Latest News
|^| Home -> Pangthi -> നോമ്പുകാല ചിന്തകൾ -> സമയത്തിന്റെ വിശുദ്ധി വീണ്ടെടുക്കാനുള്ള കാലം

സമയത്തിന്റെ വിശുദ്ധി വീണ്ടെടുക്കാനുള്ള കാലം

Sathyadeepam

ബോബി ജോര്‍ജ്ജ്

ബോബി ജോര്‍ജ്ജ്

നോമ്പുകാലം തിരിഞ്ഞു നോക്കലുകളുടെയും, ആത്മനിയന്ത്രണങ്ങളുടെയും ഒക്കെ കാലമാണല്ലോ. നമ്മുടെ ആഗ്രഹങ്ങളെയും, ആസക്തികളെയും ഒക്കെ മനസ്സിലാക്കാനും, നിയന്ത്രിക്കാനും ഉള്ള കുറച്ചു ദിവസങ്ങള്‍. നമ്മള്‍ ഓടേണ്ടത് രസകരമായവയുടെ പിറകെ മാത്രമല്ല, മറിച്ചു പ്രധാനപ്പെട്ടവയുടെ പിന്നാലെ ആണെന്ന് ഓരോ നോമ്പുകാലവും നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പലതരത്തിലുള്ള സമ്പത്തുകളെ നമ്മള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന ചിന്തയ്ക്ക് നോമ്പുകാലത്തു പ്രത്യേക പ്രസക്തിയുണ്ട്. സമ്പത്ത് എന്ന് പറയുമ്പോള്‍ നമ്മുടെ ശരീരം, പണം, സര്‍ഗ്ഗാത്മകകഴിവുകള്‍, സമയം എല്ലാം ഉള്‍പ്പെടും. നമ്മുടെ സമ്പത്തുകളെ, ദൈവേഷ്ടത്തിനു അനുസരിച്ചു, നമുക്കും, നമ്മുടെ കുടുംബങ്ങള്‍ക്കും, സമൂഹത്തിനും, രാജ്യത്തിനും ഏറ്റവും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്ക് കടമയുണ്ട്. ഇക്കൂട്ടത്തില്‍ നമ്മള്‍ പലപ്പോഴും അവ ഗണിക്കുകയും, ഏറ്റവും വില കുറച്ചു കാണുകയും ചെയ്യുന്ന ഒന്നാണ് നമ്മുടെ സമയം. എല്ലാ മനുഷ്യര്‍ക്കും തുല്യമായ അളവില്‍ നല്കപ്പെട്ടിട്ടുള്ള വേറൊരു സമ്പത്ത് ഇല്ലതാനും. അനന്തമായ സമയം നമുക്ക് ഉള്ള മട്ടില്‍ ആണ് പലപ്പോഴും നമ്മള്‍ അതിനെ സമീപിക്കുന്നത്. സമയത്തെ നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികളെത്തന്നെ സ്വാധീനിക്കുന്നത് എന്ന് നാം പലപ്പോഴും മറന്നു പോകുന്നു.
ഓരോ കാലഘട്ടത്തെയും അതിന്റെ ദൗര്‍ലഭ്യങ്ങളുടെ പേരില്‍ അടയാളപ്പെടുത്താറുണ്ട്. ആല്‍ബര്‍ട്ട് വെങ്ങേര്‍ എന്ന എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ചരിത്രത്തില്‍ അത് യഥാക്രമം ആഹാരം, ഭൂമി, മൂലധനം എന്നിവ ആയിരുന്നു എങ്കില്‍ ഈ കാലഘട്ടത്തിന്റെ ദൗര്‍ലഭ്യം നമ്മുടെ സമയം അഥവാ ശ്രദ്ധ ആണ് (new scarcity is our attention). ലോകത്തിന്റെ സാധ്യതകളും, അവസരങ്ങളും, ആകര്‍ഷണങ്ങളും, നൂറുകണക്കിന് മടങ്ങായി വര്‍ദ്ധിച്ചപ്പോളും നമുക്ക് ലഭ്യമായ സമയം കൂടുന്നില്ല. അതുകൊണ്ടു തന്നെ ആധുനികമനുഷ്യന്‍ പകച്ചു നില്‍ക്കുന്നത് അവന്റെ സമയം എങ്ങനെ ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കാം എന്നുള്ളതിലാണ്. ഇത്രമാത്രം അമൂല്യമാണെങ്കിലും ഇന്ന് നമ്മള്‍ ഏറ്റവും, അശ്രദ്ധമായി പാഴാക്കി കളയുന്ന ഒന്ന് സമയമാണ്. ഇന്റര്‍നെറ്റ്, മറ്റു ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ എല്ലാം മനുഷ്യജീവിതത്തെ മാറ്റിമറിച്ചപ്പോള്‍, അതുണ്ടാക്കിയ ഒരു മാറ്റം, അത് കൊണ്ടുവന്ന നന്മകള്‍ക്കൊപ്പം, മനുഷ്യരെ അതിന്റെ മുന്നില്‍ തളച്ചിട്ടു എന്നതാണ്. മറ്റെല്ലാം മറന്ന് ഇവയുടെ മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന മനുഷ്യനാണ് ഇന്ന് സമയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വരുന്നത്. ഓരോ വ്യക്തിയുടെയും, ചുറ്റു മുള്ളവരുടെയും, സമൂഹത്തിന്റെയും ഉയര്‍ച്ചയ്ക്ക് വ്യയം ചെയ്യപ്പെടേണ്ട സമയം, ഡിജിറ്റല്‍ ആകര്‍ഷണങ്ങളുടെ മുന്നില്‍ യാതൊരു ലക്ഷ്യവും ഇല്ലാതെ ചെലവഴിക്കപ്പെടുമ്പോള്‍, സമയത്തിന്റെ വിശുദ്ധിയാണ് കളങ്കപ്പെടുന്നത്.

ഈ നോമ്പുകാലം സമയത്തെ വിശുദ്ധമായി സമീപിക്കുവാനുള്ള
ഒരു അവസരമായി കാണേണ്ടതുണ്ട്. താലന്തുകളുടെ ഉപമ നമുക്കറിയാം.
അതുപോലെ തന്നെ നമുക്ക് ഓരോരുത്തര്‍ക്കും കിട്ടിയിട്ടുള്ള സമയത്തിന്
കണക്കു ബോധിപ്പിക്കാന്‍ നമുക്ക് കടമയുണ്ട്. സ്വന്തം സമയത്തിന്റെ മേല്‍
നിയന്ത്രണം നഷ്ടപ്പെട്ട ഒരുവന് തന്റെ ജീവിതത്തിന്റെ കടിഞ്ഞാണും നഷ്ടപ്പെടും.
അതുകൊണ്ടു തന്നെ, ജീവിതത്തില്‍ ഒരു മുന്‍ഗണനാക്രമം നിശ്ചയിക്കുവാന്‍
ഈ നോമ്പുകാലം നമുക്ക് അവസരമാകട്ടെ.


വേറൊരു മനുഷ്യന്റെ സമയത്തെ എങ്ങനെ തനിക്ക് അനുകൂലമാക്കാന്‍ കഴിയും എന്നുള്ളത് ഒരു വാണിജ്യതാല്‍പ്പര്യമാണ്. അതുകൊണ്ടു തന്നെ നമ്മുടെ സമയത്തെ, ശ്രദ്ധയെ അപഹരിക്കാനുള്ള പ്രലോഭനങ്ങള്‍ എപ്പോഴും വന്നു കൊണ്ടിരിക്കും. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏകാഗ്രത എന്നുള്ളത് ഇന്ന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒരു മണിക്കൂര്‍ എങ്കിലും വേറെ ഒന്നിലും ശ്രദ്ധിക്കാതെ, നമ്മുടെ ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു പരാതി ഇന്ന് അവര്‍ക്കു പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല എന്നുള്ളതാണ്. അറിവിനും ആനന്ദത്തിനും എന്ന് കരുതി നമ്മള്‍ ഫോണുകളുടെയും, കമ്പ്യൂട്ടറിന്റെയും ഒക്കെ മുന്നില്‍ മണിക്കൂറുകള്‍ ഇരിക്കുമ്പോള്‍ നമ്മുടെ സമയത്തെ വളരെ തുച്ഛമായ വിലയ്ക്ക് കൈമാറ്റം ചെയ്യുകയാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ ഒക്കെ നിയന്ത്രിക്കുന്ന കുറച്ചു കോര്‍പ്പറേറ്റ് ശക്തികള്‍ ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെ വിലപ്പെട്ട സമയം, കൊള്ളയടിക്കുന്ന ഒരു പ്രതിഭാസം കൂടിയാണ് ഇത്.
സമയത്തെ ആര്‍ക്കും അവരവര്‍ക്കു വേണ്ടി കൂടുതലായി ഉണ്ടാക്കുവാന്‍ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ, പലപ്പോഴും നമ്മുടെ കുടുംബത്തിനും, മക്കള്‍ക്കും, നമ്മുടെ തന്നെയും സമഗ്രമായ വളര്‍ച്ചയ്ക്ക് വേണ്ട സമയമാണ് നമ്മള്‍ പലപ്പോഴും പാഴാക്കുന്നത്. എല്ലാ ദിവസവും നമുക്ക് എത്ര മാത്രം സമയം നമ്മുടെ കുടുംബത്തിലുള്ളവരോട് സംസാരിക്കുവാന്‍ കിട്ടുന്നുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. പോപ്പ് ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്ക് എഴുതിയ ഒരു ലേഖനത്തില്‍ പറയുന്ന പോലെ, നമ്മള്‍ നമ്മുടെ പങ്കാളിക്കോ, കുഞ്ഞുങ്ങള്‍ക്കോ, മാതാപിതാക്കള്‍ക്കോ കൊടുക്കേണ്ട ഏറ്റവും അമൂല്യമായ ഒന്ന് നമ്മുടെ സമയമാണ്. അത് കൊടുക്കാതെ മറ്റെന്തു കൊടുത്തിട്ടും കാര്യമില്ല. ഉറക്കത്തിനോ, വിശ്രമത്തിനോ, കായികഅധ്വാനത്തിനോ ഒക്കെ നീക്കിവയ്‌ക്കേണ്ട മണിക്കൂറുകള്‍ ആണ് നമ്മള്‍ പലപ്പോഴും ഫോണിന്റെ മുന്നില്‍ യാതൊരു കാര്യവുമില്ലാതെ ചിലവഴിക്കുന്നത്.
ഈ നോമ്പുകാലം സമയത്തെ വിശുദ്ധമായി സമീപിക്കുവാനുള്ള ഒരു അവസരമായി കാണേണ്ടതുണ്ട്. താലന്തുകളുടെ ഉപമ നമുക്കറിയാം. അതുപോലെ തന്നെ നമുക്ക് ഓരോരുത്തര്‍ക്കും കിട്ടിയിട്ടുള്ള സമയത്തിന് കണക്കു ബോധിപ്പിക്കാന്‍ നമുക്ക് കടമയുണ്ട്. സ്വന്തം സമയത്തിന്റെ മേല്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒരുവന് തന്റെ ജീവിതത്തിന്റെ കടിഞ്ഞാണും നഷ്ടപ്പെടും. അതുകൊണ്ടു തന്നെ, ജീവിതത്തില്‍ ഒരു മുന്‍ഗണനാക്രമം നിശ്ചയിക്കുവാന്‍ ഈ നോമ്പുകാലം നമുക്ക് അവസരമാകട്ടെ. ഇന്റര്‍നെറ്റും, മറ്റു സാങ്കേതികവിദ്യകളും നമ്മുടെ യജമാനന്മാര്‍ ആകരുത്, മറിച്ചു നമുക്ക് ആവശ്യമുള്ള രീതിയില്‍ അതിനെ ഉപയോഗിക്കുവാന്‍ ആണ് നമുക്ക് സാധിക്കേണ്ടത്. നമ്മുടെ ജീവിതത്തെ, ബന്ധങ്ങളെ, കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കാത്ത എന്തും നിഷ്പ്രയോജനമാണ്. നഷ്ടപ്പെട്ടാല്‍ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത, നമ്മുടെ സമയത്തെ അതിന്റെ പാവനതയോടെ സമീപിക്കുവാന്‍ ഉള്ള ഒരു പരിശീലനമായി ഈ നോമ്പുകാലത്തെ മാറ്റാന്‍ സാധിച്ചാല്‍ അത് ശ്രേഷ്ഠമായിരിക്കും. സഭാപ്രസംഗകന്‍ ഓര്‍മ്മിപ്പിക്കുന്നത് പോലെ, ആകാശത്തിനു കീഴുള്ള സമസ്തകാര്യത്തിനും ഉള്ള അവസരം നമ്മള്‍ വിവേകത്തോടെ കണ്ടെത്തണം (സഭാ പ്രസംഗകന്‍ 3:1).

Leave a Comment

*
*