തോല്ക്കാന്‍ അയാള്‍ക്ക് മനസ്സില്ല

തോല്ക്കാന്‍ അയാള്‍ക്ക് മനസ്സില്ല

മഴ നനഞ്ഞ് കുട്ടികള്‍ കാല്‍പ്പന്തു കളിക്കുന്നതു കുറേനേരം നോക്കിനിന്നു. തെന്നിവീഴുമെന്നോ പനി പിടിക്കുമെന്നോ വീട്ടുകാര്‍ ശകാരിക്കുമെന്നോ അവര്‍ ഭയക്കുന്നില്ല. സ്വാതന്ത്ര്യത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ചലനാത്മകതയുടെയും സുന്ദരനിമിഷങ്ങളില്‍ അഭിരമിക്കുകയാണവര്‍. കളിക്കളംപോലെ ഉച്ചനീചത്വങ്ങളില്ലാത്ത ഒരിടം വേറെയില്ല. പ്രഭുവിന്‍റെ മകനും ചെരുപ്പുകുത്തിയുടെ മകനും കളിക്കളത്തിലെ നിയമങ്ങള്‍ ഒരുപോലെയാണ്. പ്രതിഭയും പ്രതിബദ്ധതയും കൂടുതലുള്ള ചെരുപ്പുകുത്തിയുടെ മകന്‍ കളിക്കളത്തിന്‍റെ രാജാവാകും. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പുകുത്തിയുടെ മകന്‍ കുടിലിലേക്കും പ്രഭുവിന്‍റെ മകന്‍ ബംഗ്ലാവിലേക്കും പോകും. അപ്പോള്‍ അവര്‍ക്കു കെട്ടിപ്പിടിച്ചുകൊണ്ടു പോകാന്‍ കഴിയുന്നതു കളിക്കളത്തിന്‍റെ നന്മയാണ്. കൂട്ടുകാരുടെ കളി കണ്ടു മൈതാനത്തിന്‍റെ കല്‍പ്പടവുകളിലിരിക്കുന്ന കുട്ടികള്‍ തങ്ങളുടെ ആരാദ്ധ്യപുരുഷന്മാരായ ഫുട്ബോള്‍ താരങ്ങളെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്. പെട്ടെന്നാണ് ഒരു ശബ്ദം മുഴങ്ങിക്കേട്ടത്, ഒറ്റപ്പെട്ട ആഹ്ലാദപ്രകടനംപോലെ, "എടാ, റൊണാള്‍ഡോ പച്ചകുത്തിയിട്ടില്ല. ഇടയ്ക്കിടയ്ക്കു രക്തം ദാനം ചെയ്യാനാണു ടാറ്റു കുത്താത്തത്." ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകപ്രശസ്തനായ ഫുട്ബോള്‍ താരത്തെക്കുറിച്ചാണു കുട്ടി പറഞ്ഞത്.

പ്രശസ്തരെപ്പറ്റിയുള്ള പരദൂഷണങ്ങള്‍ മാധ്യമങ്ങള്‍ മൊത്തമായും ചില്ലറയായും കച്ചവടം നടത്തുന്ന ഇക്കാലത്ത് ഈ കുട്ടിക്കു നന്മ നിറഞ്ഞ ഈ വാര്‍ത്ത എവിടെനിന്നു കിട്ടിയെന്ന് അത്ഭുതം തോന്നി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ ഏറ്റവും സമ്പന്നരായ കളിക്കാരില്‍ ഒരാളാണ്. അദ്ദേഹം രക്തദാനത്തോടൊപ്പം കുട്ടികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കുന്നു.

വിവിധ മണ്ഡലങ്ങളിലെ ലോകപ്രശസ്തരായ വ്യക്തികള്‍ ഏതെങ്കിലും ഒരു മൂല്യത്തിന്‍റെ അഥവാ നന്മയുടെ പ്രതീകങ്ങളായി അവതരിപ്പിക്കപ്പെടുവാന്‍ ബോധപൂര്‍വമായിട്ടാണെങ്കിലും പരിശ്രമിച്ചാല്‍ നവതലമുറയില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതായിരിക്കും. പോര്‍ച്ചുഗലിലെ ഒരു കൊച്ചു ദ്വീപായ ഫഞ്ചലിലെ മദേരയില്‍, കടലിന് അഭിമുഖമായി നിലകൊള്ളുന്ന തകരപ്പാട്ട മേല്ക്കൂരയുള്ള കൊച്ചുവീട്ടില്‍ നാലാമനായി ജനിച്ച ക്രിസ്റ്റ്യാനോ, തകരപ്പാട്ട മേല്‍ക്കൂരയില്‍ കനത്ത മഴത്തുള്ളികള്‍ വീഴുമ്പോഴുള്ള ശബ്ദത്തിലും വായിച്ചെടുത്തത് കളിക്കളത്തിലെ പദചലനമായിരുന്നു. മഴയെ കാറ്റു പിടിക്കുംപോലെ മുന്നോട്ടാഞ്ഞും പിന്നോട്ടാഞ്ഞും വലത്തേയ്ക്കു വെട്ടിത്തിരിഞ്ഞും ഇടത്തേയ്ക്ക് ഒഴിഞ്ഞും ഒരു ബാലെ നര്‍ത്തകന്‍റെ മെയ്വഴക്കത്തോടെ കളിക്കളത്തില്‍ നിറയുന്ന ക്രിസ്റ്റ്യാനോ. രോമാഞ്ചജനകമായ പ്രകടനങ്ങള്‍ കൂടാതെ മനുഷ്യമനസ്സില്‍ നന്മയുടെ ചെരാതുകള്‍ കൊളുത്തുവാനും അയാള്‍ക്കു കഴിയുന്നു.

പിന്നിട്ട ഇല്ലായ്മകളുടെയും യാതനയുടെയും അനുഭവങ്ങളായിരിക്കാം ക്രിസ്റ്റ്യാനോയെ ഈ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഇംഗ്ലണ്ടില്‍ തൊഴിലാളികള്‍ ആരംഭിച്ച കാല്‍പ്പന്തുകളി ലോകത്തിന്‍റെ മൊത്തം കളിയായി മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്കിയതു ചേരികളില്‍ നിന്നും തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്നും കടല്‍ത്തീരത്തെ കുടിലുകളില്‍ നിന്നും വന്നവരാണ്.

സോഷ്യല്‍ മീഡിയയില്‍ 150 മില്യണ്‍ ആളുകളാണു ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്! അവരെല്ലാവരും കൈകോര്‍ത്തുപിടിച്ചു നിരന്നുനിന്നാല്‍ ഭൂമിയെ നാലു തവണ വലം ചുറ്റാനാകും! കളിക്കാരന്‍ എന്നതില്‍ നിന്നു ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വളര്‍ച്ചയാണ് ഇതു കാണിക്കുന്നത്.

പത്താം വയസ്സില്‍ത്തന്നെ ഫുട്ബോള്‍ പ്രതിഭയായി വാഴ്ത്തപ്പെട്ട ക്രിസ്റ്റ്യാനോ ശ്വസിച്ചിരുന്നതും ഭക്ഷിച്ചിരുന്നതും കുടിച്ചിരുന്നതും ഫുട്ബോള്‍ കളിയായിരുന്നു. പതിനാറാം വയസ്സില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയപ്പോള്‍ ക്രിസ്റ്റ്യാനോയുടെ പ്രശസ്തി ഭൂഖണ്ഡങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നു സ്പെയിനിലെ അതിസമ്പന്നവും പ്രശസ്തവുമായ റിയല്‍ മാഡ്രിഡ് ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത് 131 മില്യണ്‍ ഡോളര്‍ കൊടുത്തിട്ടാണ്! അന്നുമുതല്‍ ഇന്നുവരെ റിയലിനെ ക്രിസ്റ്റ്യാനോ നിരാശപ്പെടുത്തിയിട്ടില്ല.

എന്താണ് ഈ കളിക്കാരന്‍റെ ഏറ്റവും വലിയ ഗുണം? ക്രിസ്റ്റ്യാനോയുടെ ആദ്യകാല കോച്ചായ വെസ്രോ പറയുന്നു; "തോല്ക്കാന്‍ അയാള്‍ക്കു മനസ്സില്ല, ഒരിക്കലും." ക്രിസ്റ്റ്യാനോയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, മഴ നനഞ്ഞു കളിക്കുന്ന നമ്മുടെ കുരുന്നു കളിക്കാരും ശ്രദ്ധിക്കേണ്ടത് അതാണ്, തോല്ക്കാന്‍ മനസ്സില്ലാത്തവരാകുക. കളിക്കളത്തില്‍ മാത്രമല്ല, ജീവിതത്തിലും. കളിക്കളത്തില്‍ നിയമം പാലിച്ചില്ലെങ്കില്‍ റഫറി പുറത്താക്കും. ജീവിതത്തില്‍ റഫറിമാരില്ലാത്തതിനാല്‍ നിയമം പാലിച്ചേ ജയിക്കാന്‍ ശ്രമിക്കുവെന്ന് ഉറപ്പിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org