കാലം സ്ഥലത്തേക്കാള്‍ മഹത്തരം

കാലം സ്ഥലത്തേക്കാള്‍ മഹത്തരം

പോള്‍ തേലക്കാട്ട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വളരെ പ്രിയപ്പെട്ട ഒരു സൂക്തമാണ് – "കാലം സ്ഥലത്തേക്കാള്‍ മഹത്തരമാണ്" (Time is greater than space). ഈ ജൂലൈ 3-ാം തീയതി സീറോ-മലബാര്‍ സഭയ്ക്ക് മുഴുവനുമായി എഴുതിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തില്‍ ഉദ്ധരിക്കുന്ന വാചകമാണിത്. 2013-ലെ "സുവിശേഷത്തിന്റെ സന്തോഷം" എന്ന അപ്പസ്‌തോലിക ലേഖനത്തിലെ 222, 223 നമ്പരുകളിലേക്കാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ഉദ്ധരണി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ടു ചാക്രികലേഖനങ്ങളിലും രണ്ടു അപ്പസ്‌തോലിക ലേഖനങ്ങളിലുമുണ്ട്. "ഒരു ഇടത്തിന്മേല്‍ ആധിപത്യം പുലര്‍ത്താതെ ഒരു പ്രക്രിയ ആരംഭിക്കുക" എന്ന തത്വം ഏതു സഭാ പ്രതിസന്ധികളി ലും ഉപയോഗിക്കണമെന്നാണ്, സീറോ-മലബാര്‍ സഭയുടെ ആരാധനക്രമ പ്രശ്‌നത്തെക്കുറിച്ചു കത്തിലും എടുത്തു പറയുന്നതിന്റെ ലക്ഷ്യം.

ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കെമിസ്ട്രിയിലാണ് മാസ്‌റ്റേഴ്‌സ് ബിരുദമുള്ളത്. എന്നാല്‍ അദ്ദേഹം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടിലേക്കു അയയ്ക്കപ്പെട്ടതു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് തേടാനാണ്. അദ്ദേഹം റൊമാനോ ഗര്‍ഡീനി (1885-1968) യെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാനാണ് പഠിച്ചത്. പക്ഷെ, അതു പൂര്‍ത്തിയാക്കാതെ അര്‍ജന്റീനയിലെ കൊര്‍ദോബോയിലേക്ക് അദ്ദേ ഹം നിയമിതനായി. പ്രസിദ്ധ ചിന്തകനും വൈദികനുമായിരുന്ന ഗര്‍ദീനി 1923-ല്‍ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാന്‍ നിയമിതനായി. എന്നാല്‍ 1935-ല്‍ "രക്ഷകന്‍" എന്ന പേരില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ നാസ്സികള്‍ യേശുക്രിസ്തുവിനെ വക്രീകരിക്കുന്നു എന്നും യേശു ഒരു യഥാര്‍ത്ഥ യഹൂദനായിരുന്നു എന്നും എഴുതിയതിന്റെ പേരില്‍ നാസ്സി ഭരണകൂടം അദ്ദേഹത്തെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി.

ഗര്‍ദീനി എന്ന വൈദികന്റെ കാഴ്ചപ്പാടില്‍ ആധുനിക ലോകം അധികാരം അടിമപ്പെടുത്തുന്നു എന്നു കരുതുന്നു. മാത്രമല്ല പരിവര്‍ത്തനത്തെ സ്ഥിരസ്ഥാപനമാക്കുകയും ചെയ്യുന്നു. അധികാരത്തെ എതിര്‍ക്കുമ്പോഴും അധികാരം അതിന്റെ നാടകീയ ശക്തിയോടെ തിരിച്ചുവരുന്നു എന്നും അദ്ദേഹം കരുതി. മനുഷ്യനു രണ്ടു സാധ്യതകളെ ഉള്ളൂ എന്ന് അദ്ദേഹം എഴുതി. ഒന്നുകില്‍ മാനവീകതയുടെ ഊര്‍ജ്ജമുള്ള മനുഷ്യന്റെ മഹത്തായ ശക്തിയില്‍ ആശ്രയിക്കുക. അല്ലെങ്കില്‍ അധികാരത്തിനു വിധേയപ്പെട്ടു നശിക്കുക. ആത്യന്തികമായി ദൈവത്തില്‍നിന്നു കല്പന സ്വീകരിക്കുകയും ദൈവത്തെ മാത്രം അനുസരിക്കുകയുമാണ് കരണീയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥലത്തേക്കാള്‍ കാലപരിഗണനയുടെ തത്വം ലത്തിനമേരിക്കയുടെ ദൈവശാസ്ത്ര സമീപനങ്ങളിലാണ് കാണുന്നത്. സഭ നേരിടുന്ന പ്രതിസന്ധികളില്‍ സഭ ഉപയോഗിക്കേണ്ട ഒരു വ്യാഖ്യാന സൂത്രമായിട്ടാണ് ഇത് ഉപയോഗിച്ചു കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതി "സാമൂഹിക യാഥാര്‍ത്ഥ്യത്തില്‍ സ്ഥിരമായി കാണുന്ന പ്രതിസന്ധിയില്‍ സന്നിഹിതരായതും ബന്ധപ്പെട്ടു നില്‍ക്കുന്നതുമായ നാലു തത്വങ്ങള്‍ നീതിയിലും സമാധാനത്തിലും സംഭ്രാതൃത്വത്തിലും ഈ സമൂഹത്തെ രൂപീകരിക്കുന്നതിന്റെ പുരോഗതിക്കു അനിവര്യമാണ്." അതിന്റെ പ്രഥമ തത്വമാണ് സമയം സ്ഥലത്തെക്കാള്‍ മഹത്തരം. മറ്റ് അടിസ്ഥാന തത്വങ്ങള്‍ "സംഘര്‍ഷത്തിന്മേല്‍ ഐക്യം, ആശയങ്ങളെക്കാള്‍ മൂര്‍ത്തമായ യാഥാര്‍ത്ഥ്യം, ഭാഗങ്ങളെക്കാള്‍ സാകല്യം. സഭാസമൂഹ നിര്‍മ്മിതിയില്‍ ഏറ്റവും അപകടകരമായതു വിശ്വാസത്തെ ഒരു പ്രത്യയശാസ്ത്രമായി കാണുന്നതാണ്. അവിടെനിന്നു വരുന്നതാണ് പ്രബോധനപരമായ കാര്യങ്ങളിലെ അതിരുകടന്ന ഉറപ്പ്. വര്‍ത്തമാനകാലത്തിന്റെ ഈ ഉറപ്പാണ് അധികാര ഇടങ്ങളില്‍ അഹത്തിന്റെ ആധിപത്യമുണ്ടാക്കുന്നത്. അപ്പോള്‍ സഭാ സ്ഥാപനം അതില്‍ത്തന്നെ ലക്ഷ്യമാകും. ഈ അപകടം ഒഴിവാക്കാനാണ് കാലത്തിനും കാലത്തിലൂടെയുമുള്ള പ്രക്രിയയ്ക്കു പ്രാമുഖ്യം കൊടുക്കാന്‍ ആവശ്യപ്പെടുന്നത്. ശരിയായ തീരുമാനത്തിനു പറ്റിയ സമയത്തിനുവേണ്ടി കാത്തിരിക്കാന്‍ മനസ്സു കാണിക്കാതെ വരുന്നു. അങ്ങനെ പെട്ടെന്നുള്ള ഫലങ്ങളും ധൃതിയിലുള്ള നടപടികളും വരുന്നു. ഈ പ്രവണതയെയാണ് മാര്‍പാപ്പ എതിര്‍ക്കുന്നത്. അവിടെ അഹത്തിന്റെ ക്ഷമാരഹിതമായി ഉണ്ടാക്കുന്നതു വെറും രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. അവിടെ സാമൂഹിക നന്മയും സഭയുടെ നന്മയും നഷ്ടമാകുന്നു. ഇടം കൈയ്യടക്കുന്നതിനേക്കാള്‍ ഒരു പ്രക്രിയ ആരംഭിക്കുകയാണ് വിവേകിയായ നേതാവ് ചെയ്യേണ്ടത് – "സ്‌നേഹത്തിന്റെ സന്തോഷത്തില്‍" ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതി. പ്രബോധനപരവും ധാര്‍മ്മികവും അജപാലനപരവുമായ പ്രശ്‌നങ്ങളില്‍ "സഭാധികാരിത്തിന്റെ ഇടപെടലിലൂടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്" ഒഴിവാക്കണമെന്നും "കാലം സ്ഥലത്തേക്കാള്‍ മഹത്തരമാണ്' എന്നും മാര്‍പാപ്പ എഴുതി (AL, 3) കാലത്തിലൂടെ ഉരുത്തിരിയേണ്ട കാര്യങ്ങളില്‍ ഉരുക്കുമുഷ്ടിയുടെ അധികാരം ഇടപെടുന്നതിനെ മാര്‍പാപ്പ എതിര്‍ക്കുന്നു. മാര്‍പാപ്പ ഇതു സ്വന്തം അനുവത്തിലൂടെ പഠിച്ചതാണ്. പാപ്പ എഴുതി, "ഞാന്‍ കൊര്‍ദോണോയിലായിരുന്നപ്പോള്‍ ആന്തരിക പ്രശ്‌നങ്ങളുടെ കാലമാണ് ഞാന്‍ ജീവിച്ചത്. ഞാനൊരു വലതുപക്ഷ തീവ്രവാദിയായിരുന്നില്ല. തീരുമാനങ്ങള്‍ എടുക്കുന്നതിലെ എന്റെ അധികാര വഴിയായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്."

"ശരിയായ വിധത്തില്‍ മനസ്സിലാക്കിയാല്‍ സാംസ്‌കാരിക വൈവിധ്യം സഭയുടെ ഐക്യത്തിനു വിഘാതമല്ല. …ചില സംസ്‌കാരങ്ങള്‍ ദൈവവചന പ്രഘോഷണവും ക്രൈസ്തവചിന്തയുടെ വ്യാപനവുമായി ബന്ധപ്പെട്ടതാണെങ്കിലും വെളിവാക്കപ്പെട്ട സന്ദേശം ഒരു സംസ്‌കാരവുമായി താദാത്മ്യപ്പെടുന്നില്ല. സന്ദേശത്തിന്റെ ഉള്ളടക്കം സാംസ്‌ക്കാരികാന്തരമാണ്" (E.G. 117). സമൂലമായി കാഴ്ചപ്പാട് മാത്രം അവതരിപ്പിക്കുന്ന മാര്‍പാപ്പ പറഞ്ഞു, "ചിലപ്പോള്‍ ഞാന്‍ ആശ്ചര്യത്തോടെ സംശയിക്കുന്നു, ഈ ലോകത്ത് ജനതകളെ പണിയുന്ന പ്രക്രിയകള്‍ തുടങ്ങുന്നവരാണോ അവര്‍ എന്ന്. പെട്ടെന്ന് ഫലങ്ങള്‍ ഉണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കുന്നതുമായ നടപടികള്‍ക്ക് ഇത് എതിരാണ്. അതു മനുഷ്യന്റെ പൂര്‍ണ്ണത ഒരു വിധത്തിലും മെച്ചമാക്കുന്നില്ല."

"സഭ ചിലപ്പോഴൊക്കെ വളരെ ചെറിയ കാര്യങ്ങളും ചെറിയ മനസ്സിന്റെ നിയമങ്ങളിലും സ്വയം അടച്ചുപൂട്ടിക്കഴിയുന്നു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org