ട്രോജന്‍ കുതിര

ട്രോജന്‍ കുതിര

ഗ്രീക്കുകാര്‍ ട്രോയി പട്ടണത്തിലെ യുദ്ധദേവതയായ അഥീനയ്ക്കു കാഴ്ചയര്‍പ്പിച്ച നേര്‍ച്ചയായിരുന്നു ട്രോജന്‍ കുതിര. ഭീമാകാരമായ ആ മഞ്ഞക്കുതിരയെ അവര്‍ ആഘോഷമായി സ്വീകരിച്ചു. പക്ഷേ, കുതിരയുടെ ഉള്ളില്‍ ഗ്രീക്കു പട്ടാളക്കാരായിരുന്നു. അവര്‍ രാത്രിയില്‍ കുതിരയില്‍ നിന്നിറങ്ങി പട്ടണത്തിന്‍റെ വാതില്‍ തുറന്നിട്ടു. ഗ്രീക്കു പട്ടാളം ഇരച്ചു കയറി പട്ടണം പിടിച്ചെടുത്തു.

ക്രൈസ്തവികത പേഗനിസത്തിന്‍റെ ഉള്ളില്‍ ട്രോജന്‍ കുതിരയായി വര്‍ത്തിക്കണമെന്നു നിര്‍ദ്ദേശിക്കുന്ന ചിന്തകരുണ്ട്. ക്രൈസ്തവികതയും സ്വാഭാവിക മതങ്ങളും തമ്മിലുള്ള വലിയ അന്തരമാണിവിടെ പ്രധാനം. സ്വാഭാവികമതങ്ങള്‍ ബലിയും ബലിയുടെ ഇരകളെയും സൃഷ്ടിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധാര്‍ഹം. യേശുക്രിസ്തുവിന്‍റെ ജീവിതം സ്വയം ബലിയാടാക്കി ബലിയായവന്‍റെതായിരുന്നു. ആ ജീവിതമാണു ബലിയുടെ അന്ത്യം കുറിക്കുന്നത്. മതം അക്രമത്തിന്‍റെ സ്വഭാവം സ്വീകരിക്കുന്നു. അക്രമത്തിന്‍റെ മതപരമായ മാനമാണു യേശു തുറന്നു കാണിച്ചത്. യേശുവിന്‍റെ ബലി ദൈവം ആവശ്യപ്പെടുന്നില്ല, കരുണ മാത്രം. ആ ദൈവം സൃഷ്ടിയും മനുഷ്യരും തമ്മില്‍ സൗഹൃദമാണു സൃഷ്ടിക്കുന്നത്. ദൈവത്തിന്‍റെ മൗലിക കല്പന "കൊല്ലരുത്" എന്നതാണ്. അക്രമത്തിന്‍റെ വാസനയ്ക്കു വഴി തുറക്കുകയല്ല, അക്രമവാസനയെ സ്നേഹസൗഹൃദങ്ങളില്‍ രൂപാന്തരപ്പെടുത്തുകയാണു വേണ്ടത്. മതജീവിതത്തിലേക്കു സത്യത്തിന്‍റെ മൂല്യവും പാരസ്പര്യത്തിന്‍റെ ധര്‍മവും പ്രവേശിക്കുന്നു.

അപരനെ അനുകരിച്ച് അതു സ്പര്‍ധയാക്കി അതുണ്ടാക്കുന്ന മിമിക്രിയായി മതങ്ങള്‍ മാറുന്നു. ശത്രുക്കളെ ഉണ്ടാക്കാനല്ല, ശത്രുക്കളെ സ്നേഹിച്ചില്ലാതാക്കാനാണു മതം നിലകൊള്ളേണ്ടത്. ജാതിയുടെയും വര്‍ഗത്തിന്‍റെയും ദേശീയതയുടെയും പേരിലുള്ള ബലിയാടുകള്‍ തീര്‍ക്കപ്പെടുകയും അവരെ ബലി ചെയ്തു സമൂഹം ക്രൂരതയുടെ സംസ്കാരത്തിലാഴ്ന്നു പോകുകയും ചെയ്യുന്ന പേഗനിസം നമ്മുടെ ഇടയിലുണ്ട്. ആധിപത്യത്തിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ ഹേഗലിലും മാര്‍ക്സിലും മാവോയിലും മുസ്സോളിനിയിലും ഹിറ്റ്ലറിലും ഇസ്ലാമിക സ്റ്റേററിലും ശുദ്ധ പേഗന്‍ മതസ്വഭാവം സ്വീകരിച്ചു. ഇരവാദവും ഇരകളെ തീര്‍ക്കലും അതിന്‍റെ സ്വാഭാവിക നടപടിയാണ്. കുഞ്ഞാട് വെള്ളം കലക്കിയതിന്‍റെ പേരില്‍ ഇരയാക്കപ്പെട്ട കഥ തുടരുന്നു. കുഞ്ഞാടും ചെന്നായയും ഒന്നിച്ചുവസിക്കുന്ന സ്നേഹത്തിന്‍റെ ധര്‍മസ്വപ്നങ്ങള്‍ നടപ്പിലാക്കാന്‍ മതങ്ങള്‍ക്കാകണം. ക്രിസ്തു ബലിയാടായി ക്രൂശിതനായത് ഇനി ആരും ബലിയാടാകാതിരിക്കാനും ക്രൂശിക്കപ്പെടാതിരിക്കാനുംവേണ്ടിയാണ്. ദൈവികതയുടെ വഴിപിഴച്ച മിമിക്രികള്‍ ഭീകര സ്വത്വങ്ങളെ പ്രസവിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org