Latest News
|^| Home -> Pangthi -> ഉള്ളിലുള്ളത് -> കൊല്ലുന്ന രാജാവും തിന്നുന്ന കുമാരനും

കൊല്ലുന്ന രാജാവും തിന്നുന്ന കുമാരനും

മാണി പയസ്

അദ്ധ്യാപകനും സാഹിത്യകാരനുമായ അദ്ദേഹം ഖേദത്തോടെ പറഞ്ഞ കാര്യമാണ്. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പത്നി അന്തരിച്ചതറിഞ്ഞു പ്രമുഖ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. വൈലോപ്പിള്ളിയുടെ കൃതികളെപ്പറ്റി പഠനങ്ങള്‍ എഴുതിയിട്ടുണ്ടെന്നു മാത്രമല്ല, കവിയുടെ കുടുംബവുമായി അടുപ്പവുമുണ്ട് അദ്ധ്യാപകന്. ഫോണ്‍ വിളിച്ചവരുടെയെല്ലാം ആവശ്യം ഒ ന്നായിരുന്നു, മഹാകവിയും പത്നിയും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെ കേന്ദ്രീകരിച്ച്, അവരുടെ ബന്ധങ്ങളിലെ ‘അക്ഷരത്തെറ്റുകളെ’പ്പറ്റി ഒരു കുറിപ്പ് തരാമോ? നര്‍മ്മരസികനായ അദ്ദേഹത്തെയും അമ്പരപ്പിക്കുന്നതായിരുന്നു, 90 വയസ്സുള്ള ഒരു മാന്യവനിത അന്തരിച്ചശേഷം ഉന്നയിക്കപ്പെട്ട ഈ ആവശ്യം. ചരമപ്രസംഗം പോലെയാണ് അനുസ്മരണക്കുറിപ്പും. മൃതദേഹത്തിനരികില്‍ നിന്നു പ്രസംഗിക്കുന്നയാള്‍ അപഖ്യാതിയുടെ ചരലുകള്‍ വാരിയെറിയാറില്ലല്ലോ. എന്നിട്ടും ഇപ്രകാരമൊരു ആവശ്യം…

സര്‍ക്കാരിനെയും ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും നിയന്ത്രിക്കാന്‍ കഴിയുന്ന ധാര്‍മ്മികശക്തിയായ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമലോകത്തു പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മികശക്തിയാല്‍ ജ്വലിക്കുന്നവരാകണം. അഴിമതിയെയും തിന്മയെയും എതിര്‍ക്കുന്നതോടൊപ്പം നന്മയെ ആദരിക്കുന്നവരുമാകണം. ജീവിതമൂല്യങ്ങളും പെരുമാറ്റ മര്യാദകളും പാലിക്കണം. രാഷ്ട്രീയക്കാരെയും കുറ്റവാളികളെയുംപോലെ കുറ്റകൃത്യങ്ങളിലേക്കു തുറന്നുവച്ച മനസ്സുമായി നടക്കരുത്. അവര്‍ സംവാദത്തിന് ഇടം സൃഷ്ടിക്കണം, സംഹാരത്തിനല്ല ഒരമ്പിട്ടിറങ്ങേണ്ടത്.

ഓഷോ രജനീഷ് രാഷ്ട്രീയക്കാരെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. തന്നെ കൊല്ലാക്കൊല ചെയ്ത അമേരിക്കക്കാരായ രാഷ്ട്രീയക്കാരോടുളള വിരോധംമൂലം അദ്ദേഹം ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും തെറ്റായ രീതിയില്‍ കാണുകയും വിഷം ചീറ്റുന്ന രീതിയില്‍ എഴുതുകയും ചെയ്തു. കൗബോയ് സിനിമകളിലെ നായകനായിരുന്ന റെയ്ഗന്‍ ‘യേശുവിനെ രക്ഷിക്കാന്‍’ ഇറങ്ങിയതിന്‍റെ ഫലം. ക്രിസ്തുവിനെ രക്ഷിക്കാന്‍ ‘അടിയന്‍ ലച്ചിപ്പോം’ എന്നു പറഞ്ഞു ആരും ചാടിവീഴേണ്ടതില്ല. മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലില്‍ സി.വി. രാമന്‍പിള്ള ഭ്രാന്തന്‍ ചാന്നാനായി വേഷം മാറിവന്ന അനന്തപത്മനാഭന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ വാക്കുകളുടെ അകമ്പടിയോടെയാണ്. ഭ്രാന്തന്മാര്‍ക്കു മാത്രമേ അങ്ങനെ പറയാനാവൂ. ചാന്നാനു രക്ഷിക്കാനുണ്ടായിരുന്നതു മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെയായിരുന്നു.

രജനീഷ് എഴുതി: “രാഷ്ട്രീയക്കാരന്‍ ഏതു സമയത്തും കുറ്റവാളിയായി മാറാം. ചരിത്രത്തിലുടനീളം ഇതു സംഭവിക്കുന്നതു നമ്മള്‍ കണ്ടിട്ടുണ്ട്. അധികാരത്തിലേറും മുമ്പു ജോസഫ് സ്റ്റാലിന്‍ കുറ്റവാളിയായിരുന്നില്ല. ഒരാളെപ്പോലും കൊന്നിട്ടുണ്ടായിരുന്നില്ല. അധികാരത്തില്‍ കയറിയപ്പോള്‍ ആദ്യം ചെയ്തതു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മൊത്തം നിയന്ത്രിച്ചിരുന്ന 12 അംഗങ്ങളുള്ള സ്ഥിരം അദ്ധ്യക്ഷവേദിയെ നശിപ്പിക്കുകയായിരുന്നു. ഉന്നതരായ നേതാക്കളെ മുഴുവന്‍ ഒന്നിനു പിറകെ ഒന്നായി അയാള്‍ കൊലപ്പെടുത്തി (യേശു വീണ്ടും ക്രൂശിക്കപ്പെട്ടു, പേജ് 116-117).” രാഷ്ട്രീയക്കാര്‍ അധികാരഭ്രാന്തന്മാരാണ്; അധികാരത്തിലേറിയാല്‍ മുഴുഭ്രാന്തന്മാരും എന്നാണോ!

നോബല്‍ സമ്മാനജേതാവ് വി.എസ്. നയ്പാള്‍ രാഷ്ട്രീയക്കാരെ അവതരിപ്പിക്കുന്നത് ഇത്രയും ഇരുണ്ട വര്‍ണങ്ങളിലല്ലെങ്കിലും എന്തെങ്കിലും മികവുള്ളവരായല്ല:

“ശൂന്യതയില്‍ നിന്നു കുറച്ചെന്തൊക്കെയോ സൃഷ്ടിക്കുന്നവരാണു രാഷ്ട്രീയക്കാര്‍. അവര്‍ എന്‍ജിനീയര്‍മാരോ കലാകാരന്മാരോ സര്‍ഗശേഷി നിറഞ്ഞവരോ അല്ല. അവര്‍ മുതലെടുപ്പുകാരാണ്. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാനില്ലാത്തതുകൊണ്ട് എന്താണു തേടുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അധികാരമാണു തേടുന്നതെന്നു പറഞ്ഞേക്കാം. അധികാരത്തിന് അവര്‍ നല്കുന്ന നിര്‍വചനം അവ്യക്തവും ആശ്രയിക്കാന്‍ കഴിയാത്തതുമാണ്. യൂണിഫോം ധരിച്ച ഡ്രൈവര്‍ ഓടിക്കുന്ന, ബെറ്റ്ലിന്‍ സീറ്റുകളുള്ള ലിമോസീനാണോ അധികാരം? വസതിക്കു മുമ്പില്‍ കാവല്‍ നില്ക്കുന്ന സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരാണോ? കഴിവും വ്യത്യസ്തതകളുമുള്ള ജീവനക്കാരാണോ? ഫസ്റ്റ് ക്ലാസ്സ് ഹോട്ടലില്‍ ആര്‍ക്കും വാടകയ്ക്കെടുക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണിവ. പാരുഷ്യത്തോടെ പെരുമാറാനും അപമാനിക്കാനും പ്രതികാരം ചെയ്യാനുമുള്ള ശക്തിയാണോ അധികാരം? അത്തരം അധികാരത്തിനു ഹ്രസ്വമായ ആയുസ്സേ ഉണ്ടാകൂ. ദാ, വന്നു, ദാ പോയി എന്ന അവസ്ഥ. യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ ജീവിതം മുഴുവന്‍ രാഷ്ട്രീയക്കളികളില്‍ വ്യാപരിക്കാന്‍ ആഗ്രഹിക്കുന്ന പ്രകൃതക്കാരായിരിക്കും.”

രാഷ്ട്രീയക്കളിയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ അപകടകരങ്ങളായി മാറിയിരിക്കുന്നു. അതിനു വ്യക്തവും കൃത്യവുമായി നിയമസംഹിതകളില്ല. മതങ്ങളുടെ പെരുമാറ്റ രീതികളിലും മാധ്യമരംഗങ്ങളിലും ഫുട്ബോള്‍ മൈതാനങ്ങളിലും എന്നു വേണ്ട ജീവിതത്തിന്‍റെ സമസ്തമേഖലകളിലും രാഷ്ട്രീയക്കളിയുടെ വ്യാകരണങ്ങള്‍ സ്വാധീനം ചെലുത്തുകയും പ്രദര്‍ശനവിജയം നേടുകയുമാണ്. അടുക്കളയുടെ രാഷ്ട്രീയം, കക്കൂസിന്‍റെ രാഷ്ട്രീയം, സിനിമയുടെ രാഷ്ട്രീയം, വായനയുടെ രാഷ്ട്രീയം, ലൈംഗികതയുടെ രാഷ്ട്രീയം, പ്രസവത്തിന്‍റെ രാഷ്ട്രീയം, ചുംബനത്തിന്‍റെ രാഷ്ട്രീയം എന്നൊക്കെ എഴുതാവുന്ന രീതിയില്‍ അതു വ്യാപകമായിരിക്കുന്നു.

ബിസിനസ്സില്‍ രാഷ്ട്രീയവും രാഷ്ട്രീയത്തില്‍ ബിസിനസ്സും കളിക്കുന്ന മുഖ്യകഥാപാത്രത്തെയാണു ‘ശംഖുമുദ്രയുള്ള വാള്‍’ എന്ന നോവലില്‍ പെരുമ്പടവം ശ്രീധരന്‍ സൃഷ്ടിച്ചത്. കപടനാട്യങ്ങളിലൂടെയും കളികളിലൂടെയും അയാള്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം ധാര്‍മ്മികമായി തകരുന്നു. പണമുണ്ടെങ്കില്‍ അയാള്‍ പിണത്തിനു തുല്യമായി. യഥാര്‍ത്ഥ ഭാര്യയിലുണ്ടായ ആണ്‍മക്കള്‍ ‘ചിന്നവീട്ടില്‍’ലുണ്ടായ മകനെ വധിച്ചതോടെ തന്‍റേത് ‘അധോലോകജീവിതം’ ആയിരുന്നു വെന്ന് അയാള്‍ തിരിച്ചറിയുന്നു. മക്കള്‍ പരസ്പരം പോരടിക്കുന്നവരും കുറ്റവാളികളുമാകാന്‍ കാരണക്കാരനാകുന്ന അച്ഛന്‍ ആ പേരിന് അര്‍ഹനല്ല.

ഒരു രാഷ്ട്രീയ നോവലായാണു പെരുമ്പടവം സങ്കല്പിച്ചതെങ്കിലും അതിനാവശ്യമായ വിശാലമായ ക്യാന്‍വാസില്ല. കഥാപാത്രങ്ങളും ടൈപ്പുകളില്‍ നിന്ന് ഉയര്‍ന്നിട്ടില്ല. എഴുതാനുദ്ദേശിക്കുന്ന കൃതിക്കായി പാശ്ചാത്യ എഴുത്തുകാര്‍ നടത്തുന്ന വിഭവസമാഹരണരീതി നമ്മുടെ എഴുത്തുകാര്‍ പിന്തുടരുന്നില്ല. എഴുത്തുകാരന്‍ ഭാവനാലോകത്തിനപ്പുറത്ത് ഉള്ളടക്കം വിശാലമാകാത്തതിനു കാരണമതാണ്. ‘ശംഖുമുദ്രയുള്ള വാളി’ല്‍ ശില്പമുദ്ര തെളഞ്ഞിട്ടില്ല.

ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യയിലെ പുതിയ തലമുറ എഴുത്തുകാരന്‍ മുന്‍നിരക്കാര്‍ ഗവേഷണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയവരാണ്. മാന്‍ബുക്കര്‍ സമ്മാനം നേടിയThe White Tiger എന്ന നോവല്‍ രചിച്ച അരവിന്ദ് അഡിഗ അങ്ങനെയുള്ള എഴുത്തുകാരനാണ്. അദ്ദേഹത്തിന്‍റെ Last Man in power എന്ന നോവല്‍ മുംബൈ നഗരത്തിലെ ബില്‍ഡേഴ്സിന്‍റെ ഹൃദയമില്ലായ്മ അവരില്‍ ഒരാളിലൂടെ അവതരിപ്പിക്കുന്നു. നോവലില്‍ തെളിയുന്ന വിശദാംശങ്ങള്‍ ശ്രദ്ധേയമാണ്. ഭാഷ കാലപ്നിക സുന്ദരമാണ്. പഴഞ്ചന്‍ ഹൗസിംഗ് കോളനിയിലെ പണത്തോടു ആര്‍ത്തി പെരുത്ത ചിലര്‍ മാസ്റ്റര്‍ജി എന്ന ആദര്‍ശവാനായ അധ്യാപകനെ താഴേയ്ക്കു തള്ളിയിട്ടു കൊല്ലുന്നതു ഫ്ളാറ്റിന്‍റെ വില്പന സാദ്ധ്യമാക്കാനാണ്. മാസ്റ്റര്‍ജി മാത്രമാണു വിലപ്നയോടു സഹകരിക്കാന്‍ തയ്യാറാകാതിരുന്നത്. ഒരു കോടി രൂപം വീതം കിട്ടുമെന്നു കണ്ടപ്പോള്‍ പ്രായം ചെന്നയാളെ കീടംപോലെ കൊല്ലുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയില്‍ അഭിമാനിക്കുന്നവരാണ് ഈ കൊലയാളികള്‍ എന്നതാണു കഷ്ടം!

ധര്‍മ്മന്‍ ഷാ എന്ന ബില്‍ഡര്‍ക്ക് മുംബൈയുടെ ഭാവിയെക്കുറിച്ചോ അതിലലയുന്ന മനുഷ്യരെക്കുറിച്ചോ ഉത്കണ്ഠകളില്ല. എന്നാല്‍ ഏക പുത്രന്‍റെ ചെയ്തികളില്‍ ഖിന്നനാണ്. അവന്‍ മൂല്യബോധമുള്ളവനും നല്ല മനുഷ്യനുമായി വളരണമെന്നാണ് ആഗ്രഹം. അവന്‍ ക്രിമിനല്‍ നടപടികളില്‍ അഭിരമിക്കുന്നു. അച്ഛന്‍ തന്‍റെ ചെയ്തികളെ വിമര്‍ശിക്കുമ്പോള്‍ മകന്‍ പറയുന്നു; അച്ഛനേക്കാള്‍ നല്ല ബിസിനസ്സുകാരനാകുവാന്‍ താന്‍ കുറ്റകൃത്യങ്ങള്‍ പരിശീലിക്കുകയാണെന്ന്. കൊല്ലുന്ന രാജാവിനു തിന്നുന്ന കുമാരന്‍ അനിവാര്യമാണ്.

തന്‍റെ കൊച്ചുമകളുടെ പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തിട്ടു വീട്ടിലെത്തുന്ന മദ്ധ്യവയസ്കന്‍ സ്വന്തം കുഞ്ഞിനെ താലോലിക്കുന്നു. അവളെ ആരും ഉപദ്രവിക്കരുതെന്നു ചിന്തിക്കുന്നു. കുറ്റകൃത്യത്തിന്‍റെ മണം പിടിക്കാന്‍ കുട്ടിക്ക് അറിയില്ലല്ലോ. അവര്‍ അച്ഛന്‍റെ തഴുകലില്‍ സ്നേഹവും സംരക്ഷണവും അനുഭവിക്കുന്നു. ഇത്തരം മനുഷ്യര്‍ സാഹിത്യസൃഷ്ടികളേക്കാള്‍ നമ്മുടെ ചുറ്റിലുമാണുള്ളത്. ഇതുപോലുള്ള ക്രൂരസത്യങ്ങള്‍ ജീവിതത്തെ അതിശയിക്കുന്ന സാഹിത്യം ഇന്നു രചിക്കപ്പെടുന്നില്ലെന്നു വ്യക്തമാക്കുന്നു.

  • manipius59@gmail.com

Leave a Comment

*
*