ഭ്രാന്തായി ജീവിക്കാനും സുബോധത്തോടെ മരിക്കാനും

ഭ്രാന്തായി ജീവിക്കാനും സുബോധത്തോടെ മരിക്കാനും

പോള്‍ തേലക്കാട്ട്

"സ്പാനിഷ് ക്രിസ്തു" എന്ന മിഗുവേല്‍ ദെ ഉനാമൂനോ വിശേഷിപ്പിച്ച സെര്‍വാന്റസിന്റെ ഡോം കിംഹോത്തെ. "ഭ്രാന്തനായി ജീവിക്കാനും സുബോധത്തോടെ മരിക്കാനും ഭാഗ്യ"മുണ്ടായ മാന്യമഹാവ്യക്തിയാണ്. പ്രത്യക്ഷത്തെ പരാജയപ്പെടുത്തിയ ഈ മാടമ്പി സാ ധാരണ മനുഷ്യനായിരുന്നു. മാടമ്പികളെക്കുറിച്ചു കഥകള്‍ സമ്പാദ്യമെല്ലാം വിറ്റ് നിരന്തരം വായിച്ച അദ്ദേഹത്തിന്റെ മനസ്സു മാടമ്പികളുടെ ധീര വീര സാഹസികത കൊണ്ടു നിറഞ്ഞു. അങ്ങനെ മാടമ്പി തലയ്ക്കു പിടിച്ച് അദ്ദേഹം ക്ഷുരക്കാരന്റെ വെള്ളംവയ്ക്കുന്ന പാത്രം ഹെല്‍മറ്റാക്കിയും മാടമ്പിയുടെ വസ്ത്രങ്ങള്‍ തട്ടിന്‍ പുറത്തനിന്നു കുടഞ്ഞ് എടുത്തും ഒരു ചാവാലിക്കുതിരയെ വാങ്ങിയും സാന്‍ചോ പാന്‍സ എന്ന തന്റെ സന്തത സഹചാരിയെ കൂട്ടാക്കിയും ലോകം നന്നാക്കുന്ന നടപടിയുമായി യാത്ര തുടങ്ങി. കുട്ടികളെ വേല ചെയ്യിക്കുകയും തല്ലുകയും ചെയ്യുന്നവരെ വിലക്കി, അടിമത്തം അകറ്റാന്‍ നടപടികള്‍ സ്വീകരിച്ചു, ലോകത്തെ ഭീഷണിപ്പെടുത്തുന്ന സത്വങ്ങളോട് പടവെട്ടി. അവസാനം വീട്ടുകാര്‍ അയാളെ തേടിപ്പിടിച്ചു ബലമായി വീട്ടിലാക്കുന്നു. കൂട്ടുകാരനോട് അവസാന നാളില്‍ പറഞ്ഞു, "നിന്റെ ആയുസ്സ് പാഴാക്കിയതില്‍ ഖേദിക്കുന്നു. ഭ്രാന്തു പിടിച്ചവന്‍ ഞാനായിരുന്നു." "ഞാന്‍ എപ്പോഴും കേട്ടതു താഴെയുള്ള മനുഷ്യര്‍ക്കു നന്മ ചെയ്യുന്നതു കടലില്‍ വെള്ളമൊഴിക്കന്നതു പോലെയാണ്" എന്നു നീ പറഞ്ഞതു ഞാന്‍ കേട്ടിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. പക്ഷെ, അങ്ങനെ ജീവിച്ചുപോയി. ഈ വിവേകം എനിക്ക് ഉണ്ടാകേണ്ടതായിരുന്നു."
സന്തത സഹചാരിയായ സാന്‍ചോ പാന്‍സ പറഞ്ഞു, "മരിക്കല്ലേ സുഹൃത്തേ, എന്റെ ഉപദേശം കേട്ട് ദീര്‍ഘകാലം ജീവിക്കുക. ഈ ജീവിതത്തിലെ ഏറ്റവും വലിയ ഭ്രാന്ത് ആരും കൊല്ലാതെയും ശോകം ബാധിക്കാതെയും വെറുതെ ജീവിച്ചു മരിക്കുന്നതാണ്. അപ്പോള്‍ കിംഹോത്തെ പറഞ്ഞു: "നമുക്കു സാവധാനം പോകാം. ഇന്നലത്തെ കൂടുകളില്‍ ഇന്നു പക്ഷികളില്ല. എനിക്കു ഭ്രാന്തായിരുന്നു, ഇപ്പോള്‍ സുബോധത്തിലാണ്. ഞാന്‍ ഡോം കിംഹോത്തെയായിരുന്നു, ഇ പ്പോള്‍ വെറും അല്‍ഫോന്‍സോ കിയാഗോ എന്ന നല്ലവനാണ്. എന്റെ പശ്ചാത്താപം നിനക്ക് എന്നോടുണ്ടായിരുന്ന പഴയ ആദരവിനു കാരണമാകട്ടെ, പഴയ എഴുത്തുകാരന്‍ തുടരട്ടെ."
എന്തായിരുന്നു ഈ ഭ്രാന്തിന് കാരണം? വി. ഗീവര്‍ഗീസ്, വി. പൗലോസ്, വി. മാര്‍ട്ടിന്‍ എന്നീ ക്രൈസ്തവ മാടമ്പിമാരുടെ പടങ്ങള്‍ കണ്ടു. അവര്‍ ദൈവികമായതിനുവേണ്ടി യുദ്ധം ചെയ്തു. മാടമ്പികള്‍ ഞാന്‍ വിശ്വസിക്കുന്നതു വിശ്വസിച്ചവരാണ്, പുണ്യവാന്മാര്‍ വിശുദ്ധമായതിനു വേണ്ടി യുദ്ധം ചെയ്‌തെങ്കില്‍ ഞാന്‍ മാനവികമായതിനു വേണ്ടി യുദ്ധം ചെയ്യുന്നു. സ്വര്‍ഗ്ഗം കീഴടക്കാന്‍ അവര്‍ ആയുധങ്ങള്‍ ഉപയോഗിച്ചു. ഇതുവരെ എന്റെ ശ്രമങ്ങള്‍ കൊണ്ട് ഞാന്‍ നേടിയെടുക്കുന്നത് എന്ത് എന്നു ഞാന്‍ അറിയുന്നില്ല."
ഭ്രാന്തിനു കാരണം തികച്ചും വ്യത്യസ്തവും സാധാരണക്കാരുടെ അല്ലാത്തതുമായ ഉന്നത ഭാഷ ഉപയോഗിച്ചു. വായനയുണ്ടാക്കിയ ആദര്‍ശലോകം തലയില്‍ കയറി ഭരിച്ചു. അതു സങ്കീര്‍ണ്ണമായ മിഥ്യ സന്തുഷ്ടജീവിതം എന്ന മിഥ്യ കാണാന്‍ ഇറങ്ങി. യാഥാര്‍ത്ഥ്യം കാണാതായി. കാറ്റാടിമില്ലുകളെ അതുകൊണ്ട് ഭീകര സത്വങ്ങളായി കണ്ടു. ആയിരിക്കുന്നതു കണ്ടില്ല, ആകേണ്ടതു കണ്ടു. അനുതാപികള്‍ കന്യകാമാതാവിന്റെ രൂപവുമായി നടത്തിയ പ്രദക്ഷിണം പെണ്ണിനെ പിടിച്ചുകൊണ്ടു പോകുന്ന ഭീകരരുടെ നടപടിയായി കണ്ടു. യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കഴിയാത്ത മനസ്സുണ്ടാക്കിയ മിഥ്യകളെ കണ്ടു. ലോകത്തിന് അത് ചിരിക്കാന്‍ കൊള്ളാവുന്ന വിഡ്ഢിയുടെ കഥയായി.
ഈ കഥ വ്യാഖ്യാനിച്ചുകൊണ്ട് കഫ്ക പറഞ്ഞു, ഡോം കിംഹോത്തെയും സാന്‍ചോ പാന്‍സ എന്ന കൂട്ടുകാരനും രണ്ടാളുകളല്ല. ഒരാളുടെ രണ്ടു ഭാവരൂപങ്ങള്‍. ഒരുവനിലെ നല്ല ഭാഗമാണ് ഡോം കിംഹോത്തെ. ആ ആദര്‍ശ മാടമ്പിയെ പിന്‍ചെന്നു ജീവിതത്തെ മഹത്തായ സുകൃതവിനോദമായി ഉത്തരവാദിത്വപൂര്‍വ്വം ജീവിച്ച സാധാരണക്കാരന്റെ അസാധാരണ ജീവിതം.
70 വയസ്സു കഴിഞ്ഞ ഞാന്‍ ഇങ്ങനെ വിഡ്ഢിവേഷം കെട്ടി ജീവിച്ചവനാണ്. എന്നെപ്പോലെ ആയിരക്കണക്കിനു വൈദികരും സന്യാസിനിമാരും. ഈ കഥ ലോകത്തിനു അല്പമെങ്കിലും ആശ്വാസം നല്കി എന്ന് സമാശ്വസിക്കാം. മാത്രമല്ല ചിരിക്കാനും സന്തോഷിക്കാനും പറ്റിയ വിനോദ വിശ്രമത്തിന് അത് അവസരമൊരുക്കി. ഒരു പ്രാര്‍ത്ഥനയേയുള്ളൂ ഭ്രാന്ത് മാറാതെ ഭ്രാന്തില്‍ മരിക്കാന്‍. ചിലര്‍ക്ക് ഇടയ്ക്കുവച്ച് ഇത് ഭ്രാന്തായിപ്പോയി എന്ന സുബോധമുണ്ടാക്കുന്നു. പക്ഷെ, പഴയ വേഷങ്ങളില്‍ സാമാന്യബോധത്തോടെ ഭ്രാന്തില്ലാതെ ഭ്രാന്തിന്റെ വേഷം കെട്ടിയാടുന്നു. കാരണം അവരൊന്നും വായിക്കുന്നില്ല. ഒരു മാടമ്പിയും അവരുടെ തലയെ ഭരിക്കുന്നില്ല. ഇവിടെയാണ് ഡോം കിംഹോത്തെ വലിയ ദുരന്തകഥയാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org