ഉറപ്പുകളില്‍ ഉറച്ചിരിക്കുന്നവരോട്

ഉറപ്പുകളില്‍ ഉറച്ചിരിക്കുന്നവരോട്

പോള്‍ തേലക്കാട്ട്

വത്തിക്കാന്റെ ഭരണ സിരാകേന്ദ്രത്തിനു റോമന്‍ കൂരിയ എന്നാണ് പറയുക. അവിടെയാണ് കത്തോലിക്കാ സഭയുടെ ഉള്ളില്‍ ഉടലെടുക്കുന്ന പ്രതിസന്ധികള്‍, പ്രശ്‌നങ്ങള്‍, വിവാദങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് നയിക്കുന്നത്. ഈ ഭരണകേന്ദ്രത്തിലെ സകലരേയും ക്രിസ്തുമസ്സിനു മുന്‍പ് ഡിസംബര്‍ 21-ാം തീയതി വിളിച്ചുകൂട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ അവരോട് സംസാരിച്ചു. നാലായിരത്തില്‍ അധികം വാക്കുകളിലുള്ള ഈ പ്രഭാഷണത്തിന്റെ കേന്ദ്ര പ്രമേയം പ്രശ്‌ന പ്രതിസന്ധികളിലൂടെ സഭ എങ്ങനെ മന്നോട്ടു പോകണമെന്നതാണ്.
പ്രസംഗാരംഭത്തില്‍ത്തന്നെ മാര്‍പാപ്പ ഉദ്ധരിക്കുന്നതു നാസ്സി ജനറല്‍ ഐയ്ക്മാനെ വിസ്തരിച്ചു തൂക്കിക്കൊന്ന കഥ പറയുന്ന യഹൂദ ചിന്തക ഹന്ന അറന്ററ്റിനെയാണ്. അവര്‍ ക്രിസ്തുമസ് സന്ദേശമായി ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു: "ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു." അതാണ് അത്ഭുതം – പിറവിയാണ് രക്ഷയുടെ അത്ഭുതം, ലോകത്തെ രക്ഷിക്കുന്ന അത്ഭുതം "പിറവി"യാണ്. മനുഷ്യന്‍ "മരിക്കണമെങ്കിലും, മരിക്കാന്‍ ജനിച്ചവനല്ല, തുടങ്ങാന്‍ ജനിച്ചവനാണ്." ഒരു തുടക്കം ചരിത്രമാകുന്നതിനു മുന്‍പ് അതു തുടങ്ങുന്നവന്റെ ആന്തരികതയിലെ സ്വാതന്ത്ര്യത്തിന്റെ ഉള്ളിലെ ഒരു സാധ്യതയാണ്. വി. അഗസ്റ്റിന്‍ എഴുതി "ആരംഭം ഉണ്ടാക്കാന്‍, മനുഷ്യനെ ഉണ്ടാക്കി" ഇതാണ് സുവിശേഷം.
തകര്‍ച്ചയുെടയും മരണത്തിന്റെയും രോഗത്തിന്റെയും പ്രതിസന്ധികളുടെയും ലോകത്തില്‍ രക്ഷയായി മാറുന്നതു എപ്പോഴും പിറവിയാണ് – ജനനമാണ്. മരണമല്ല ജനനമാണ് നല്ല വാര്‍ത്ത. പ്രതിസന്ധികളുടെ കൊടുങ്കാറ്റടിക്കുമ്പോള്‍ ബലഹീനരായ നാം ഭയന്നു വിറയ്ക്കുന്നു. അനുദിനജീവിതത്തില്‍ നാം പടുത്തുയര്‍ത്തിയ ഉറപ്പുകളും ഉറച്ച അടിസ്ഥാനങ്ങളും ഇളകിമാറുന്നു. ഈ അടിസ്ഥാനങ്ങള്‍ നമ്മുടെ പദ്ധതികളാകാം, തഴക്കങ്ങളാകാം, ബോധ്യങ്ങളും മുന്‍ഗണനകളുമാകാം. ഏതു പ്രതിസന്ധിയും ഒരു പുതിയ തുടക്കത്തിന്റെ അവസരമാണ്. തുടക്കം എന്നതാണ് പിറവി. ഈ തുടക്കത്തിന്റെ അവസരം വിട്ടുകളഞ്ഞാല്‍ ചരിത്രം നമ്മുടെ വിധിയാകും. നാം ചരിത്രത്തിനു പുറത്താകും. അതു ട്രാജഡിയാണ്. ചരിത്രം മാനുഷികമാകാതെയും ദൈവികമാകാതെയും പോകും. ചരിത്രത്തില്‍ ഇടപെടാനുള്ള അവസരമാണ് വന്നണയുന്നത്. ചരിത്രം രക്ഷയുടെ ചരിത്രമാകണമെങ്കില്‍ ദൈവത്തിനുവേണ്ടിയുള്ള ഇടപെടല്‍ ചരിത്രത്തില്‍ സംഭവിക്കണം.
ഏതു പ്രതിസന്ധിയും ഒരു പുതിയ തുടക്കത്തിനുള്ള അവസരവുമാണ്. ആ അവസരം വിട്ടുകളഞ്ഞാല്‍ ചരിത്രം നമ്മുടെ വിധിയായി മാറും. ചരിത്രം രക്ഷയുടെ ചരിത്രമാകുന്നത് അതില്‍ ദൈവത്തിനു വേണ്ടിയുള്ള ദൈവിക ഇടപെടല്‍ ഉണ്ടാകുമ്പോഴാണ്. പക്ഷെ, ഇടപെടലിന്റെ ദൈവത്തെ ഭൂമികുലുക്കങ്ങളുടെയും അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെയും സംഭവങ്ങളിലല്ല നാം അനുഭവിക്കുക. അതിന്റെ പിന്നില്‍ പെരുമ്പറയില്ല. അതിശാന്തമായ മൃദുശബ്ദത്തില്‍ അതു വരുന്നു. പഴയ നിയമത്തിലെ ഏലിയ വലിയ ഇടെപടലുകള്‍ നടത്തി. അദ്ദേഹം ദൈവത്തെ കേട്ടതു മൃദുസ്വരത്തിലാണ്. പൗലോസ് അപ്പസ്‌തോലന്‍ പ്രതിസന്ധികള്‍ നേരിട്ടവനാണ്. സഭയെ ഇസ്രായേലിന്റെ വേലികള്‍ക്കുള്ളില്‍ ഒതുക്കണോ എന്ന പ്രശ്‌നത്തില്‍ ഇടപ്പെട്ട ഫരിസേയന്‍ തന്റെ പാരമ്പര്യത്തിന്റെ ഉറപ്പുകളില്‍ ഉറച്ചിരുന്നവനല്ല. മാത്രമല്ല ഈ പ്രതിസന്ധികളിലെ വെപ്രാളത്തില്‍ കാഴ്ച നഷ്ടപ്പെട്ടവനുമല്ല. പിറവിയുടെ പുതുമയ്ക്ക് അവര്‍ വാതില്‍ തുറന്നു. പിറവിയില്‍ വിശ്വസിക്കാത്തവര്‍ മരിച്ചവരുടെ മൃതശരീരങ്ങള്‍ കീറിമുറിച്ചുള്ള പോസ്റ്റ് മോര്‍ട്ടങ്ങളില്‍ കുടുങ്ങിക്കിടക്കും. പ്രതിസന്ധികള്‍ ഏറ്റുമുട്ടലുകളായി യാഥാര്‍ത്ഥ്യത്തിന്റെ ആഴമാര്‍ന്ന ഐക്യം നഷ്ടമാകും. അതു തോറ്റവരേയും ജയിച്ചവരേയും സൃഷ്ടിക്കും. ഇവിടെയാണ് മയപ്പെട്ടതും സംഘാതവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയേണ്ടത്. മയമില്ലാത്ത ഏകതാനത അടിച്ചേല്പിക്കുമ്പോള്‍ വൈവിധ്യത്തിന്റെ സമ്മേളനം സാധ്യമല്ലാതാകും.
ഈ പശ്ചാത്തലത്തിലാണ് പാരമ്പര്യത്തിന്റെ നിധി കണ്ടെത്തേണ്ടത്. അതു നമ്മുടെ ഉല്പത്തിയുമായി കണ്ണി വിളക്കുന്ന ബന്ധത്തിന്റെ ഗംഗയാണ്. അതു നിത്യതയുടെ വാതായനത്തിലേക്കു ഒഴുകുന്നു. പാരമ്പര്യമാണ് ഭാവി ഉറപ്പാക്കുന്നത്. പാരമ്പര്യം ഒരു മ്യൂസിയമല്ല. അതൊരു ഇന്നലെയുടെ ഭസ്മകുംഭവുമല്ല. പാരമ്പര്യം നമുക്കു ലഭിച്ച പഴയ സത്യമാണ്. അതു സത്യത്തിന്റെ പുതിയ മാനങ്ങള്‍ക്ക് എതിരല്ല. ആ സത്യത്തിന്റെ പുതിയ ഭാവരൂപങ്ങള്‍ നമുക്കു സ്വന്തമാക്കാനും അതു കാലത്തിലൂടെ സമഗ്രമാക്കി വ്യാപിപ്പിക്കാനും സംശുദ്ധമാക്കാനും കഴിയും. സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നാം നടന്നടുക്കുകയാണ്.
വേദപുസ്തകത്തിന്റെ കബറിടം ഓര്‍മ്മയുടെയും വിലാപത്തിന്റെയും ചരിത്രവേദിയാണ്. വിലാപത്തില്‍ ഭൂതവും ഭാവിയും വേര്‍തിരിയുന്നു. വാഗ്ദാനങ്ങള്‍ വേര്‍തിരിച്ചു പൂര്‍ത്തീകരിക്കാനുള്ളവയാണ്. വഗ്ദാനങ്ങളില്‍ മാറ്റിവയ്ക്കപ്പെട്ടവ ചരിത്രമാകാതെ പോകാം. ക്ഷമയുടെയും ഔദാര്യത്തിന്റെയും അത്ഭുതവസന്തങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. ചരിത്രത്തിന്റെ മേല്‍ മരിച്ചവരോടും കടന്നുപോയവരോടും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ചരിത്രത്തെ മരണകരമായി കഠിനമാക്കുന്ന വെറുപ്പില്‍ നിന്നു മോചനം നേടണം. അവിടെ അരിശത്തെ അടക്കാനും വെറുപ്പിനെ കുഴിച്ചുമൂടാനുമുള്ള മനുഷ്യമഹത്വമാണ് വന്നു പിറക്കേണ്ടത്. നാം പടച്ചുണ്ടാക്കുന്ന ചരിത്രത്തിന്റെ മണ്ണ് ചോരകൊണ്ടു നനഞ്ഞതാകും. അത് ഒടുക്കമില്ലാത്ത അധികാര കാമത്തിന്റെയാകും. മറക്കാനാവാത്തതിനെ മറന്ന ചരിത്രമാകും. ക്ഷമിക്കുന്നതിനുള്ള ആദ്യപടി അക്രമത്തിനെതിരായ ആയുധമായി ഭാഷയെ അംഗീകരിക്കുകയും അതില്‍ വിശ്വസിക്കുകയുമാണ്. എല്ലാം പറഞ്ഞു തീര്‍ക്കാം. എതിരാളിയോട് സംസാരിക്കാനും ഏറ്റവും നല്ല വാദമുഖങ്ങള്‍ നിരന്തരം പഠിക്കണം. അപരനെ സംശയിക്കാതെ അപരനോട് സംസാരിക്കാന്‍ കഴിയുന്നതില്‍ത്തന്നെ പൊതുസമ്മതത്തിന്റെ അടിസ്ഥാനമായി. ഓര്‍മ്മയില്‍ത്തന്നെയാണ് സങ്കല്പത്തിന്റെ മണ്ഡലം കണ്ടെത്തുന്നത്. വ്യക്തിത്വത്തിന്റെ നിര്‍ഗുണ നപുംസക ശൂന്യതയിലാണ് വെറുപ്പും വിരോധവും വളരുന്നത്. വേദന മനസ്സിലാക്കാനും വേദനിക്കുന്നവരെ കേള്‍ക്കാനും കഴിയുന്നതു മഹത്തുക്കള്‍ മാത്രമാണ്. ചക്ക കൊടുത്തു മാങ്ങ വാങ്ങിക്കുന്നതു വെറും കച്ചവടമാണ്. രഹസ്യത്തില്‍ കൊടുക്കുന്നതു കൊടുക്കുന്നവനെ മഹത്തരമാക്കുന്നു. അവന്റെ ദാനം വാങ്ങിക്കുന്നവനില്‍ കടപ്പാടുണ്ടാക്കും. തിരിച്ചു കൊടുക്കാനാവാത്തതു കൊടുക്കുന്നതിലാണ് മനഷ്യന്റെ മഹത്വം വെളിവാകുന്നത്. അതു നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ ഉന്നതനാകുന്നത്. ഓര്‍മ്മയുടെ പുസ്തകത്തില്‍നിന്നു പാപങ്ങള്‍ മായിച്ചുകളയുന്നതാണ് പുതുമ പിറക്കുന്നതിനു വേണ്ട അനിവാര്യ നടപടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org