അവനു സ്നേഹം, അവനോടു മാത്രം

അവനു സ്നേഹം, അവനോടു മാത്രം

ജീവിതത്തെ യാത്രയോട് ഉപമിക്കുന്നതു സര്‍വസാധാരണമാണ്. എന്നാല്‍ ഒരു യാത്രയും ആവര്‍ത്തിക്കപ്പെടുന്നില്ല എന്നതും ഒരാളുടെ യാത്ര മറ്റൊരാളുടേതുപോലെയല്ല എന്നതുമാണു ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സിലുണ്ടായ സംഭവവികാസങ്ങളാണു യാത്രയെയും ജീവിതത്തെയും കുറിച്ചു ചിന്തിക്കാന്‍ കാരണമായത്.

എറണാകുളം-തൃശൂര്‍ ഫാസ്റ്റ്പാസഞ്ചര്‍. സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് ഇടപ്പള്ളിയില്‍ നിന്നു കയറിയത്. ഭാഗ്യം, ഭാര്യയ്ക്കു സ്ത്രീകള്‍ക്കുള്ള സംവരണസീറ്റില്‍ ഇടം കിട്ടി. പുരുഷന്മാര്‍ക്കുള്ള സീറ്റെല്ലാം നിറഞ്ഞിരിക്കുന്നു. രണ്ടു പേര്‍ നില്ക്കുന്നുമുണ്ട്. ഞാനും നില്പുകാരനായി. രണ്ടുമൂന്നു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ബസ് നിറഞ്ഞു. ആലുവ സ്റ്റേഷനിലെത്തിയപ്പോള്‍ കവിഞ്ഞു. വാതിലുകള്‍ അടയ്ക്കാന്‍ പറ്റാത്ത രീതിയില്‍ യാത്രക്കാര്‍. വനിതാ കണ്ടക്ടറുടെ നിര്‍ദ്ദേശങ്ങള്‍ യാത്രക്കാരുടെ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്.

ആലുവായിലെത്തിയപ്പോള്‍ സ്ത്രീകളുടെ സംവരണസീറ്റില്‍ ഇടംപിടിച്ചിരുന്ന പുരുഷന്മാര്‍ക്ക് ഇരിപ്പിടങ്ങള്‍ നഷ്ടമായി. സ്ത്രീകള്‍ തീക്ഷ്ണനോട്ടങ്ങളുമായി എത്തിയപ്പോള്‍ത്തന്നെ പുരുഷന്മാര്‍ എഴുന്നേറ്റു. ആ സീറ്റുകള്‍ക്കു മുകളില്‍ എഴുതിയിരിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു: "സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നതു ശിക്ഷാര്‍ഹമാണ്." അപ്പോഴാണു പല എഴുത്തുകളും ശ്രദ്ധിച്ചു വായിക്കാന്‍ തുടങ്ങിയത്. മുതിര്‍ന്ന സ്ത്രീകള്‍, മുതിര്‍ന്ന പുരുഷന്മാര്‍, വൈകല്യമുള്ളവര്‍, അമ്മയും കുഞ്ഞും എന്നിങ്ങനെ പല മുന്നറിയിപ്പുകള്‍. വൈകല്യമുള്ളവര്‍ എന്നെഴുതാമോ? ഭിന്നശേഷിയുള്ളവര്‍ എന്നെഴുതണ്ടേയെന്ന സംശയവും ഉണര്‍ന്നു.

മുതിര്‍ന്ന പുരുഷന്മാര്‍ എന്നെഴുതിയിരിക്കുന്ന രണ്ടു സെറ്റ് സീറ്റില്‍ ഇരിക്കുന്നതു മുതിര്‍ന്ന പൗരന്മാര്‍ അല്ല. ഒരു സെറ്റില്‍ നാല്പത് വയസ്സിനു താഴെയും മുപ്പതു വയസ്സിനു താഴെയുമുള്ള രണ്ടുപേരാണ് ഇരിക്കുന്നത്. മറ്റൊന്നില്‍ എന്‍ജിനീയറിങ്ങ് കോളജിലോ എംബിഎ കോളജിലോ പഠിക്കുന്ന യൂണിഫോമിട്ട ഇരുപതു വയസ്സിനു താഴെയുള്ള ആണും പെണ്ണും. അവര്‍ തങ്ങളുടേതായ ലോകത്തു നിര്‍ത്താതെയുള്ള വര്‍ത്തമാനത്തിലാണ്.

അവരുടെ സീറ്റിനോടു ചേര്‍ന്ന് എഴുപതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ഒരു വൃദ്ധന്‍ തൂങ്ങിപ്പിടിച്ചു നില്പുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം ചെറുപ്പക്കാരോടു മുതിര്‍ന്ന പുരുഷന്മാര്‍ക്കുള്ള സീറ്റാണ് അതെന്നും ഒഴിഞ്ഞുതരണമെന്നും ആവശ്യപ്പെട്ടു. "കണ്ടകട്റോടു പറയ്" എന്നായിരുന്നു ചെറുപ്പക്കാരന്‍റെ മറുപടി. വനിതാ കണ്ടക്ടറോടു പറഞ്ഞപ്പോള്‍ "അദ്ദേഹത്തിനു സീറ്റ് ഒഴിഞ്ഞുകൊടുക്കൂ" എന്നു മാത്രം പറഞ്ഞ് അവര്‍ മുന്നിലേക്കു പോയി.

അതോടെ പ്രശ്നം പുതിയ മാനങ്ങളിലേക്കു കടന്നു. മുതിര്‍ന്ന പുരുഷന്മാരുടെ സീറ്റില്‍ അതല്ലാത്തവര്‍ ഇരിക്കുന്നതു ശിക്ഷാര്‍ഹമാണോ എന്നതായി ഒരു പ്രശ്നം. ബസില്‍ നിയമം നടപ്പാകുന്നു എന്ന കാര്യം ഉറപ്പാക്കേണ്ട കണ്ടക്ടര്‍ അലംഭാവം കാട്ടിയാല്‍ എന്താണു നടപടി എന്നതായി അടുത്ത വിഷയം. യാത്രക്കാരന്‍ യാത്രക്കാരനെ ബലം പ്രയോഗിച്ച് എഴുന്നേല്പിക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്നമാകും. യാത്രക്കാരനു കണ്ടക്ടര്‍ക്കെതിരെ പരാതി കൊടുക്കാം. സമ്മതമുള്ള ഒരു യാത്രക്കാരനെ സാക്ഷിയായും കൂട്ടാം. അപ്പോള്‍ ഭാവിയില്‍ മറ്റുള്ള യാത്രക്കാര്‍ക്കെങ്കിലും കണ്ടക്ടറുടെ പരിരക്ഷ കിട്ടുമല്ലോ. അധികാരികള്‍ കണ്ടക്ടര്‍ക്കെതിരെ എന്തെങ്കിലും അടച്ചടക്ക നടപടി എടുത്താല്‍ മാത്രമേ അത്തരമൊരു സാഹചര്യം സംജാതമാകൂ എന്നതു സത്യം.

കണ്ടക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും യാത്രക്കാര്‍ അനുസരിക്കുന്നില്ല എന്നു വന്നാലോ? നിയമം നടപ്പാക്കുവാന്‍ കണ്ടക്ടര്‍ ഉറച്ച തീരുമാനം കൈക്കൊള്ളേണ്ടി വരും. അടുത്ത ഡിപ്പോയില്‍ ബസ് നിര്‍ത്തി മേലധികാരിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിക്കാം. അടുത്ത പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാം. താന്‍ ഇനി ചെയ്യാന്‍ പോകുന്നത് ഈ നടപടികളായിരിക്കുമെന്നു കണ്ടക്ടര്‍ പ്രഖ്യാപിച്ചാല്‍ മതി യാത്രക്കാര്‍ താനേ അനുസരിക്കും. പിടിവാശിക്കാരും മണ്ടന്മാരുമായ യാത്രക്കാര്‍ എന്നിട്ടും അനുസരിക്കുന്നില്ലെങ്കില്‍ അവരെ സീറ്റില്‍ നിന്ന് എഴുന്നേല്പിക്കുവാന്‍ മറ്റു യാത്രക്കാര്‍ മുന്നോട്ടു വരും. യാത്ര മുടങ്ങി സമയം നഷ്ടമാകുന്നത് ആരും ഇഷ്ടപ്പെടുന്നില്ല എന്നതുതന്നെ കാരണം.

ഇങ്ങനെയൊന്നും സംഭവിച്ചില്ല. സഹികെട്ട വൃദ്ധയാത്രക്കാരന്‍ അല്പം തമാശ കലര്‍ത്തി ചിലത് ഉറക്കെ പറയാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി എഴുന്നേറ്റു. വൃദ്ധന്‍റെ വാക്കുകള്‍ പരിധിവിടുമോയെന്നു ഞാന്‍ സംശയിച്ചു. എങ്കില്‍ പെണ്‍കുട്ടിക്കു വനിതാ കമ്മീഷനു പരാതി കൊടുക്കാന്‍ വഴിയായേനെ. വൃദ്ധനു മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാം.

എഴുന്നേറ്റതു പെണ്‍കുട്ടിയാണ് എന്നതു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ദുഃഖത്തോടെയാണ് അവള്‍ എഴുന്നേറ്റത്. "ഇനി ഞാന്‍ തൃശൂരുവരെ നില്ക്കണം" എന്ന്അവള്‍ ഉറക്കെ പറയുകയും ചെയ്തു. എന്തുകൊണ്ട് അവളുടെ സു ഹൃത്തായ പയ്യന്‍ എഴുന്നേറ്റില്ല? സഹപാഠിയാകാം, കാമുകനാകാം, വെറും അടുപ്പക്കാരനാകാം. അവന്‍ എഴുന്നേറ്റില്ല എന്നതു മാത്രമല്ല, തൃശൂര്‍വരെ അവള്‍ നിന്നപ്പോള്‍ ഒരിക്കല്‍പ്പോലും തന്‍റെ സീറ്റിലേക്ക് ഇരിക്കാന്‍ അവളെ ക്ഷണിച്ചുമില്ല. പഴയ തലമുറയിലെ കമിതാക്കളായിരുന്നെങ്കില്‍ തീര്‍ച്ചയായും പയ്യനാകും എഴുന്നേല്ക്കുക. നിന്നുകൊണ്ടുതന്നെ പല തമാശകളും അവളോടു പറയുവാന്‍ അവനു കഴിയുമായിരുന്നു. അവന്‍ എഴുന്നേറ്റാല്‍ അവളും എഴുന്നേല്ക്കും. രസിച്ച്, സംസാരിച്ച്, എത്ര ദൂരം വേണമെങ്കിലും നിന്നു യാത്ര ചെയ്യുവാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു. പഴയ തലമുറയുടെ സ്നേഹത്തിന് അത്രമത്രം കാന്തശക്തിയുണ്ടായിരുന്നു. ഇന്നത്തെ യുവതലമുയുടെ സ്നേഹമെന്നതു സ്വന്തം സൗകര്യങ്ങള്‍ ഉറപ്പാക്കിയും കണക്കുകൂട്ടലുകള്‍ കഴിഞ്ഞുമുള്ള ഏച്ചുകെട്ടല്‍ മാത്രമാണന്ന ചിന്ത എന്നില്‍ ഒരിക്കല്‍കൂടി ബലപ്പെട്ടു. ആദ്യമേതന്നെ ആ വൃദ്ധനുവേണ്ടി സ്വന്തം സീറ്റ് ഒഴിഞ്ഞുകൊടുത്ത് ആ പയ്യന് എത്ര നന്നായി പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നു ഞാന്‍ ചിന്തിച്ചിരുന്നു. പ്രിയപ്പെട്ടവള്‍ക്കുവേണ്ടി പോലും സീറ്റില്‍നിന്ന് എഴുന്നേല്ക്കാത്തവന്‍ അതു ചെയ്യുമെന്നു കരുതിയ ഞാനെത്ര മണ്ടന്‍.

കൊടകരയിലെത്തിയപ്പോള്‍ എനിക്കു സീറ്റ് ലഭിച്ചു. യേശു വച്ചുനീട്ടിയതുപോലെ. മുന്‍സീറ്റിലിരിക്കുന്ന പത്നിയെ ഞാന്‍ മൊബൈലില്‍ വിളിച്ചു. ഇടപ്പള്ളിയില്‍ നിന്നു തൃശൂര്‍വരെ നില്ക്കേണ്ടി വരുമെന്നു മനസ്സില്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു ഞാന്‍. മറ്റു പീഡാനുഭവങ്ങളോടൊപ്പം ആ പീഡാനുഭവവും യേശുവിന്‍റെ തിരുമുറിവുകളില്‍ സമര്‍പ്പിച്ചു. ഒന്നു സംശയി ച്ചിട്ടാണു ഞാനിരുന്നത്, എന്‍റെ പുണ്യം പോവുമോയെന്ന്. മൊബൈലില്‍ ആയിരുന്നെങ്കിലും മനഃപൂര്‍വം ഉറക്കെയാണു ഞാന്‍ സംസാരിച്ചത്. കാതുള്ളവര്‍ കേള്‍ക്കട്ടെ. മനസ്സുള്ളവര്‍ ചിന്തിക്കട്ടെ.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org