ചരിത്രത്തിന്റെ ശവകുടീരം

ചരിത്രത്തിന്റെ ശവകുടീരം

പോള്‍ തേലക്കാട്ട്

ചരിത്രത്തെ "ശവക്കുഴി" എന്നു വിശേഷിപ്പിച്ചതു പോള്‍ റിക്കറാണ്. നമ്മിലാണ് ചരിത്രം ഉറങ്ങുന്നത്. പഴയതു തട്ടിന്‍പുറത്തു വാരിയിട്ട് സൂക്ഷിക്കുന്നതുപോലെ പഴമ ഓര്‍മ്മകള്‍ കുഴിച്ചിട്ട് സൂക്ഷിക്കുന്നു. നമ്മുടെ സംസ്‌കാരം മ്യൂസിയങ്ങള്‍ ഉണ്ടാക്കുന്നതു കഴിഞ്ഞ എല്ലാം മറക്കാന്‍ പാടില്ല എന്ന ബോധ്യത്തില്‍ നിന്നാണ്. പക്ഷേ, മ്യൂസിയത്തില്‍ പഴമ എല്ലാമില്ല. നമ്മുടെ സംഘാത ഓര്‍മ്മയില്‍ നിലനിര്‍ത്തേണ്ടത് എ ന്നു ഭരിക്കുന്നവര്‍ക്കു തോന്നുന്നതു മ്യൂസിയത്തില്‍ സ്ഥലം പിടിക്കുന്നു.
മറവിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഓര്‍മ്മ നിലകൊള്ളുന്നത്. ബോധത്തില്‍ സ്ഥിരം കാത്തുസൂക്ഷിക്കുന്ന ജാഗ്രതയില്ലാത്തതിനെ മനസ്സില്‍ മറവു ചെയ്യുകയാണ്. എല്ലാം ഓര്‍മ്മയില്‍ നിലനിറുത്തുക അസാധ്യമാണ്, അപകടകരവുമാണ്. പഴമയുടെ കാല്പാടുകള്‍ പോലും മായിച്ചുകളയാന്‍ ആഗ്രഹിക്കുന്നവരുണ്ട്. കാരണം അതു സങ്കടപ്പെടുത്തുന്നു, കൊച്ചാക്കുന്നു, നശിപ്പിക്കുന്നു. ദുഃഖകരമായത് ഇല്ലാത്തവരില്ല, ഭൂതം മറന്നുവേണം ജീവിക്കാന്‍. പക്ഷെ, ആഹ്‌ളാദിപ്പിക്കുന്നതും ഉയര്‍ത്തുന്നതും ഉന്മേഷം നല്കുന്നതും ആശ്വാസകരമായതുമുണ്ട്. അത് ഓര്‍മ്മിക്കുന്നതു സന്തോഷമാണ്, കുളിര്‍മ നല്കുന്നു. ഇതാണ് ആഘോഷിക്കുന്നതും ആഘോഷങ്ങളാക്കപ്പെടുന്നതും. പക്ഷെ, ചിലത് ഓര്‍മ്മയില്‍നിന്നു തൂത്തു മാറ്റാനാവാത്തതുണ്ട്. ഇത് എന്റെ ആദിയുമായി ബന്ധപ്പെട്ടതാകും. ഈ ആദിയാണ് എന്റെ സ്വത്വം നിശ്ചയിക്കുന്നത്. ഇത് മുന്‍കൂട്ടി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഓര്‍മ്മ മറവിയുടെ പശ്ചാത്തലത്തിലാണ്. ശരീരം എപ്പോഴും പഴമ സ്വന്തമാക്കുന്നു. എല്ലാ കര്‍മ്മങ്ങളും ഓര്‍മ്മയില്‍ നിക്ഷേപിക്കപ്പെടുന്നു. ഓര്‍മ്മിക്കുന്നതു ഒരുവന്റെ ആദിയെ സംബന്ധിക്കുന്നതാണ്. അതു അസ്തിത്വവുമാണ്. അതു അനുദിനത്തിന്റെ ഉപരിപ്ലവമായ ഇഷ്ടാനിഷ്ടങ്ങളില്‍ വരില്ല. പൈ തൃകമെന്നതു കാത്തുസൂക്ഷിക്കുന്ന പ്രേതബാധയാണ്. അതു പറയാനാവുന്നതാകണമെന്നില്ല. പക്ഷെ, ഇതാണ് പറച്ചിലിന്റെ അടിസ്ഥാനം. എ ന്റെ കഥ എനിക്കു പറ യാന്‍ ഓര്‍മ്മ വേണം.
ഒരുവന്റെ തനിമ അ ഥവാ സ്വത്വം എന്നതു ആഖ്യാനപരതയാണ്. കാലം മനുഷ്യനായി മാ റുന്നതു പറച്ചിലിലാണ്. ആ പറച്ചില്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നതു ജീ വിക്കുന്ന സമൂഹത്തിലത്രെ. അവിടെ ഓര്‍മ്മി ക്കുന്നതു വെറുതെയല്ല. ഭാഷ ഉണ്ടാക്കാനാണ്. അതു കടപ്പാടുകള്‍ ഉ ണ്ടാക്കുന്നു. കടപ്പാടുകള്‍ കെട്ടുകയും അഴിക്കുകയും ചെയ്യാം. കടപ്പാടില്‍ ഹൃദയം കെട്ടപ്പെടുന്നത് കുറ്റത്തിലാണ്. എന്നാല്‍ കുറ്റമില്ലാത്ത കടപ്പാടുകളുമുണ്ട്. കുറ്റമില്ലെങ്കിലും കടപ്പാട് ഒഴിവാക്കാനാവാതെ തുടരുന്നു. കടപ്പാട് പഴമയുടെ സമൂഹത്തോടും വ്യക്തികളോടുമാണ്. അതു വേദനയും ഉത്തരവാദിത്വങ്ങളും ഉണ്ടാക്കുന്നു.
ശവക്കുഴി തുറന്നു വച്ചുള്ള ജീവിതം പിന്നോട്ടു നോക്കിയുള്ള ജീവിതമാണ്. അത് ആദിയുടെ ജന്മത്തിലും നാട്ടിലും സ്വയം കെട്ടിയിട്ടുള്ള ജീവിതമാകും. മൗലികവാദങ്ങള്‍ എല്ലാംതന്നെ ആരംഭത്തിന്റെ തനിമകളെ വിധിയായി മാറുന്ന ജീവിതവീക്ഷണമാണ്. അന്ധതയും കാഴ്ച യും ഞാനും എന്റെ കണ്ണുകളും തമ്മിലുള്ള സ്വകാര്യപ്രശ്‌നമാണ്. അത് ജന്മത്തെ വിധിയാക്കുമ്പോള്‍ കണ്ണുകള്‍ കാഴ്ചയില്ലാതാകും, ഭാവി ഇല്ലാതാകും. ഭൂതത്തെ വര്‍ത്തമാനങ്ങളില്‍ ഓര്‍മ്മിക്കുന്നതു ഭാവി ഉണ്ടാക്കാനാണ്.
ഒരു അടിമയെപ്പോലെ ഭൂതം അനുകരിക്കുകയല്ല. മാത്രമല്ല, ഭൂതത്തെ പ്രത്യേക പ്രത്യയശാസ്ത്ര വെളിച്ചത്തില്‍ മാത്രം കാണുകയുമല്ല. ഭാവി എപ്പോഴും സമൂഹവും സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഭാവിക്കുവേണ്ടിയായിരിക്കണം ഭൂതത്തെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത്. പാരമ്പര്യം എന്നത് ആശയങ്ങളുടെ ആവര്‍ത്തനമല്ല. ഭിന്നമായ സാധ്യതകള്‍ക്കുവേണ്ടി ഭൂതത്തെ അന്വഷിക്കുകയാണ്. പ്രതീക്ഷ എപ്പോഴും തടസ്സങ്ങളുള്ള ലക്ഷ്യമാണ്, പ്രയാസങ്ങളുള്ള ഉത്തരവാദിത്വമാണ്. ചില ജീവിതരൂപങ്ങളാണ് മുടക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത്. പാരമ്പര്യത്തില്‍ നിന്നുകൊണ്ട് പാരമ്പര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. പ്രതീക്ഷയില്ലാത്ത ഓര്‍മ്മ ചത്തതാണ്, ഓര്‍മ്മ വെടിഞ്ഞ പ്രതീക്ഷ അന്ധവുമാണ്.
ഇവിടെയാണ് ഭൂതത്തോടുള്ള കടപ്പാടുകളുടെ കുറ്റങ്ങള്‍ ഒഴിവാക്കേ ണ്ട ആവശ്യകത. ഓര്‍മ്മകള്‍ നമ്മെ ഞെരുക്കാനും തകര്‍ക്കാനും അനുവദിക്കാത്തവിധം ഓര്‍മ്മയെ കാവ്യാത്മകമായി അഴിച്ചുപണിയണം. കാവ്യാത്മകമായി അഴിച്ചുപണിയുന്നത് അരിശവും ക്രോധവും പകയും കഴുകിമാറ്റാനാണ്. അവിടെ മാത്രമാണ് അക്രമം ജനിപ്പിക്കാത്ത ഓര്‍മ്മകളുണ്ടാകുകയുള്ളൂ. ആന്റിഗണിയുടെ കബറിടം തുറക്കുന്നതു ചരിത്രം അവസാനിക്കാനല്ല, ചരിത്രം അതിജീവിക്കാനാണ്. ക്ഷമ എന്നതു സാധാരണമല്ല, അതിന് ഒരു നിയമവുമില്ല. അസാധ്യമായത് സാധ്യമാക്കുന്ന പരീക്ഷണം. അതുമാത്രമാണ് ഒന്നത്യം സൃഷ്ടിക്കുന്നത്. അപ്രതീക്ഷിതമായി വന്നുവീഴുന്ന ദാനമാണത്. വൈരിയില്‍ അതുണ്ടാക്കുന്നത് വല്ലാ തെ ഞെരുക്കുന്ന ഭാരമാണ്. പ്രതികാരം അസാധ്യമാക്കുന്ന ഭാരം. മാത്രമല്ല, പരസ്പരം അംഗീകരിക്കുന്ന അത്ഭുതം. പൊറുക്കുന്നതു മറക്കുന്നു, മായ്ക്കുന്നു. ഇതാണ് ചരിത്രം ഉണ്ടാക്കുന്നത്, ചരിത്രമെഴുതുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org