വ്യക്തിസ്വാതന്ത്ര്യ ബോധമാണ് ജനാധിപത്യത്തിന്റെ അടിത്തറ

വ്യക്തിസ്വാതന്ത്ര്യ ബോധമാണ് ജനാധിപത്യത്തിന്റെ അടിത്തറ

മുണ്ടാടന്‍

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഇനി മുതല്‍ മതാന്തരവിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിച്ചിരിക്കുകയാണ്. ബി.ജെ.പിക്കും ആര്‍. എസ്.എസ്സിനും അധികാരമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം മതേതര മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കടയ്ക്കല്‍ കോടാലി വയ്ക്കുന്ന എന്തു നിയമവും പാസ്സാകും. അവര്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന നിസ്സംഗതയില്‍ മതേതരവിശ്വാസികള്‍ പോലും എത്തിയിരിക്കുന്നു. ചിലര്‍ അവര്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന ഭയത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. വാസ്തവത്തില്‍ പ്രണയത്തെ പോലും മതാത്മകമായി മാറ്റുന്ന സര്‍ക്കാര്‍ വരുത്തിവയ്ക്കുന്ന -വിന ചില്ലറയൊന്നുമല്ല. ഇന്ത്യയിലെ രാഷ്ട്രീയാധികാരികള്‍ക്ക് എന്തോ കാര്യമായ രോഗം ബാധിച്ചിട്ടുണ്ട്.
നിയമം അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുമെന്ന ജോണ്‍ ലോക്കിന്റെ പ്രസ്താവന ശരിയാണെങ്കില്‍ ഒരു മതനിരപേക്ഷ രാജ്യമായി ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അടിസ്ഥാന അവകാശങ്ങളായി എഴുതി വച്ചിരിക്കുന്ന ഭരണഘടനയുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിലെ സംസ്ഥാനങ്ങളിലാണ് വിവാഹത്തിനായി മതം മാറുന്നവരെ പിടിച്ച് ജയിലിലിടാന്‍ തക്കവിധമുള്ള നിയമങ്ങള്‍ പാസ്സാക്കുന്നതെന്നതോര്‍ക്കണം.
ജോണ്‍ റൗള്‍ പറഞ്ഞത് ഏതൊരു സാമൂഹിക സ്ഥാപനത്തിന്റെയും പ്രഥമ പുണ്യം നീതിയാണ് എന്നാണ്. ഈ നീതി വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്ന സംസ്‌കാരത്തിലേ നടപ്പാക്കാനാകൂ. പക്ഷേ ഇന്ന് ഇന്ത്യയില്‍ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇതാണോ നടക്കുന്നത്. വിവാഹത്തിനായുള്ള മതമാറ്റം നിരോധിക്കുകയും അത്തരം വിവാഹം ആഗ്രഹിക്കുന്നവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ 5 വര്‍ഷം വരെ ജയിലിലടയ്ക്കുമെന്നുമാണ് യോഗിയുടെ പുതിയ നിയമം. മതം മാറ്റത്തിനു വിധേയമാകുന്ന വ്യക്തിയോ, ആ വ്യക്തിയുടെ കുടുംബത്തിലോ ബന്ധത്തില്‍പ്പെട്ടവര്‍ക്കോ പരാതി നല്കാം. ചുരുക്കത്തില്‍ ഏതെങ്കിലും ഹിന്ദുക്കുട്ടി ഒരു ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ പ്രേമിച്ചുപോയാല്‍ സംഗതി ആകെ പ്രശ്‌നമാകും. സമാജ്‌വാദ് പാര്‍ട്ടി എം.പി. എം.റ്റി ഹാസന്‍ പറഞ്ഞത് "ഇനി മുതല്‍ മുസ്ലീം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ അവരുടെ സഹോദരിമാരായി കണ്ടാല്‍ മതി. ഈ നിയമം നിങ്ങളെ മര്‍ദ്ദിക്കാനുള്ളതാണ്. അതുകൊണ്ട് സ്വയം രക്ഷപ്പെട്ടു കൊള്ളുക." ഇര ഒരു ദളിത് വര്‍ഗത്തിലോ വംശത്തിലോ പെട്ടതാണെങ്കില്‍ ശിക്ഷ ഇരട്ടിയാണെന്നതും നിയമത്തിന്റെ അസമത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ മണിയാണ് മുഴങ്ങുന്നത്.
മനുസ്മൃതിയുടെ നിയമങ്ങള്‍ അധികം വൈകാതെ
ഇന്ത്യയൊട്ടാകെ ഭരിക്കുന്ന അധഃപതന ത്തിലേക്കാണ് നാം നീങ്ങുന്നത്.

കണ്ണു തുറന്നു കാണാനും ശക്തമായി പ്രതികരിക്കാനും
ഇനിയും വൈകിയാല്‍ ഇന്ത്യ ഒരു മതരാഷ്ട്രമായി മാറാന്‍

അധികം കാലം വേണ്ടിവരില്ല.


138 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഏകദേശം 4,635 സംസ്‌കാരിക, ഭാഷാ, മത, ജാതി, വര്‍ഗ വൈവിധ്യമുള്ള സമൂഹങ്ങളുണ്ട്. ഹിന്ദുമത വിശ്വാസത്തിനു പുറത്ത് ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ ഏകദേശം 19.4 ശതമാനം മാത്രമാണ്. ഇത്തരം ബഹുസ്വരതയുള്ള ഒരു മഹാരാജ്യത്താണ് ഇത്തരം സങ്കുചിതമായ നിയമങ്ങള്‍ കൊണ്ടുവരുന്നത്. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇവിടുത്തെ രാഷ്ട്രീയാധികാരികള്‍ ഒരു ദേശീയ വംശത്തെയല്ല (ിമശേീിമഹ ലവേിശര) മുമ്പില്‍ കാണേണ്ടത് മറിച്ച് ദേശിയ പൗരത്വത്തെയാണ് (ിമശേീിമഹ രശ്ശര). 'ഇന്ത്യത്തം' (കിറശമില)ൈ എന്നു പറയുന്നത് ബഹുസ്വരതയുടെ കൂട്ടായ്മയും അനന്യതയുമാണ്. സഹപൗരനായ അപരനെ അംഗീകരിക്കലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃ സത്തയും അടിസ്ഥാനവും. അതിനാല്‍ ഒരു മതത്തേയും ദേശീയ മതമായി കാണുവാനോ അതനുസരിച്ച് നിയമങ്ങള്‍ ഉണ്ടാക്കാനോ ഇവിടുത്തെ ഒരു ഭരണാധികാരിയും ശ്രമിക്കാനോ ചിന്തിക്കാനോ പാടില്ലാത്തതാണ്. ദേശവും രാഷ്ട്രവും ലക്ഷ്യം വയ്‌ക്കേണ്ടത് സമത്വവും വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും, സഹിഷ്ണുതയും സഹകരണവുമാണ്. വ്യക്തികളുടെ അവകാശത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല. മഹാത്മാഗാന്ധി പറഞ്ഞതുപോലെ തീക്ഷ്ണമായ വ്യക്തിസ്വാതന്ത്ര്യബോധം ഇല്ലാതെ പോകുന്നിടത്ത് ജനാധിപത്യം വിജയിക്കുക അത്ര എളുപ്പമല്ല.
ഇതുവരെ മിശ്രവിവാഹത്തിനുണ്ടായിരുന്ന പ്രോത്സാഹനങ്ങള്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ എടുത്തു കളയുന്നതായും കേട്ടു. നരേന്ദ്ര മോദിയാകട്ടെ ഒരേ ഒരു ഇന്ത്യ ഒരേ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി രംഗത്തുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങുന്നത്. മനുസ്മൃതിയുടെ നിയമങ്ങള്‍ അധികം വൈകാതെ ഇന്ത്യയൊട്ടാകെ ഭരിക്കുന്ന അധഃപതനത്തിലേക്കാണ് നാം നീങ്ങുന്നത്. കണ്ണു തുറന്നു കാണാനും ശക്തമായി പ്രതികരിക്കാനും ഇനിയും വൈകിയാല്‍ ഇന്ത്യ ഒരു മതരാഷ്ട്രമായി മാറാന്‍ അധികം കാലം വേണ്ടിവരില്ല.

ഫുള്‍സ്റ്റോപ്പ്: ഉച്ചനീചത്വങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും അനീതിയുടെ കുടുംബ സംസ്‌കാരങ്ങളില്‍ നിന്നുമുള്ള മോചനമായിരുന്നു പലര്‍ക്കും മതാന്തരവിവാഹങ്ങള്‍. മതം മാറ്റം ഒരു മനം മാറ്റത്തിന്റെ പരിധിയിലുള്ള കാര്യമായതിനാല്‍ അത് വ്യക്തിസ്വാതന്ത്ര്യമാണ്. അതിനെ ആദരിക്കേണ്ടതുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org