സഹിഷ്ണുത ഒരു വെറും പദമല്ല

സഹിഷ്ണുത ഒരു വെറും പദമല്ല

ലിറ്റി ചാക്കോ

സഹിഷ്ണുത എന്ന വാക്കിന് ശബ്ദതാരാവലി നല്കുന്ന അര്‍ത്ഥം, സ്വന്തം അഭിരുചിക്ക് ഇണങ്ങുന്നതും ഇണങ്ങാത്തതുമായ എന്തിനെയും മനക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യത അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ് എന്നതാണ്. എത്രയോ ആഴത്തിലും സന്ദേഹത്തിനിടയില്ലാത്ത വിധം അവതരണത്തിലും തെളിമയുള്ള വാചകമാണിത്.

എവിടെയാണീ പദത്തിനു പ്രയോഗ സാധുതയുള്ളതെന്ന് ആലോചിച്ചിട്ടുണ്ടോ? സമസ്ത ജീവിതമേഖലകളിലും എന്ന് വിശാലാര്‍ത്ഥത്തില്‍ പറയാമെങ്കിലും കൂടുതലും സാമൂഹിക സഹവര്‍ത്തിത്വങ്ങളിലാണ് അതിനു മിഴിവു ലഭിക്കുന്നത്. പ്രതിപക്ഷ ബഹുമാനം എന്ന പദവും ഇതിനോടു ചേര്‍ത്തു തന്നെ വായിക്കപ്പെടാവുന്ന ഒന്നാണ്.

കാര്‍ട്ടൂണ്‍ എന്ന ഒരു കലാരൂപം അതിന്റെ പ്രതാപത്തില്‍ ഉയര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ശങ്കര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന്റെ കോറി വരകളില്‍ ചാട്ടവാറടിയേറ്റിട്ടാണ് ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയം അഗ്നിശുദ്ധി വരുത്തിയിരുന്നത്. ഇത്തരത്തില്‍ നിരവധി തലങ്ങളില്‍ നിരവധി ഇടപെടലുകള്‍ നിരവധി രീതികൡ നടന്നിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരെയും സഞ്ചയനെയും വി.കെ. എന്നിനെ പേലെയുമൊക്കെയുള്ള ഉദാഹരണങ്ങള്‍ മലയാള സാഹിത്യത്തിലും ഉണ്ടായിട്ടുണ്ട്. അവരെയൊന്നും ആരും കയ്യേറ്റം ചെയ്യാനോ വ്യക്തിഹത്യ നടത്താനോ എല്ലാ അര്‍ത്ഥത്തിലും തമസ്‌കരിച്ചുകളയാനോ ഉള്ള ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ചരിത്രം നമ്മോടു പറഞ്ഞു തരുന്നത്. പിന്നീട് കെ. കരുണാകരനും ഇ.കെ. നായനാരും നേര്‍ക്കുനേര്‍ വന്നപ്പോഴും കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും സൗഹൃദം സൂക്ഷിക്കാന്‍ അവരും സവിശേഷ ശ്രദ്ധവച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ന് ഇത്തരം നര്‍മ്മവും സാമൂഹിക ഉത്തരവാദിത്തവും നിറവേറ്റാന്‍ നമ്മുടെ ആക്ഷേപഹാസ്യത്തിന്റെ മേഖലയ്ക്കു കഴിയുന്നുണ്ടോ? പക്ഷം പിടിക്കുന്ന ട്രോളുകളിലേക്കും സഭ്യവും സദുദ്ദേശപരവുമല്ലാത്ത ചെളി വാരിത്തേയ്ക്കലുകളിലേക്കും കൂപ്പുകുത്തിയ ദുരന്തത്തിലേക്കല്ലെ, സമീപകാലത്തെ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ വീണുപോയത്?

ഫലമെന്താണുണ്ടാവുന്നത് എന്ന ചിന്തയിലാണ് ഈ അപകടത്തിന്റെ ആഴം ബോദ്ധ്യപ്പെടുക. ഒരിടത്തും ആശയസംവേദനത്തിനുള്ള വേദികള്‍ ബാക്കിയാകാത്ത വിധത്തില്‍ നമ്മുടെ സാമൂഹിക സംവിധാനങ്ങള്‍ മാറിപ്പോയിരിക്കുന്നു. എതിര്‍ സ്വരങ്ങളെ ഭയപ്പെടുന്നതില്‍ നിന്നു തുടങ്ങി വച്ച്, അഭിപ്രായങ്ങളെപ്പോലും ഭയപ്പെടുകയും ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തില്‍ ഭരണകൂട ഭീകരത ഇന്ന് പടര്‍ന്നിരിക്കുന്നു. ഇത് രാഷ്ട്രീയത്തില്‍ മാത്രമല്ല തൊഴില്‍ സ്ഥാപനങ്ങളിലും അദ്ധ്യാപക സമൂഹത്തിലും സംഘടനകളിലും ആത്മീയവേദികളിലുമെല്ലാം പടര്‍ന്ന് നാടു നശിച്ചൊടുങ്ങുന്ന നിലയിലേക്ക് വളര്‍ന്നെത്തി നില്‍ക്കുകയാണ്.

മതത്തിലും സൗഹൃദത്തിലും സ്ഥാപനങ്ങളിലും അദ്ധ്യയനത്തിലും എന്നു വേണ്ടാ എവിടെയെല്ലാം സഹവര്‍ത്തിത്വത്തിന്റെ മേഖലകള്‍ വേണ്ടതുണ്ടോ, അവിടെയെല്ലാം മനസ്സില്‍ പതിപ്പിക്കേണ്ട ബാനര്‍ ആണ് സഹിഷ്ണുത എന്നത്. സംസാരിക്കാനും പ്രതികരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള വേദികള്‍ ഉണ്ടാകുമ്പോള്‍ തന്നെയും പ്രശ്‌നങ്ങള്‍ പാതിയും പരിഹരിക്കപ്പെടും.

ആശയങ്ങളും ആശങ്കകളുമെല്ലാം പങ്കുവയ്ക്കുമ്പോള്‍ മാത്രമാണ് ഏതു സ്ഥാപനവും സംവിധാനവും മേല്‍ഗതി നേടുകയുള്ളൂ. വിവേകത്തോടെ കേട്ട് സംയമനത്തോടെ പ്രതികരിച്ച് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും തയ്യാറാവേണ്ടതുണ്ട് ഭരണസംവിധാനങ്ങളുടെ നേതൃത്വം, അതാരായാലും. എന്നാല്‍ ലോകം മുഴുവനും തനിക്കെതിരായിരിക്കും എന്ന മുന്‍വിധിയോടെ അധികാരത്തിലെത്തുകയും എല്ലാറ്റിനേയും സംശയത്തോടെ വീക്ഷിക്കുകയും ഒന്നിനോടും തുറവിയില്ലാതെ സമീപിക്കുകയും ചെയ്യുമ്പോള്‍, ചില ഉപജാപ സംഘം അതു നന്നായി മുതലെടുക്കയും കാര്യങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്ന എത്രയോ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. ഉപദേശക സംഗമമായി സ്വയം അവതരിക്കുകയും പിന്‍വാതിലിലൂടെ അവരോധിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് സ്വകാര്യ മോഹങ്ങളും നേട്ടങ്ങളുമുണ്ടാകാമെന്ന സാമാന്യബുദ്ധി നേതാക്കള്‍ക്കില്ലാതെ പോകുമ്പോഴാണ് സേവന ജീവിതം ഏവരുടേതും ദുരിതകാലമായി മാറുന്നത്.

ഭരണകാലത്ത് 'ഹിറ്റ്‌ലറാ'യിരുന്നെങ്കിലും ചരിത്രത്തിലെ 'ഹിറ്റലര്‍' ആരാണെന്നതില്‍ നമുക്ക് ഇന്ന് കൃത്യമായ ധാരണകളുണ്ട്. അധികാരത്തിന്റെയും പദവിയുടെയും എല്ലാം ധാര്‍ഷ്ട്യം കൊണ്ടു ഹിറ്റ്‌ലര്‍മാര്‍ക്ക് അക്കാലത്ത് ചിലതു നേടാനായിട്ടുണ്ടെങ്കിലും ചരിത്രത്തിലവര്‍ക്ക് മാപ്പില്ല. മറ്റു ചിലരാകട്ടെ, സ്വന്തം ആത്മവിശ്വാസക്കുറവിനാല്‍ ഹിറ്റ്‌ലറുടെ കോട്ടു ധരിക്കുന്നവരാണ്. അധികാരത്തിന്റെ അഭ്യാസപ്രകടനത്തില്‍ ഒരു പുകമറ സൃഷ്ടിച്ച് അധികാര വര്‍ഗ്ഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് വെറുതെ, ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നവരാണവര്‍. ഉദ്ദേശ്യം മറ്റൊന്നുമല്ല, 'കിരീട'ത്തിലെ മോഹന്‍ലാലിന്റെ പിന്നിലൂടെ നടക്കുന്ന കൊച്ചിന്‍ ഹനീഫയുടെ ലൈന്‍ തന്നെയാണത്.

മതത്തിലും സൗഹൃദത്തിലും സ്ഥാപനങ്ങളിലും അദ്ധ്യയനത്തിലും എന്നു വേണ്ടാ എവിടെയെല്ലാം സഹവര്‍ത്തിത്വത്തിന്റെ മേഖലകള്‍ വേണ്ടതുണ്ടോ, അവിടെയെല്ലാം മനസ്സില്‍ പതിപ്പിക്കേണ്ട ബാനര്‍ ആണ് സഹിഷ്ണുത എന്നത്. സംസാരിക്കാനും പ്രതികരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള വേദികള്‍ ഉണ്ടാകുമ്പോള്‍ തന്നെയും പ്രശ്‌നങ്ങള്‍ പാതിയും പരിഹരിക്കപ്പെടും. അതോടെ ഏതൊരു പ്രസ്ഥാനവും വളര്‍ച്ചയുടെ പാതയിലേക്കു പ്രവേശിക്കുകയും ചെയ്യും. എന്നാല്‍ അടച്ചുപൂട്ടുകയും ഭീഷണിെപ്പടുത്തുകയും തമസ്‌കരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നിടങ്ങളിെലല്ലാം, ഒരു വലിയ പൊട്ടിത്തെറിയോടെ പ്രസ്ഥാനം ഒടുങ്ങിത്തീരുന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതിനാല്‍ നമുക്കിണങ്ങുന്നില്ലെങ്കിലും മനഃക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യതകളെ അംഗീകരിക്കാനുമുള്ള വേദികള്‍ നിരന്തം ഉണ്ടാവട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org