ശാപം വിറ്റ് കാശാക്കുന്നവര്‍

ശാപം വിറ്റ് കാശാക്കുന്നവര്‍

എം.പി. തൃപ്പൂണിത്തുറ

പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യന്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു എന്ന് സുവിശേഷത്തില്‍ ദിവ്യഗുരു ഓര്‍മ്മിപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവില്‍ മനുഷ്യകുലത്തിനു കൈവന്ന വിമോചനത്തെ തിരിച്ചറിയാതെ, വിശ്വസിക്കാതെ ചില കേന്ദ്രങ്ങള്‍ അന്ധത പ്രചരിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും നിരന്തരം വ്യാപൃതരാണ്. അവരുയര്‍ത്തുന്ന സന്ദേശങ്ങളിലൊന്നിന് സാമൂഹ്യ മാധ്യമങ്ങളില്‍ ഈയടുത്ത് പ്രചുരപ്രചാരം ലഭിച്ചിട്ടുള്ളതായി കണ്ടു. ശാപത്തെ സംബന്ധിച്ചുള്ള അബദ്ധപ്രബോധനമാണത്.

എന്നും നമ്മെ അലട്ടുന്ന ചിന്തയാണ് ശാപത്തിന്റെ ബന്ധനങ്ങളെ കുറിച്ചുള്ളത്. നമ്മുടെ ജീവിത പരിസരങ്ങളിലൊക്കെ, ഇത്തരം ചിന്തകളുടെ അതിപ്രസരമുണ്ട്. ദൈവസന്നിധിയില്‍ നിന്ന് പാപം മൂലം അകന്ന അന്നുമുതല്‍ നഷ്ടപ്പെട്ട സുരക്ഷിതത്വത്തെ കുറിച്ചുള്ള ചിന്തയാണ് അതിനു പിന്നില്‍.

ഒരു തവണ ദൈവം മനുഷ്യനെ ശപിച്ചു. പാപം ചെയ്ത മനുഷ്യനെ പറുദീസയില്‍നിന്ന് പുറത്താക്കിയ ദൈവം, അവനെ ശപിക്കുന്നതായി ഉല്‍പ്പത്തി പുസ്തകത്തില്‍ 3:16 മുതലുള്ള വാക്യങ്ങളില്‍ നമുക്ക് കാണാം. വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും, ഭര്‍ത്താവില്‍ അഭിലാഷം വയ്ക്കുന്ന നിന്നെ അവന്‍ ഭരിക്കും. നീ മൂലം മണ്ണ് ശപിക്കപ്പെടുന്നതായിരിക്കും. അതു മുള്ളും മുള്‍ച്ചെടിയും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നിനക്ക് ഭക്ഷണമായിരിക്കും. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നീ ഭക്ഷിക്കും. നീ പൊടിയാണ് പൊടിയിലേക്കുതന്നെ നീ മടങ്ങും. നിത്യ നാശത്തിലേക്ക് മനുഷ്യകുലത്തെ തള്ളാനായിരുന്നില്ല മറിച്ച് ദൈവിക ബന്ധത്തിലേക്ക് തിരിയാന്‍ ഒരവസരമായിട്ടായിരുന്നു വാസ്തവത്തില്‍ ദൈവത്തിന്റെ കൈവിടല്‍.

പക്ഷെ, മനുഷ്യന് കിട്ടിയ ഈ ശാപം, എപ്പോഴും ശപിക്കപ്പെട്ടവന്‍ എന്ന അധമബോധത്തിന് അവനെ ഇരയാക്കി. ഈ ശാപമേറ്റതുകൊണ്ട് അവന്റെ അബോധം എപ്പോഴും ശാപങ്ങളെ ഭയന്നു. ആബേലിനെ കൊന്നതിനു ശേഷം കായേനെ ഭരിക്കുന്ന ചിന്ത താന്‍ ശപിക്കപ്പെട്ടവന്‍ എന്നാണല്ലോ. ഭൗമികതയുടെ നശ്വരതയും പ്രതികൂലങ്ങളും വിതച്ച ഭയത്തിന്റെ നാളുകളില്‍, ശാപം നീക്കാന്‍ മനസ്സായ ദൈവം, ആദ്യചുവടുവയ്ക്കുന്നത്, ശാപങ്ങള്‍ക്കൊപ്പം അനുഗ്രഹങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ്. അനുസരിച്ചാല്‍ അനുഗ്രഹിക്കും. അതല്ലെങ്കില്‍ ശപിക്കും. ഏശയ്യ 1:18 പറയുന്നു അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നീ അനുഗ്രഹം ആസ്വദിക്കും. അനുസരിച്ചില്ലെങ്കില്‍ നീ വാളിന് ഇരയാകും. നിയമാവര്‍ത്തനം 28:1-14 വരെ അനുഗ്രഹങ്ങള്‍ക്കൊപ്പം 14 ശാപങ്ങള്‍ അനുസരണക്കേടിന് അവിടുന്ന് പറഞ്ഞുവച്ചു. മാനുഷിക ബന്ധങ്ങളെ മാനിക്കാനും സാമൂഹ്യബന്ധങ്ങളെ ക്രമപ്പെടുത്താനും പ്രഭാഷകന്റെ പുസ്തകവും സുഭാഷിതങ്ങളുമൊക്കെ ശാപത്തെക്കുറിച്ച് പഠിപ്പിച്ചു.

നിത്യനാശത്തിലേക്ക് മനുഷ്യകുലത്തെ തള്ളാനായിരുന്നില്ല മറിച്ച് ദൈവികബന്ധത്തിലേക്ക് തിരിയാന്‍ ഒരവസരമായിട്ടായിരുന്നു വാസ്തവത്തില്‍ ദൈവത്തിന്റെ കൈവിടല്‍. പക്ഷെ, മനുഷ്യന് കിട്ടിയ ഈ ശാപം, എപ്പോഴും ശപിക്കപ്പെട്ടവന്‍ എന്ന അധമബോധത്തിന് അവനെ ഇരയാക്കി. ഈ ശാപമേറ്റതുകൊണ്ട് അവന്റെ അബോധം എപ്പോഴും ശാപങ്ങളെ ഭയന്നു.

ഹൃദയത്തിലുണ്ടായ ഈ ശാപഭയം ശപിക്കുന്ന സ്വഭാവത്തിലേക്ക് ദൈവജനത്തെ മാറ്റി. അതുകൊണ്ട് സങ്കീര്‍ത്തകന്‍ എഴുതി. അനുഗ്രഹിക്കാന്‍ നീ ഇഷ്ടപ്പെട്ടില്ല അതിനാല്‍ അനുഗ്രഹങ്ങള്‍ നിന്നില്‍നിന്ന് അകന്നു നില്‍ക്കട്ടെ. ശപിക്കുവാന്‍ നീ ഇഷ്ടപ്പെട്ടു ശാപങ്ങള്‍ നിന്റെമേല്‍ പതിക്കട്ടെ (സങ്കീര്‍. 109:17). അപരനെ ശപിച്ചാല്‍ അവന്‍ ശപിക്കുമെന്ന സാമാന്യതത്വം ദാവീദ് പറയാന്‍ കാരണമുണ്ട്. ശാപം അനുഗ്രഹമായും ശപിച്ചവന്‍ ശാപഗ്രസ്ഥനുമായി മാറുന്ന അനുഭവം ദാവീദിനുണ്ട്. തന്റെ മകനായ അബ്‌സലോമിന് ഇസ്രായേല്‍ കൂറ് പ്രഖ്യാപിച്ചപ്പോള്‍ ജീവനെ ഭയന്ന് ദാവീദ് ഓടിപ്പോവുകയാണ്. വഴിയില്‍വച്ച് സാവൂളിന്റെ ബന്ധുവായ ഷെമയി ദാവീദിനെ ശപിച്ചു. കടുത്ത വേദനയ്ക്കിടയ്ക്കുള്ള ഈ ശാപം കേട്ട് ദാവീദിന്റെ അനുചരന്മാര്‍ക്ക് സഹിച്ചില്ല. അവര്‍ ദാവീദിനോട് ചോദിച്ചു. ആ ചത്ത പട്ടിയുടെ തലവെട്ടട്ടെയെന്ന്. ദാവീദിന്റെ മറുപടി ശ്രദ്ധാര്‍ഹവും എപ്പോഴും പ്രസക്തവുമാണ്. അല്ലയോ സരയൂപുത്രന്മാരെ, നിങ്ങള്‍ക്ക് എന്തുകാര്യം. എന്റെ മകന്‍ അബ്‌സലോംതന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. പിന്നെ ഇവന്‍ ശപിക്കുന്നതില്‍ എന്താണ് അത്ഭുതം? ദാവീദിനെ ശപിക്കുക എന്ന് കര്‍ത്താവ് പറഞ്ഞിട്ടാണെങ്കില്‍ ദൈവംതന്നെ ചോദിച്ചുകൊള്ളും. ഒടുവില്‍ ദാവീദ് പ്രത്യാശിക്കുന്നു. എന്റെ കഷ്ടത കണ്ട്, ദൈവം അവന്റെ ശാപത്തെ അനുഗ്രഹമായി എന്റെ മേല്‍ ചൊരിയും (2 സാമു. 16:10-12).

യേശു ഭൂമിയിലേക്ക് വന്നത് ഈ ശാപങ്ങളില്‍നിന്ന് മനുഷ്യന് വിടുതല്‍ നല്‍കാന്‍ വേണ്ടിയാണ്. യേശുജനനത്തിന്റെ രണ്ടു ഭാഗങ്ങള്‍, സ്ത്രീക്ക് നല്‍കപ്പെട്ട ശാപങ്ങളില്‍നിന്ന് വിടുതല്‍ നല്‍കി. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും എന്നത് മാനസികവും ശാരീരികവും സാമൂഹികവുമായ വേദനകളുടെ മധ്യേ കന്യകയില്‍ പിറന്നുകൊണ്ട് യേശു നീക്കി. ജീവനുള്ള സകലരുടെയും അമ്മയായി അവള്‍ സ്വയം മാറി. മനുഷ്യജനനത്തിനു ഹേതുവായി പുരുഷനില്‍ സ്ത്രീക്കുള്ള താല്‍പര്യം അവിടുന്ന് കാരണമായി പറയുന്നു. അതേ കാരണത്താല്‍ പുരുഷന്‍ അവളെ ഭരിക്കുമെന്ന് അവിടുന്ന് പറയുന്നു. യേശുവിന്റെ അമ്മയായ മറിയം കര്‍ത്താവില്‍ ഹൃദയം വച്ചു. അതുകൊണ്ട് വി. യൗസേപ്പ്, വിനീതവിധേയത്വത്തിന്റെ മാതൃകയായി. അടുത്ത ശാപം പുരുഷനായിരുന്നു. മണ്ണ് നീ മൂലം ശപിക്കപ്പെട്ടതായിരിക്കും എന്ന് അവിടുന്ന് പറഞ്ഞു. എന്നിട്ടോ തന്റെ ജീവരക്തം ഈ മണ്ണിന്മേല്‍ വീഴ്ത്തി അവിടുന്ന് ആ ശാപവും കഴുകി.

ആയുഷ്‌ക്കാലം മുഴുവന്‍ നീ കഠിനപ്രയത്‌നം കൊണ്ട് കാലായാപനം ചെയ്യുമെന്ന് അവിടുന്ന് പറഞ്ഞു. എന്നാല്‍ വിമോചകനായ ക്രിസ്തു, സ്വന്തം ശരീരമാണ് ഭക്ഷണമെന്ന് പ്രഖ്യാപിച്ചു. (യോഹ. 6:53). തന്റെ രക്തമാണ് പാനീയം എന്നു പറഞ്ഞു. ഒടുവില്‍ തന്റെ ശരീരവും രക്തവും പകുത്തുനല്‍കി (മത്താ. 25-26). ഭൂമി മുള്ളും മുള്‍ച്ചെടികളും നമുക്കായി മുളപ്പിക്കുമെന്ന് അവിടുന്നു പറഞ്ഞു. ആ ശാപം നീക്കാന്‍ മുള്‍ക്കിരീടം അവിടുന്ന് അണിഞ്ഞു. സസ്യം ഭക്ഷണമാകട്ടെ എന്നു പറഞ്ഞിട്ട് അപ്പവും വീഞ്ഞും സ്വന്തം ശരീരരക്തങ്ങളാക്കി പകര്‍ത്തി (മത്താ. 26:26-28).

പൊടിയായ നി പൊടിയിലേക്കുതന്നെ പിന്‍തിരിയും എന്നു പറഞ്ഞിട്ട് അവിടുന്ന് ഉയിര്‍ത്തുകൊണ്ട് ശരീരത്തിന്‍മേലുള്ള ആധിപത്യം നീക്കി. അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ ഇടവരികയില്ലെന്ന് പറഞ്ഞുകൊണ്ട്, അവിടുന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു. അങ്ങനെ വിടുതല്‍ അവിടുന്ന് നമുക്ക് പ്രദാനം ചെയ്തു. അങ്ങനെ നിയമത്തിന്റെ ശാപത്തില്‍നിന്ന് അവിടുന്ന് മനുഷ്യനെ മോചിപ്പിച്ചു. ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട് നിയമത്തിന്റെ ശാപത്തില്‍നിന്ന് നമ്മെ രക്ഷിച്ചു. എന്തെന്നാല്‍ മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതപ്പെട്ടിരിക്കുന്നു (ഗലാ. 3:13). അവിടുത്തെ കുരിശുമരണവും ഉത്ഥാനവും വഴി ശാപത്തെ അവിടുന്ന് സമ്പൂര്‍ണ്ണമായി നീക്കി. അതുകൊണ്ട് വെളിപാട് 22:3 പറയുന്നു ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ശാപത്തില്‍ നിന്ന് ഇനിയൊരു വിടുതലോ ശാപമുക്തിയോ ഇല്ല. ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴൊക്കെ, ശാപമോചനം അനുഭവമായി മാറും.

ഈ വിടുതല്‍ അനുഭവിക്കാന്‍ എന്തുചെയ്യണമെന്ന് വി. പത്രോസ് പഠിപ്പിക്കുന്നു. തിന്മയ്ക്കുപകരം തിന്മയോ നിന്ദനത്തിനു പകരം നിന്ദനമോ പകരം കൊടുക്കാതെ അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കാന്‍ വിളിക്കപ്പെട്ടവരാണല്ലോ നമ്മള്‍ (1 പത്രോ. 3:9).

നാം ദൈവസൃഷ്ടിയാണെന്നും നമ്മെക്കുറിച്ച് ഒരു ദൈവപദ്ധതിയുണ്ടെന്നും നമുക്ക് വിശാസമില്ല. ജെറമിയ പ്രവാചകന്‍ പറയുന്നു, നാം ജനിക്കുന്നതിനു മുമ്പേ ദൈവം നമ്മെ അറിയുകയും നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന്. അതിനെ മറികടന്ന് എങ്ങനെയാണ് ഒരു കേവല മനുഷ്യന്റെ ശാപ വാക്കുകള്‍ നമ്മുടെ ജീവിതത്തിന്റെ വഴികളില്‍ തടസ്സം സൃഷ്ടിക്കുന്നത്? നാം ദൈവിക പദ്ധതിയാണെന്ന വാസ്തവത്തെ നിഷേധിക്കുകയല്ലേ ഈ അന്ധത? ബാലക് രാജാവിനോട് ബാലാം പ്രവാചകന്‍ പറയുന്നുണ്ട് ദൈവം അനുഗ്രഹിച്ചവരെ താനെങ്ങനെയാണ് ശപിക്കുകയെന്ന്.

വാക്കുകള്‍ക്ക് ശക്തിയുണ്ടെന്നാണ് പലരും പറയുക. ദൈവത്തിന്റെ വാക്കിനുള്ളതു പോലെ സൃഷ്ടിപരമായ ശക്തി മനുഷ്യന്റെ വാക്കുകള്‍ക്കില്ല. പഴയ നിയമം ശാപങ്ങളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ആ ശാപത്തിന്റെ നാളുകള്‍ തീരുകയും വാക്കായവന്‍ മാംസമായി നമ്മോടൊത്തു വസിക്കുകയും ചെയ്യുന്നു.

ഇനി ശാപം ഫലിക്കുന്നു എന്ന് അനുഭവമുണ്ടെന്നാണോ വാദം. അതിനു കാരണങ്ങളുണ്ട്. കുറ്റബോധം, വിശ്വാസരാഹിത്യം, ആന്തരീക മുറിവുകള്‍, തെറ്റായ അറിവുകള്‍ അങ്ങനെയൊക്കെ ഹൃദയത്തെ ഭരിക്കുന്നുണ്ടെങ്കില്‍ ശാപം ഏല്‍ക്കുന്നതായി തോന്നാം. ഇങ്ങനെ തോന്നല്‍ പ്രബലമാകുമ്പോള്‍ നാമതില്‍ ആഴത്തില്‍ വിശ്വസിക്കുകയും അതു വഴി അങ്ങനെയുള്ള അനുഭവങ്ങള്‍ നമ്മെ പിന്തുടരുകയും ചെയ്യും.

ആരൊക്കെയാണ് ശപിക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്നത്. ദാരിദ്ര്യമനുഭവിക്കുന്നവര്‍, ഇവര്‍ ഭാഗ്യവാന്മാരാണെന്നാണ് ക്രിസ്തുപക്ഷം. രോഗങ്ങള്‍ സഹിക്കുന്നവര്‍, അവര്‍ ക്രിസ്തുവിന്റെ സഹനങ്ങളുടെ പങ്കുകാരെന്ന് സു വിശേഷം. കലഹങ്ങളുള്ള ഭവനങ്ങള്‍ ശാപത്തിന്റെ ബന്ധനത്തിലെന്ന് ഇക്കൂട്ടര്‍, അഹങ്കാരം ഭരിക്കുന്നതുകൊണ്ട് സ്വാര്‍ത്ഥരായതുകൊണ്ട് പരസ്‌നേഹത്തില്‍ നിലനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടെന്ന് യാഥാര്‍ത്ഥ്യം.

ഇങ്ങനെ സഹിക്കുന്നവരെയും വേദനിക്കുന്നവരെയും അസമാധാനത്തില്‍ ഉഴറുന്നവരെയും മുതലെടുക്കുന്ന പ്രഘോഷണങ്ങള്‍ തട്ടിപ്പു നടത്തുകയാണ്. സകല മനുഷ്യരും രക്ഷപ്രാപിച്ചിട്ടുണ്ട്. അത് അവര്‍ക്ക് അറിയാത്തതിനാല്‍ അനുഭവിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ക്രിസ്തുവാകുന്ന ജ്ഞാനത്തില്‍ സ്‌നാനപ്പെട്ട വിശ്വാസികള്‍ തങ്ങള്‍ക്കു ശാപമുണ്ട് എന്നു കരുതുമ്പോള്‍ വിശ്വാസത്തിനെതിരായി തിന്മചെയ്യുന്നു. ഒപ്പം തന്നെ രക്ഷകനായ ക്രിസ്തുവിന് സാക്ഷിയാകാനുള്ള ദൗത്യത്തില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org