ധര്‍മ്മം ചോദിച്ച ഭിക്ഷു

ധര്‍മ്മം ചോദിച്ച ഭിക്ഷു

പോള്‍ തേലക്കാട്ട്

ഈശോസഭാ വൈദികനായിരുന്ന സ്റ്റാന്‍ സ്വാമി തന്റെ ജീവിതത്തെ അപരനിലേക്കുള്ള പുറപ്പാട് യാത്രയാക്കിയ ഭിക്ഷുവായിരുന്നു. മിഷനറി എന്നു പറഞ്ഞാല്‍ പുരികം ചുളിച്ചു മാത്രം കേള്‍ക്കുന്ന ഒരു അധികാരഭാഷണത്തിന്റെ ലോകത്തിലാണ് നാം. അതിന്റെ മുന്‍വിധികള്‍ ധാരാളം നേരിട്ട് മരിക്കേണ്ടിവന്നവനാണ് അദ്ദേഹം. ധര്‍മ്മം ചോദിച്ച് അതു ലഭിക്കാതെ രാജ്യദ്രോഹിയുടെ പരിഗണനയില്‍ ഊതിക്കെടുത്തപ്പെട്ട ഒരു ജീവിതം. ഇന്ത്യ ധര്‍മ്മത്തിന്റെ രാജ്യമാണ് എന്നാണ് നാം കേട്ടിട്ടുള്ളത്. ധര്‍മ്മം ചോദിക്കുന്ന ധര്‍മ്മക്കാരനു പോലും കിട്ടേണ്ടതു കിട്ടാതെ മരിക്കേണ്ടിവന്നവനാണ് അദ്ദേഹം. തലോജ സെന്‍ട്രല്‍ ജയിലില്‍ എന്‍ഐഎയുടെ പിടിയില്‍ കഴി ഞ്ഞ സ്റ്റാന്‍ സ്വാമിക്ക് 84 വയസ്സും പാര്‍ക്കിന്‍സന്‍സ് രോഗവും മൂലം കൈ വിറയ്ക്കുന്നതു കൊണ്ട് ഒരു ഗ്ലാസ് വെളളം പിടിച്ചു കുടിക്കാന്‍ കഴിയാതെയായി. അദ്ദേഹമാണ് കോടതി സമക്ഷം ഒരു അഭ്യര്‍ത്ഥന വച്ചത് – തനിക്കു വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ തരണം. നിസ്സാരമായ ഒരു വസ്തു ഒരു വയോധികന് കൊടുക്കണോ എന്നു പരിഗണിച്ച ജഡ്ജി കുറ്റാന്വേഷകരോട് മറുപടി ചോദിച്ചു. അവര്‍ ഉത്തരം കൊടുക്കാന്‍ 20 ദിവസമാണ് എടുത്തത് – അപ്പോഴും കൊടുക്കാനായിരുന്നില്ല. കൊടുക്കേണ്ടതില്ല എന്നതായിരുന്നു മറുപടി. ഇതേ മനോഭാവമാണ് കോടതിയും നിയമവ്യവസ്ഥയും കുറ്റാന്വേഷകനും സ്വീകരിച്ചത് – അതിന്റെ അധികാര ഭീകരതയിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം കുറ്റക്കാരനാണ് എന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടവനോട് ഇതിലും ക്രൂരമായി ഒരു വ്യവസ്ഥിതിക്കു പെരുമാറാനാകുമോ? എങ്ങനെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയും കോടതിയും കുറ്റാന്വേഷകരും ഇത്ര കണ്ണില്‍ച്ചോരയില്ലാത്തവരായി മാറിയതു നാം കാണാതിരിക്കരുത്.

അതു ഹിന്ദുത്വയുടെ ഭരണത്തില്‍ വന്നിരിക്കുന്ന ഗൗരവമായ മാറ്റമാണ്. ഇത് ഒരു ക്രമത്തിന്റെ മാറ്റമാണ്. ഇന്ത്യന്‍ ജനാധിപത്യം വെറുപ്പിന്റെയും പകപോക്കലിന്റെയും വിമര്‍ശകരെ രാജ്യദ്രോഹികളാക്കുന്നതിന്റെയും പാതയിലാണ്. ഏറെ ചിന്തയ്ക്കു വിധേയമാകേണ്ടത് ഈ മനുഷ്യന്‍ തന്റെ നാലു പതിറ്റാണ്ടുകള്‍ ആദിവാസികള്‍ക്ക് ഇന്ത്യയുടെ ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി അവരോടൊത്തു നിന്നു പോരാടിയവനായിരുന്നു. ഭരണഘടനയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതു രാജ്യദ്രോഹമായി മാറ്റപ്പെടുന്ന വലിയ മാറ്റം ഈ രാജ്യത്തു സംഭവിച്ചിരിക്കുന്നു. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ജാര്‍ഖണ്ഡില്‍ 39% ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരാണ്. ഈ നാടിന്റെ 40% ധാതുക്കളും ഈ സംസ്ഥാനത്തുമാണ്. ഇത് അവരെ സമ്പന്നരാക്കിയില്ല. അതു കോര്‍പ്പറേറ്റുകളെയാണ് സമ്പന്നരാക്കിയത്. ഇത് എതിര്‍ക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കിയതു സ്റ്റാന്‍ സ്വാമിയുടെ ദേശദ്രോഹക്കുറ്റമായി. അവിടങ്ങളിലെ ധാരാളം യുവാക്കന്മാരെയാണ് മാവോയിസ്റ്റുകളുമായി ബന്ധം ആരോപിച്ചു ജയിലിലടയ്ക്കുന്നത്. വിദ്യാഭ്യാസവും വികസനവും എത്തിയിട്ടില്ലാത്ത ഇവര്‍ക്ക് ഭാഷയില്ലായിരുന്നു, ധര്‍മ്മം ചോദിക്കാന്‍ അറിയില്ലായിരുന്നു. ഇവര്‍ക്ക് അതിനു ഭാഷയും ധര്‍മ്മബോധവും നല്കിയ മിഷനറി കുറ്റവാളിയായി വെട്ടി നീക്കപ്പെട്ടു.

ഈ അക്രമാധിപത്യത്തിനെതിരെ തിരിച്ചു പറയാനാവാത്ത ഒരു ഭരണസംസ്‌കാരം വളരുകയാണ്. ഇന്ത്യയിലെ മനുവാദത്തില്‍ ആഡ്യന്മാരായവര്‍ക്ക് മാത്രമാണ് ഭാഷയുടെ അവകാശമുള്ളത് എന്നു വരുന്ന ഒരു ലോകക്രമം അടിച്ചേല്പിക്കപ്പെടുന്നു. സാധാരണക്കാരന്റെ അടുക്കള പോലും അവരുടെ അടുക്കളയ്ക്കു അനുരൂപപ്പെടണം എന്ന അവസ്ഥയായിരിക്കുന്നു. അവര്‍ക്ക് അപ്രിയരായ വിചാരണ തടവുകാരന്‍ മനുഷ്യനല്ലാതാകുന്നു. ഇങ്ങനെയൊരു മതസംസ്‌കാരാധിനിവേശത്തിന്റെ ആധിപത്യത്തിലേക്ക് ഇന്ത്യയുടെ ജനാധിപത്യം കൂപ്പുകുത്തുന്നു എന്നതാണ് നാം ജീവിക്കുന്ന അന്തരീക്ഷം.

ഇങ്ങനെ ദയനീയമായി ധര്‍മ്മം ചോദിക്കുന്നവനു മരണം നല്കു ന്ന നാടകീയ ഭീകരതയുടെ മുമ്പില്‍ പ്രതികരിക്കാനാവാത്ത ഒരു സഭാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും സംജാതമാകുന്നത് എങ്ങനെയാണ് കാണേണ്ടത്? സഭയ്ക്കു ശബ്ദമില്ലാതാകുന്നത് അതിനു മുഖമില്ലാതാകുമ്പോഴാണ്. മുഖമാണ് മൊഴിയുന്നത്; മുഖമാണ് ഭാഷ ഉണ്ടാക്കുന്നത്. മുഖം നഷ്ടമായാല്‍ നിശബ്ദത ഭരിക്കും. ആ പ്രതിസന്ധി നാം നേരിടുന്നു എന്നു തോന്നുന്നു. ഒരു സമൂഹത്തിന്റെയും മതത്തിന്റെയും മുഖം നഷ്ടമാകുന്നതു ധാര്‍മ്മിക നിലപാടില്ലാതാകുമ്പോഴാണ്. മുഖത്തില്‍നിന്ന് ഭാഷയുണ്ടാകുന്നതു; മുഖത്തിന്റെ ധാര്‍മ്മിക നിലപാടില്‍ നിന്നാണ്. ഈ നിലപാടും ഭാഷയുമാണ് അക്രമത്തേയും അധീശത്വത്തേയും നേരിട്ട് പരിഹരിക്കുന്നത്. അതിക്രമങ്ങളെ ഒഴിവാക്കുന്നതു ഭാഷയുടെ അത്ഭുതകരമായ ശക്തികൊണ്ടുതന്നെയാണ്. മനുഷ്യന്റെ ധര്‍മ്മബോധം വാറ്റി മുഖത്ത് ഭാഷയാ ക്കുകയാണ്. മുഖത്തിന്റെ മൊഴി ചോദിക്കുന്നതു ധര്‍മ്മമാണ്. വ്യാസ നും വാല്‍മീകിയും അര്‍ത്ഥശങ്കയില്ലാതെ നമ്മെ പഠിപ്പിച്ച ധര്‍മ്മം.

മുഖങ്ങള്‍ അപ്രത്യക്ഷമാകുന്നതും മൊഴികള്‍ നിശബ്ദമാകുന്ന തും മരണത്തിന്റെ വരവിന്റെ സൂചനയാണ്. അതു ഉത്തരവാദിത്വം ഒഴിയുന്ന നേതൃത്വത്തിന്റെ പരാജയവുമാണ്. അധികാരം അടിച്ചേല്പിക്കുന്നതും നിശബ്ദതയാണ്. ഭാഷയുടെ മരണത്തില്‍ അക്രമ വും മരണവും നിര്‍ബാധം കടന്നുവരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണകരമായ പ്രതിസന്ധിയാണ് സൂചിപ്പിച്ചത്. അധികാര ത്തിന്റെയും പോലീസിന്റെയും അനുഷ്ഠാനങ്ങളില്‍ പറഞ്ഞതൊ ക്കെ പറയാത്തതാകും. ഈ അഴിച്ചിലില്‍നിന്നും ഭാഷയും ധര്‍മ്മവും വീണ്ടെടുക്കേണ്ടതു പൗരബോധത്തിന്റ മനുഷ്യരാണ്. നമുക്കുണ്ടാകേണ്ടതു ഭാഷയാണ്. അതിന്റെ ധര്‍മ്മമാണ്. അതു കടാക്ഷങ്ങളും മുഖപ്രസാദങ്ങളും ഉണ്ടാക്കും – മനുഷ്യത്വം വീണ്ടെടുക്കുമ്പോള്‍. മനുഷ്യത്വം മരിച്ച ഒരു കാറ്റ് വടക്കുനിന്നും വീശുന്നു!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org