ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഹീറോ

ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഹീറോ

ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശയെ വിവരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്‍റെ പ്രത്യാശയുടെ മതബോധനം തുടര്‍ന്നത്. വി. പൗലോസ് ശ്ലീഹാ കൊറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തിലെ പതിനഞ്ചാം അദ്ധ്യായമാണ് പാപ്പ പഠനത്തിന്‍റെ അടിസ്ഥാനമായി തിരഞ്ഞെടുത്തത്. ക്രിസ്തുവിന്‍റെ ഉത്ഥാനമാണ് നമ്മുടെ വിശ്വാസത്തിന്‍റെ കാതല്‍. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം വെറും തത്ത്വശാസ്ത്രമല്ല, ആശയസംഹിതയുമല്ല. അത് വസ്തുനിഷ്ഠമായ അനുഭവമാണ്. ഈസ്റ്റര്‍ പ്രഭാതത്തില്‍നിന്ന് ഉതിര്‍ന്ന ചരിത്രപരമായ അനുഭവത്തില്‍ നിന്നാണ് ക്രൈസ്തവ വിശ്വാസം ഉടലെടുക്കുന്നത്.

ക്രിസ്തുവിന്‍റെ ഉത്ഥാനം കൊറിന്ത്യയിലെ അന്നത്തെ സഭയുടെ മുഖ്യചര്‍ച്ചാവിഷയമായിരുന്നു. അവരുടെ സംശയങ്ങള്‍ ദുരീകരിക്കുവാനുതകുന്നവിധത്തില്‍ കൃത്യമായ വിവരണമാണ് 1 കൊറി. 15:5-8 വരെയു ള്ള വാക്യങ്ങളില്‍ പൗലോസ് അപ്പസ്തോലന്‍ നല്‍കുന്നത്. ഉത്ഥാനവിവരണങ്ങളില്‍ ഉത്ഥിതനായ ക്രിസ്തുവിനെ മുഖാമുഖം കണ്ട വ്യക്തികളു ടെ വിവരണം ശ്ലീഹാ നല്‍കി. ആദ്യം കേപ്പായ്ക്ക്, പിന്നീട് 12 പേര്‍ക്ക്, തുടര്‍ന്ന് അഞ്ഞൂറിലധികം സഹോദരര്‍ക്ക്, പിന്നീട് യാക്കോബിന്, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്തോലന്മാര്‍ക്കും അവസാനം അകാലജാതനായ എനിക്കും എന്നിങ്ങനെ ആ വിശദീകരണം തുടരുന്നു. ഇതു വിവരിക്കുമ്പോള്‍ തന്‍റെ ജീവിതത്തിലുണ്ടായ വലിയ മാറ്റത്തെക്കുറിച്ചുള്ള ബോധ്യമാണ് നിഴലിക്കുന്നത്. എല്ലാ കടമകളും കൃത്യമായി നിര്‍വഹിക്കുന്ന പൂര്‍ണമനുഷ്യനായിട്ടാണ് സാവൂള്‍ സ്വയം കരുതിയിരുന്നത്. എല്ലാം തനിക്ക് അറിയാമെന്നും ജീവിതത്തില്‍ താന്‍ വിജയിച്ചവനാണെന്നുമുള്ള ഭാവമുണ്ടായിരുന്നു. ഡമാസ്കസിലേക്കുള്ള യാത്രയില്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടിയതോടെ സ്വന്തം ജീവിതം അപ്പാടെ തകിടം മറിഞ്ഞു.

ക്രൈസ്തവവിശ്വാസജീവിതത്തിന്‍റെ തനിമ ഇതാണ്. ദൈവത്തെ നമ്മള്‍ അന്വേഷിച്ചിറങ്ങുകയല്ല, ദൈവം നമ്മളെ അന്വേഷിച്ചിറങ്ങുകയാണ്. ഈ അതിശയത്തെ ഉള്‍ക്കൊള്ളുവാന്‍ യുക്തിചിന്തകള്‍ക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെ ക്രൈസ്തവീകതയുടെ പ്രസാദവരത്തെ അഭിമുഖീകരിക്കുവാനും ആ കൃപ സ്വീകരിക്കാനും യുക്തിയില്‍ മാത്രം ആശ്രയിക്കുന്നവര്‍ക്ക് സാധിക്കുകയില്ല. പൗലോസ് ശ്ലീഹാ ഒരു അള്‍ത്താരബാലനായിരുന്നില്ല. മറിച്ച് സഭയെ പീഡിപ്പിക്കുന്ന വ്യക്തിയായിരുന്നു. നമ്മള്‍ പാപികളാണെങ്കിലും ക്രിസ്തുവിന്‍റെ ശവകുടീരത്തിങ്കലേക്ക് പോകുവാനും കല്ലുകള്‍ മാറ്റപ്പെട്ടിരിക്കുന്നത് കാണുവാനും നമുക്കോരോരുത്തര്‍ക്കുമായി കരുതിവച്ചിരിക്കുന്ന കൃപയുടെയും സന്തോഷത്തിന്‍റെയും അനുഭവങ്ങള്‍ സ്വന്തമാക്കാനും നമുക്ക് സാധിക്കണം. മരണത്തിന്‍റെയും ദുഃഖത്തിന്‍റെയും നിമിഷങ്ങള്‍ക്കപ്പുറമുള്ള ഈസ്റ്റര്‍ വിസ്മയം സ്വന്തമാക്കണം. ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഹീറോയും പ്രത്യാശയും. മിശിഹാചരി ത്രം ക്രിസ്തുവിന്‍റെ മരണത്തോടെ അവസാനിച്ചിരുന്നുവെങ്കില്‍ അത് വിശ്വാസം സൃഷ്ടിക്കുമായിരുന്നില്ല. ഉത്ഥാനമില്ലായിരുന്നെങ്കില്‍ ക്രിസ്തീയത വെറും മാനുഷിക തത്ത്വശാസ്ത്രവും യേശു കേവലം ഒരു മതാത്മകവ്യക്തിയോ, ആത്മീയഗുരുവോ മാത്രവുമാകുമായിരുന്നു.

നമ്മള്‍ ഈസ്റ്റര്‍ ജനമാണ്. ഹല്ലേലുയ്യ ആണ് നമ്മുടെ സംഗീതം. ഈസ്റ്റര്‍ പ്രഭാതത്തിലേക്ക് ഓടിയടുക്കുന്നവര്‍ക്ക് തുറന്ന ശവകുടീരവും മാറ്റപ്പെട്ടിരിക്കുന്ന കല്ലും മാത്രമല്ല അനുഭവവേദ്യമാവുന്നത് ജീവിതത്തിന്‍റെ നിറവും സൗന്ദര്യവും ആഹ് ളാദവുമാണ്. ഏറ്റവും നിബിഡമെന്ന് തോന്നിക്കുന്ന കല്ലുകള്‍ക്കിടയില്‍നിന്നാണ് മനോഹരമായ പുഷ്പങ്ങള്‍ ദൈവം വിടര്‍ത്തുന്നത്. ദൈവത്തിനെതിരെ ഹൃദയങ്ങള്‍ കൊട്ടിയടയ്ക്കാതെ ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിക്കുവാനായി തുറന്നുകൊടുക്കുന്നവര്‍ക്ക് വിശ്വാസജീവിതം എന്നും അത്ഭുതങ്ങളും അതിശയങ്ങളും പ്രത്യാശയുടെ സംഗീതവും നിറഞ്ഞതായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org