതൃത്വം തുറന്നു പറയുന്നുമില്ല. സ്ത്രീത്വം അവഹേ ളിക്കപ്പെടുന്നിടത്തെല്ലാം ലതിക സുഭാഷ് പ്രത്യക്ഷപ്പെടാറുണ്ട്. അവര്‍ പുരുഷമേധാവിത്വത്തിന് തലവച്ച് കൊടുക്കുന്ന സ്ത്രീയല്ല. സമുദായവും അധികാരവും സ്വാധീനവും ഒന്നും നോക്കാതെ സ്ത്രീകള്‍ക്കു വേണ്ടി സമരം ചെയ്യാന്‍ അവര്‍ മുന്നിലുണ്ടാകും. അവിടെയാണ് അവര്‍ തഴയപ്പെടുന്നത്. സമൂഹത്തിലും സമുദായത്തിലും രാജകീയ സിംഹാസനങ്ങളില്‍ ഇരിക്കുന്നവരെ സുഖിപ്പിക്കുന്ന കോണ്‍ഗ്രസ്സു നേതാക്കന്മാരുടെ ഇംഗീതത്തിന് അവര്‍ വഴങ്ങാറില്ല.

2020 മാര്‍ച്ച് 14 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പെണ്മയ്ക്ക് വേണ്ടി പ്രത്യേകമായി ഒരുക്കിയതാണ്. എഡിറ്റര്‍ 'വാക്ക് IN'ല്‍ എഴുതിയിരിക്കുന്നു, "ഈ ലക്കത്തില്‍ ചെറുകഥയില്ല; പകരം, ഉജ്ജ്വലമായ ഏതു കഥയേയും ചെറുതാക്കാന്‍ കെല്പുള്ള പത്ത് സ്ത്രീജീവിതങ്ങളാണുള്ളത്." ഇതില്‍ ചരിത്രത്തിലുടനീളം സ്തീത്വത്തെയും അവരുടെ മഹത്ത്വത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച പുരുഷാധികാരത്തിന്റെ വ്യവഹാരങ്ങള്‍ക്കെതിരെ കലയിലൂടെ വെല്ലവിളിച്ച ജൂഡി ചിക്കാഗോയെക്കുറിച്ച് കവിത ബാലകൃഷ്ണ്‍ കുറിച്ചിട്ടുണ്ട്. ജൂഡി ചിക്കാഗോയുടെ വിഖ്യാതമായ "ഡിന്നര്‍ പാര്‍ട്ടി" എന്ന കലാസൃഷ്ടി ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും സ്ത്രീകളെ മനുഷ്യര്‍ ധൈഷണിക മഹത്ത്വങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുന്നതിന്റെയും സ്ത്രീകളുടെ സാന്നിധ്യം കേവലം പ്രത്യുത്പാദന-പരിപോഷണ പ്രക്രിയകളില്‍ ഒതുക്കപ്പെടുന്നതിന്റെയും സൂചനകളിലേക്കാണ് ജൂഡി ചിക്കാഗോയുടെ സൃഷ്ടി വിരല്‍ ചൂണ്ടുന്നത്. ത്രികോണാകൃതിയിലുള്ള തീന്‍മേശപോലെ ഒന്ന്. ഈ മേശയ്ക്കു ചുററും ചരിത്രത്തെ മാറ്റി മറിച്ച മുപ്പതിയൊന്‍പത് സ്ത്രീകളുടെ പേരെഴുതി വച്ചിരിക്കുന്നു. അതുകൂടാതെ മേശമേല്‍ വേറെ തൊണ്ണൂറ്റി ഒന്‍പത് സ്ത്രീകളുടെ പേരുകളുമുണ്ട്. പുരുഷന്മാര്‍ക്ക് അരുതരുതായ്മകളില്ലാത്ത ലോകത്ത് സ്ത്രീയെക്കുറിച്ച് ചിന്തിക്കുന്നതു പോലും അരുതാത്തതായി കാണുന്ന ആണ്‍മേധാവിത്വത്തിന് കൊടുത്ത പ്രഹരമാണ് ജൂഡി ചിക്കാഗോയുടെ ചിത്രപ്രമേയം. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം യഥാര്‍ത്ഥത്തില്‍ പുരുഷ മേധാവിത്വത്തിന്റെ പ്രമേയമാണെന്ന വാദമുണ്ട്. എല്ലാവരെയും രക്ഷിക്കാന്‍ എത്തുന്ന ബിജെപിക്ക് സ്ത്രീകളെ മനുസ്മൃതിയുടെ മാലിന്യത്തില്‍ നിന്നും രക്ഷിക്കാനാകുമോയെന്ന ചോദ്യം തികച്ചും അപ്രസക്തമാണ്. ദളിതരെ മനുസ്മൃതിക്കാര്‍ മനുഷ്യരായി കണക്കാക്കുന്നു പോലുമില്ല.

ഫുള്‍സ്റ്റോപ്പ്: കോവിഡു നിയന്ത്രണത്തില്‍ സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങളുടെ വിജയത്തെ പ്രഘോഷിച്ച പോപ്പ് ഫ്രാന്‍സിസ് പറയുന്നു, "സ്ത്രീകളെക്കുറിച്ചുള്ള നിലവിലുള്ള തെറ്റിദ്ധാരണകളെയും തെറ്റായ നയങ്ങളെയും വെല്ലുവിളിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കാനാണ് എന്റെ ശ്രമം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org