നടന്നുകൊണ്ട് കേള്‍ക്കുന്നവര്‍

നടന്നുകൊണ്ട് കേള്‍ക്കുന്നവര്‍

മാത്യു ഇല്ലത്തുപറമ്പില്‍

2023-ല്‍ നടക്കാനിരിക്കുന്ന ആഗോള മെത്രാന്‍ സിനഡിന്റെ നീണ്ട നടപടികള്‍ക്ക് 2021 ഒക്‌ടോബര്‍ 9 ന് ഫ്രാന്‍സിസ്സ് പാപ്പാ തുടക്കം കുറിച്ചു. മുഴുവന്‍ സഭയും ഉള്‍പ്പെടേണ്ട ഒരുക്ക പ്രക്രിയയാണ് പാപ്പാ വിഭാവനം ചെയ്തിരിക്കുന്നത്. ആ സിനഡിന്റെ വിഷയം തന്നെ സഭയുടെ സിനഡല്‍ സ്വഭാവമാണ്. "ഒന്നിച്ചുള്ള നടപ്പാണ്" (walking together) സിനഡല്‍ സ്വഭാവത്തിന്റെ കാതല്‍. ഇതില്‍ പല കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം പരസ്പരം കേള്‍ക്കുന്നതാണ്. ഇത് ആഗോള സഭയുടെ മാത്രം സവിശേഷതയല്ല, എല്ലാ സഭാഘടകങ്ങളുടെയും പ്രത്യേകതയാകേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ സഭയുടെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബങ്ങളിലും ഈ സിനഡല്‍ പ്രകൃതം- കേള്‍വിയുടെ പാരസ്പര്യം-പുലരേണ്ടതുണ്ട്.

പറയാനും ഉറക്കെപ്പറയാനും സ്വന്തം സ്വരം കേള്‍പ്പിക്കാനും വ്യഗ്രതപ്പെടുന്നവര്‍ കുടുംബങ്ങളിലുമുണ്ട്. സ്വന്തം സ്വരത്തില്‍ മറ്റു സ്വരങ്ങള്‍ മുങ്ങിപ്പോകണം എന്ന് ആഗ്രഹിക്കുന്നവരും അക്കൂട്ടത്തില്‍ ഉണ്ടാകാം. ചില നിരന്തര ശബ്ദങ്ങള്‍ അസഹ്യമാകുമ്പോള്‍ എന്തെങ്കിലുമാകട്ടെ എന്നു മനസ്സില്‍ പറഞ്ഞ് മിണ്ടാട്ടം നിര്‍ത്തി രംഗം വിടുന്നവരും വീടുകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കുടുംബത്തിന്റെ ആരോഗ്യകരമായ നിലനില്പിന് പരസ്പര സംസാരവും കേള്‍വിയും എന്തു മാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. എന്നാല്‍ കുടുംബം ഗാര്‍ഹിക സഭയായി മാറാന്‍ ഒന്നിച്ചു നടക്കുന്നവരും നടന്നു കൊണ്ട് പരസ്പരം കേള്‍ക്കുന്നവരുമായി കുടുംബാംഗങ്ങള്‍ മാറേണ്ടതുണ്ട്.

മറ്റുള്ളവരെ കേള്‍ക്കുന്നത് ദൈവത്തെ കേള്‍ക്കുന്നതിനുള്ള ആദ്യപടിയാണ്. അവനവനെക്കുറിച്ചും മറ്റുള്ളവരെ ക്കുറിച്ചും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇത് അതിപ്രധാനമാണ്. വാക്കുകള്‍കൊണ്ട് സംസാരിക്കുന്നവരെ നാം കേള്‍ക്കുന്നില്ലെങ്കില്‍ വാക്കുകള്‍ക്ക് അതീതമായി സംസാരിക്കുന്നവനെ നാം എങ്ങനെ മനസ്സിലാക്കും? ജര്‍മ്മന്‍ ചിന്തകനായ ഡീട്രിക് ബൊനോഫര്‍ എഴുതി, മറ്റുള്ളവരെ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ ദൈവത്തെ കേള്‍ക്കാന്‍ കഴിയാത്തവരായി വേഗം മാറും. നീ മിണ്ടരുത് എന്ന കല്പനയും, നിന്റെ അഭിപ്രായം ചോദിച്ചില്ല എന്ന പരിഹാസവും ചെന്നു പതിക്കുന്നത് മറ്റുള്ളവരുടെ കാതുകളില്‍ മാത്രമല്ല, ദൈവത്തിന്റെ ഹൃദയത്തിലുമാണ്. അത്തരം ഭവനങ്ങളില്‍ ദൈവം സംസാരിക്കുമെന്ന് നാം മോഹിച്ചുകൂടാ. വിശുദ്ധ ബെനഡിക്റ്റിന്റെ സന്യാസ നിയമത്തില്‍ അധികാരികള്‍ ഏറ്റവും ചെറിയ (ചെറുപ്പക്കാരായ) അംഗങ്ങളെയും കേള്‍ക്കണം എന്നു നിഷ്‌ക്കര്‍ഷിച്ചു. അതിന് അദ്ദേഹം പറഞ്ഞ ന്യായമാണ് ശ്രദ്ധേയം. സ്ഥാനങ്ങളൊന്നുമില്ലാത്തവര്‍ക്കും ദൈവം ഏറ്റവും വിവേകപൂര്‍വ്വകമായ വഴികള്‍ വെളിപ്പെടുത്തിക്കൊടുക്കും (Benedict, Rule 3.3).

നീ മിണ്ടരുത് എന്ന കല്പനയും, നിന്റെ അഭിപ്രായം ചോദിച്ചില്ല എന്ന പരിഹാസവും ചെന്നു പതിക്കുന്നത് മറ്റുള്ളവരുടെ കാതുകളില്‍ മാത്രമല്ല, ദൈവത്തിന്റെ ഹൃദയത്തിലുമാണ്.

എല്ലാവരും വട്ടംകൂടിയിരുന്ന് പരസ്പരം കേള്‍ക്കുന്ന സാഹചര്യം കുടുംബങ്ങളില്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. ഇരുന്നുകൊണ്ട് കേള്‍ക്കുന്നതിനേക്കാള്‍ അധികമായി നടന്നുകൊണ്ട് കേള്‍ക്കുന്നതാണ് നമ്മുടെ കുടുംബങ്ങള്‍. ഒന്നിച്ചു നടക്കുന്നു; ഒപ്പം കേള്‍ക്കുന്നു. വിലപ്പെട്ടയിനം കേള്‍വിയാണത്. ശ്രദ്ധ എന്നതിനെ വിശേഷിപ്പിക്കാം. വീട്ടുജോലി ചെയ്തു നടക്കുമ്പോഴും സ്വന്തം കുഞ്ഞിനെ കേള്‍ക്കുന്ന അമ്മയും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ചറപറ മിണ്ടിക്കൊണ്ടിരിക്കുന്ന മകളോട് വര്‍ത്തമാനം പറയുന്ന അപ്പനും നടന്നുകൊണ്ട് കേള്‍ക്കുന്നവരാണ്. കേള്‍വിയെക്കാള്‍ ശ്രദ്ധയാണ് ഇവിടെ മുഖ്യം. ഈ ശ്രദ്ധ അര്‍ഹിക്കുന്ന എത്രയോ പേര്‍ എത്രയോ കുടുംബങ്ങളിലുണ്ട്! ശ്രദ്ധാപരമായ കേള്‍വിയില്‍ പ്രധാനം കൊടുക്കുന്ന മറുപടികളല്ല (answers), കൊടുക്കുന്ന അംഗീകാരമാണ് (affirmation).

നടന്നുകൊണ്ട് കേള്‍ക്കുന്നവര്‍ക്ക് വഴിതെറ്റലുകള്‍ ഉടനടി തിരുത്താന്‍ സാധിക്കും. പുതിയ വഴികള്‍ കണ്ടെത്താനും അവര്‍ക്ക് സാധിക്കും. ഒന്നിച്ചു നടക്കുന്നവരുടെയിടയില്‍ സംസാരം മുടങ്ങുന്നുണ്ടെങ്കില്‍ അതിനര്‍ഥം എനിക്കെല്ലാം അറിയാം എന്ന് ആരൊക്കെയോ കരുതാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്. മുടങ്ങിക്കിടക്കുന്ന സംഭാഷണവഴികള്‍ വീണ്ടും തുറക്കാന്‍ മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കടമയുണ്ട്. കുടുംബങ്ങളില്‍ ഐക്യത്തിന്റെ ചോരയോട്ടം നടക്കുന്നത് തുറന്ന വര്‍ത്തമാനത്തിലൂടെയാണ്. അതു ഒഴിവാകുന്നതോടെ ഓരോ അംഗവും മരവിക്കാന്‍ തുടങ്ങും.

ഇനിയും പ്രബോധന രേഖകള്‍ പുറത്തിറക്കുകയല്ല വരാന്‍ പോകുന്ന സിനഡിന്റെ ലക്ഷ്യമായി മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്. 2018-ല്‍ നടത്തിയ ഒരു പ്രസംഗം ആധാരമാക്കി അദ്ദേഹം പറഞ്ഞു, സ്വപ്നങ്ങള്‍ നട്ടുപിടിപ്പിക്കലും ദര്‍ശനങ്ങള്‍ അവതരിപ്പിക്കലും പ്രതീക്ഷ വളരാന്‍ അനുവദിക്കലും വിശ്വാസം ജനിപ്പിക്കലും മുറിവുകള്‍ വച്ചുകെട്ടലും ബന്ധങ്ങള്‍ നെയ്‌തെടുക്കലും പ്രത്യാശയുടെ പ്രഭാതത്തെ വിളിച്ചുണര്‍ത്തലും മറ്റുള്ളവരില്‍നിന്ന് പഠിക്കുന്നതും മനസ്സുകളെ പ്രകാശിപ്പിക്കുന്നതും ഹൃദയത്തെ ഊഷ്മളമാക്കുന്നതും കൈകള്‍ക്ക് ബലം കൊടുക്കുന്നതുമായ ഉറവിടങ്ങള്‍ സൃഷ്ടിക്കലുമാണ് സിനഡിന്റെ ലക്ഷ്യം (Address at the Opening of the Synod of Bishops on Young People, 3 October, 2018). സിനഡിലൂടെ സഭയിലാകമാനം നടക്കേണ്ട ഈ കാര്യങ്ങള്‍ തന്നെയാണ് ഒന്നിച്ചു നടന്നുകൊണ്ട് പരസ്പരം കേള്‍ക്കുന്ന കുടുംബങ്ങളില്‍ അനുദിനം സംഭവിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org