ഈശ്വരവിശ്വാസത്തിന്റെ ശുദ്ധി

ഈശ്വരവിശ്വാസത്തിന്റെ ശുദ്ധി

പോള്‍ തേലക്കാട്ട്

ഈശ്വരവിശ്വാസം ധാരാളമാണ്. പക്ഷേ, അതു ശുദ്ധമാണോ? പലരും ഈശ്വരന്‍ എന്ന പദത്തില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ എന്ന ആശയത്തില്‍ വിശ്വസിക്കുന്നു. മറ്റു പലര്‍ക്കും വിജയകിരീടങ്ങളുടെ മറുപേരാണ് ദൈവം. ഇനി യും ചിലര്‍ക്കു സൗഖ്യസൗഭാഗ്യമാണ് ദൈവം. ഇതെല്ലാം ദൈവമല്ല, ദൈവത്തിന്റെ മനുഷ്യന്‍ ഉണ്ടാക്കിയ വിഗ്രഹങ്ങളാണ്. ദൈവവിശ്വാസം ഒന്നിനും ഉറപ്പു നല്കുന്നില്ല. അത് ആരോഗ്യസൗഖ്യങ്ങള്‍ ഉറപ്പാക്കുന്നില്ല. അതു സമ്പത്തും സുസ്ഥിതിയും ഉറപ്പിക്കുന്നില്ല. വിശ്വാസി കടുത്ത പീഡനത്തിനും പരാജയത്തിനും ദുരന്തങ്ങള്‍ക്കും ഇരയാകുന്നു. അതു നീതിപോലും ഉറപ്പാക്കുന്നില്ല. ദൈവത്തെ ന്യായീകരിക്കാനാവാത്തവിധം തിന്മ വാഴുന്നു. പ്രാര്‍ത്ഥനയുടെ അങ്ങേ വശത്തു കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു വ്യക്തമല്ലാത്ത ഇരുട്ടിന്റെ പ്രാര്‍ത്ഥന. ധര്‍മസംസ്ഥാപനത്തിന്റെ ദൈവം വരില്ല എന്നറിയുമ്പോള്‍; ആ അറിവ് അസ്തിത്വത്തെ പിഴുതുമാറ്റുന്നതു ഞാന്‍ ഞാന്‍ മാത്രം എന്ന അവസ്ഥയിലേക്കാണ്.

ദൈവമില്ലാത്ത ഏതോ ഇടത്തില്‍ നില്ക്കുമ്പോള്‍ അതു നിരീശ്വരത്വത്തിന്റെ വേലിപ്പുറത്താണ്. ദൈവമോഹം വെറും മോഹത്തിന്റെ മറ്റൊരു പേരു മാത്രമാകുന്നു. ഇതു ശൂന്യമായ മണല്‍ക്കാട്ടിലേക്കുമാണ്. അവിടെ പേരില്ലാത്ത ദൈവത്തിനായി മോഹിക്കാം. മരണത്തിന്റെയും തിന്മയുടെയും കയ്പ് നിറയുമ്പോഴും ദൈവത്തെ ഒഴിവാക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന വല്ലാത്ത സ്ഥിതി. ദൈവത്തോടുകൂടി വസ്തുവകകളില്ല, അധികാരതൊപ്പികളുമില്ല. പിന്നെ എന്തുണ്ട് – ആഗ്രഹത്തിനതീതമായ ഒരാഗ്രഹം. പുരാണദൈവങ്ങള്‍ എല്ലാം അപ്രത്യക്ഷമായി. ആരെയും ഉറപ്പായി പ്രതീക്ഷിക്കാതെ, ആരും വരാനില്ലാത്തവന്റെ കാത്തിരിപ്പ്. ആശ്ചര്യം സൃഷ്ടിച്ച് ആരെങ്കിലും വരുമോ? ഉറപ്പില്ല. എങ്കിലും വാതില്‍ തുറന്നിടുക. അവന്‍ വരുമോ എന്നു നിശ്ചയിക്കുന്നതു വാതില്‍ തുറക്കുന്നവനല്ല. വരുന്നവനാണ്. അങ്ങനെ സങ്കല്പാതീതമായ അവിശ്വാസിയുടെ ദീര്‍ഘദര്‍ശനം ഇല്ലാതെ ആത്യന്തിക ആശ്ചര്യം വരുമോ? ഈ കാത്തിരിപ്പ് പ്രതീക്ഷയൊന്നും ഉറപ്പായി ഇല്ലാത്ത വെറും രാത്രിയുടെ നോക്കിപ്പാര്‍ക്കലാണ്. അവിടെ കാഴ്ചയുമില്ല. ഈ രാത്രിയുടെ ഇടം മതപരമായ വിശ്വാസത്തിന്റെയല്ല. ഭാഷയുടെ ഈ മണല്‍ക്കാട്ടില്‍ ദൈവം വരുമെങ്കില്‍ അതു ശുദ്ധ ദാനമായി, ദൈവികതയായി മാത്രമായിരിക്കും. അതു തരുന്നതു ഒരു ശാന്തിയുമല്ല, ഒരു സൗഖ്യവുമല്ല. അതു തരുന്നതു ദൈവികത എന്ന ഉത്തരവാദിത്വമാണ്.

ദൈവം സൃഷ്ടികളുമായി കളിക്കുന്നു; ഈ ലീലയിലാ ണു ദൈവം തന്നെത്തന്നെ നല്കുന്നത് – ദൈവികത – കടുത്ത ഉത്തരവാദിത്വം. ആത്മാവിന്റെ ആഴങ്ങളില്‍ ദൈവത്തിനുവേണ്ടി ആഴത്തോടു കരയുന്നു. കാരണം ഉറപ്പു കണ്ടെത്തുമ്പോള്‍ ദൈവം കടന്നുപോയി എന്ന് ഉറപ്പാക്കാം. ഉറപ്പുള്ളപ്പോള്‍ വിശ്വാസം മരിക്കുന്നു. ഒരു ഉറപ്പുമില്ലാത്ത കാത്തിരിപ്പാണു വിശ്വാസം. ഒന്നു മാത്രമേ വരാനുള്ള ഉറപ്പില്ലാത്തവന്‍ ഉറച്ച ഉത്തരവാദിത്വവുമായി വരുന്നു.

യഥാര്‍ത്ഥ വിശ്വാസം ശുദ്ധമായ വിശ്വാസമാണ് – അതു വല്ലാത്ത നിരീശ്വരത്വത്തില്‍ നില്ക്കുന്നു. ഈ ഈശ്വരവിഗ്രഹങ്ങളുടെ ഉടയ്ക്കല്‍ വിശ്വാസിക്ക് അനിവാര്യമാണ്. എല്ലാ ഉറപ്പുകളുടെയും പരിധിക്കപ്പുറത്താണു വിശ്വാസം. അപ്പുറത്തു നില്ക്കുന്ന വിശ്വാസിക്ക് ഒരു ഉറപ്പുമില്ല. സാദ്ധ്യതകളുമായി അവന്‍ വരുമോ? ആത്യന്തികമായ ഭാവിക്കായി ചക്രവാളത്തില്‍ കണ്ണില്ലാതെ കാത്തിരിക്കുക – ഈ കാത്തിരിപ്പും അതു നല്കുന്ന ദൈവിക ഉത്തരവാദിത്വവുമാണ് ആത്മീയജീവിതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org